UPDATES

സോഷ്യൽ വയർ

‘ഷാൾ തോന്നിയ പോലെ ഒന്നും ഇടരുത്, മറയ്ക്കേണ്ടത് ഒക്കെ മറച്ച് ഇട്ടോണം’; വിദ്യാര്‍ഥിനിയെക്കുറിച്ചുള്ള ഒരു ബി.എഡ് കോളേജ് അധ്യാപകന്റെ സദാചാര ആശങ്ക

തിരുവനന്തപുരം ഗവൺമെന്റ് ബി എഡ്ഡ് കോളേജ് ഒരു സദാചാര കോട്ടയാണെന്നാണ് ഇവിടെ വിദ്യാര്‍ഥിയായിരിക്കുകയും ഇപ്പോള്‍ അധ്യാപികയുമായ ശ്രീലക്ഷ്മി അറയ്ക്കല്‍ പറയുന്നത്.

തിരുവനന്തപുരം ഗവൺമെന്റ് ബി എഡ്ഡ് കോളേജ് ഒരു സദാചാര കോട്ടയാണെന്നാണ് ഇവിടെ വിദ്യാര്‍ഥിയായിരിക്കുകയും ഇപ്പോള്‍ അധ്യാപികയുമായ ശ്രീലക്ഷ്മി അറയ്ക്കല്‍ പറയുന്നത്. കുട്ടികളെ പഠിപ്പിക്കേണ്ട അധ്യാപകരാവാന്‍ പരിശീലനം നടക്കുന്നിടത്താണ് ഇത്തരത്തില്‍ സദാചാര പോലീസിംഗ് നടക്കുന്നതെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. ഇതുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുള്ള സ്വന്തം അനുഭവങ്ങളും ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ അവര്‍ പങ്കുവച്ചിട്ടുണ്ട്.

ശ്രീലക്ഷ്മിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം

തിരുവനന്തപുരം ഗവൺമെന്റ് ബി എഡ്ഡ് കോളേജ് ഒരു സദാചാര കോട്ടയാണ്. അഡ്മിഷൻ എടുക്കാൻ പോയത് ടോപ്പും ലഗ്ഗിൻ ഉം ഇട്ടുകൊണ്ടാണ്. എന്റെ വേഷം കണ്ടതേ ഒരു ടീച്ചർ പറഞ്ഞു, ‘ഇതൊന്നും ഇവിടെ പറ്റില്ല; ഷോളൊക്കെ ഇട്ട് ലൂസായ ചുരിദാർ ഇട്ടുകൊണ്ട് വേണം വരാൻ.

പിന്നെ ജീൻസ്… അയ്യയ്യോ… അത് പാടെ പാടില്ല’

ആദ്യമായി ഒരു ചുറ്റുപാടിലേക്ക് പോവുകയല്ലേ..

മാത്രമല്ല ആറ്റുനോറ്റ് കിട്ടിയ അഡ്മിഷനും.

ഞാൻ തലകുലുക്കി സമ്മതിച്ചു.

നല്ല ഒരു ചുരിദാറുപോലും സ്വന്തമായില്ലാത്ത ഞാൻ പിന്നെ ചുരിദാറിന് വേണ്ടി കിടന്ന് പാഞ്ഞു.

മൂന്ന് സെറ്റ് ചുരിദാറും ലൈനിങ്ങും എല്ലാം കൂടെ 2000 രൂപ..

ഇനി അതൊന്ന് തയ്ച്ച് കിട്ടാനായി കടയായ കടകളിൽ എല്ലാം കയറി വില ചോദിച്ചു. 600 for one churidar stitching.

ഇത് കേട്ട് എന്റെ ബോധം പോയി.

അങ്ങനെ മൂന്ന് ചുരിദാർ തയ്ച്ചപ്പോളേക്കും എന്റെ 4000 രൂപ പൊടിപൊടിഞ്ഞു. Maximum 3500 രൂപക്ക് ഒരുമാസം തളളി നീക്കുന്ന എനിക്ക് ഒറ്റദിവസം കൊണ്ട് ചിലവായത് 4000 രൂപ.

അതിന് ശേഷം കലാലയത്തിലേക്ക് ചെന്നു.

അസംബ്ലി ഒക്കെ കഴിഞ്ഞ് ഒരു സർ വന്ന് പറഞ്ഞു.

‘ഷാൾ തോന്നിയപോലെ ഒന്നും ഇടരുത്, മറയ്ക്കേണ്ടത് ഒക്കെ മറച്ച് ഇട്ടോണം’

ഹോ എന്തൊരു നല്ല സാർ… മറക്കേണ്ടതൊക്കെ ഷാളിട്ട് മറക്കുന്നതിനിടയ്ക്ക് ഷാളൊന്നു മാറിപ്പോയാൽ…

ഇതോർത്ത് എന്റെ ചങ്ക് പിടഞ്ഞു.

ഈ ലോകത്തുളള മനുഷ്യന്മാരൊക്കെ ആ സാമഗ്രഹി കുടിക്കാതെ വന്നതാവും എന്നോർത്ത് ഞാൻ സമാധാനിച്ചു.

ഇതൊക്കെ സഹിച്ച് സഹിച്ച് ഇരുന്നപ്പോളാണ് പ്രിൻസിപ്പൾ ഒരു ദിവസം ക്ലാസ്സിൽ വന്നത് .
സോക്രട്ടീസിനെ പറ്റിയോ പ്ലേറ്റോയെ പറ്റിയോ സർ എന്തോ പറയുകയായിരുന്നു. “അവർ നിരന്തരം സിസ്റ്റത്തോട് കലഹിച്ചിരുന്നു; ചോദ്യം ചോദിച്ചിരുന്നു. അതിനാൽ സമൂഹം അവരെ പൊട്ടൻമാർ എന്ന് മുദ്രകുത്തിയിരുന്നു”, ഇങ്ങനെ എന്തോ ഒരു വാക്യം സർ പറഞ്ഞപ്പോൾ എന്നിലെ സ്ത്രീശക്തി ഉണർന്നു.

“സർ എന്നാൽ എനിക്ക് ഒരു ചോദ്യം ചോദിക്കാനുണ്ട്.

എന്തിനാണ് ഷോൾ ഇടണം എന്ന് ഇത്ര നിർബന്ധം വെക്കുന്നത്?

എന്താണ് ലഗ്ഗീൻസ് ഇട്ടാൽ പ്രശ്നം.”

“അതൊക്കെ ഒരു സിസ്റ്റത്തിന്റെ ഭാഗമാണ്. പെട്ടന്ന് അത് നമുക്ക് മാറ്റാൻ പറ്റില്ലല്ലോ…. gradually it will change.

പണ്ട് ഇവിടെ സാരി ഉടുക്കണം എന്നായിരുന്നു നിബന്ധന ;

ഇപ്പോൾ അത് മാറി ചുരിദാർ ഇടാം എന്നായല്ലോ…

അതുപോലെ ഈ സിസ്റ്റവും മാറും.” സർ പറഞ്ഞു.

ഞാൻ ആ ഉത്തരത്തിൽ ഇപ്പോളും തീരേ സന്തോഷവതി അല്ല.

എല്ലാ ബുധനാഴ്ചകളിലും അവസാന പിരീഡ് കൾച്ചറൽ ആക്ടിവിറ്റീസ് ആണ്. ഈ കഴിഞ്ഞ ബുധനാഴ്ച എന്റെ കൂട്ടുകാരി സുദിന അവിടെ അവൾ എഴുതിയ ഒരു കഥ വായിച്ചു. ഒരു വേശ്യ സ്ത്രീയുടെ കഥ ആയിരുന്നു അത്.

വെളളിയാഴ്ച അസംബ്ലിക്ക് ശേഷം ഒരു ടീച്ചർ വന്ന് അനൗൺസ് ചെയ്യുകയാണ്, “ഇത്തരം കഥ ഒന്നും ഈ കോളേജിൽ വായിക്കാൻ പറ്റില്ല” എന്ന്.

ആ കഥയ്ക്ക് എന്താണ് കുഴപ്പം എന്ന് ചോദിച്ചപ്പോൾ അതിൽ സഭ്യതയില്ല എന്നാണ് ഉത്തരം കിട്ടിയത്.

ഇത്തരം ടീച്ചേഴ്സാണ് ബി.എഡ് കുട്ടികളെ പഠിപ്പിക്കുന്നത് എന്നോർത്തപ്പോൾ തന്നെ എനിക്ക് നാണക്കേട് തോന്നി.

ഒരു സാഹിത്യ സൃഷ്ടിപോലും കേട്ടിരിക്കാനുളള സഹിഷ്ണുത പലർക്കും ഇല്ല എന്നോർത്തപ്പോൾ എനിക്ക് വളരെ സങ്കടം ആയി.

ഇവർ ട്രെയിൻ ചെയ്യുന്ന കുട്ടികളാണാ നാളെ ക്ലാസ്റൂമിൽ പോയി ഒരു ജനതയേ വാർത്തെടുക്കുന്നത്.

നാളെ മലയാളം പ്ലസ്ടൂ സിലബസിൽ ലൈംഗികത പരാമർശിക്കുന്ന ഒരു പാഠം ഉൾക്കൊളളിച്ചാൽ ആ പോർഷൻ സ്കിപ്പ് ചെയ്ത് ഇവർ ക്ലാസ് എടുക്കുമോ?

ബയോളജി പിരിഡിലെ reproduction എന്ന ചാപ്റ്റർ ഇവർ ട്രെയിൻ ചെയ്യുന്ന കുട്ടികൾ ഏത് രീതിയിലാവും എടുത്ത് കൊടുക്കുക?

ഒരു കുട്ടി ഒരു വേശ്യയെ പറ്റി കഥ എഴുതികൊണ്ട് വന്നാൽ ഏത് രീതിയിലാവും ആ കുട്ടിയോട് ഇവർ ട്രെയിൻ ചെയ്യുന്ന ടീച്ചേഴ്സ് പ്രതികരിക്കുക?

ഇതെല്ലാം ഓർക്കുമ്പോ നല്ല റിലാക്സേഷൻ ഉണ്ട്.

സുദിന ക്ലാസ്സിൽ വായിച്ച കഥ കൂടെ ചേർക്കുന്നു

വേശ്യ
********
പകലിലെ കണ്ടുമുട്ടലിനേക്കാൾ രാത്രിയിലെ കണ്ടുമുട്ടലുകൾക്കായിരുന്നു ആനന്ദം..

അങ്ങനെ ഒരു രാത്രി കടൽ കാണാൻ വന്നവരിൽ ഒരാൾ എന്റെ അരക്കെട്ടിലൂടെ ചുറ്റിപ്പിടിച്ച് നടന്നു.. ചിലരുടെയെങ്കിലും നോട്ടം ഞങ്ങൾക്കുമേലായിരുന്നു… ഒറ്റ നോട്ടത്തിൽ കമിതാക്കളെന്നോ ദാമ്പതികളെന്നോ തോന്നും പോലെ ഞങ്ങൾ നടന്നു… ഇടയ്ക്കെപ്പോളൊക്കെയോ അയാൾ കൈവിരലുകൾ എന്റെ വയറിൽ അമർത്തുന്നുണ്ടായിരുന്നു .. ഞാൻ അതൊക്കെ ആസ്വദിക്കുകയായിരുന്നു…

ചുറ്റുമുള്ളതിനെയൊന്നും വക വെക്കാതെ ഞങ്ങൾ പരസ്പരം ചേർന്ന് കടൽ തീരത്തിലൂടെ നടന്നു…

ഇനി നമുക്ക് വീട്ടിലേക്ക് പോയാലോ..

വീട്ടിലോ… അവിടെ ആരെങ്കിലും വന്നാലോ?

ഇല്ല… വരില്ല…

എവിടെയെങ്കിലും റൂമെടുത്താലോ?….

വേണ്ട.. എനിക്ക് വീടാണ് ഇഷ്ടം….

കൂടുതലൊന്നും ചോദിക്കാനോ പറയാനോ നിന്നില്ല…. പറഞ്ഞതിന്റെ ഇരട്ടി പൈസ കയ്യിൽ തരുന്നതിനൊപ്പം രണ്ട് നിബന്ധനകളും അയാൾ പറഞ്ഞിരുന്നു, കൂടുതൽ ചോദ്യങ്ങളൊന്നുമരുത്, അയാളുടെ ഇഷ്ടം പോലെ എല്ലാം വേണം…

അല്ലെങ്കിലും എനിക്കൊക്കെ എന്തിഷ്ടം.. എനിക്ക് വേണ്ടത് പണമല്ലേ… അതുകൊണ്ട് എന്റെ ഇഷ്ടങ്ങൾക്ക് പ്രസക്തി ഇല്ല…

കാറിൽ കയറിയപ്പോൾ ഡ്രൈവറെ നോക്കി ഒന്നു കണ്ണിറുക്കി… എന്റെ ആ കണ്ണിറുക്കത്തിൽ അയാൾ ആനന്ദം കണ്ടെത്തുന്നത് ഞാൻ അറിഞ്ഞു… പക്ഷെ ഞങ്ങൾക്കിടയിലെ വഷളൻ ചിരിയെയും നോട്ടത്തെയുമൊക്കെ അവഗണിച്ച് അയാളെന്നോട് ചേർന്നിരുന്നു.. എന്റെ കൈയിൽ മുറുകെ പിടിച്ചു.. വിരലുകളെ തലോടി…

അലസമായി മുഖത്തേക്ക് പാറികിടന്ന മുടി ഇഴകളെ മാറ്റാനായി സൈഡിലെ കണ്ണാടിയിലേക്കൊന്ന് എത്തി നോക്കി… ചുണ്ടുകൾ ഒന്നൂടെ ചുവപ്പിക്കാമായിരുന്നു…

വീട്ടിലേക്ക് കയറിയ ശേഷം ഒരു മുറിയുടെ വാതിൽ തുറന്ന് അയാൾ ചൂണ്ടി കാണിച്ചു പറഞ്ഞു, “അതാണ് ബാത്റൂം.. ഫ്രഷായിക്കോളൂ… ഇടാനുള്ള ഡ്രസ്സ് ആ ബെഡിൽ കിടക്കുന്ന കവറിലുണ്ട്..

അധികം മേക്കപ്പൊന്നും വേണ്ട.. കണ്ണെഴുതി സിന്ദൂരം തൊടണം.. വേണേൽ ഇത്തിരി ലിപ്സ്റ്റിക് ഇട്ടോളൂ…

ഓരോരുത്തരും ഓരോ തരത്തിലാണ്… എന്തൊക്കെ വട്ടുകളാണ്…. ആദ്യമായാ ഇങ്ങനെ ഒരാൾ…

ഫ്രഷായി വന്ന്‌ കവറിലെ ചുവന്ന സാരി ഞൊറിയാൻ ശ്രമിക്കുമ്പോഴാണ് അയാൾ റൂമിലേക്ക്‌ കയറി വന്നത്… ഞൊറിയൊന്നും വേണ്ട… വെറുതെ അലസമായി ഇട്ടിരുന്നാൽ മതി… എന്നാലും താൻ സുന്ദരിയാടോ… അതും പറഞ്ഞ് അയാൾ തിരികെ പോയി…

കണ്ണാടിയ്ക്ക് മുന്നിൽ നിന്ന് കണ്ണെഴുതി പൊട്ടു തൊടുമ്പോൾ ഇതുവരെ തോന്നാത്തൊരു പുതുമ അനുഭവപ്പെട്ടു…

ഒരുക്കം കഴിഞ്ഞ് ഞാൻ റൂമിനു പുറത്തിറങ്ങുമ്പോൾ അയാൾ സോഫയിൽ ചാരിയിരുന്നു സിഗരറ്റ് വലിക്കുകയായിരുന്നു…

നമുക്ക് മുകളിൽ പോയിരിക്കാം…

മറിച്ച് ഒന്നും പറയാതെ അനുസരണയുള്ള കുട്ടിയെപ്പോലെ ഞാനയാളെ പിന്തുടർന്നു…

നിനക്ക് നൃത്തമറിയോ…?

ഉം.. ഞാൻ കലാതിലകമായിരുന്നു..

ആവേശത്തോടെ പറഞ്ഞുകഴിഞ്ഞാണോർത്തത്.. ഇനിയെന്റെ ഭൂതകാലവും അയാൾക്ക് അറിയണമായിരിക്കും..

പക്ഷേ പ്രതീക്ഷയ്ക്ക് വിപരീതമായി അയാൾ താളാത്മകമായി പാടാൻ തുടങ്ങി….

കാലങ്ങൾക്കു ശേഷം ചിലങ്കയണിയാതെ മനസ്സറിഞ്ഞ് ഞാൻ ചുവടുവെച്ചു…

പാട്ടവസാനിപ്പിച്ചതും അയാൾ ഓടി വന്നെന്നെ കെട്ടിപിടിച്ചു…. അയാളുടെ നെഞ്ചിൽ അമർന്ന എന്റെ തല വരിഞ്ഞു മുറുകുന്നുണ്ടായിരുന്നു…
ആ നെഞ്ചിടിപ്പിനും ഉണ്ടായിരുന്നു ഒരു താളം… ഇടയ്ക്കെപ്പോളൊക്കെയോ മൂർദ്ധാവിൽ അയാളുടെ ചുണ്ടുകളമരുന്നതറിഞ്ഞിരുന്നു..

എനിക്ക് നിന്റെ മടിയിൽ കിടക്കണം..

എല്ലാത്തിനും ഒരു ആജ്ഞയുടെ സ്വരമായിരുന്നു.. പക്ഷെ അതിനും ഒരു സുഖം ഉണ്ടായിരുന്നു…

അയാൾ മടിയിൽ കിടക്കുമ്പോഴും ഇമചിമ്മാതെ നോക്കുന്നത് ഞാനറിയുന്നുണ്ടായിരുന്നു… എന്തിനാണ് നെഞ്ചിങ്ങനെ മിടിക്കുന്നത്.. അയാളുടെ കണ്ണുകളുമായ് കോർക്കുമ്പോൾ നെഞ്ചിൽ നിന്നും എന്തോ അടിവയറ്റിലേക്ക് പായുന്നതു പോലെ…

എന്താണാലോചിക്കുന്നത്..?

ഏയ്.. ഒന്നുമില്ല

ഒരു കഥ പറയട്ടേ..?

ഉം.. പറഞ്ഞോളൂ..

അവിടെയും അയാൾ എന്റെ പ്രതീക്ഷ തെറ്റിച്ചു… എന്റെ കഥ കേൾക്കാൻ വന്നതാകുമെന്നു കരുതിയ ആൾ ഇപ്പോളിതാ എന്നോട് കഥ പറയുന്നു….

നിനക്കറിയോ നിന്നെ ഞാൻ ആദ്യം കാണുമ്പോൾ നീയൊരു കച്ചവടക്കാരനോട് കുപ്പിവളകൾക്ക് വില പേശുകയായിരുന്നു… പക്ഷേ ആദ്യം നിന്റെ മുഖമല്ല ഞാൻ കണ്ടത്… പച്ച സാരിയ്ക്കിടയിലൂടെ ഇടുപ്പിൽ തെളിഞ്ഞു നിന്ന നിന്റെ മറുകായിരുന്നു…

അന്നൊരിക്കൽ ചില്ലയെ കാണുമ്പോഴും ഇതുതന്നെയായിരുന്നു ആദ്യം ശ്രദ്ധിച്ചത്…

ചില്ല?

“ഉം.. ചില്ല… അവളെന്റെ ആരായിരുന്നെന്ന് എനിക്ക് പറയാൻ അറിയില്ല.. അവൾ ഞാൻ തന്നെയായിരുന്നു.. ക്യാമ്പസിൽ എന്റെ ജൂനിയർ ആയിരുന്നു… ഇതേപോലെ എത്ര എത്ര രാത്രികൾ ഞങ്ങൾ ഒരുമിച്ചുങ്ങിയിട്ടുണ്ടെന്നോ … എത്രയെത്ര തവണ ആ ഇടുപ്പിലെ മറുക് എന്റെ ദന്തക്ഷതങ്ങളേറ്റ് ചുവന്നിരുന്നു.. ഒടുക്കം ആ ചുവപ്പു മാറാൻ അവിടെ എത്ര ചുമ്പിച്ചിട്ടുണ്ടെന്നോ…

പിന്നെയൊരിക്കൽ അവൾ പറഞ്ഞു…
ഇനി ഞാൻ ചില്ലയല്ല.. ചന്ദ്രന്റെ മകളാണ്… അരുണന്റെ ഭാര്യയും..

പക്ഷെ നമ്മളവസാനിക്കുന്നില്ലെടോ.. നീയെന്നെ ഭദ്രമായി സൂക്ഷിച്ചുവെയ്ക്കണം..ഞാൻ നിന്നേയും സൂക്ഷിക്കും…

അപ്പോൾ നിരാശാകാമുകനാണല്ലേ?

നിരാശയോ.. എന്തിന്.. അവളിപ്പോഴും എന്റെയുള്ളിൽ ഭദ്രമായുണ്ട്…അതുമതി..അതിനപ്പുറം ഒന്നും ആശിച്ചിട്ടില്ല..

പിന്നെ നിങ്ങൾ കണ്ടില്ലേ..?

ഉം.. കണ്ടു.. അവളുടെ വിവാഹം കഴിഞ്ഞ് മൂന്നാം നാൾ കണ്ടു… അവളുടെ അച്ഛന്റേയും ഭർത്താവിന്റെയും കുടുംബക്കാരുടെയും നാട്ടുകാരുടെയുമൊക്കെ മുന്നിൽ ഞാനവളെ ചുംബിച്ചു…

ങേ..?? അവരൊന്നും പറഞ്ഞില്ലേ…

ഒന്നും പറഞ്ഞില്ല… ആത്മഹത്യ ചെയ്തവളുടെ കാമുകനോടുള്ള ഔദാര്യം….

ഒന്നും മിണ്ടാൻ തോന്നിയില്ല.. ഒന്ന് ആശ്വസിപ്പിക്കാൻ പോലും… നെഞ്ചിനു വല്ലാത്ത ഭാരം…

ഒടുക്കം നിശബ്ദത അവസാനിപ്പിച്ചത് അയാൾ തന്നെയായിരുന്നു…

പെട്ടെന്ന് അയാളെന്റെ ചുണ്ടുകളെ ചുണ്ടുകൾ കൊണ്ട് ബന്ധിച്ചു… എല്ല് നുറുങ്ങുംവണ്ണം അമർത്തിപ്പിടിച്ചുകൊണ്ടെന്നിലേക്കയാൾ പടർന്നുകയറി.. ഇടുപ്പിൽ പലവട്ടം നനവുള്ള ചുംബനങ്ങളിറ്റുവീണു..

ഒടുവിൽ നീണ്ടൊരു ശ്വാസത്തോടെ അയാളെന്റെ നെഞ്ചിലേക്ക് വീണു.. നെഞ്ചിൽ മുഖം പൂഴ്ത്തിക്കിടന്നു…

ആ മുടിയിഴകളിലൂടെ വിരലോടിച്ച് കിടക്കുമ്പോൾ എന്തിനെന്നറിയാതെ കണ്ണുകൾ നിറഞ്ഞൊഴുകി…

അങ്ങനെ… ഒരു ദീർഘശ്വാസത്തിനൊടുവിൽ അയാൾ ചോദിച്ചു ഞാൻ നിന്നെ വിവാഹം കഴിച്ചോട്ടെ? ഞാൻ ഒന്നും മിണ്ടിയില്ല….

പിറ്റേന്ന്.. പറഞ്ഞ സമയം കഴിഞ്ഞു..യാത്ര പറയാനെന്നവണ്ണം ഏറെ നേരം പരസ്പരം വാരിപ്പുണർന്ന് നിന്നു..

എനിക്കാ നെഞ്ചിൽക്കിടന്ന് പൊട്ടിക്കരയാൻ തോന്നി..ഏറെ ബദ്ധപ്പെട്ട് കണ്ണീരിനെ പിടിച്ചു നിർത്തി..

“നീയെന്നെ മറക്കുമോ…?”

നിങ്ങളെനിക്കൊരു കസ്റ്റമർ മാത്രമാണ്… അതിൽ കൂടുതലൊന്നും ഞാൻ ആഗ്രഹിച്ചിട്ടില്ല… നിങ്ങളും ആഗ്രഹിക്കേണ്ട… അത്രയും പറഞ്ഞൊപ്പിച്ച് തിരിഞ്ഞുപോലും നോക്കാതെ പടികളിറങ്ങിനടന്നു….

പിറകിൽ നിന്നുമയാൾ കാമീ എന്ന് നീട്ടി വിളിക്കുന്നുണ്ടായിരുന്നു…

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍