UPDATES

സോഷ്യൽ വയർ

‘ചത്ത് മണ്ണടിഞ്ഞവരെ മാന്തി എടുക്കുക എന്നല്ലാതെ ഇനിയെന്ത് അടിയന്തര ഇടപെടലാണ് നിങ്ങൾ നടത്താൻ പോകുന്നത് ?’

പറയുന്നത് അടിയന്തിരമായി ആക്ട് ചെയ്യേണ്ടിയിരുന്ന റവന്യൂ_ ജില്ലാ ദുരനതനിവാരണ, പൊലീസ് സംവിധാനങ്ങളെക്കുറിച്ചാണ്.

കവളപ്പാറ, നിലമ്പൂരിനടുത്ത് ഒരു കുഞ്ഞു ഗ്രാമം കേരളത്തിന്റെ കണ്ണീരായി മാറുകയാണ്. വെള്ളിയാഴ്ച വൈകുന്നേരം ഉണ്ടായ ഉരുൾപൊട്ടലിൽ 19 ഓളം വീടുകൾ തകർന്നതായാണ് റിപ്പോർട്ട്. ആൾനാശമാണ് അതിലും ഭീകരം. ജില്ലാ ഭരണകൂടത്തിന്റെ കണക്കുകൾ പ്രകാരം 63 പേരെ കാണാനില്ലെന്നാണ് വിവരം. മൃതദേഹങ്ങൾ കണ്ടെത്തിയത് 4 പേരുടെമാത്രം.

അത്രയും ഭീകരമാണ് കവളപ്പാറയിലെ സ്ഥിതിഗതികൾ. അധികൃതരുടെ ഇലപെടലിലുണ്ടായ അനാസ്ഥയാണ് ദുരന്തത്തിന്റെ വ്യാപ്തി കൂട്ടിയതെന്ന് കരുതേണ്ടിവരും. ഇക്കാര്യം വ്യക്തമാക്കുകയാണ് കവളപ്പാറ സ്വദേശിയായ മാധ്യമ പ്രവർത്തകൻ വിഷ്ണു എൻ വേണുഗോപാൽ തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ. അധികൃതരുടെ ഇടപെടലിൽ വന്ന പാളിച്ചകൾ ചൂണ്ടിക്കാട്ടുകയാണ് അദ്ദേഹം തന്റെ കുറിപ്പുകളിൽ ചെയ്യുന്നത്.

വിഷ്ണുവിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം

ചത്ത് മണ്ണടിഞ്ഞവരെ മാന്തി എടുക്കുക എന്നല്ലാതെ ഇനിയെന്ത് അടിയന്തര ഇടപെടലാണ് നിങ്ങൾ നടത്താൻ പോകുന്നത് ??

ഇപ്പോ നിങ്ങൾ ഞെട്ടലോടെ കാണുന്ന കവളപ്പാറ മണ്ണിടിച്ചിൽ ദുരന്തം എന്റെ വീടിനടുത്താണ്. ജില്ലാ ഭരണകൂടത്തിനും പൊലീസിനും വന്ന വീഴ്ചയാണ് അവിടെ പൊലിഞ്ഞ ജീവനുകൾക്ക് ഉത്തരവാദി. കൂട്ടത്തിൽ ഒരു പ്രളയദുരിതം മുന്നിലുണ്ടായിട്ടും ജാഗ്രത പാലിക്കാത്ത അവിടത്തെ ജനങ്ങളും. ഫ്ലഡ് ക്യാമ്പിൽ കഴിഞ്ഞ വർഷം വേണ്ടത്ര സൗകര്യം ലഭിക്കാത്തത് കൊണ്ട് വീടൊഴിയാതിരുന്നവരും ഉണ്ടെത്രെ. എന്ത് മനുഷ്യരാണ് നിങ്ങൾ.

കവളപ്പാറ ദുരന്തത്തിന്റെ ആഘാതം ഇത്രയാകാൻ കാരണം, പോത്തുകൽ പൊലീസെ, പഞ്ചായത്തെ, ജില്ലാഭരണകൂടമേ നിങ്ങളാണ്. മൂന്ന് ദിവസമായി പെയ്യുന്ന മഴയിൽ മുങ്ങിക്കൊണ്ടിരിക്കുന്ന നിലമ്പൂരിൽ മുമ്പ് മലയിടിച്ചിലുണ്ടായ പ്രദേശങ്ങൾ തിരിച്ചറിഞ്ഞ് അവരെ ഒഴിപ്പിക്കാഞ്ഞതിന്, മുന്നറിയിപ്പ് നൽകാത്തതിന് എന്ത് ന്യായമാണ് നിങ്ങൾക്കുള്ളത്.

ഇന്നലെ രാവിലെ‌ മുതൽ പെരുമഴയാണ് ഇപ്പോൾ ഉരുൾ പൊട്ടിയ കവളപ്പാറയിൽ എല്ലാ മഴയ്ക്കും‌ ജീവൻ നഷ്ടപ്പെടാറുണ്ട്. ആളുകൾ കുരുങ്ങിക്കിടക്കുന്ന പാതാറും മുരികാഞ്ഞിരവും മലയിടിച്ചിൽ ഭീഷണി‌നേരിട്ട ഭൂതകാലമുണ്ട്, പത്തിലേറെ ജീവനുകൾ പൊലിഞ്ഞിട്ടുണ്ട്. എന്നിട്ടും ഇന്നലെ രാവിലെ മുതൽ പോത്തുകൽ പൊലീസ് അവിടെ ജനങ്ങളെ ഒഴിപ്പിച്ചില്ല, അറിയിപ്പ് നൽകിയില്ല. പനങ്കയം പാലത്തിൽ വെള്ളമൊഴുകുന്നത് കണ്ട് നിന്ന സമയം പോരായിരുന്നോ ഒരു ജനറേറ്റർ കെട്ടി ജാഗ്രതാ‌മുന്നറിയിപ്പ് വിളിച്ച് പറയാൻ, ക്യാമ്പിലേക്ക് മാറണമെന്ന് പറയാൻ. ഇന്നലെ വൈകിട്ട് വിളിക്കുമ്പോഴും അനിയൻ പറയുന്നുണ്ട് പൊലീസ് ഒരു മുന്നറിയിപ്പും ജാഗ്രതയും എടുത്തില്ലെന്ന്.

ഒരു പ്രളയമുണ്ടായിട്ടും പഠിക്കാത്ത ഭരണകൂടം മരിച്ച് മണ്ണടിഞ്ഞവരുടെ നെഞ്ചത്ത് കയറി ഉത്തരവാദിത്വ ബോധം വിളമ്പരുത്.

മറ്റൊരു കുറിപ്പ്…

ഒരുവിമർശനവും സഹിക്കാനാവാത്ത, ഒറ്റരാഷ്ട്രീയബുദ്ധിയുള്ള ഒരുവിഭാഗത്തോട് സംവദിക്കുക പ്രയാസമാണ്. ഈ പറയുന്നതിൽ എത്രകണ്ട് നിങ്ങൾ മനസിലാക്കാൻ ശ്രമിക്കുമെന്നും അറിയില്ല, കവളപ്പാറയിൽ ഉത്തരവാദിത്വപ്പെട്ടവർ ജാഗ്രതയോടെ ഇടപെട്ടിരുന്നെങ്കിൽ അത്രപേരുടെ ജീവൻ നഷ്ടപ്പെടില്ലെന്ന് ഇപ്പോഴും ഉറച്ച് വിശ്വസിക്കുന്നു.

ബുധനാഴ്ച രാവിലെ തൽക്കാൽ സംവിധാനത്തിൽ വ്യാഴാഴ്ച രാത്രിക്കുള്ള രാജ്യറാണിക്ക് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. അനിയൻ അപ്പുവിന്റെ ഐഡി ഉപയോഗിച്ച്‌ ബുക്ക് ചെയ്തതിനാൽ മെസേജ് ലഭിച്ച ഇടനെ അവൻ വിളിച്ചു. മഴമാറിയിട്ടില്ല, യാത്ര ദുഷ്കരമാകും. വൈദ്യുതി ഇല്ല. നോക്കിയിട്ട് വന്നാ മതി.
വ്യാഴാഴ്ച ഉച്ചയോടെ നിലമ്പൂർ ടൗൺ വെള്ളത്തിനടിയിലായെന്ന് വാർത്ത വന്നു, നാട് ചാലിയാർ നിറഞ്ഞ് കവിഞ്ഞ് വെള്ളത്തിലായി. യാത്ര‌ക്യാൻസൽ ചെയ്ത് ഭയപ്പാടോടെ വീടുമായും നാടുമായും ബന്ധപ്പെടുകയായിരു. നാലുമണിയോടെ അപ്പു വീണ്ടും വിളിച്ചു. പനങ്കയം അങ്ങാടിയിൽ വെള്ളംകയറി, വീടുകൾ മുങ്ങി. പൊലീസ് സുരക്ഷിത സ്ഥാനത്തേക്ക് മാറണമെന്ന് പറഞ്ഞു. അതിനപ്പുറം അവരൊന്നും ചെയ്യുന്നില്ല. ഞങ്ങൾ എല്ലാവരെം മാറ്റാൻ ശ്രമിക്കുന്നുണ്ട്. ഒരുപാട് പേർ മാറാൻ തയ്യാറാവുന്നില്ല. സിപിഎം നേതാവ് കരുണേട്ടന്റെയും പോക്കരാക്കയും മറ്റ് നേതാക്കളുടെയും നേതൃത്വത്തിൽ ക്യാമ്പ് തുറന്ന് അങ്ങോട്ട് മാറ്റുകയാണ്. പക്ഷെ ഞാൻ പഠിപ്പിച്ചകുട്ടീടെ വീട്ടുകാർ വരെ ചീത്തപറയുകയാണ്. പൊലീസൊ റവന്യൂ ഉദ്യോഗസ്ഥരോ കൂടെ നിന്ന് അനൗൺസ്മെന്റൊ നിർദ്ദേശമോ നൽകിയിരുന്നെങ്കിൽ ആളുകൾ വേഗത്തിൽ മാറും. അതുണ്ടാകുന്നില്ല.
ഇതിനിടയ്ക്ക് അച്ഛന്റെ ഫോണിൽ നിന്നും കരുണേട്ടനുമായി സംസാരിച്ചു. ജനങ്ങളെ കോ ഓർഡിനേറ്റ് ചെയ്യാൻ പറ്റുന്നില്ലെന്നാണ് പുള്ളിയും പറഞ്ഞത്. അപ്പോഴേക്കും അമ്മയും അച്ഛനും അച്ഛമ്മയും ബന്ധുക്കളുമെല്ലാം പൂളപ്പാടം മദ്രസ ക്യാമ്പിലേക്ക് മാറിയിരുന്നു.

പിന്നെ രാത്രി എട്ട്മണിയോടെയാണ് അപ്പുവിനെ കിട്ടുന്നത്. കവളപ്പാറയിൽ ഉരുൾപൊട്ടലുണ്ടായി, ഫോൺ ജാമാണ്. ചാർജ്ജ് കുറവാണ്, കുറച്ച് പേർ ക്യാമ്പിലേക്ക് വരുന്നുണ്ടെന്ന് പറഞ്ഞ് ഫോൺ വച്ചു. പിന്നെ രാത്രി 9 മണിയോടെ ദിനൂപിന്റെ ഫേസ്ബുക്ക് പോസ്റ്റ് ആണ് കാണുന്നത്. കവളപ്പാറയിൽ മണ്ണിടിഞ്ഞ് നിരവധി പേർ മണ്ണിനടിയിലാണ്. ദുരന്തത്തിന്റെ ആഴം മനസിലായി അപ്പോൾ മുതൽ ഓരോരുത്തരെ വിളിക്കാൻ തുടങ്ങിയതാണ്. ആരെയും ലൈനിൽ കിട്ടിയില്ല. ദിനൂപ്‌ വീട്ടിൽനിന്ന് എത്രയോ ദൂരത്ത് നടന്ന് പോയാണ് ആ പോസ്റ്റിട്ടത്. ഒരു ഫോണും കണക്ടാവുന്നില്ല. ആരെയും കിട്ടുന്നില്ല.
ഈ കവളപ്പാറയുടെ മറുപുറമാണ്  വീടിരിക്കുന്ന കൂവക്കോലും പനങ്കയവും സ്ഥിതി ചെയ്യുന്നത്. വീടിനു മുകളിലെ മുത്തപ്പൻ മലയിൽ ചെറിയ‌ മണ്ണിടിച്ചിലുണ്ടായതിനാൽ ഭയപ്പാടോടെയാണ് ഉറങ്ങാതെ ഇരുന്നത്. രാവിലെ ഏഴരയോടെ വീണ്ടും ദിനൂപിന്റെ പോസ്റ്റ് കണ്ടു. വലിയ അപകടമാണ്, ഫയർ ഫോഴ്സിനെയോ, പൊലീസിനെയൊ വിളിക്കാനാവുന്നില്ല. പിന്നീട് ഉച്ചയോടെ മാധ്യമവാർത്തകളിലാണ് കവളപ്പാറ ദുരന്തത്തിന്റെ ആഴം പൊതുജനം, സർക്കാർ സംവിധാനങ്ങൾ മനസിലാകുന്നത്.

ചങ്ങാതിമാരെ നിങ്ങൾ പറയുന്നത് പോലെ പനങ്കയം പാലം ഗതാഗതയോഗ്യമാക്കിയാണ് ഉച്ചയ്ക്ക് എം എൽ എ അടക്കമുള്ളവർ അവിടെ എത്തിയത്. വിവരം അറിഞ്ഞത്, പിന്നാലെ മാധ്യമങ്ങളെത്തിയത്, ദുരന്തം ലോകമറിഞ്ഞത്. സർക്കാർ സംവിധാനങ്ങൾ “ഉണർന്ന്” പ്രവരർത്തിച്ച് മണ്ണിനടിയിലെ കയ്യും കാലും തലയും വേർപ്പെട്ട ശവങ്ങൾ മാന്തിയെടുക്കുന്നത്.

ശരി, നിങ്ങൾ പറയുന്നത് ശരിതന്നെ. അവിടെ പൊലിസ് പോയിരുന്നു, രാത്രി ഏഴ്മണിക്ക് ശേഷം അവിടെ എത്തിയ രണ്ട് പൊലീസുകാർ ജനങ്ങളോട് മാറണം, മണ്ണിടിച്ചിൽ ഭീഷണി ഉള്ള സ്ഥലമാണെന്ന് പറഞ്ഞിരുന്നു എന്നാണ് ചാനൽ ബൈറ്റ്. കൂട്ടരെ, ആ പ്രദേശത്തിനു താഴെയുള്ള കുറച്ച് കുടുംബങ്ങൾ വീട് വിട്ട് പോയി, എന്തേ അവർ പോയില്ല. സ്വത്തിനു ആർത്തിയുള്ളവർ നിർദ്ദേശം അവഗണിച്ച് അവിടെ‌ നിന്നതിനാലാണ് ജീവൻ നഷ്ടപ്പെട്ടത് എന്നാണ് നിങ്ങൾ പറയുന്നത്. വയനാട്ടിലും കവളപ്പാറയിലും അപകടത്തിൽ പെട്ടത് ഏറെയും ട്രൈബൽസ് ആണ്. എല്ലാതരത്തിലും പ്രിവിലേജ്ഡ് ആയ ഒരു ജനതയോട് നിങ്ങൾ മാറിതാമസിക്കണം, അപകടമുണ്ട് എന്ന് പറയുന്നത് പോലെ അവിടെയും പറഞ്ഞ് പോയിരുന്നു എന്ന് ന്യായീകരിച്ച് സ്വയം വെളുക്കരുത്.

ഓഗസ്ത് ആദ്യം മുതൽ സംസ്ഥാനത്ത് വിവിധ തരത്തിലുള്ള ജാഗ്രതാ നിർദ്ദേശങ്ങളുണ്ടായിരുന്നു.
നിലമ്പൂരിൽ ഒരാഴ്ചയായി കനത്ത മഴയാണ്. വൈദ്യുതിയും പ്രോപ്പർ കമ്യൂണിക്കേഷനും ഇല്ലാതെ ദിവസങ്ങളായി.
ഈ സാഹചര്യത്തിലും കഴിഞ്ഞ വർഷത്തെ പ്രളയദുരിതം മുന്നിലുണ്ടായിട്ടും ജാഗ്രത പാലിക്കാത്ത ഭരണസംവിധാനം തന്നെയാണ് അവിടത്തെ ദുരന്തത്തിനു ആഘാതം കൂട്ടിയത്. കഴിഞ്ഞ മഴക്കാലത്ത് തെക്കൻ കേരളം വെള്ളത്തിൽ മുങ്ങുന്നത് കണ്ട് ഭയന്നാണ് പലരും അന്ന് പ്രളയഭീതിയിൽ മാറിതാമസിച്ചത്. കവളപ്പാറയിലെ വീട്ടുകാർ അഞ്ച് ദിവസത്തോളം അന്ന് ഭൂദാനം സ്കൂളിലെ ക്യാമ്പിലായിരുന്നു എന്നാണ് ഓർമ്മ.

നിങ്ങൾ പറയു, ജില്ല നേരിടുന്ന മഴക്കെടുതിയുടെ ദുരിതം അറിയാൻ, മനസിലാക്കാൻ അത്രവേഗത്തിൽ സാധിക്കാത്ത, മാർഗങ്ങളില്ലാത്ത, വൈദ്യുതി ഇല്ലാത്ത, പുറംലോകവുമായി അത്രകണ്ട് കണക്ഷൻ ഇല്ലാതിരുന്ന ആ കോളനിയിലെ ജനങ്ങളോടെ ഒഴിഞ്ഞ് പോണം എന്ന് പറഞ്ഞ് തിരിച്ച് പോവുകയായിരുന്നോ പൊലീസ് ചെയ്യേണ്ടിയിരുന്നത്.

മഴ ജാഗ്രതവന്നാൽ സാധാരണഗതിയിൽ ജില്ലാഭരണകൂടവും അതത് പഞ്ചായത്തുകളും ദുരന്ത സാധ്യതയുള്ള സ്ഥലങ്ങൾ ലൊക്കേറ്റ് ചെയ്ത് അവരെ ബലമായിത്തന്നെ ഒഴിപ്പിക്കുമെന്നും അതാണ് പ്രാഥമികമായി ചെയ്യേണ്ടതെന്നുമാണ് എന്റെ അറിവ്. അത് അവിടെ ഉണ്ടായോ? നിങ്ങൾ പറയ്.
മൂന്ന് ദിവസമായി മഴപെയ്യുന്ന, മണ്ണിടിച്ചിൽ നടക്കുമെന്ന് സാധ്യതയുണ്ടെന്ന് സർക്കാർ തന്നെ പറഞ്ഞ സ്ഥലത്ത് അത്തരമൊരു ഒഴിപ്പിക്കൽ നടപടിയും ഒഴിഞ്ഞ് പോകാനുള്ള നിർദ്ദേശവും ഉണ്ടായോ. രാത്രി ഏഴ്‌മണിയോടെയാണ് പൊലീസ് വന്ന് മാറാൻ പറഞ്ഞതെന്ന് നാട്ടുകാർ തന്നെ പറയുന്നുണ്ട്.
ഇത്രയേറെ അപകടമുണ്ടാകുമെന്ന് നേരത്തെ അറിവുള്ള സ്ഥലത്ത് മുന്നറിയിപ്പ് സന്ദേശം നൽകി മടങ്ങിയ‌ പൊലീസ് മികച്ച സേവനമാണ് നടത്തിയതെന്നാണ് നിങ്ങൾ പറയുന്നതെങ്കിൽ പിന്നെന്ത് പറയാനാണ്.

മലയിടിച്ചിലുണ്ടായാൽ ട്രാൻസ്പോർട്ടേഷൻ സാധ്യമാകത്ത, രക്ഷാപ്രവർത്തനം നടത്താൻ പറ്റാത്ത, അൻപതോളം പേർ മരണപ്പെടാൻ സാധ്യതയുള്ള സാഹചര്യത്തിൽ അവരെ നിർബന്ധപൂർവ്വം ഒഴിപ്പിക്കണമായിരുന്നു. ഗൗരവം പറഞ്ഞ് മനസിലാക്കി ബലമായെങ്കിൽ അങ്ങനെ അവരെ അവിടെ‌നിന്ന് മാറ്റണമായിരുന്നു. അതുണ്ടായില്ല, വീഴ്ച തന്നെയാണ്.
അത്രയും ഗുരുതരമാണെന്ന് പൊലീസിനും ജില്ലഭരണകൂടത്തിനും നേരത്തെ മുന്നറിയിപ്പ് നൽകിയെന്നു മുഖ്യമന്ത്രിയും പറഞ്ഞ സ്ഥലത്ത് ഒറ്റ പൊലീസ് ഇല്ലായിരുന്നു. ഉച്ചയോടെ റോഡ് തെളിഞ്ഞ് എം എൽ എ യും, പൊലീസും മാധ്യമങ്ങളും അവിടെ എത്തുന്നത് വരെ ആ അപകടം നടന്നിടത്ത് ഒരു കമ്യൂണിക്കേഷനും സാധ്യമല്ലായിരുന്നു, ഭരണവർഗ്ഗത്തിന് അപകടത്തിന്റെ ആഴം അറിയില്ലായിരുന്നു. ആരുടെ തെറ്റാണ് ?

അഞ്ജു എ എസ്‌ പറയുന്നത് കൂടി ചേർക്കുന്നു:

“മുന്നറിയിപ്പ് നൽകിയിരുന്നു, 17 കുടുംബങ്ങൾ മാറിയല്ലോ,മറ്റുള്ളവർ മുന്നറിയിപ്പ് അവഗണിച്ചതല്ലേ” എന്നൊക്കെ പറയുന്നവർ ഒന്നോർക്കണം. മണ്ണിനടിയിൽ പെട്ടു പോയത് ഏറെയും ആദിവാസി കുടുംബങ്ങളാണ്. രണ്ടു പൊലീസുകാർ പോയി മാറിപ്പോകണം എന്നു പറഞ്ഞാൽ അവർക്ക് അതിന്റെ ഗൗരവം മനസ്സിലായിക്കാണണമെന്നില്ല. പ്രിവിലേജ്ഡ് ആയ മനുഷ്യരോട് പറയുന്നതിലും കരുതൽ വേണം അവരുടെ കാര്യത്തിൽ. പ്രത്യേകിച്ചും ദിവസങ്ങളായി വൈദ്യുതി മുടങ്ങിയ സ്ഥലങ്ങൾ കൂടി ആകുമ്പോൾ. നിലവിലെ ദുരന്തത്തിന്റെ ഗൗരവവും അപകട സാധ്യതയും അറിയാൻ പരിമിതമായ സൗകര്യങ്ങൾ ഉള്ള ഇടങ്ങളാകുമ്പോൾ. മാറണം എന്ന് മുന്നറിയിപ്പ് കൊടുത്താൽ പോരോ , മാറി എന്ന് ഉറപ്പു വരുത്തണം. പറഞ്ഞിട്ടും മാറിയില്ലെങ്കിൽ ബലമായിട്ടാണെങ്കിലും അവരെ സുരക്ഷിത സ്ഥാനത്തെത്തിക്കണം. അവിടെ തീർച്ചയായും വീഴ്ച പറ്റിയിട്ടുണ്ട്.

ആദിവാസി കോളനികളിൽ പോയി പരിചയമുള്ളവർക്ക് അത് മനസ്സിലാകും. ഗർഭിണികൾ ആശുപത്രിയിൽ പ്രസവിക്കുന്നു എന്ന് ഉറപ്പു വരുത്താൻ, ഗുരുതരമായ രോഗങ്ങൾ ഉള്ളവരെ പോലും ആശുപത്രിയിൽ കിടത്തി ചികിത്സയ്ക്കു സമ്മതിപ്പിക്കാൻ ഒക്കെ ആരോഗ്യ പ്രവർത്തകർ വളരെയേറെ ശ്രമിച്ചിട്ടും നടക്കാത്ത കോളനികളുണ്ട്. അങ്ങനെയുള്ള സ്ഥലങ്ങളിൽ വെറും മുന്നറിയിപ്പുകൾ പോരാതെ വരും.

ഇതൊക്കെ ആരെങ്കിലും ചൂണ്ടിക്കാണിച്ചാൽ അവർ അധികാരികളുടെ കുറ്റവും കുറവും കണ്ടുപിടിക്കാൻ സമയം കളഞ്ഞിരിക്കുന്നു എന്നല്ല അതിനർത്ഥം. ഇനിയും ഇത്തരം ഇടങ്ങളുണ്ടാവാം, മുന്നറിയിപ്പുകൾ കേട്ട ഉടനെ ഒഴിഞ്ഞു പോവാൻ കൂട്ടാക്കാത്തവരുണ്ടാവാം.ഇതെഴുതുന്ന എന്നെയും വായിക്കുന്ന നിങ്ങളെയും പോലെ ആകണമെന്നില്ല എല്ലാവരും ചിന്തിക്കുക. വളരെയേറെ ശ്രമകരമാകും പലരെയും പറഞ്ഞു മനസ്സിലാക്കി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നത്. അവരെ മനസ്സിലാക്കണം, അവരെയും കൂടെ നിർത്തണം, അവരുടെ ജീവനും കാക്കണം. അതിനു വേണ്ടിയാണ് പറയുന്നതെന്ന് ദയവായി മനസ്സിലാക്കണം.”
……………..

ഇത് കൂടി പറയട്ടേ,

സംഭവം നടന്ന രാത്രിയിൽ നിലമ്പൂർ എം എൽ എ പി വി അവൻവർ അടക്കം അങ്ങോട്ട് പോകാൻ ശ്രമിച്ചിട്ട് നടന്നില്ല എന്നാണറിവ്. അതായത് അപകടം നടന്നാൽ ഒരുതരത്തിലും രക്ഷാപ്രവർത്തനം നടക്കില്ല എന്നുറപ്പുള്ളിടത്ത്, അപകടം നടക്കുമെന്ന് നേരത്തെ അറിവുള്ള സ്ഥലത്ത് അത്രയും ജനങ്ങളെ ഉപേക്ഷിച്ചിട്ടിട്ട്, കൊലയ്ക്ക് കൊടുത്തിട്ട് സാങ്കേതികത്വം പറഞ്ഞ് ന്യായീകരിക്കരുത്. എം എൽ എ അടക്കം രാഷ്ട്രീയനേതൃതവും ജനങ്ങളും ഒറ്റക്കെട്ടായി പ്രവർത്തിക്കുന്നുണ്ട്. പറയുന്നത് അടിയന്തിരമായി ആക്ട് ചെയ്യേണ്ടിയിരുന്ന റവന്യൂ_ ജില്ലാ ദുരനതനിവാരണ, പൊലീസ് സംവിധാനങ്ങളെക്കുറിച്ചാണ്.

ദയവായി മനസിലാക്കൂ, ഇത് പറഞ്ഞത്, പറയുന്നത്, ഇതു തന്നെ ആ വർത്തിക്കുന്നത് മഴ വിട്ട് പോയിട്ടില്ല, ഇതേ സാഹചര്യമുള്ള പ്രദേശങ്ങളുണ്ട്, ജനതയുണ്ട്. അവരെ ഓർത്താണ്. ഇപ്പറയുന്നതൊന്നും മാധ്യമപ്രവർത്തകനായല്ല, ആ നാട്ടുകാരനെന്ന നിലയ്ക്കാണ്. നേരിട്ട് പരിചയമുള്ള നിരവധി പേർ ആ മണ്ണിനടിയിൽ ഉള്ളത് കൊണ്ടാണ്. ഇനിയൊരു‌ ദുരന്തത്തിനു മുന്നെയെങ്കിലും നമ്മൾ ആരോടാണ്/ ഏത് തരത്തിലാണ് കമ്യൂണിക്കേറ്റ് ചെയ്യേണ്ടത് എന്ന് തിരിച്ചറിഞ്ഞ് പ്രവർത്തിക്കണമെന്ന് പറയുന്നതിനായാണ്.

ഒരു തരത്തിലുമുള്ള വാഗ്വാദത്തിനില്ല രാഷ്ട്രീയ സംവാദങ്ങളും ഉണ്ടാക്കരുത്. ദയവായി ഇഷ്യു എന്താണോ അത് അഡ്രസ് ചെയ്യുക, മനസിലാക്കുക. അപകടത്തിന്റെ തീവ്രത കുറയട്ടേ, മരണസംഖ്യ കുറയട്ടെ എന്ന് മാത്രമാണ് ആശിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍