UPDATES

സോഷ്യൽ വയർ

പ്രിയപ്പെട്ട അഷിത, വെള്ളിനൂലുകള്‍ പോലെയുള്ള മുടിയിഴകള്‍ ഒതുക്കി നെറുകയില്‍ ഒരുമ്മ; കെ.ആര്‍.മീരയുടെ ഓര്‍മ്മക്കുറിപ്പ്

കത്തുന്ന പന്തമായി ഓടുന്നവളാണ് ഓരോ എഴുത്തുകാരിയും. ഓടിക്കൊണ്ടിരുന്നവരില്‍ ഒരാള്‍ കൂടി വീണുപോയിരിക്കുന്നു.

പ്രശസ്ത എഴുത്തുകാരി അഷിതയുടെ വിയോഗത്തില്‍ അനുസ്മരിച്ച് കെ.ആര്‍ മീര. തന്റെ ഫേസ്ബുക്കിലൂടെയാണ് അഷിതയ്ക്ക് ഓര്‍മ്മക്കുറിപ്പുകളുമായി കെ.ആര്‍ മീര എത്തിയത്. വെള്ളിനൂലുകള്‍ പോലെയുള്ള മുടിയിഴകള്‍ ഒതുക്കി നെറുകയില്‍ ഒരുമ്മ എന്ന കുറിപ്പോടെയാണ് പോസ്റ്റ്.

പോസ്റ്റ് പൂര്‍ണരൂപത്തില്‍,
‘കമല സുരയ്യയുടെ ‘രാത്രിയില്‍’ എന്ന കഥയിലെ ഒരു വാക്യമുണ്ട് :

‘‘പണ്ടു റോമില്‍ കത്തുന്ന പന്തമെടുത്ത് ഓടി മല്‍സരിക്കുന്നവരെപ്പറ്റി. ക്ഷീണിച്ചു വീഴാറാകുമ്പോള്‍ ആ പന്തം പിന്നാലെ വരുന്ന ആള്‍ക്ക് ഏല്‍പ്പിക്കും. ഓട്ടക്കാര്‍ മരിച്ചു വീഴട്ടെ. പക്ഷേ, ആ കത്തുന്ന പന്തം കത്തിക്കൊണ്ടേയിരിക്കണം… ’’

ക്രിസ്തുവിന് 776 കൊല്ലം മുമ്പ് ആരംഭിച്ച പുരാതന ഒളിംപിക്സിലെ ദീപശിഖ പ്രയാണത്തെക്കുറിച്ചാണു കമല സുരയ്യ സൂചിപ്പിച്ചത്.

ഒളിംപിയയില്‍ന്നു തുടങ്ങുന്ന ഓട്ടം ഗ്രീസ് ചുറ്റി ഏഥന്‍സില്‍ പനാഥേനിയന്‍ സ്റ്റേഡിയത്തില്‍ അവസാനിച്ചിരുന്ന പുരാതന ഒളിംപ്യാഡിന്‍റെ കഥ.

പക്ഷേ, എഴുതിത്തുടങ്ങിയ ശേഷം, ആ കഥ വീണ്ടും വായിച്ചപ്പോള്‍ എന്‍റെ തലച്ചോറില്‍ ഒരു മിന്നലുണ്ടായി. ഇത് സ്നേഹിക്കുന്നവളെപ്പറ്റിയല്ല, മറിച്ച് എഴുതുന്നവളെപ്പറ്റിയാണ് എന്ന വെളിപാടുണ്ടായി.

കാരണം, പുരാതന ഒളിംപ്യാഡിന്‍റെ ദീപശിഖ പ്രയാണം ആരംഭിച്ചിരുന്നത് ഒളിംപിയയിലെ ഹേരാ ദേവിയുടെ ക്ഷേത്രത്തില്‍നിന്നായിരുന്നു.

സ്കേഫിയ എന്നു വിളിച്ചിരുന്ന ഒരു കളിമണ്‍ കിണ്ണത്തില്‍ ഉണങ്ങിയ പുല്ലു നിറച്ച് സൂര്യന് അഭിമുഖമായി പിടിച്ച് ഏറെ നേരം കാത്തിരുന്നാണ് ആ ദീപം കത്തിച്ചിരുന്നത്.

മുഖ്യ പുരോഹിത സ്കേഫിയയില്‍ ജ്വലിക്കുന്ന നാളത്തില്‍നിന്ന് കൊളുത്തുന്ന പന്തമാണ് ഓട്ടക്കാരനു കൈമാറിയിരുന്നത്.

ഹേരയുടെ പൂജാരിമാര്‍ പുരുഷന്‍മാരായിരുന്നില്ല, സ്ത്രീകളായിരുന്നു.

കാരണം, പുരാതന ഗ്രീസില്‍ സ്ത്രീകളുടെയും വിവാഹത്തിന്‍റെയും പ്രസവത്തിന്‍റെയും കുടുംബത്തിന്‍റെയും ദേവതയായിരുന്നു ഹേരാ.

മക്കള്‍ തന്‍റെ അധികാരം പിടിച്ചെടുക്കുമെന്നു ഭയന്നിരുന്ന പിതാവായ ക്രോണസ്, ഹേര ജനിച്ചയുടനെ വിഴുങ്ങിയെന്നാണ് കഥ.

ഹേരയെ രക്ഷപ്പെടുത്തിയതു സഹോദരനായ സീയൂസ് ദേവനായിരുന്നു.‌

അതിനു പ്രതിഫലമായി സീയൂസ് ഹേരയെ വിവാഹം കഴിച്ചു.

ഹേരാ ഒളിംപ്യാഡിന്‍റെയും വിവാഹത്തിന്‍റെയും കുടുംബത്തിന്‍റെയും പ്രസവത്തിന്‍റെയും മാത്രമല്ല, അസൂയയുടെയും ദേവതയായിരുന്നു.

പിന്നീട് കെ. സരസ്വതിയമ്മയുടെ കഥകള്‍ വായിച്ചപ്പോള്‍,

ലളിതാംബിക അന്തര്‍ജനത്തിന്‍റെ രചനകള്‍ വായിച്ചപ്പോള്‍, ‌

കമല സുരയ്യയുടെയും ഗീതാ ഹിരണ്യന്‍റെയും കഥകള്‍ വായിച്ചപ്പോള്‍

–‘ രാത്രിയില്’‍ എന്ന കഥയിലെ ‘പന്തം’ എന്ന ഉപമയുടെ സ്വാരസ്യവും ഗഹനതയും തിരിച്ചറിഞ്ഞ് അമ്പരന്നിട്ടുണ്ട്.

കത്തുന്ന പന്തമായി ഓടുന്നവളാണ് ഓരോ എഴുത്തുകാരിയും.

ഓടിക്കൊണ്ടിരുന്നവരില്‍ ഒരാള്‍ കൂടി വീണുപോയിരിക്കുന്നു.

പ്രിയപ്പെട്ട അഷിത, വെള്ളിനൂലുകള്‍ പോലെയുള്ള മുടിയിഴകള്‍ ഒതുക്കി നെറുകയില്‍ ഒരുമ്മ.

ശാന്തയായി ഉറങ്ങുക.

ആ അഗ്നി അണയുകയില്ല.’

 

Read More :പൊള്ളുന്ന ജീവിതം പറയാന്‍ കഥാകാരി എന്നെ തെരഞ്ഞെടുത്തു; അഷിതയെ വീണ്ടും വായിപ്പിച്ച ജീവിതകഥ പിറന്നതിന്റെ പിന്നിലെ കഥ ഓര്‍ത്തെടുത്ത് ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്

 

“കാലം മാറുകയാണ് വായനയും. രാവിലെ കട്ടന്റെ കൂടെ പോളണ്ടിനെ പറ്റി വരെ സംസാരിക്കാം. കൂടുതല്‍ വായനയ്ക്ക് അഴിമുഖം സന്ദര്‍ശിക്കൂ…”

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍