UPDATES

സോഷ്യൽ വയർ

‘മാർക്ക് വേണ്ടാത്ത വിശുദ്ധൻ’, നിര്‍മാതാവ് ആന്റോ ജോസഫിനെ കുറിച്ച് ഒരു വ്യത്യസ്തമായ കുറിപ്പ്

കോട്ടയത്തെ സജീവ രാഷ്ട്രീയത്തിൽ നിന്നും പ്രൊഡക്ഷൻ മാനേജരായി സിനിമയിലെത്തി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവായി, പ്രൊഡക്ഷൻ കൺട്രോളർ ആയി വെന്നിക്കൊടി പാറിച്ച ആന്റോ ജോസഫ്.

സിനിമ നിര്‍മാതാവ് ആന്റോ ജോസഫിനെ കുറിച്ച് പ്രൊഡക്ഷന്‍ കണ്‍ട്രോളറായ ഷാജി പട്ടിക്കര എഴുതിയ കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ചര്‍ച്ച ചെയ്യുന്നത്. മമ്മൂട്ടി സിനിമകളുടെ സ്ഥിരം നിര്‍മാതാക്കളില്‍ ഒരാള്‍ കൂടിയാണ് ആന്റോ ജോസഫ്. 35 വർഷക്കാലം നൂറോളം സിനിമകളിൽ കലാസംവിധായകനായിരുന്ന ബാലൻ കരുമാലൂർ എറണാകുളം ലിസ്സി ഹോസ്പിറ്റലിൽ വച്ച് മറിച്ചതുമായി ബന്ധപ്പെട്ട് ആന്റോ ജോസഫ് നടത്തിയ ഇടപെടല്‍ ചൂണ്ടിക്കാട്ടിയാണ് ഷാജിയുടെ കുറിപ്പ്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

മാർക്ക് വേണ്ടാത്ത വിശുദ്ധൻ
————————————————-

സിനിമ ഒരു മായിക ലോകമാണ്!
ആ മായികലോകത്തേക്ക് എത്തിപ്പെടുവാൻ ഒരു നിമിഷമെങ്കിലും കൊതിക്കാത്തവരില്ല!
അതിനുവേണ്ടി എന്തും ത്യജിക്കാൻ തയ്യാറായ ലക്ഷോപലക്ഷം പേരുണ്ട്. എന്നാൽ എങ്ങനെയെങ്കിലും എത്തിപ്പെട്ടാൽ ആ മായിക വലയത്തിന്റെ സുഖ സൗകര്യങ്ങളിൽ പെട്ട് കണ്ണു കാണാത്തവരായി മാറുന്നവരാണ് പലരും! എന്നാൽ അങ്ങനെ ഉന്നതിയിൽ നിൽക്കുമ്പോഴും ചവിട്ടിനിന്ന മണ്ണിനെ ഒരിക്കലും മറക്കാത്ത ചിലരുണ്ട്.

കഴിഞ്ഞ ദിവസത്തെ ഒരു സംഭവം അത്തരമൊരാളിലേക്ക് വിരൽ ചൂണ്ടുന്നതാണ്. 35 വർഷക്കാലം ഏതാണ്ട് 100-ഓളം സിനിമകളിൽ കലാസംവിധായകനായിരുന്ന ബാലൻ കരുമാലൂർ എറണാകുളം ലിസ്സി ഹോസ്പിറ്റലിൽ മരണപ്പെട്ടു.

ഒരുവിധം എല്ലാ കലാകാരൻമാരെയും പോലെ ദാരിദ്ര്യത്തിലായിരുന്നു അദ്ദേഹത്തിന്റെയും അന്ത്യം. ഒടുവിൽ മൃതശരീരം വിട്ടുകൊടുക്കുമ്പോൾ ഏതാണ്ട് 70,000-ത്തോളം രൂപ ആശുപത്രിയിൽ അടയ്ക്കേണ്ട അവസ്ഥ. നിസഹായരായ ബന്ധുക്കൾ. അവിടേക്ക് ദേവദൂതനെപ്പോലെ ഒരു സിനിമക്കാരൻ എത്തി. മുഴുവൻ പണവും അടച്ചു.

സിനിമാലോകം മറന്നുപോയ ബാലൻ കരുമാലൂരിന്റെ കാര്യം കേട്ടറിഞ്ഞെത്തിയ ആ ആൾ പേരു വെളിപ്പെടുത്താൻ തയാറല്ലായിരുന്നു. എന്നാൽ പലർ വഴി ആ പേര് പുറത്തു വന്നു. ആ മനുഷ്യസ്നേഹിയുടെ പേര് ആന്റോ ജോസഫ്.

കോട്ടയത്തെ സജീവ രാഷ്ട്രീയത്തിൽ നിന്നും പ്രൊഡക്ഷൻ മാനേജരായി സിനിമയിലെത്തി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവായി, പ്രൊഡക്ഷൻ കൺട്രോളർ ആയി വെന്നിക്കൊടി പാറിച്ച ആന്റോ ജോസഫ്.

Also Read: ‘പണ്ടു ഞാൻ നിന്റെ വീട്ടിൽ വന്നാൽ അതു സൗഹൃദം, ഇന്നു വന്നാൽ അതു മതസൗഹാർദ്ദം, അല്ലേടാ?’

കൈനിറയെ ചിത്രങ്ങളുമായി ഓടിനടക്കുന്ന സമയത്താണ് നിർമാതാവിന്റെ മേലങ്കിയണിയുന്നത് – അവിടെയും വിജയപതാക നാട്ടി. വിതരണക്കാരനായി വന്നു. പിറന്നു വീണത് നിരവധി ഹിറ്റുകൾ!

ഉയരങ്ങളിലേക്ക് ചുവട് വെക്കുമ്പോഴും മരവിക്കാത്ത മനുഷ്യത്വം ഒപ്പം കൂട്ടി,  അഭ്യർത്ഥിച്ചവർക്കും, അറിഞ്ഞും ജാതിമത ഭേദമന്യെ കൈനിറയെ സഹായങ്ങൾ ഇപ്പോഴും ചെയ്തു കൊണ്ടിരിക്കുന്ന, ധരിക്കുന്ന വസ്ത്രം പോലെ ശുഭ്രമായ മനസ്സുള്ള സിനിമക്കാരനല്ലാത്ത സിനിമക്കാരൻ!

മുമ്പൊരിക്കൽ സംവിധായകർ രമേഷ് ദാസ് ചെന്നൈയിൽ മരിച്ചപ്പോൾ മൃതദേഹം നാട്ടിലെത്തിക്കാൻ ആളും അർഥവുമായി കൂടെ നിന്നൊരാൾ!

ഈ അടുത്ത കാലത്ത് അന്തരിച്ച പ്രൊഡക്ഷൻ കൺട്രോളറും, നിർമ്മാതാവുമായ സഫീർ സേഠിന്റെയും, സംവിധായകൻ കെ.കെ ഹരിദാസിന്റെയും കുടുംബങ്ങൾക്ക് സാമാന്യം ഭീമമായ ഒരു തുക സമാഹരിച്ചു കൊടുക്കുന്നതിൽ സുഹൃത്ത് ബാദുഷയ്ക്കൊപ്പം തോളോട് തോൾ ചേർന്ന് മുൻപന്തിയിലുണ്ടായിരുന്നു ആന്റോ സാർ!

അങ്ങനെ എത്രയെത്ര സംഭവങ്ങൾ!

സെൽഫിയിലോ, ഫേസ് ബുക്കിലോ തന്റെ സഹായങ്ങൾ പരസ്യപ്പെടുത്താത്തൊരാൾ. മറ്റെല്ലാ മേഖലയിലെയും പോലെ സിനിമയിലും ഇത്തരം നൻമമരങ്ങൾ ഉണ്ടെന്ന് പുറംലോകം അറിയണം.

ഏഴു സിനിമകളിൽ ശിഷ്യനായി ഒപ്പം കൂടാൻ കഴിഞ്ഞത് ഇന്നും ഞാൻ അഭിമാനമായി കരുതുന്നു, നമ്മൾ ഒരുമിച്ചുണ്ടായിരുന്ന കാലം ഒരു കൂടപ്പിറപ്പിനോടെന്ന പോലെ നൽകിയ താലോലവും സ്നേഹവും ഒരിക്കലും മറക്കില്ല.

ദൈവം വർദ്ധിപ്പിക്കും എന്നർത്ഥമുള്ള ജോസഫ് എന്ന പേര് കൂടെയുള്ളിടത്തോളം ആന്റോ സാർ, ദൈവം നിങ്ങളുടെ ആരോഗ്യവും സമ്പത്തും യശ്ശസ്സും ഇനിയും ഇനിയും വർദ്ധിപ്പിക്കും!
നീലാകാശം നിറയെ ആ യശസ്സ് പടരും.

പ്രാർത്ഥനകൾ…..

പ്രിയ ശിഷ്യൻ

ഷാജി പട്ടിക്കര

Read Azhimukham: ‘ഒരു നടനാകണമെന്ന് നിങ്ങൾ തീരുമാനിച്ചിട്ടുണ്ടെങ്കിൽ നിങ്ങളതായിരിക്കും’, ഈ ഡയലോഗ് ഇന്ന് മലയാള സിനിമയില്‍ ചേരുക ഒറ്റ നടനേയുള്ളൂ- ജോജു ജോർജ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍