UPDATES

സോഷ്യൽ വയർ

കെഎസ്ആർടിസി എം പാനൽ ജീവനക്കാരെ പിരിച്ചു വിടൽ: സമൂഹ മാധ്യമങ്ങളിൽ വ്യാപക പ്രതിഷേധം

അതേ സമയം ജീവനക്കാർക്ക് പിറകെ കെഎസ്ആർടിസിയെ തന്നെ ഈ നീക്കം പ്രതിസന്ധിയിലേക്ക് നീക്കുമെന്നാണ് വിലയിരുത്തൽ.

കെഎസ്ആർടിസിയിലെ താൽക്കാലിക ജീവനക്കാരെ പിരിച്ചുവിടാനുള്ള ഹൈക്കോടതി ഉത്തരവ് ഇന്നലെ മുതൽ സർക്കാർ നടപ്പാക്കുമ്പോൾ ജോലി നഷ്ടപ്പെടുന്നത് 3,872 ജീവനക്കാർക്ക്. പത്തുവര്‍ഷത്തില്‍ത്താഴെ മാത്രം സര്‍വീസുള്ള എംപാനല്‍ ജീവനക്കാരെ പിരിച്ചുവിടണമെന്ന ഹൈക്കോടതി ഉത്തരവ് നടപ്പാക്കാൻ ആരംഭിച്ചതോടെ ജോലി നഷ്ട്ടപ്പെടുന്ന മനുഷ്യരുടെ ദൈന്യത വിവിധ ഡിപ്പോകളിൽ നിന്നും ചിത്രങ്ങളായി പുറത്തു വന്നിരുന്നു, ഇതിനു പിന്നാലെ ഈ കോടതി വിധിക്കെതിരെ വലിയ പ്രതിഷേധമാണ് നവമാധ്യമങ്ങളിൽ ഉയരുന്നത്.

കോടതി വിധി അനുസരിച്ചു പിരിച്ചുവിടപ്പെട്ട എം പാനൽ ജീവനക്കാർക്ക് വേണ്ടി സർക്കാർ പുനരധിവാസ പാക്കേജ് തയ്യാറാക്കണം എന്ന് ചിലർ ഫേസ്ബുക്കിൽ ആവശ്യപ്പെട്ടു.

അതേ സമയം ജീവനക്കാർക്ക് പിറകെ കെഎസ്ആർടിസിയെ തന്നെ ഈ നീക്കം പ്രതിസന്ധിയിലേക്ക് നീക്കുമെന്നാണ് വിലയിരുത്തൽ.പി എസ് സി ലിസ്റ്റില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചുകൊണ്ടുള്ള ഉത്തരവിലാണ് താത്ക്കാലിക എംപാനല്‍ ജീവനക്കാരെ പിരിച്ചുവിട്ട് ലിസ്റ്റിലുള്ളവരെ ജോലിക്കായി പരിഗണിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇതുപ്രകാരം പി എസ് സി റാങ്ക് പട്ടികയിലുള്ള 4051 ജീവനക്കാരെ നിയമിക്കാനുള്ള നടപടിയും ഇന്നുമുതൽ ആരംഭിക്കും.

മാധ്യമ പ്രവർത്തകൻ അനിൽ തന്റെ ഫേസ്ബുക് കുറിപ്പിൽ ഇപ്രകാരം പറഞ്ഞു. ” ബഹു. ന്യായാധിപന്മാരെ, കെ.എസ്.ആർ.ടി.സി യിൽ നിന്ന് ആയിരക്കണക്കിന് എം പാനൽ ജീവനക്കാരെ ഉടൻ പിരിച്ച് വിടണമെന്നുള്ള കർശനമായ തീരുമാനം ദയവായി പുന:പരിശോധിക്കുക. ഇവരെ പിരിച്ച് വിടുന്നതോടെ ആയിരക്കണക്കിന് കുടുംബങ്ങൾ പട്ടിണിയിലാകുന്ന സ്ഥിതിയിലാണ്. വർഷങ്ങൾ പണിയെടുത്ത ഒരു സ്ഥാപനത്തിൽ നിന്ന് യാതൊരു പ്രതിഫലവും നൽകാതെ പിരിച്ച് വിടുന്നത് ക്രുരമാണ്. പി.എസ്.സി പ്രായവും കഴിഞ്ഞ ഇവർക്ക് ഇനി മറ്റൊരു ജോലി കണ്ടെത്തുന്നത് പ്രയാസമേറിയ കാര്യമാണ്.
കോടതിയും സർക്കാരും കോർപ്പറേഷനും ആയിരക്കണക്കിന് ജീവനക്കാരുടെ പ്രശ്നത്തെ കണ്ടില്ലെന്ന് നടിക്കരുത്. ജീവിതം പ്രതിസന്ധിയിലായ എം പാനൽ ജീവനക്കാരെ സംരക്ഷിയ്ക്കാൻ രാഷ്ട്രീയ പാർട്ടികളും മുൻകൈ എടുക്കണം. (കെ.എസ്.ആർ.ടി.സിയിൽ പുതിയ നിയമനം കാത്തിരിക്കുന്ന യുവാക്കളെ മറന്നിട്ടില്ല. അവരെയും സംരക്ഷിയ്ക്കണം.)

എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നിയമനം കിട്ടയവരാണ് നിലവില്‍ പിരിച്ചുവിടപ്പെടുന്ന ഉദ്യോഗസ്ഥരിൽ അധികവും. ഏറ്റവുമൊടുവില്‍ 2007-2008 കാലഘട്ടത്തിലാണ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി എംപാനല്‍ ജീവനക്കാരെ നിയമിച്ചിട്ടുള്ളത്. ഇപ്പോള്‍ ജോലി ചെയ്യുന്നവരില്‍ ഹൈക്കോടതി വിധി പ്രകാരം പുറത്താക്കപ്പെടുന്നവരില്‍ ഏറിയ പങ്കും പത്തുവര്‍ഷത്തിനടുത്ത് സര്‍വീസ് അവകാശപ്പെടാനുള്ളവരാണ്. 480 രൂപയാണ് എംപാനല്‍കാര്‍ക്ക് ഒരു ദിവസത്തെ വേതനം.

സ്ഥിരജോലിക്കാര്‍ 26 ദിവസം ജോലി ചെയ്താല്‍ മതിയെങ്കില്‍, എംപാനല്‍ ജീവനക്കാര്‍ മാസത്തില്‍ മുപ്പതു ദിവസവും ജോലിക്കെത്തുന്നവരാണ്.

Explainer: എം-പാനൽ ജീവനക്കാരുടെ വിഷയം; ഹൈക്കോടതി ചൂരലെടുത്തത് എന്തുകൊണ്ട്? കെഎസ്ആർടിസി പ്രതിസന്ധി രൂക്ഷമാകുമോ?

‘നാലായിരം കുടുംബങ്ങളാണ് പട്ടിണിയാകാന്‍ പോകുന്നത്’; ഇന്നലെ കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ കണ്ടത് വികാരനിര്‍ഭര രംഗങ്ങള്‍

ചിത്രം കടപ്പാട് : കേരള കൗമുദി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍