UPDATES

സോഷ്യൽ വയർ

ശതം സമർപ്പയാമി: നേതാക്കൾ ബിസിനസ്സ് പങ്കാളികളാകും; വയനാട്ടിലും തമിഴ്നാട്ടിലും ഭൂമി വാങ്ങും; സംഘപരിവാറിന്റെ മുൻ പിരിവുകളുടെ കണക്ക് ചോദിക്കാൻ അണികളോടാവശ്യപ്പെട്ട് മുൻ ആർഎസ്എസ് നേതാവ്

ഈ സംഭവത്തിനു ശേഷമാണ് കണ്ണൂരിലെ പല അക്രമങ്ങളും സംഘപരിവാർ ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണെന്ന് തനിക്ക് ബോധ്യപ്പെട്ടതെന്ന് പോസ്റ്റിൽ വിശദീകരിക്കുന്നുണ്ട്.

ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ടുണ്ടായ വിവിധ അക്രമ സംഭവങ്ങളിലെ കേസുകളിൽ പെട്ട പ്രവർത്തകർക്കായി ശബരിമല കർമസമിതിയുടെ പേരിൽ നടത്തുന്ന ‘ശതം സമർപ്പയാമി’ പണപ്പിരിവിനെതിരെ മുൻ ആർഎസ്എസ് നേതാവ് രംഗത്ത്. സംഘടപരിവാർ സംഘടനയായ ക്രീഡാഭാരതിയുടെ കണ്ണൂർ ജില്ലാ സെക്രട്ടറി കൂടിയായിരുന്ന രാജഗോപാൽ കുഞ്ചിൽ‌ വീട്ടിലാണ് ഒരു ഫേസ്ബുക്ക് പോസ്റ്റിലൂടെ സംഘപരിവാർ സംഘടനകളുടെ പണപ്പിരിവുകൾ അഴിമതിയിൽ കലാശിക്കുന്നതിനെക്കുറിച്ച് എഴുതിയിരിക്കുന്നത്. തനിക്ക് നേരിട്ടുണ്ടായ അനുഭവങ്ങൾ ചേർത്താണ് കുറിപ്പ്.

കണ്ണൂരിലെ മാർക്സിസ്റ്റ് അക്രമത്തിൽ ജീവിക്കാൻ വഴി നഷ്ടപ്പെട്ടവർക്കു വേണ്ടി 100 കോടി രൂപ സമാഹരിക്കാൻ 2016 നവംബർ 3നു തിരുവനന്തപുരത്ത് വെച്ചു നടന്ന ഒരു കൺവെൻഷനിൽ തീരുമാനമെടുത്തിരുന്നതായി രാജഗോപാൽ പറയുന്നു. പ്രസ്തുത കൺവെൻഷനിൽ താൻ പങ്കെടുക്കുന്നതിന്റെ ചിത്രങ്ങൾ സഹിതമാണ് പോസ്റ്റ്. ശശികല, ശോഭാ സുരേന്ദ്രൻ, രാഹുൽ ഈശ്വർ, വൽസൻ തില്ലങ്കേരി, കുമ്മനം രാജശേഖരൻ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തിരുന്നു.

ലോകമെമ്പാടും നടത്തിയ പണപ്പിരിവിൽ നൂറുകോടിക്കു മുകളിൽ പിരിച്ചെടുക്കാൻ ആർഎസ്എസ്-ബിജെപി നേതാക്കൾക്ക് കഴിഞ്ഞതായി രാജഗോപാൽ പറയുന്നു. ഈ പണപ്പിരിവിനെ ഊർജിതമാക്കാൻ‌ വേണ്ടി മാത്രമായിരുന്നു ജനരക്ഷാ യാത്രകളും മറ്റും നടത്തിയതെന്നും ആരോപണമുണ്ട്. ഇങ്ങനെ പിരിച്ചെടുത്ത കോടികളുടെ കണക്ക് അവതരിപ്പിക്കാൻ പോലും നേതാക്കൾ തയ്യാറായില്ല. ഈ കമ്മറ്റി പിന്നീട് വിളിച്ചു ചേർക്കുകയുണ്ടായില്ല. ഓഡിറ്റ് നടന്നില്ല. അണികളെ ചൂഷണം ചെയ്യാന്‍ വേണ്ടി അക്രമങ്ങൾ നടക്കുന്നതായി പ്രചരിപ്പിക്കുകയും പിന്നീട് പണപ്പിരിവ് നടത്തുകയുമാണ് സംഘടനകൾ ചെയ്യുന്നത്.

ഈ തട്ടിപ്പിലൂടെ ആർഎസ്എസ് നേതാക്കൾ പല ബിസിനസ്സുകളിലും പങ്കാളികളായി. വയനാട്ടിലും തമിഴ്നാട്ടിലും ഭൂമി സ്വന്തമാക്കിയവരും ഉണ്ടെന്നും രാജഗോപാലിന്റെ പോസ്റ്റ് പറയുന്നു. ഈ സംഭവത്തിനു ശേഷമാണ് കണ്ണൂരിലെ പല അക്രമങ്ങളും സംഘപരിവാർ ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണെന്ന് തനിക്ക് ബോധ്യപ്പെട്ടതെന്ന് പോസ്റ്റിൽ വിശദീകരിക്കുന്നുണ്ട്.

ബോംബ് നിർമിക്കുമ്പോൾ അപകടം പറ്റി വികലാംഗരായ ബിജെപി പ്രവർത്തകരെ വെച്ച് ഡൽഹിയിൽ സത്യാഗ്രഹം നടത്തുകയും പിന്നീട് അതു കാണിച്ച് ഉത്തരേന്ത്യയിലും മറ്റും വൻ പണപ്പിരിവ് നടത്തുകയും ചെയ്തിരുന്നു ബിജെപി. ഈ പണത്തിൽ നിന്ന് യാതൊന്നും വികലാംഗർക്ക് ലഭിക്കുകയുണ്ടായില്ല. സംഘടനയിൽ ജനാധിപത്യ സംവിധാനമില്ലാത്തതിനാൽ ഇപ്പോൾ നടക്കുന്ന ‘ശതം സമർപ്പയാമി’ക്കും ഇതേ ഗതി തന്നെയാണ് വരാൻ പോകുന്നത്.

35 വർഷത്തെ ആർഎസ്എസ് ബന്ധം താനും ഭാര്യയും വിടാൻ കാരണമായത് ഈ സംഭവങ്ങളാണെന്നും രാജഗോപാൽ പറയുന്നുണ്ട്. സികെ ജാനു അടക്കമുള്ളവർക്ക് സംഘടനയുടെ മാഫിയ രീതികൾ മനസ്സിലായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍