UPDATES

സോഷ്യൽ വയർ

എണീക്കടാ ജബ്ബാറേന്ന് പണക്കാട് തങ്ങള്‍.. മരിച്ച ജബ്ബാര്‍ ചാടിയെഴുന്നേറ്റു: മൊയ്‌ലിയാരുടെ പ്രസംഗം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

സംശയമുള്ളവര്‍ പട്ടര്‍ കടവില്‍ തനിക്കൊപ്പം വന്ന് സംശയം മാറ്റാമെന്നും അങ്ങോട്ട് താന്‍ കൊണ്ടുപോകും തിരിച്ച് തന്നെത്താനെ പോരണമെന്നുമാണ് ഇയാള്‍ പറയുന്നത്

മരിച്ചയാളെ പാണക്കാട് സയ്യിദ് ഉമ്മറലി ഷിഹാബ് തങ്ങള്‍ പുനരജ്ജീവിപ്പിച്ചെന്ന് മതപ്രഭാഷണത്തിനിടെ മൊയ്‌ലിയാര്‍. പട്ടര്‍ കടവ് ജബ്ബാര്‍ ഫൈസി എന്ന ഒരാള്‍ കാസര്‍ഗോഡ് വച്ചു മരിച്ചുവെന്നും മൃതദേഹം കാസര്‍ഗോഡ് നിന്നും മലപ്പുറം ജില്ലയിലെത്തിക്കുമ്പോഴേക്കും ഖബര്‍ എല്ലാം തയ്യാറാക്കിയിരുന്നുവെന്നും പ്രാസംഗികന്‍ പറയുന്നു. ജബ്ബാറിന്റെ വാപ്പയുടെ നിര്‍ബന്ധം മൂലം മൃതദേഹവുമായി പാണക്കാട് വീട്ടിലേക്കാണ് പോയത്. സാധാരണ പാണക്കാട് വീടിന്റെ മുറ്റത്ത് ആംബുലന്‍സ് വരാറില്ല. അതുകൊണ്ട് തന്നെ വീട്ടിലുള്ളവരെല്ലാം പുറത്തേക്കിറങ്ങി വന്നു.

ഉമ്മറലി തങ്ങളോട് തന്റെ മോന്‍ മരിച്ചുവെന്ന് ജബ്ബാറിന്റെ വാപ്പ പറഞ്ഞുവെന്നാണ് ഇയാളുടെ പ്രസംഗത്തില്‍ പറയുന്നത്. ആംബുലന്‍സിന്റെ വാതില്‍ തുറക്കാന്‍ തങ്ങള്‍ ആവശ്യപ്പെട്ട ശേഷം ജബ്ബാറിനെ ഒന്നു നോക്കിയിട്ട് അകത്തേക്ക് പോയ അദ്ദേഹം രണ്ട് ഇലകളുമായാണ് തിരിച്ചുവന്നത്. അകത്തുനിന്നും രണ്ട് ഇലകള്‍ കൊണ്ടുവന്ന് എന്തൊക്കെയോ മന്ത്രിച്ചിട്ട് പിഴിഞ്ഞ് മൃതദേഹത്തിന്റെ രണ്ട് കണ്ണിലും മൂക്കിലും വായിലും എല്ലാം ഒഴിച്ചു. എന്നിട്ട് ജബ്ബാറെ എണീറ്റേടാ എന്ന് പറഞ്ഞപ്പോള്‍ ആംബുലന്‍സിന്റെ ഖബര്‍ കൂടി പൊട്ടിച്ചിട്ട് ജബ്ബാര്‍ എഴുന്നേറ്റു നിന്നു എന്നാണ് മൊയ്‌ലിയാര്‍ പറയുന്നത്.

ഇതില്‍ സംശയമുള്ളവര്‍ പട്ടര്‍ കടവില്‍ തനിക്കൊപ്പം വന്ന് സംശയം മാറ്റാമെന്നും അങ്ങോട്ട് താന്‍ കൊണ്ടുപോകും തിരിച്ച് തന്നെത്താനെ പോരണമെന്നുമാണ് ഇയാള്‍ പറയുന്നത്. കാരണം സംശയം തീര്‍ക്കാന്‍ മാത്രമേ തനിക്ക് ഉത്തരവാദിത്വമുള്ളൂവെന്ന്. വേദിയിലെ ഫ്‌ളക്‌സില്‍ പ്രഭാഷണം നടന്നത് 2018 ഡിസംബര്‍ 31 മുതല്‍ 2019 ജനുവരി 5 വരെയുള്ള ദിവസങ്ങളിലാണെന്ന് വ്യക്തമാണ്. ഇതില്‍ ജനുവരി ഒന്നാംതിയതിയായിരുന്നു ഈ മൊയ്‌ലിയാരുടെ പ്രസംഗം. ഈ പ്രഭാഷകന്റെ പേര് വ്യക്തമല്ലെങ്കിലും പട്ടര്‍ കടവില്‍ ഇത്തരമൊരു സംഭവം നടന്നിട്ടില്ലെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഈ പ്രസംഗം പ്രചരിപ്പിക്കുന്നവര്‍ പറയുന്നത്. മൊയ്‌ലിയാരുടെ പ്രസംഗം ട്രോളുകള്‍ക്കും വഴിവച്ചിട്ടുണ്ട്.

ജബ്ബാര്‍ ഫൈസിക്ക് വേണ്ടി എടുത്ത ഖബര്‍ ഇപ്പോഴും ഒഴിഞ്ഞു കിടക്കുകയാണെന്നും തങ്ങളൊക്കെ ഇപ്പോള്‍ അയാളെ വിളിക്കുന്നത് മയ്യത്ത് ഫൈസിയെന്നാണെന്നുമാണ് ഇയാള്‍ പറയുന്നത്. എന്തായാലും എന്തൊരു വിടലാണ് മൊയ്‌ലിയാരെ ഇതെന്ന് ചോദിച്ചാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

(ഞങ്ങള്‍ ആദ്യം പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍ പ്രാസംഗികന്റെ പേര് തെറ്റായി രേഖപ്പെടുത്തിയിരുന്നു. വായനക്കാര്‍ ശ്രദ്ധയില്‍പ്പെടുത്തിയതോടെ അത് തിരുത്തിയിട്ടുണ്ട്. തെറ്റുപറ്റിയതില്‍ ഖേദിക്കുന്നു. വായനക്കാരുടെ ഇടപെടലിന് നന്ദി)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍