UPDATES

സോഷ്യൽ വയർ

സിപിഎമ്മിന്റെ ശ്രമഫലമായി ഒരാചാരം കൂടി ലംഘിക്കപ്പെടുന്നു; കേരളത്തിലെ ആചാരസംരക്ഷകർ അറിയുന്നില്ലേ ഇതൊന്നും?

സിപിഎം കർണാടക സംസ്‌ഥാന സെക്രട്ടറി ജി.വി. ശ്രീരാം റെഡ്ഢിയുൾപ്പെടെയുള്ള നേതാക്കൾ “എഡെ സ്നാന”ക്കെതിരെയുള്ള നിയമപോരാട്ടങ്ങളിലും ജനങ്ങളെ അണിനിരത്തിക്കൊണ്ടുള്ള സമരങ്ങളിലും സജീവമായി തുടർന്നുവരികയായിരുന്നു

കർണ്ണാടകയിലെ ദക്ഷിണ കന്നട ജില്ലയിലുള്ള കുക്കെ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ നടന്നുപോന്നിരുന്ന ‘മഡെ മഡെ സ്നാന’ എന്ന ഫ്യൂഡൽ ആചാര രീതി ഇന്നുമുതൽ അവസാനിക്കുകയാണ്. ക്ഷേത്രം നിയന്ത്രിക്കുന്ന പേജെവർ മഠം തന്നെയാണ് ഈ വിവരം അറിയിച്ചിരിക്കുന്നത്. ബ്രാഹ്മണരുടെ എച്ചിലിലയിൽ ദളിതർ ശയനപ്രദക്ഷിണം ചെയ്യേണ്ടുന്ന അങ്ങേയറ്റത്തെ ഈ ഇൻഹ്യൂമൻ ആചാരം വർഷങ്ങളായുള്ള സിപിഎമ്മിന്റെ നിരവധിയായ സമരങ്ങൾക്കും നിയമ പോരാട്ടങ്ങൾക്കും ശേഷം സുപ്രീം കോടതി നിരോധിച്ചത് രണ്ടുവർഷങ്ങൾക്കുമുൻപാണ്. എന്നാൽ മഡെ സ്നാന ആചാരത്തിൽ ചെറിയ മാറ്റം വരുത്തി “എഡെ സ്നാന” എന്നാക്കിക്കൊണ്ട് ബ്രാഹ്മണിക്കൽ ആചാരം തുടരാനായിരുന്നു വിശ്വാസികളുടെയും ക്ഷേത്രം ഭരിക്കുന്ന പേജെവാർ മഠത്തിന്റെയും തീരുമാനം. പശുക്കൾ ഭക്ഷിച്ചതിന്റെ ബാക്കിയിലോ, ദേവന് നിവേദിച്ച ഭക്ഷണത്തിലോ കിടന്നുരുളുന്നതായിരുന്നു ഈ പുതിയ ‘ആചാരം’.

സിപിഎം കർണാടക സംസ്‌ഥാന സെക്രട്ടറി ജി.വി. ശ്രീരാം റെഡ്ഢിയുൾപ്പെടെയുള്ള നേതാക്കൾ “എഡെ സ്നാന”ക്കെതിരെയുള്ള നിയമപോരാട്ടങ്ങളിലും ജനങ്ങളെ അണിനിരത്തിക്കൊണ്ടുള്ള സമരങ്ങളിലും സജീവമായി തുടർന്നുവരികയായിരുന്നു കഴിഞ്ഞ വർഷങ്ങളിൽ. കോടതി വിധിയുണ്ടായിട്ടും പേരുമാറ്റി കോടതിയലക്ഷ്യത്തിൽ നിന്നും രക്ഷപ്പെടാനുള്ള പേജവാർ മഠത്തിന്റെ തന്ത്രങ്ങളെ സിപിഐഎം തുറന്നെതിർത്തിരുന്നു. അപ്പോഴും വിശ്വാസപ്രമാണങ്ങളുടെ ഉടായിപ്പ് വർത്തമാനങ്ങൾ പറഞ്ഞും ദളിതർക്ക് രോഗപ്രതിരോധശേഷി ആർജ്ജിക്കാൻവേണ്ടിയുള്ള സവിശേഷകർമ്മമാണിതെന്നുമുള്ള ഗമണ്ടൻ വ്യാഖ്യാനങ്ങൾ ചമച്ചും സംസ്‌ഥാനത്തെ സംഘപരിവാരവും കോൺഗ്രസ്സും ഈയാചാരത്തെ അനുകൂലിച്ചുപോരുന്നുണ്ടായിരുന്നു. മഡെ സ്‌നാനയുടെ പ്രയോക്താവും കർണ്ണാടകയിലെ സംഘപരിവാരത്തിന്റെ തലതൊട്ടപ്പനുമായ ഉഡുപ്പി പേജവാർ മഠാധിപതി വിശ്വേഷതീർത്ഥ വിശ്വഹിന്ദു പരിഷത്തിന്റെ നേതാവാണ്. രാമജന്മ ഭൂമി പ്രസ്‌ഥാനത്തിന്റെ ദക്ഷിണേന്ത്യലിലെ പ്രധാന മൊബിലൈസറും ഇയാളായിരുന്നു. കർണ്ണാടകയിലെ ഗോസംരക്ഷക ഗുണ്ടാ സംഘമായ ഹിന്ദു ജാഗരണ വേദികയുടെ കൺകണ്ട ദൈവവും ഇങ്ങേരാണ്. കർണാടക തെരഞ്ഞെടുപ്പ് സമയത്ത് രാഹുൽ ഗാന്ധി സന്ദർശിച്ച മഠം കൂടിയാണിത്. പേജെവർ സ്വാമിയുടെ നിർദ്ദേശപ്രകാരം സുപ്രീം കോടതി വിധിക്കെതിരെ നിരവധി റിവ്യൂ പെറ്റീഷനുകൾ പ്രവഹിച്ചിരുന്നു. ഒട്ടനവധി സംഘപരിവാര സംഘടനകൾ ആചാരസംരക്ഷണത്തിനായി മുറവിളി കൂട്ടിക്കൊണ്ടിരുന്ന സാഹചര്യമായിരുന്നു സുപ്രീം കോടതി വിധിക്കുശേഷം കർണ്ണാടകയിൽ ഉണ്ടായിരുന്നത്. വിശ്വാസികളായ ചില ദളിതർ ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ തങ്ങളുടെ ആചാരനിർവഹണത്തിനുള്ള അവകാശം ഇല്ലായ്മ ചെയ്യരുതെന്ന അഭ്യർത്ഥനയുമായി സുപ്രീം കോടതിയെ സമീപിക്കുകപോലുമുണ്ടായി.

എന്നാൽ കർണ്ണാടകയിലെ ഇടതുപക്ഷവും പുരോഗമന ശക്തികളും വലിയ രീതിയിലുള്ള ക്യാമ്പയിനായിരുന്നു ഈ മനുഷ്യത്വരഹിതമായ ആചാരത്തിനെതിരെ നടത്തിപ്പോന്നത്. കർണ്ണാടക സർക്കാരിനെക്കൊണ്ട് അന്ധവിശ്വാസ നിരോധനനിയമ ബിൽ പാസാക്കിയെടുക്കുന്നതുൾപ്പെടെ നിരന്തരമായ ഇടപെടലാണ് സിപിഎം ഇക്കാര്യത്തിൽ നടത്തിയത്. ജിവി ശ്രീരാം റെഡ്ഢി ജയിൽവാസമനുഭവിക്കുന്ന സാഹചര്യം പോലുമുണ്ടായി. ഈ പോരാട്ടങ്ങളുടെയാകെ ഫലമായാണ് കഴിഞ്ഞ രണ്ടുവർഷമായി ബ്രാഹ്മണരുടെ എച്ചിലിലയിൽ ശയനപ്രദക്ഷിണം ചെയ്യാൻ വരുന്ന ദളിതരുടെ എണ്ണം വളരെയധികം കുറഞ്ഞത്. പുരോഗമന ശക്തികളുടെ ഇടപെടലുകളുടെ ഫലമായി മഡെ സ്നാന അനുഷ്ഠിക്കാൻ ആളെക്കിട്ടാത്ത അവസ്‌ഥയായിരുന്നു കുക്കെ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ കഴിഞ്ഞ തവണ. ആചാരത്തിന് ഭക്തരുടെ പിന്തുണ കുറഞ്ഞതിനാലും ഇനിയും മഡെ സ്നാന പുതിയ പേരുകളിൽ തുടർന്നാൽ കോടതിയലക്ഷ്യമാവുമെന്നതിനാലും പ്രസ്തുത ആചാരം തുടരേണ്ടതില്ലെന്ന് പേജെവാർ മഠം തീരുമാനമെടുത്തത് ഇന്നലെയാണ്. ഇനിമുതൽ ബ്രാഹ്മണന്റെ എച്ചിലിലയിൽ ദളിതർ കിടന്നുരുളണമെന്ന ആചാരം കുക്കെ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ ഉണ്ടായിരിക്കുന്നതല്ല. കർണ്ണാടകയിലെ സിപിഐഎമ്മിന്റെ ജാതിവിരുദ്ധ പോരാട്ടങ്ങളിലൊന്നിന് അങ്ങനെ പരിപൂർണമായ വിജയം കൈവരികയാണ്.

ജിതിന്‍ ഗോപാലകൃഷ്ണന്‍

ജിതിന്‍ ഗോപാലകൃഷ്ണന്‍

ഇൻസ്റ്റിറ്റ്യൂട് ഓഫ് സോഷ്യൽ ആൻഡ് എക്കണോമിക് ചേഞ്ചിലെ ഗവേഷണ വിദ്യാർത്ഥി

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍