UPDATES

സോഷ്യൽ വയർ

അന്ന് ഞാന്‍ അടിയേറ്റ് വീണു, ഇന്ന് അതേ വഴിയില്‍ പാഠപുസ്തകങ്ങള്‍ ഇറക്കുന്നു; ഇങ്ങനെയാണ് കാര്യങ്ങള്‍ മാറുന്നത്- ഒരധ്യാപികയുടെ കുറിപ്പ്

അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള പാഠ്യ പുസ്തകങ്ങള്‍ സ്‌കൂള്‍ അടയ്ക്കുന്നതിനു മുന്‍പേ തന്നെ മലപ്പുറം ബുക്ക് ഡിപ്പോയില്‍ ഇറക്കുന്ന ഫോട്ടോയും കളക്ടറേറ്റ് മാര്‍ച്ചിലെ സംഘര്‍ഷത്തിനിടയ്ക്കുള്ള ഫോട്ടോയും പങ്കുവെച്ചാണ് ഫേസ്ബുക്ക് പോസ്റ്റ് .

യു.ഡി.എഫിന്റെ ഭരണ കാലത്ത് സ്‌കൂളുകളിലെ പാഠപുസ്തകങ്ങള്‍ ഓണപ്പരീക്ഷയായിട്ടും ലഭിക്കുന്നില്ല എന്നാരോപിച്ച് എസ്എഫ്ഐ മലപ്പുറം കളക്ടറേറ്റിലേക്ക് പ്രകടനം നടത്തിയിരുന്നു.  പ്രകടനത്തില്‍ പോലീസിന്റെ അടിയേറ്റ് നിരവധി പേര്‍ക്ക് പരിക്ക് പറ്റി. എന്നാല്‍ അന്നുകൊണ്ട അടിക്ക് ഇന്ന് അര്‍ത്ഥമുണ്ടായിരിക്കുകയാണെന്നാണ് സിബ്‌ല സി.എം എന്ന അധ്യാപികയുടെ ഫേസ്ബുക്ക് പോസ്റ്റ്.

പോസ്റ്റ് പൂര്‍ണരൂപത്തില്‍

‘ഈ രണ്ട് ചിത്രങ്ങൾ കണ്ടിട്ടെന്ത് തോന്നുന്നു?

ഒന്ന്,

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഓണപ്പരീക്ഷയായിട്ടും വിദ്യാർത്ഥികൾക്ക് പാഠപുസ്തകം കിട്ടാത്തതിന് എസ്എഫ്ഐ നടത്തിയ കലക്ട്രേറ്റ് മാർച്ചിൽ പോലീസ് അടിയേറ്റ് വീണ എന്നെ ആശുപത്രിയിലേക്ക് കൊണ്ട് പോവുന്നു.

രണ്ട്,

ഇന്ന് അടുത്ത വർഷത്തേക്കുള്ള പാഠ പുസ്തകങ്ങൾ മലപ്പുറത്തെ ബുക്ക് ഡിപ്പോയിൽ ഇറക്കുന്നു.

ഫോട്ടോയിൽ കാണുന്ന രണ്ട് സ്ഥലവും തമ്മിൽ 500 മീറ്ററിന്റെ വ്യത്യാസമേ ഉള്ളൂ. പക്ഷേ കാലങ്ങൾ തമ്മിൽ ഏറെ ദൂരമുണ്ട്. പൊതുവിദ്യാഭ്യാസം നശിപ്പിക്കാൻ ശ്രമിച്ചവരും പൊതുവിദ്യാഭാസം സംരക്ഷിക്കാൻ ശ്രമിച്ചവരും തമ്മിലുള്ള ദൂരമാണത്.

ആ സമരത്തിൽ എനിക്ക് ഗുരുതരമായി ലാത്തിയടിയേറ്റു, ശരീരമാസകലം പരിക്ക് പറ്റി, നട്ടെല്ലിൽ ചതവ് വന്നു. ഇഎംഎസ് ആശുപത്രിയിലും കോട്ടയ്ക്കൽ ആര്യവൈദ്യശാലയിലും മാസങ്ങൾ നീണ്ട ചികിത്സ വേണ്ടി വന്നു കുറേയൊക്കെ ശരിയാകാൻ, ഇപ്പോഴും അതിന്റെ അടയാളങ്ങൾ പേറിയാണ് ജീവിക്കുന്നത്. ചികിത്സ ഇനിയും ബാക്കിയുണ്ട്, എവിടേയും തോറ്റ് പോയില്ല, ഞങ്ങൾ അത്രമേൽ ശരിയായിരുന്നു. ഒട്ടും പതറിയില്ല…


ഞങ്ങളുടെ ശരീരങ്ങളിലേറ്റ പരിക്കിനേക്കാൾ എത്രയോ വലുതായിരുന്നു അന്ന് കേരളത്തിന്റെ പൊതുവിദ്യാഭാസ രംഗത്ത് യുഡിഎഫ് സർക്കാർ വരുത്തിവെച്ച പരിക്ക്.

നോക്കൂ…

ഞങ്ങൾ നടത്തിയ സമരങ്ങൾ എത്രമേൽ അർഥമുള്ളതായിരുന്നുവെന്ന്. ആ മുദ്രാവാക്യങ്ങൾക്ക് എന്ത് കരുത്തായിരുന്നു എന്ന്. ഇന്ന് ഞങ്ങളുടെ സർക്കാർ, സിപിഎം പോളിറ്റ് ബ്യൂറോ മെമ്പർ പിണറായി മുഖ്യമന്ത്രിയായ സർക്കാർ, അടുത്ത വർഷത്തേക്കുള്ള പാഠപുസ്തകങ്ങൾ സ്കൂൾ അടയ്ക്കുന്നതിന് മുൻപേ എത്തിച്ചിരിക്കുന്നു… അവധിക്കാലത്ത് തന്നെ അവ കുട്ടികളുടെ കൈകളിലെത്തും… ഞങ്ങൾ അടി കൊണ്ട് മുദ്രാവാക്യം വിളിച്ച് വീണ് കിടന്ന മലപ്പുറം സിവിൽ സ്റ്റേഷന്റെ ഗേറ്റിലൂടെയാണ് പുസ്തകവുമായി വന്ന ലോറി കടന്ന് പോവുക. കാലമാണ് സാക്ഷി, അവിടത്തെ മൺതരികൾ കാലത്തിന് സാക്ഷി പറയും. പുസ്തക നിഷേധികളുടെ കാലത്ത് ഞാനൊരു വിദ്യാർത്ഥിയായിരുന്നു. ഇപ്പോൾ ഞാനൊരധ്യാപികയാണ്. മുന്നിലെത്തുന്ന കുട്ടികൾക്ക് അറിവ് പകരാൻ ഇതെത്ര വലിയ പാഠമാണ്!!

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍