UPDATES

സോഷ്യൽ വയർ

‘മിഴികള്‍ നിറഞ്ഞൊഴുകുമ്പോഴും വേദനയോടെ വിലപിക്കുവാനേ കഴിയുന്നുള്ളൂ, കുഞ്ഞേ മാപ്പ്’; ഗോപിനാഥ് മുതുകാട്

വിശാലമായ ആകാശം പോലെ പരന്ന് കിടന്ന അവൻ്റെ ജീവിതത്തിന്റെ വാതിൽ‍ കൊട്ടിയടയ്ക്കപ്പെട്ടു…

തൊടുപുഴയില്‍ അമ്മയുടെ സുഹൃത്തിന്റെ ക്രൂര മര്‍ദ്ദനമേറ്റ ഏഴുവയസ്സുകാരന്റെ മരണത്തില്‍ വേദന പങ്കുവെച്ച് മജീഷ്യന്‍ ഗോപിനാഥ് മുതുകാട്. ബാലാവകാശ കമ്മീഷനും കുട്ടികളുടെ സംരക്ഷണത്തിനു വേണ്ടിയുള്ള നിരവധി പ്രവര്‍ത്തനങ്ങളും നടന്നു കൊണ്ടിരിക്കുന്ന കേരളം പോലുള്ള മെച്ചപ്പെട്ട സംസ്ഥാനത്ത് നമ്മുടെ കണ്‍മുമ്പില്‍ ഇത്തരം ഒരു സംഭവം പൊറുക്കാനാവാത്ത ഒരപരാധം തന്നെയാണെന്നും ഒരു ജീവിതം ആയുസ്സറ്റ് മരണത്തിന് കീഴടങ്ങുമ്പോള്‍ തലകുനിച്ച് നില്‍ക്കുകയാണ് കേരളമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

പോസ്റ്റ് പൂര്‍ണ്ണരൂപത്തില്‍,

‘തകരുന്ന ഹൃദയത്തോടെ….. കുഞ്ഞേ മാപ്പ്….

ഒടുവിൽ ‍ ആ ഏഴുവയസ്സുകാര‍ൻ മരണത്തിന് കീഴടങ്ങി.. ജീവിതത്തിലേയ്ക്ക് പിച്ചവെച്ചു തുടങ്ങിയിട്ടേയുള്ളൂ ഈ കുരുന്ന്…
ഒരു ജീവിതം ആയുസ്സറ്റ് മരണത്തിന് കീഴടങ്ങുമ്പോൾ തലകുനിച്ച് നിൽ‍ക്കുകയാണ് നമ്മുടെ സമൂഹം.. 
ജീവിതത്തിൽ‍ ഏതൊക്കെയോ ഉന്നതിയിലേയ്ക്ക് കുതിച്ചു കയറേണ്ട ഒരു നവമുകുളമാണ് കഴിഞ്ഞ പത്തുദിവസത്തോളമായി ജീവിതത്തിനു വേണ്ടി മല്ലടിച്ചു ഒടുവിൽ കൊഴിഞ്ഞു വീണത്… 
ആ മരണ വാർത്ത മനസ്സിനെ വല്ലാതെ അസ്വസ്ഥമാക്കുകയാണ്.. അതൊരു വേദനയാണ്. ഒരിക്കലും ഉണങ്ങാത്ത, ഒടുങ്ങാത്ത തീവ്രമായ വേദന..
ഒരുപക്ഷെ നാളത്തെ ശാസ്ത്രജ്ഞനോ, ഡോക്ടറോ, എഞ്ചിനീയറോ, അതുമല്ലെങ്കിൽ ഈ നാട് തന്നെ നയിക്കുന്ന തരത്തിലേയ്ക്ക് വളരേണ്ടവനായിരുന്നിരിക്കണം… വിശാലമായ ആകാശം പോലെ പരന്ന് കിടന്ന അവൻ്റെ ജീവിതത്തിന്റെ വാതിൽ‍ കൊട്ടിയടയ്ക്കപ്പെട്ടു…
വളരുന്ന തലമുറയെന്നാൽ‍ ഭാവിയുടെ വാഗ്ദാനങ്ങളെന്നാണ് പൊതുവേ നാം കരുതിപ്പോരുന്നത്. മുതിർ‍ന്നവരുടെ തലമുറയിൽ‍‍പ്പെട്ട ആളുകളേക്കാൾ എഴുന്നൂറ് മടങ്ങ് കാര്യശേഷി കൂടുതലായിട്ടുള്ളവരാണ് പുതുതലമുറയിൽ‍ ജനിക്കുന്ന ഓരോ കുട്ടിയും. അത്തരത്തിൽ‍ അനവധി സാധ്യതകളുള്ള ഒരു കുട്ടിയുടെ ജീവനാണ് അതിദാരുണമായി ഇവിടെ അവസാനിച്ചത്. സാക്ഷരതയിൽ ഏറ്റവും മുൻ‍പന്തിയിൽ നിൽ‍ക്കുന്ന കേരളത്തിലാണ് ഇത് സംഭവിച്ചത് എന്നുള്ളതാണ് ഏറെ വേദനിപ്പിക്കുന്നത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലുള്ള ശിശു ഹത്യകൾ ‍, സ്ത്രീ ഹത്യകൾ ‍ ഒരുപാട് നടക്കുന്നതായി നാം കേട്ടിട്ടുണ്ട്. കുറേയൊക്കെ നാം അറിയാതെയും പോകുന്നു.. ബാലാവകാശ കമ്മീഷനും കുട്ടികളുടെ സംരക്ഷണത്തിനു വേണ്ടിയുള്ള നിരവധി പ്രവർ‍ത്തനങ്ങളും നടന്നുകൊണ്ടിരിക്കുന്ന കേരളം പോലുള്ള മെച്ചപ്പെട്ട സംസ്ഥാനത്ത് നമ്മുടെ കൺ‍മുമ്പിൽ ‍ ഇത്തരം ഒരു സംഭവം പൊറുക്കാനാവാത്ത ഒരപരാധം തന്നെയാണ്..
എന്തുകൊണ്ട് ഇത്തരത്തിലുള്ള ചിന്താരീതിയിലേയ്ക്ക് യുവജനങ്ങൾ മാറുന്നു..?
സ്വബോധമില്ലാത്ത അവസ്ഥകളിൽ‍ ചേക്കേറുന്നവരിലാണ് ഇത്തരത്തിലുള്ള ഹീനകൃത്യങ്ങൾ ഉടലെടുക്കുന്നതായി നാം കാണുന്നത്. മദ്യത്തിനും മയക്കുമരുന്നിനും അടിമകളായി ജീവിതത്തെ യാതൊരു വീക്ഷണവുമില്ലാതെ കൊണ്ടുപോകുന്ന ക്രമം തെറ്റിയ ഒരു യുവതലമുറ വളരെ വിരളമായെങ്കിലും നമ്മുടെ ഇടയിലുണ്ട്.
ഈയൊരു ദുസ്ഥിതിയില്‍ നിന്നും മാറി നടക്കേണ്ട, ചിന്തിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ജനസംഖ്യയിൽ‍ രണ്ട് ശതമാനം ആളുകൾ ഈ ദുസ്ഥിതി തുടരുന്നവരാണെങ്കിൽ ‍ പോലും നമ്മുടെ സമൂഹത്തിൻ്റെ ഭാവി ഇരുട്ടിലേയ്ക്ക് വഴിമാറുമെന്നതിൽ ‍ യാതൊരു തർ‍ക്കവുമില്ല
ഈയൊരു ദാരുണ സംഭവം സമൂഹത്തിന് മുന്നിലേയ്ക്ക് ചില ചോദ്യങ്ങൾ‍ ഉയർ‍ത്തുന്നു.. ജീവിത രീതിയെക്കുറിച്ച്, മാനുഷികതയെക്കുറിച്ച്, കുട്ടികളോടുള്ള ഇടപെടലുകളെക്കുറിച്ച്, ശോഭനമായ ഭാവിയെക്കുറിച്ചുമൊക്കെ ചിന്തിക്കുകയും വിലയിരുത്തുകയും ചെയ്യേണ്ട ഒരാവശ്യകത അനിവാര്യമായിരിക്കുന്നു..
അല്ലയോ കുഞ്ഞേ ഞാനുൾ‍പ്പെടുന്ന ഈ സമൂഹം നിന്നോട് മാപ്പ് ചോദിക്കുന്നു..
നിൻ്റെ കണ്ണിലെ പ്രതീക്ഷകളുടെ കിരണങ്ങൾ‍ അസ്തമിച്ചിരിക്കുന്നു..
മിഴികൾ‍ നിറഞ്ഞൊഴുകുമ്പോഴും വേദനയോടെ വിലപിക്കുവാനേ കഴിയുന്നുള്ളൂ.. മാപ്പ്…
അറിവിൻ്റെ നാട്ടിൽ‍ ഇനി ഒരു കുഞ്ഞുമിഴികളും എന്നെന്നേയ്ക്കുമായി അടയാതിരിക്കുവാൻ‍ നമുക്ക് ഉണർ‍ന്നിരിക്കാം..
കാരണം കുഞ്ഞുങ്ങൾ‍ കളങ്കമറിയാത്തവരാണ്… പരിശുദ്ധരാണ്.. അവരുടെ ജീവിത്തിന് തണലായി നിന്നുവേണം നാം ഓരോരുത്തരും പ്രതിബദ്ധത കാട്ടേണ്ടത്..

ആദരാഞ്ജലികളോടെ…

ഗോപിനാഥ് മുതുകാട്
യുനിസെഫ് സെലിബ്രിറ്റി അഡ്വക്കേറ്റ്’

Read More : പ്രധാനമന്ത്രി മോഹങ്ങള്‍ മറച്ചുവെയ്ക്കാതെ മായാവതി; എന്നാല്‍ ദേശീയ രാഷ്ട്രീയ ചിത്രം ബിഎസ്പിയെക്കുറിച്ച് പറയുന്നതെന്താണ്?

“കാലം മാറുകയാണ് വായനയും. രാവിലെ കട്ടന്റെ കൂടെ പോളണ്ടിനെ പറ്റി വരെ സംസാരിക്കാം. കൂടുതല്‍ വായനയ്ക്ക് അഴിമുഖം സന്ദര്‍ശിക്കൂ…”

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍