UPDATES

സോഷ്യൽ വയർ

“അരിവാങ്ങാൻ പണമില്ലാതിരുന്ന കാലത്ത് കഷ്ടപ്പെട്ട് പഠിച്ചതാണ് പാട്ട്; അത് എന്റെ ഒരായുധമാണ്”: രമ്യ ഹരിദാസ്

“എന്നെ പാട്ട് പഠിപ്പിച്ച മാഷിന് എന്റെ അമ്മക്ക് ഒരു രൂപ പോലും കൊടുക്കാന്‍ സാധിച്ചിട്ടില്ല”

ഗൗരവമേറിയ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ പാട്ട് പാടുന്നുവെന്ന ആരോപണത്തിന് ശക്തമായ മറുപടിയുമായി ആലത്തൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസ്‌. താൻ ആശയപരമായ വലിയൊരു യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുകയാണെന്നും അതിന് തന്റെ പക്കലുള്ള ഒരായുധമാണ് പാട്ടെന്നും രമ്യ ഹരിദാസ് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

രമ്യ ഹരിദാസിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഞാന്‍ വലിയൊരു ആശയപരമായ യുദ്ധത്തിനാണ് തയ്യാറെടുത്തിരിക്കുന്നത്. ആശയപരമായ യുദ്ധത്തിന് തയ്യാറെടുക്കുമ്പോള്‍ എന്റെ കയ്യിലുള്ള ഒരു ആയുധമാണ് പാട്ട്. പ്രസംഗം ഒരു ആയുധമാണ്. എന്റെ സ്വഭാവം ഒരു ആയുധമാണ്. എന്റെ സമീപനം ഒരു ആയുധമാണ്. ആ ആയുധങ്ങള്‍ എന്ന് പറയുന്നത് വലിയ പോരാട്ടത്തിന് നേതൃത്വം നല്‍കുമ്പോള്‍ പല തരത്തിലാണ് ആളുകള്‍ സ്വീകരിക്കുക. ഞാന്‍ ഒരു ദളിത് കുടുംബത്തില്‍ ജനിച്ച ഒരു ആളാണ്. വലിയ പണം ചെലവഴിച്ചല്ല ഞാന്‍ പാട്ട് പഠിച്ചത്. എന്നിലുണ്ടായിരുന്ന ഒരു കഴിവിനെ ഒരു പാട് കഷ്ടപ്പെട്ടാണ്, അധ്വാനിച്ചാണ് ഇപ്പോള്‍ പാടുന്ന തരത്തിക്ക് മാറ്റിയത്. അരി വാങ്ങാന്‍ പോലും കാശില്ലാത്ത കാലത്ത് എന്നെ പാട്ട് പഠിപ്പിച്ച മാഷിന് എന്റെ അമ്മക്ക് ഒരു രൂപ പോലും കൊടുക്കാന്‍ സാധിച്ചിട്ടില്ല. മാഷൊന്നും കാശ് വേണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. പ്രോത്സാഹിപ്പിച്ചിട്ടേ ഉള്ളൂ. കഴിവിനെ അംഗീകരിക്കുകയാണ് ചെയ്തിട്ടുള്ളത്. അത് ആലത്തൂരിലെ ജനങ്ങള്‍ എന്നെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. ജനങ്ങളുടെ മനസ്സില്‍ ഞാന്‍ ഇടം നേടിയിട്ടുണ്ട്. ആ ഇടം ഒന്നും ഇല്ലാതാക്കാന്‍ ആര് വിളിച്ചാലും കഴിയില്ല.

(രമ്യ ഹരിദാസിന്റെ പേര് തെറ്റായാണ് നേരത്തെ നല്‍കിയിരുന്നത്. മനപ്പൂര്‍വ്വമല്ലാതെയുണ്ടായ പിഴവില്‍ നിര്‍വ്യാജം ഖേദിക്കുന്നു)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍