UPDATES

സോഷ്യൽ വയർ

ആ പോസ്റ്റര്‍ വീണ്ടും; പക്ഷേ കുട്ടികള്‍ക്ക് മാമ്പഴം കൊടുക്കാത്ത ആ ‘ക്രൂരന്‍’ എച്ച്എം അല്ല; മാടമ്പള്ളിയിലെ യഥാര്‍ത്ഥ പോസ്റ്ററുകാരന്‍ ഒടുവില്‍ ‘പിടിയില്‍’

എന്തായാലും കുട്ടികള്‍ക്ക് മാമ്പഴം കൊടുക്കാതെ തിന്നുന്നതിന്റെ പേരില്‍ പഴി കേട്ടിരുന്ന ആ ഹെഡ്മാസ്റ്റര്‍ ഇതോടെ രക്ഷപെട്ടിരിക്കുകയാണ്.

“പഴുത്ത മാങ്ങ വീണു കിട്ടുന്നവര്‍ എച്ച്.എമ്മിനെ ഏല്‍പ്പിക്കുക”, മലപ്പുറം ജിബിഎച്ച്എസ് സ്‌കൂള്‍ ഹെഡ്മാസ്റ്ററുടെ പേരില്‍ മാവില്‍ പതിച്ചിരുന്ന ഈ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ കാണാത്ത മലയാളികള്‍ കുറവായിരിക്കും. കഴിഞ്ഞ നാലു വര്‍ഷം മുമ്പ് ഇറങ്ങിയ ചിത്രമാണ് ഇതെന്ന് ഒരു വിഭാഗം പറയുമ്പോള്‍ എല്ലാക്കൊല്ലവും മാമ്പഴ സീസണ്‍ ആകുമ്പോള്‍ ഈ ഫോട്ടോ ഫേസ്ബുക്കിലും വാട്‌സ്ആപ്പിലും നിറയും. അപ്പോഴൊക്കെ ആ ‘ക്രൂരനാ’യ ഹെഡ്മാസ്റ്റര്‍ക്ക് പൊങ്കാലയും പാവം കുട്ടികളെ ഓര്‍ത്തുള്ള വിഷമം നിറഞ്ഞ വരികളുമൊക്കെ നിറയുകയും ചെയ്യും.

വീണ്ടും ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കാന്‍ തുടങ്ങിയതോടെയാണ് തൊട്ടടുത്ത ജി.ജി.എച്ച്.എസ്.എസിലെ അധ്യാപികയായ റസീന കെ.കെ ഈ ചിത്രവും അതിനൊപ്പം ഈ പോസ്റ്റര്‍ പതിപ്പിച്ചു എന്നാരോപിക്കപ്പെടുന്ന മാവിന്റെ ചിത്രവും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുന്നത്. ഈ പോസ്റ്റര്‍ ഇപ്പോഴും ഉണ്ടെന്നാണ് ആളുകള്‍ പറയുന്നത് എന്നത് ശരിയല്ല എന്നു തെളിയിക്കാനാണ് അവര്‍ പോസ്റ്റര്‍ ഇട്ടതെങ്കിലും ഇത്രകാലവും ആളുകളെ ‘കുഴപ്പിച്ചിരുന്ന’ ആ പോസ്റ്ററിന്റെ പിന്നിലെ  വാസ്തവമെന്ത് എന്നതു കൂടി അതിനൊപ്പം പുറത്തുവന്നു.

ഇങ്ങനെയായിരുന്നു റസീന കെ.കെയുടെ പോസ്റ്റ്

“ഇതാണ് എല്ലാകാലത്തും പഴുത്ത മാങ്ങയുള്ള ആ മാവ് ! ഫോട്ടോക്ക് നാലുകൊല്ലം പഴക്കം ഉണ്ടെന്നു കേൾക്കുന്നു, അന്ന് ഇങ്ങിനൊരു നോട്ടീസ് പതിച്ചിരുന്നോ എന്നറിയില്ല. എച് എം മാങ്ങയൊക്കെ ഒറ്റക്ക് തിന്നിരുന്നോ എന്നും അറിയില്ല. അഞ്ച് കൊല്ലമായി തൊട്ടിപ്പുറത്തെ സ്ഥാപനത്തിൽ ജോലിചെയ്യുന്നു. ഇങ്ങിനെ ഒന്ന് അവിടെ കണ്ടിട്ടില്ല. ഈ നോട്ടീസ് സത്യമാണെന്ന് ഫേസ്ബുക്കിലും വാട്സ് ആപ്പിലും ആളുകളിങ്ങനെ തറപ്പിച്ചു പറയുമ്പോൾ അറിയില്ല എന്ന് പറയാനേ കഴിയൂ !

ഇത്രേം എഴുതിയതും, ഇന്ന് കാലത്ത് ക്ലാസ്സിൽ കേറും മുമ്പ് ഓടിപോയി ഈ ഫോട്ടോ എടുത്തതും വിദ്യാലയങ്ങൾ ട്രോൾ ചെയ്യപ്പെടരുതാത്ത വിശുദ്ധ സ്ഥലങ്ങൾ ആണന്നു കരുതുന്നതുകൊണ്ടല്ല. പ്രചരിക്കപ്പെടുന്ന പലതിനും ഇത്രയും വിശ്വാസ്യതയെ ഉള്ളു എന്ന് പറഞ്ഞുവെക്കാൻ മാത്രമാണ്.”

ഈ പോസ്റ്റിനടിയില്‍ നേരത്തെ സംഭവിച്ചതു പോലെ ആളുകള്‍ വിവിധ രീതിയിലുള്ള അഭിപ്രായപ്രകടനങ്ങള്‍ നടത്തുന്നുണ്ട്. മറ്റു സ്‌കൂളുകളിലെ അധ്യാപികമാര്‍ തങ്ങളുടെ സ്‌കൂളിലെ മരങ്ങളില്‍ നിന്നുള്ള പഴങ്ങളും മറ്റും കുട്ടികള്‍ തന്നെയാണ് എടുക്കുന്നത് എന്നു പറയുമ്പോള്‍ ചിലര്‍ അത് അധ്യാപകര്‍ തന്നെ വാങ്ങി കുട്ടികള്‍ക്ക് വീതിച്ചു നല്‍കും എന്നൊക്കെ ചര്‍ച്ചകള്‍ കൊഴുക്കുകയും ചെയ്തു. അതിനിടയില്‍ അടുത്ത കാലത്ത് നിപ രോഗബാധ ഉണ്ടായ സാഹചര്യത്തില്‍ വവ്വാല്‍ കടിച്ചത് കുട്ടികള്‍ കഴിക്കാതിരിക്കാനായി എഴുതിയതായിരിക്കാം എന്നൊരഭിപ്രായവും അവിടെ ഉയര്‍ന്നു. കൈയക്ഷരം നോക്കി ‘കള്ളനെ’ പിടിക്കാം എന്ന നിര്‍ദേശവും ഉയര്‍ന്നുവന്നവയില്‍ ഉണ്ട്.

ഇതിനൊക്കെ ഒടുവിലാണ് അധ്യാപിക കൂടിയായ ജിഷ ഇ.പി ആ ‘രഹസ്യം’ വെളിപ്പെടുത്തിയത്. അതിനു പിന്നില്‍ സ്‌കൂളിലെ ക്ലര്‍ക്കായ ജെ.കെ എന്നു വിളിക്കുന്ന ജയകുമാറിന്റെ വകയായുള്ള ഒരു കുസൃതി ആയിരുന്നു അതെന്നാണ് അവര്‍ പറയുന്നത്. ചിത്രകാരനും ഗായകനും സരസനുമായ ജെ.കെ ഒരു കുസൃതി ഒപ്പിക്കാനായി ചെയ്ത പരിപാടിയായിരുന്നു ആ പോസ്റ്റര്‍. ഇതുപോലെ ഓഫീസ് മുറിക്ക് പുറത്ത് ചെരിപ്പ് അഴിച്ചു വയ്ക്കാനുള്ള അറിയിപ്പ്, ‘പുഷ്പപാദുകം പുറത്തവയ്ക്കൂ… നഗ്നപാരായ് അകത്തു വരൂ…’ എന്ന ഗാനശകലത്തിലൂടെ ഒട്ടിച്ചു വച്ചതും അവര്‍ ചൂണ്ടിക്കാട്ടുന്നു. അല്ലാതെ ഇതുപോലൊരു പോസ്റ്റര്‍ മാവില്‍ ഒട്ടിക്കാന്‍ മാത്രം വിഡ്ഡികളല്ല ഒരു സര്‍ക്കാര്‍ സ്‌കൂളിലെ ജീവനക്കാരെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.

ഇതാണ് അവര്‍ പറഞ്ഞത്

ചർച്ച പുരോഗമിക്കട്ടെ. ഈ photoയ്ക്ക് 4 വർഷം പഴക്കമുണ്ടെന്നതും സത്യം .കൈയ്യക്ഷര ടെസ്റ്റ് ഒന്നും നടത്തണ്ട . ഇത് ഞങ്ങൾ JK എന്ന് വിളിക്കുന്ന ജയകുമാർ, ഞങ്ങളുടെ ക്ലർക്ക് എഴുതിയത്. നല്ലൊരു ശില്പിയും ചിത്രകാരനും ഗായകനും എല്ലാത്തിനും ഉപരി എന്തിലും നർമം കണ്ടെത്തുന്ന JK യുടെ ഒരു കുസൃതി. ഈ പോസ്റ്റർ മാവിൽ ഒട്ടിക്കാൻ മാത്രം വിഡ്ഢികളോ ഒരു സർക്കാർ സ്കൂളിലെ ജീവനക്കാർ.”

എന്തായാലും കുട്ടികള്‍ക്ക് മാമ്പഴം കൊടുക്കാതെ തിന്നുന്നതിന്റെ പേരില്‍ പഴി കേട്ടിരുന്ന ആ ഹെഡ്മാസ്റ്റര്‍ ഇതോടെ രക്ഷപെട്ടിരിക്കുകയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍