ഞാൻ എംഎൽഎ ആയത് മുതലാളി ആയത് കൊണ്ടല്ല കേട്ടോ, പട്ടാമ്പിയിലെ ജനങ്ങൾ വോട്ട് ചെയ്തത് കൊണ്ടാണ്. ജനങ്ങൾ തെരഞ്ഞെടുത്ത ജനപ്രതിനിധിയെയും, ജനാധിപത്യത്തെയും അംഗീകരിക്കാൻ എന്നാണ് നിങ്ങൾ പഠിക്കുക?
ചരിത്രബോധമില്ലാതെ എന്തു വിളിച്ചു പറഞ്ഞാലും കയ്യടിക്കുന്ന അണികൾ ഉള്ളിടത്തോളം പി കെ ഫിറോസിനെ പോലെയുള്ളവർ ഒന്നും പഠിക്കുകയും, പഠിപ്പിക്കുകയും ഇല്ലെന്ന് പട്ടാമ്പി എം എൽ എ മുഹമ്മദ് മുഹ്സിൻ. പി കെ ഫിറോസ് ഇന്നലെ പട്ടാമ്പിയിൽ നടത്തിയ പ്രസംഗത്തിൽ ചരിത്ര അബദ്ധങ്ങൾ ഏറെ നടത്തിയിരുന്നു, കൂട്ടത്തിൽ മുഹമ്മദ് മുഹ്സിൻ എം എൽ എ ക്കെതിരെയും ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് മുഹ്സിൻ ഫേസ്ബുക് പോസ്റ്റിലൂടെ മറുപടി പറഞ്ഞത്.
“ലോക്സഭാതെരഞ്ഞെടുപ്പ് മുന്നിൽകണ്ട് തരത്തിൽ ഒരു സീറ്റ് ഒപ്പിക്കാൻ വേണ്ടി മാത്രം മന്ത്രി ജലീലിനുനേരെ കുതിര കയറുമ്പോൾ, പ്രസംഗത്തിൽ പറയാനുള്ള കാര്യങ്ങളെങ്കിലും ഒന്ന് വായിക്കാമായിരുന്നു. രാഹുൽഗാന്ധിയുടെ മുത്തച്ഛൻ മഹാത്മാ ഗാന്ധിയാണെന്ന് യൂത്ത് ലീഗിൻറെ ജനറൽ സെക്രട്ടറി!. അത് കേട്ട് ആവേശം മൂത്ത് ആവേശത്തോടെ കൈയടിക്കുന്ന കുറേ അണികൾ.
രാജീവ് ഗാന്ധിയുടെ ശരീരം ചിന്നിച്ചിതറിയത് കോയമ്പത്തൂരിൽ അല്ലെന്നും അത് ചെന്നൈക്കടുത്ത് ശ്രീപെരുമ്പത്തൂരിൽ ആണെന്നും ഇന്നാട്ടിലെ കൊച്ചു കുട്ടികൾക്കുവരെ അറിയാവുന്ന കാര്യമാണ്. അവിടെ രാജീവ് ഗാന്ധിയുടെ പേരിൽ യുവജനങ്ങളുടെ വികസനത്തിനായി ഒരു സ്ഥാപനം പ്രവർത്തിക്കുന്നുണ്ടെന്നും യൂത്ത് ലീഗ് സെക്രട്ടറിക്ക് അറിയില്ലായിരിക്കും.” മുഹ്സിൻ പറഞ്ഞു.
തനിക്കു നേരെ വന്ന വ്യക്തിപരമായ പരാമർശങ്ങൾക്ക് നേരെയും മുഹ്സിൻ ആഞ്ഞടിച്ചു. “ഈ വിഡ്ഢിത്തങ്ങൾ വിളമ്പിയ പ്രസംഗത്തിൽ യൂത്ത്ലീഗ് സെക്രട്ടറി എനിക്ക് 35 വയസ്സായെന്നും ഇന്ന് വാർധക്യത്തിൽ ആണെന്നും, നിയമസഭയിൽ ഒന്നും ഉരിയാടുന്നില്ല എന്നും പറഞ്ഞു. എൻറെ പ്രായം 35 അല്ല 32 ആണ്. നിയമസഭക്ക് ചില നടപടിക്രമങ്ങൾ ഒക്കെ ഉണ്ട്. ആരൊക്കെ എപ്പോഴൊക്കെ സംസാരിക്കണം എന്ന നടപടിക്രമങ്ങൾ. ഭാവിയിൽ എപ്പോഴെങ്കിലും രാഹുൽ ഗാന്ധിയുടെ മുത്തച്ഛൻ ആരാണെന്ന് ഫിറോസ് തിരിച്ചറിയുന്ന ഒരു കാലം വരികയും അന്ന് തെരഞ്ഞെടുപ്പിൽ മത്സരിച്ചു നിയമസഭയിൽ എത്തുകയും ചെയ്യുമ്പോൾ ഈ നടപടിക്രമങ്ങൾ ഫിറോസിന് മനസ്സിലാക്കാവുന്നതാണ്.” മുഹ്സിൻ തുറന്നടിച്ചു.
ഫിറോസ് പ്രസംഗത്തിൽ പറഞ്ഞ മറ്റൊരു കാര്യം, ജെഎൻയുവിലെ വീഡിയോയിൽ പെട്ടതു കൊണ്ടുമാത്രം പട്ടാമ്പിയിൽ വിജയിച്ച എംഎൽഎ ആണ് ഞാൻ എന്നാണ്. എന്റെ പൊന്നു ഫിറോസെ, ജെ എൻ യു വിലെ ഫോട്ടോയിൽ, വീഡിയോയിൽ പെടുക എന്ന് പറയുന്നത് ചില്ലറകാര്യമൊന്നുമല്ല. അതിനു ആദ്യം അവിടെ അഡ്മിഷൻ കിട്ടണം. പിന്നെ സമരം നടത്തണം. സമരം എന്ന് പറയുമ്പോൾ യൂത്ത്ലീഗ് നടത്തുന്ന പോലത്തെ രണ്ടാളുള്ള സമരമല്ല. ദേശീയ മാധ്യമങ്ങൾ മുഴുവൻ തത്സമയം മണിക്കൂറുകളോളം റിപ്പോർട്ട് ചെയ്യുന്ന സമരം. ലീഗ് ഉണ്ടായതിന് ശേഷം അങ്ങനെ ഒന്ന് നടത്തീട്ടുണ്ടോ എന്ന് അറിയാവുന്ന ആരോടെങ്കിലും ചോദിക്കുന്നത് നന്നായിരിക്കും.
ഇനി സമരം നടത്തുന്ന ഫിറോസിനെപ്പോലുള്ളവർ ഫോട്ടോയിൽ വന്നാലും രാജ്യസഭയിലൊക്കെ മുതലാളിമാർ തന്നെ ലീഗിനെ പ്രതിനിധീകരിച്ചു പോകുകയും ചെയ്യും. പിന്നെ ഞാൻ എംഎൽഎ ആയത് മുതലാളി ആയത് കൊണ്ടല്ല കേട്ടോ, പട്ടാമ്പിയിലെ ജനങ്ങൾ വോട്ട് ചെയ്തത് കൊണ്ടാണ്. ജനങ്ങൾ തെരഞ്ഞെടുത്ത ജനപ്രതിനിധിയെയും, ജനാധിപത്യത്തെയും അംഗീകരിക്കാൻ എന്നാണ് നിങ്ങൾ പഠിക്കുക? പഠിക്കുമെന്ന് എനിക്കൊരിക്കലും വിശ്വാസമില്ല, കാരണം ചരിത്രബോധമില്ലാതെ എന്തു വിടുവായിത്തം വിളിച്ചു പറഞ്ഞാലും കയ്യടിക്കുന്ന അണികൾ ഉള്ളിടത്തോളം കാലം നിങ്ങളൊന്നും പഠിക്കുന്നുമില്ല, ഒന്നും പഠിപ്പിക്കുന്നുമില്ല. മുഹ്സിൻ പറഞ്ഞു.
പി കെ ഫിറോസ് ആണ് യൂത്ത് ലീഗിന്റെ ഒരു പൊതു പരിപാടിയിൽ രാഹുൽ ഗാന്ധിയുടെ മുതുമുത്തച്ഛൻ ആണ് മഹാത്മാഗാന്ധി എന്നും രാജീവ് ഗാന്ധി കൊല്ലപ്പെട്ടത് കോയമ്പത്തൂരിലാണെന്നുമുള്ള ചരിത്ര വിഡ്ഢിത്തങ്ങൾ ആവേശത്തോടെ വിളിച്ചു പറഞ്ഞത്.
“നരേന്ദ്ര മോദിയെ താഴെയിറക്കാനായി രാഹുൽ ഗാന്ധിയല്ലാതെ നമുക്ക് വേറെ ആരാണുള്ളത് ? തന്റെ മുതു മുത്തച്ഛൻ ആർഎസ്എസുകാരുടെ വെടിയേറ്റ്, ഈ രാജ്യത്തെ ഹിന്ദു – മുസ്ലിം മത മൈത്രിക്ക് വേണ്ടി നിലകൊണ്ടതിന്റെ പേരിൽ ആർഎസ്എസുകാരന്റെ വെടിയുണ്ടയേറ്റു പിടഞ്ഞു വീണ് മരിച്ച മഹാത്മാ ഗാന്ധിയുടെ കഥകൾ കേട്ട് വളർന്ന രാഹുലിനെയല്ലാതെ നമ്മൾ ആരെയാണ് പിന്തുണക്കേണ്ടത്. തന്റെ സ്വന്തം അച്ഛൻ കോയമ്പത്തൂരിൽ കഷ്ണം കഷ്ണമായി ചിന്നി ചിതറിയപ്പോ കണ്ണീരൊലിപ്പിച്ചു കൊണ്ട് മൃതദേഹം കണ്ടു നിന്ന ചെറുപ്പക്കാരൻ, അതാണ് രാഹുൽ ഗാന്ധി”, ഇതായിരുന്നു ഫിറോസിന്റെ പ്രസംഗം. വമ്പിച്ച കരഘോഷത്തോട് കൂടിയാണ് ഫിറോസിന്റെ പ്രസംഗം സദസ്സിലുള്ളവർ സ്വീകരിച്ചത്.
രാജീവ് ഗാന്ധി ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെടുന്നത് ശ്രീപെരുമ്പത്തൂരിൽ വെച്ചാണ്. ഇന്ദിര ഗാന്ധി – ഫിറോസ് ഗാന്ധി ദമ്പതികളാണ് രാഹുലിന്റെ മുത്തശ്ശനും മുത്തശ്ശിയും.
പി കെ ഫിറോസിന്റെ പ്രസംഗം പങ്കു വെച്ച് കൊണ്ട് ധാരാളം പേര് നവമാധ്യമങ്ങളിൽ വിമർശനവും പരിഹാസവും ഉയർത്തുന്നുണ്ട്. വിഡ്ഢിത്തം കേട്ട് കയ്യടിക്കുന്ന അണികളെയും വെറുതെ വിടുന്നില്ല സോഷ്യൽ മീഡിയ വിമർശകർ.