UPDATES

സോഷ്യൽ വയർ

‘ഞങ്ങള്‍ക്കും ടീച്ചറില്‍ നിന്ന് അഭിനന്ദനം കിട്ടാന്‍ ആഗ്രഹമുണ്ട്..’: ശൈലജ ടീച്ചറിന്റെ പോസ്റ്റിന് പ്രതിഭ എംഎല്‍എയുടെ മറുപടി

മറ്റ് കമന്റുകള്‍ക്കെല്ലാം മറുപടി പറഞ്ഞ ഷൈലജ ടീച്ചര്‍ പ്രതിഭയുടെ കമന്റിന് മാത്രം 21 മണിക്കൂറിന് ശേഷവും മറുപടി പറഞ്ഞിട്ടില്ല

ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചറിന്റെ ഫേസ്ബുക്ക് പോസ്റ്റിനെ വിമര്‍ശിച്ച് പ്രതിഭ എംഎല്‍എയുടെ മറുപടി. എട്ട് ജില്ലാ ആശുപത്രികള്‍ക്കും രണ്ട് മെഡിക്കല്‍ കോളേജുകള്‍ക്കും കാത്ത് ലാബ് അനുവദിച്ചത് സംബന്ധിച്ച മന്ത്രിയുടെ പോസ്റ്റിനാണ് സിപിഎം എംഎല്‍എയായ പ്രതിഭ മറുപടി പറഞ്ഞത്. കായംകുളം താലൂക്ക് ആശുപത്രിയെയും കേരള ഹൗസിംഗ് ബോര്‍ഡിനെയും എസ്പിവി ആക്കാന്‍ താന്‍ സമര്‍പ്പിച്ച വിശദമായ പ്രൊജക്ട് റിപ്പോര്‍ട്ട് തള്ളിയതിനെയാണ് പ്രതിഭ വിമര്‍ശിക്കുന്നത്. രണ്ടായിരത്തിനടുത്ത് രോഗികള്‍ വരുന്ന കായംകുളം താലൂക്ക് ആശുപത്രിയ്ക്കും പരിഗണന നല്‍കണമെന്നാണ് പ്രതിഭ ആവശ്യപ്പെടുന്നത്. താന്‍ അങ്ങേയറ്റം ആക്ഷേപം കേള്‍ക്കുന്നുണ്ടെന്നും തങ്ങളെ പോലുള്ള എംഎല്‍എമാര്‍ ഒന്നും ചെയ്യാഞ്ഞിട്ടാണ് ആശുപത്രി വികസനം നടക്കാത്തത് എന്ന രീതിയിലെ പ്രചരണം വേദനയുണ്ടാക്കിയെന്നും പ്രതിഭ ചൂണ്ടിക്കാട്ടുന്നു. തങ്ങള്‍ക്കും അഭിനന്ദനം കിട്ടാന്‍ ആഗ്രഹമുണ്ടെന്നും പ്രതിഭ വ്യക്തമാക്കുന്നു.

ശൈലജ ടീച്ചറിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം താഴെ:

ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി ജില്ലാ ആശുപത്രികള്‍ നവീകരിക്കുക, രോഗീ സൗഹൃദമാക്കുക എന്ന തീരുമാനമനുസരിച്ചാണ് 8 ജില്ലാ ആശുപത്രികള്‍ക്കും 2 മെഡിക്കല്‍ കോളേജുകള്‍ക്കും ഒന്നാംഘട്ടത്തില്‍ കാത്ത്ലാബ് അനുവദിച്ചത്. കാത്ത് ലാബ് സ്ഥാപിക്കുന്ന പ്രവര്‍ത്തനം എല്ലായിടത്തും നടന്നു വരുന്നു. ആദ്യം പൂര്‍ത്തിയായത് പത്തനംതിട്ട ജനറല്‍ ആശുപത്രിയിലാണ്. ആര്‍ദ്രം മിഷന്റെ ഭാഗമായി അനുവദിച്ച കാത്ത് ലാബില്‍ ആദ്യത്തെ ആന്‍ജിയോ പ്ലാസ്റ്റി നടക്കുന്നത് പത്തനംതിട്ട യിലാണ്. ആന്‍ജിയോ പ്ലാസ്റ്റിക്ക് നേതൃത്വം നല്‍കിയ ഡോക്ടര്‍മാരെ വിളിച്ച് അഭിനന്ദിച്ചു.

ഈ വര്‍ഷമാദ്യം ആരോഗ്യ വകുപ്പ് മന്ത്രിയാണ്കാത്ത് ലാബിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്.തുടക്കത്തില്‍ ആന്‍ജിയോഗ്രാം ചെയ്ത് തുടങ്ങുകയും തുടര്‍ന്ന് ആന്‍ജിയോ പ്ലാസ്റ്റി ചെയ്ത് തുടങ്ങുകയുമാണ് ചെയ്തത്. ഏറ്റവും കുറഞ്ഞ നിരക്കില്‍ അന്താരാഷ്ട്ര ഗുണമേന്മയുള്ള മികച്ച ചികിത്സാ സൗകര്യമാണ് ഈ കാത്ത് ലാബിലൊരുക്കിയിരിക്കുന്നത്. കാത്ത് ലാബിന്റെ സേവനങ്ങള്‍ 24 മണിക്കൂറും ലഭ്യമാണ്. ഹൃദയ സംബന്ധമായ ചികിത്സയ്ക്ക് മെഡിക്കല്‍ കോളേജുകളിലെ നീണ്ട ‘ക്യൂ’ ഒഴിവാക്കാനും എളുപ്പത്തില്‍ ചികിത്സ ലഭ്യമാക്കാനും സാധിക്കുക വഴി കൂടുതല്‍ ജിവന്‍ രക്ഷിക്കാനുള്ള സാധ്യതയാണ് ഒരുങ്ങുന്നത്.

80 കോടി രൂപ ചെലവില്‍ കിഫ്ബി വഴി കേരളത്തിലെ 10 ആശുപത്രികളില്‍ കാത്ത് ലാബ് സൗകര്യം ലഭ്യമാക്കാന്‍ കേരള സര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതിയിലൂടെയാണ് പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും പദ്ധതി പൂര്‍ത്തികരിക്കാന്‍ സാധിച്ചത്. കേരള സര്‍ക്കാര്‍ കിഫ്ബി പദ്ധതി പ്രകാരം ആദ്യമായി സംസ്ഥാനത്ത് ആരംഭിച്ച കാത്ത് ലാബാണ് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്നത്. ഈ മേഖലയില്‍ മുന്‍പന്തിയിലുള്ള ലോകോത്തര നിലവാരമുള്ള WIPRO-GE യന്ത്ര സംവിധാനമാണ് ഇവിടെ ഏര്‍പ്പെടുത്തിയിട്ടുള്ളത്.

മെഡിക്കല്‍ കോളേജുകളില്‍ അനുവദിച്ചതില്‍ മഞ്ചേരി മെഡിക്കല്‍ കോളേജിലും കളമശേരി മെഡിക്കല്‍ കോളേജിലും കഴിഞ്ഞ വര്‍ഷം ആര്‍ദ്രം കാത്ത് ലാബുകള്‍ ഉദ്ഘാടനം ചെയ്തിരുന്നു.

ജനറല്‍ ആശുപത്രിയിലെ ഹൃദ്രോഗ വിദഗ്ദരായ ഡോ. ജോണ്‍ എം.സി, ഡോ. ജോസ് പൈക്കട എന്നിവരാണ് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയത്.ആര്‍ദ്രം മിഷന്റെ ഭാഗമായുള്ള കാത്ത് ലാബ് സ്ഥാപിക്കാന്‍ കെ.എച്ച്.ആര്‍.ഡബ്ലിയു.എസിനെയാണ് ചുമതലപ്പെടുത്തിയിരുന്നത്. കെ.എച്ച്.ആര്‍.ഡബ്ലിയു.എസ്. എം.ഡി. ഡോ. ദിലീപിന്റെ നേതൃത്വത്തിലാണ് പ്രവൃത്തി നടന്നത്. അത്യാധുനികമായ രീതിയില്‍ നിര്‍മ്മിച്ച കാത്ത് ലാബ് നിരവധി പേര്‍ക്ക് ഉപകാരപ്രദമാകുമെന്ന് ഉറപ്പാണ്. സമയബന്ധിതമായി കാത്ത്ലാബ് സ്ഥാപിക്കാന്‍ നേതൃത്വം നല്‍കിയ എം.എല്‍.എ. വീണ ജോര്‍ജ് അടക്കമുള്ള ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും അഭിനന്ദനങ്ങള്‍.

പ്രതിഭയുടെ കമന്റിന്റെ പൂര്‍ണരൂപം താഴെ:

പ്രിയപ്പെട്ട ഷൈലജ ടീച്ചര്‍ സഖാവ് ചെയ്യുന്ന മാതൃകാപരമായ പ്രവര്‍ത്തനങ്ങളെ അനുമോദിക്കുന്നു. ഞാന്‍ കായംകുളം താലൂക്ക് ആശുപത്രിക്ക് വേണ്ടി ആദ്യം ഹാബിറ്റാറ്റ് വഴി Detailed project Report തയ്യാറാക്കി. അപ്പോള്‍ അവരെ Spv ആക്കാന്‍ പറ്റില്ല എന്ന് പറഞ്ഞു. പിന്നീട് കേരള ഹൗസിങ് ബോര്‍ഡിനെ Spv ആക്കാന്‍ പറഞ്ഞു. അതും സമയബന്ധിതമായി ഞാന്‍ ചെയ്തു. എന്നാല്‍ അതും കിഫ്ബിയില്‍ തന്നില്ല. അങ്ങേയറ്റം ആക്ഷേപം ഞാന്‍ കേള്‍ക്കുന്നുണ്ട്. 2000നടുത്ത് രോഗികള്‍ വരുന്ന നാഷണല്‍ ഹൈവേ ഓരത്തുള്ള ആശുപത്രിയാണ്.. ഇപ്പോ KELനെ ടീച്ചര്‍ ചുമതലപ്പെടുത്തിയത് വേഗത്തിലാക്കി കായംകുളത്തിനും പരിഗണന നല്‍കണം.. അത്രയധികം ജനം ബുദ്ധിമുട്ടുന്നുണ്ട്. നിരവധി പേര്‍ എന്നെ മെന്‍ഷന്‍ ചെയ്തു അതു കൊണ്ടാണ് കമന്റ് ഇട്ടത്. ഞങ്ങളെ പോലെയുള്ള എംഎല്‍എമാര്‍ ഒന്നും ചെയ്യാഞ്ഞിട്ടാണ് ആശുപത്രി വികസനം നടക്കാത്തത് എന്ന രീതിയിലെ പ്രചരണം വേദന ഉണ്ടാക്കിയിട്ടുണ്ട്. ഞങ്ങള്‍ക്കും ടീച്ചറില്‍ നിന്ന് അഭിനന്ദനം കിട്ടാന്‍ ആഗ്രഹമുണ്ട്..

മറ്റ് കമന്റുകള്‍ക്കെല്ലാം മറുപടി പറഞ്ഞ ഷൈലജ ടീച്ചര്‍ പ്രതിഭയുടെ കമന്റിന് മാത്രം 21 മണിക്കൂറിന് ശേഷവും മറുപടി പറഞ്ഞിട്ടില്ല. അതേസമയം ഔദ്യോഗികമായി മന്ത്രിയെ ഇക്കാര്യം അറിയിക്കാതെ പ്രതിഭ ഫേസ്ബുക്കിലൂടെ ഇക്കാര്യം പറഞ്ഞതിന് രൂക്ഷമായ വിമര്‍ശനമാണ് ഉയരുന്നത്.

read more: ന്യൂജനറേഷൻ കാലത്ത് ശക്തമായ വിഷയങ്ങൾ എഴുതുന്നവര്‍ കുറവാണ്: വിഎം വിനു/അഭിമുഖം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍