UPDATES

സോഷ്യൽ വയർ

ബില്ലോ കല്യാണമോ വലുത്? മുത്തലാഖ് ബില്‍ അവതരിപ്പിക്കുന്ന ദിവസം പാര്‍ലമെന്‍റിലെ കുഞ്ഞാലിക്കുട്ടിയുടെ അസാന്നിധ്യം ചർച്ചയാകുന്നു

മുത്തലാഖ് ബില്‍ ലോക്‌സഭയില്‍ ഇന്നലെ ചര്‍ച്ചക്ക് വരുമെന്ന കാര്യം കഴിഞ്ഞ ആഴ്ച തന്നെ വ്യക്തമായിരുന്നു. എന്നിട്ടും കുഞ്ഞാലിക്കുട്ടി സഭയില്‍ എത്താതിരുന്നതാണ് നേതാക്കളേയും അണികളേയും ഒരു പോലെ പ്രകോപിപ്പിച്ചത്.

മുത്തലാഖ് ബില്‍ ലോക്‌സഭയില്‍ പാസ്സായ ദിവസം പി.കെ കുഞ്ഞാലിക്കുട്ടി എം.പി പാര്‍ലമെന്റില്‍ എത്താതിരുന്നത് മുസ്ലീം ലീഗിനുള്ളിലും നവമാധ്യമങ്ങളിലും ചര്‍ച്ചയാകുന്നു. സുഹൃത്തിന്റെ മകന്റെ വിവാഹസല്‍ക്കാരത്തില്‍ പങ്കെടുക്കുന്നതിന് വേണ്ടിയാണ് കുഞ്ഞാലിക്കുട്ടി സഭയില്‍ എത്താതിരുന്നതെന്നാണ് വിവരം.

മൂന്ന് മാസം കഴിഞ്ഞ് മുത്തലാഖ് ബില്‍ ലോക്‌സഭ പാസ്സാക്കിയ ദിവസം കുഞ്ഞാലിക്കുട്ടി പാര്‍ലമെന്റിന്റെ ഏഴയലത്ത് പോലും ഉണ്ടായിരുന്നില്ല എന്നാണ് പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരായ സമസ്ത നേതൃത്വത്തിന്‍റെ വിമര്‍ശനത്തിന് സാദിഖലി തങ്ങള്‍ നല്‍കിയ മറുപടി.

അതെ സമയം നവമാധ്യമങ്ങളിലും കുഞ്ഞാലിക്കുട്ടിയുടെ നടപടിലെ ചോദ്യം ചെയ്തു പലരും രംഗത്തെത്തി. ജിതിൻ ഗോപാലകൃഷ്ണൻ തന്റെ ഫേസ്ബുക് കുറിപ്പിൽ ഇപ്രകാരം പറഞ്ഞു. “മുസ്ലിം ലീഗുകാരുടെ അഭിപ്രായത്തിൽ ഫാഷിസത്തെ പിടിച്ചുകെട്ടാൻ ഡൽഹിക്ക് വണ്ടികയറിയ ദേശീയ രാഷ്ട്രീയത്തിലെ സെന്റർ ഫോർവേഡായ കുഞ്ഞാലിക്കുട്ടി ഇത്രയും പ്രധാനപ്പെട്ട ബിൽ സഭയിൽ അവതരിപ്പിക്കുന്നതിനെപ്പറ്റി അറിവുണ്ടായിട്ടും സഭയിൽ വന്നതേയില്ല. കുഞ്ഞാപ്പ നാട്ടിലെ ഏതോ വ്യവസായപ്രമുഖന്റെ വീട്ടിൽ കല്യാണം കൂടാൻ പോയതാണത്രേ. ഹൈദരാബാദ് എംപിയും AIMIM നേതാവുമായ അസാസുദ്ദീൻ ഒവൈസിയുടെ മകളുടെ കല്യാണമാണ് നാളെ ഡിസംബർ 28ന്. ആ തിരക്കുകൾക്കിടയിലും അയാൾ സഭയിൽ വന്ന് ബില്ലിനെതിരെ സംസാരിക്കുകയും വോട്ടുചെയ്യുകയും ചെയ്തു. കുഞ്ഞാപ്പയുടെ പ്രയോറിറ്റി നോക്കണേ.”

ബില്ലിന്മേലുള്ള ചര്‍ച്ച നടക്കുമ്പോള്‍ പാര്‍ട്ടി നേതാവ് കൂടിയായ മലപ്പുറം പുത്തനത്താണിയിലുള്ള സുഹൃത്തിന്റെ മകന്റെ വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുക്കുകയായിരുന്നു മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി. മുത്തലാഖ് ബില്‍ ലോക്‌സഭയില്‍ ഇന്നലെ ചര്‍ച്ചക്ക് വരുമെന്ന കാര്യം കഴിഞ്ഞ ആഴ്ച തന്നെ വ്യക്തമായിരുന്നു. എന്നിട്ടും കുഞ്ഞാലിക്കുട്ടി സഭയില്‍ എത്താതിരുന്നതാണ് നേതാക്കളേയും അണികളേയും ഒരു പോലെ പ്രകോപിപ്പിച്ചത്.

ഭരണഘടന ഉറപ്പ് നല്‍കുന്ന മുസ്ലീം വ്യക്തിനിയമങ്ങളെ നിരാകരിക്കുന്ന ബില്ലായിട്ടും കുഞ്ഞാലിക്കുട്ടി മാറി നിന്നത് സമസ്ത ഇ.കെ വിഭാഗത്തിലും കടുത്ത അതൃപ്തിയാണ് ഉണ്ടാക്കിയിരിക്കുന്നത്. ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ രാഷ്ടീയ എതിരാളികള്‍ക്ക് വടികൊടുക്കുന്നതാണ് കുഞ്ഞാലിക്കുട്ടിയുടെ നിലപാടെന്നാണ് പാര്‍ട്ടിയിലെ ഭൂരിപക്ഷ അഭിപ്രായം.

അതെ സമയം മൂന്നു തവണ തലാഖ് ചൊല്ലി മുസ്ലിം പുരുഷൻ മുസ്ലിം സ്ത്രീയെ വിവാഹമോചനം ചെയ്യുന്ന ആചാരം ശിക്ഷ ലഭിക്കാവുന്ന ക്രിമിനൽ കുറ്റമാക്കുന്ന ബില്ല് ലോകസഭ ഇന്നലെ ആണ് പാസ്സാക്കിയത്. അഞ്ച് മണിക്കൂര്‍ നീണ്ടു നിന്ന ചർച്ചകൾക്കൊടുവിലാണ് ബിൽ പാസ്സായത്. കോൺഗ്രസ്സ്, എഐഎഡിഎംകെ അംഗങ്ങൾ സഭയിൽ നിന്ന് ഇറങ്ങിപ്പോയി. മുത്തലാഖിനെ ക്രിമിനൽ കുറ്റമാക്കുന്നതിനെതിരെ നിലപാടെടുത്തായിരുന്നു വാക്കൗട്ട്. ബില്ല് പരിശോധനയ്ക്ക് വിധേയമാക്കാൻ ഒരു പാർലമെന്ററി കമ്മറ്റി ആവശ്യമാണെന്ന നിലപാടും ഈ പാർട്ടികൾ മുമ്പോട്ടു വെച്ചു. എന്നാൽ പ്രതിപക്ഷം ബില്ലിനെ രാഷ്ട്രീയക്കണ്ണുകളോടെയാണ് കാണുന്നതെന്ന് നിയമമന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞു. മാനുഷികതയുടെ കണ്ണുകളോടെ ബില്ലിനെ കാണണമെന്ന് അദ്ദേഹം ഉപദേശിച്ചു. മുത്തലാക്ക് ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീംകോടതി വിധിച്ചിട്ടുള്ള കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.

എന്നാൽ സർക്കാരിന്റെ വാദങ്ങളെ മിക്ക പ്രതിപക്ഷ പാർ‌ട്ടികളും തള്ളുകയാണുണ്ടായത്. എഐഎഡിഎംകെ, കോൺഗ്രസ്സ്, ബിജു ജനതാദൾ, തൃണമൂല്‍ കോണ്‍ഗ്രസ്, എന്‍സിപി, സിപിഎം, സമാജ്‍വാദി പാര്‍ട്ടി തുടങ്ങിയ പാർട്ടികൾ എതിർ വാദമുഖങ്ങളുമായി എത്തി. പാർലമെന്റിന്റെ രണ്ട് സഭകളുടെയും ഒരു പാർലമെന്ററി കമ്മറ്റിയുടെ പരിഗണനയ്ക്ക് ബിൽ വിടണമെന്ന് ഇവരെല്ലാം വാദിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍