UPDATES

സോഷ്യൽ വയർ

“സിപിഎം ബ്രാഞ്ച് സെക്രട്ടറിയേപ്പോലെ പെരുമാറുക” എന്നത് ഇത്ര വലിയ അധിക്ഷേപമോ; മുല്ലപ്പള്ളിക്കെതിരായ നീക്കത്തിൽ വിമർശനവുമായി വി ടി ബൽറാം

പോലീസ് പോസ്റ്റൽ ബാലറ്റ് ക്രമക്കേട് വിഷയത്തിൽ ഡിജിപിയെ വിമർശിച്ച കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ നിയമ നടപടിക്ക് അനുമതി നല്‍കിയ സര്‍ക്കാര്‍ നടപടിക്കെതിരെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷം. മോദിയുടെ ഫാസിസവും അസഹിഷ്ണുതയുമാണ് പിണറായി തുടരുന്നതെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. മുല്ലപ്പള്ളിക്കെതിരെ പ്രോസിക്യൂഷന്‍ അനുമതി നല്‍കിയത് ജനാധിപത്യ വിരുദ്ധമെന്ന് വി.എം സുധീരനും പറഞ്ഞു.

അതേസമയം, “സിപിഎം ബ്രാഞ്ച് സെക്രട്ടറിയേപ്പോലെ പെരുമാറുക” എന്ന മുല്ലപ്പളിയുടെ പരാമർശം ഇത്ര അപമാനകരമാണോ എന്നാണ് തൃത്താല എംഎൽഎ വിടി ബൽറാമിന്റെ ചോദ്യം. തന്റെ ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. എന്നാൽ രാഷ്ട്രീയ വിമർശനങ്ങളുടെ പേരിൽ കേസെടുത്ത് പ്രോസിക്യൂട്ട് ചെയ്യുന്ന ഒരു കീഴ്വഴക്കം തുടങ്ങുന്നത് ശരിയല്ലെന്ന് വ്യക്തമാക്കുന്ന അദ്ദേഹം, ഇലക്ഷൻ കമ്മീഷനെതിരെ ആരോപണമുന്നയിക്കുന്ന കോടിയേരി ബാലകൃഷ്ണനെതിരെയും റവന്യൂ ഉദ്യോഗസ്ഥരെ പുലഭ്യം പറയുന്ന എം എം മണിക്കെതിരെയും സമാനമായ രീതിയിൽ പ്രോസിക്യൂഷന് സർക്കാർ അനുമതി നൽകുമോ എന്നും ചോദിക്കുന്നു. വിഷയവുമായി ബന്ധപ്പെട്ട് രണ്ട് പോസ്റ്റുകളാണ് ബൽറാം പോസ്റ്റ് ചെയ്തിട്ടുള്ളത്.

വി ടി ബൽറാം എംഎൽഎയുടെ പോസ്റ്റ്

കേരളം ഇത് കാണുന്നില്ലേ?

സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്റ സിപിഎമ്മിന്റെ ബ്രാഞ്ച് സെക്രട്ടറിയേപ്പോലെ പെരുമാറുന്നു എന്ന് ആരോപിച്ചു എന്നതിന്റെ പേരിൽ കെപിസിസി പ്രസിഡണ്ടും മുൻ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയും ദീർഘകാലം പാർലമെന്റംഗവുമായിരുന്ന ശ്രീ മുല്ലപ്പള്ളി രാമചന്ദ്രനെ പ്രോസിക്യൂട്ട് ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ നേതൃത്ത്വം നൽകുന്ന ആഭ്യന്തര വകുപ്പ് അനുമതി നൽകിയിരിക്കുന്നു!

എത്ര വലിയ ഒരു അധികാര ദുർവ്വിനിയോഗമാണ് ഈ സിപിഎം സർക്കാർ ചെയ്തു കൊണ്ടിരിക്കുന്നത്! “സിപിഎം ബ്രാഞ്ച് സെക്രട്ടറിയേപ്പോലെ പെരുമാറുക” എന്നത് ഇത്ര വലിയ ഒരു അധിക്ഷേപമായിട്ടാണ് ഈ സർക്കാർ കാണുന്നതെന്നത് ഏതായാലും കൗതുകകരമാണ്. എന്നാൽ രാഷ്ട്രീയ വിമർശനങ്ങളുടെ പേരിൽ ഇങ്ങനെ കേസെടുത്ത് പ്രോസിക്യൂട്ട് ചെയ്യുന്ന ഒരു കീഴ്വഴക്കം തുടങ്ങി വച്ചാൽ അത് എവിടെച്ചെന്ന് നിൽക്കുമെന്ന് പിണറായി സർക്കാരിന് വല്ല ധാരണയുമുണ്ടോ? ഇലക്ഷൻ കമ്മീഷനെതിരെ ആരോപണമുന്നയിക്കുന്ന കോടിയേരി ബാലകൃഷ്ണനെതിരെയും റവന്യൂ ഉദ്യോഗസ്ഥരെ പുലഭ്യം പറയുന്ന എം എം മണിക്കെതിരെയും സമാനമായ രീതിയിൽ പ്രോസിക്യൂഷന് സർക്കാർ അനുമതി നൽകുമോ? അതോ ബെഹ്റ മാത്രമാണോ ഈ സർക്കാരിന് പ്രിയപ്പെട്ട ഏക ഉദ്യോഗസ്ഥൻ?

ബെഹ്റയേക്കുറിച്ച് ഇതിനേക്കാൾ എത്രയോ ഇരട്ടി ഗൗരവമുള്ള വിമർശനം 2018ൽ ഇതേ മുല്ലപ്പള്ളി രാമചന്ദ്രൻ നടത്തിയിട്ടുണ്ടല്ലോ. ബെഹ്റ എൻഐഎ യിൽ ഉദ്യോഗസ്ഥനായിരുന്ന കാലത്താണ് ഗുജറാത്ത് കലാപത്തിന്റെ ഭാഗമായ ഇസ്രത്ത് ജഹാൻ കൊലക്കേസിൽ അമിത് ഷായേയും നരേന്ദ്ര മോദിയേയും സംരക്ഷിക്കുന്ന തരത്തിൽ റിപ്പോർട്ട് തയ്യാറാക്കിയതെന്നും അതിന്റെ പ്രത്യുപകാരമായി മോദിയുടെ ശുപാർശയിൽ ലഭിച്ചതാണ് ഇപ്പോഴത്തെ ഡിജിപി സ്ഥാനമെന്നും മുല്ലപ്പള്ളി ആരോപിച്ചിരുന്നുവല്ലോ? അതിനെതിരെ കേസിന് പോവാൻ തോന്നാതിരുന്ന ബെഹ്റയാണ് ഇപ്പോൾ ഉമ്മാക്കി കാട്ടാൻ നോക്കുന്നത്.

മോദിയേയും ഷായേയും കൊലക്കേസിൽ നിന്ന് രക്ഷിക്കാൻ ശ്രമിച്ചു എന്നത് അഭിമാനമായും സിപിഎം ബ്രാഞ്ച് സെക്രട്ടറിയേപ്പോലെ പെരുമാറുക എന്നത് കൊടിയ അപമാനമായും കാണാൻ ലോകനാഥ് ബെഹ്റക്കുള്ള സ്വാതന്ത്ര്യത്തെ മാനിക്കുന്നു. എന്നാൽ ഇതേ അഭിപ്രായം തന്നെയാണ് അദ്ദേഹത്തിന്റെ കേരളത്തിലെ ലോക്കൽ ഗാർഡിയനായ പിണറായി വിജയനുമുള്ളത് എന്നാണ് സർക്കാരിന്റെ ഈ പ്രോസിക്യൂഷൻ അനുമതി തെളിയിക്കുന്നത്.

കശ്മീർ സന്ദർശനത്തിന് ശേഷം സീതാറാം യെച്ചൂരി അവിടത്തെ ഐപിഎസുകാരനായ ലഫ്റ്റനന്റ് ഗവർണ്ണർ ബിജെപിയുടെ ചട്ടുകമാണെന്ന് വിമർശിച്ചെന്ന് വയ്ക്കുക. അതിനെതിരെ മാനനഷ്ടമാരോപിച്ച് യെച്ചൂരിയെ പ്രോസിക്യൂട്ട് ചെയ്യാൻ ലഫ്. ഗവർണർക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നൽകി എന്നും വയ്ക്കുക.

എന്തായിരിക്കും കേരളത്തിലെ ഇടതുപക്ഷ ബുദ്ധിജീവികളുടേയും ആവിഷ്ക്കാര സ്വാതന്ത്ര്യ വക്താക്കളുടേയും പ്രതികരണങ്ങൾ? വിഷയത്തിൽ കേരള മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിടുമോ അതോ പതിവുപോലെ കേന്ദ്രത്തിന് കത്തെഴുതുമോ?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍