UPDATES

സോഷ്യൽ വയർ

‘ജസ്റ്റീസ് ഫോര്‍ ആന്‍ലിയ’; പക്ഷേ നീതി തേടുന്നത് ജസ്റ്റിന്, വ്യാജ പേജ് പൂട്ടിക്കണമെന്ന് ആവശ്യം

ആന്‍ലിയയുടെ പിതാവ് ആരംഭിച്ചിട്ടുള്ള ജസ്റ്റീസ് ഫോര്‍ ആന്‍ലിയ എന്ന പേജിന് ബദലായി അതേ പേരില്‍ തുടങ്ങിയ പേജില്‍ ജസ്റ്റിന്റെ നിരപരാധിത്വം തെളിയിക്കാനാണ് ശ്രമം

പെരിയാറില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ആന്‍ലിയയുടെ നീതിക്കു വേണ്ടി ആരംഭിച്ച ഫെയ്‌സബുക്ക് പേജിന് ബദലായി മറ്റൊരു പേജ്. ജസ്റ്റീസ് ഫോര്‍ ആന്‍ലിയ എന്ന പേരില്‍ തന്നെ ആരംഭിച്ചിരിക്കുന്ന ഈ പേജിന്റെ പിന്നില്‍ ആരെന്ന് വ്യക്തമല്ല. ആന്‍ലിയയുടെ മരണത്തില്‍ ആരോപണവും പേറുകയും റിമാന്‍ഡില്‍ കഴിയുകയും ചെയ്യുന്ന ഭര്‍ത്താവ് ജസ്റ്റിനെ നീതികരിക്കുന്ന തരത്തിലാണ് പുതിയ പേജ് വന്നിരിക്കുന്നത്. ജസ്റ്റിനും ആന്‍ലിയയും ഇവരുടെ കുഞ്ഞും ഉള്‍പ്പെടുന്ന കുടുംബ ചിത്രമാണ് പേജിന്റെ പ്രൊഫൈല്‍ ചിത്രമാക്കിയിരിക്കുന്നത്. ഈ പേജ് വ്യാജമാണെന്നും ഇതിനെതിരേ ഫെയ്‌സ്ബുക്കിന് റിപ്പോര്‍ട്ട് ചെയ്യണമെന്നുള്ള ആവശ്യം ആന്‍ലിയയുടെ പിതാവ് ഹൈജിനസ് ആരംഭിച്ചിരിക്കുന്ന ജസ്റ്റീസ് ഫോര്‍ ആന്‍ലിയ എന്ന പേജില്‍ ഉയര്‍ന്നിട്ടുണ്ട്.

പുതിയ പേജില്‍ ആന്‍ലിയയുടെ മരണത്തില്‍ ജസ്റ്റിന്‍ നിരപരാധിയാണെന്നു വാദിക്കുന്ന പോസ്റ്റുകളാണ് ഉള്ളത്. കൂടാതെ ഈ പേജിലെ ചിത്രങ്ങളെല്ലാം തന്നെ ജസ്റ്റിനും ആന്‍ലിയയും സന്തോഷകരമായ കുടുംബ ജീവിതമായിരുന്നു നയിച്ചിരുന്നതെന്നു സ്ഥാപിക്കാനെന്നോണമുള്ളവയുമാണ്. ആന്‍ലിയയുടെ പിതാവും ബന്ധുക്കളും ജസ്റ്റിനെതിരേ ആരോപിക്കുന്നത് യാഥാര്‍ത്ഥ്യങ്ങളല്ലാത്ത കാര്യങ്ങളാണെന്നും ജസ്റ്റിന് നീതി വേണമെന്നും ഈ പേജില്‍ ആവശ്യമുയര്‍ത്തുന്നുണ്ട്. കോടതിയില്‍ കീഴടങ്ങുന്നതിനു മുമ്പ് ആന്‍ലിയയുടെ മരണത്തില്‍ തനിക്കുള്ള വിശദീകരണമായി ജസ്റ്റിന്‍ സംസാരിക്കുന്ന ഒരു യൂട്യൂബ് വീഡിയോയും ഈ പേജില്‍ പലതവണയായി പബ്ലിഷ് ചെയ്തിട്ടുണ്ട്. ആന്‍ലിയയുടെ മാതാപിതാക്കളുടെ തെറ്റിധാരണകള്‍ വളര്‍ന്ന് വൈദീകരടക്കം വരുന്ന സമൂഹത്തിലെ ഒട്ടനവധിപ്പേരെ ഹനിക്കുന്ന രീതിയില്‍ മാറിക്കൊണ്ടിരിക്കുകയാണെന്നാണ് ഈ പേജിലുള്ള പ്രധാന ആരോപണം. നേരത്തെ ഹൈജിനസ് ആരംഭിച്ച ജസ്റ്റീസ് ഫോര്‍ ആന്‍ലിയ എന്നി പേജില്‍ മരിച്ച പെണ്‍കുട്ടിയെ വ്യക്തിഹത്യ ചെയ്യുന്ന രീതിയില്‍ ചിലര്‍ കമന്റ് ചെയ്തിരുന്നു. ഹൈജിനസ് തന്റെ മകളുടെ മരണത്തില്‍ ജസ്റ്റിനെയും കുടുംബത്തെയും പ്രതിസ്ഥാനത്ത് നിര്‍ത്തി നീതിക്കായി പോരാട്ടം ശക്തമാക്കുകയും മാധ്യമങ്ങള്‍ ഇതിനു പിന്തുണ കൊടുക്കുകയും ചെയ്ത സാഹചര്യത്തില്‍ ജസ്റ്റിന്റെ നിരപരാധിത്വം ബോധിപ്പിക്കാനെന്നോണം ആന്‍ലിയയുടെ മരണം; യാഥാര്‍ത്ഥ്യങ്ങളും ആരോപണങ്ങളും എന്ന തലക്കെട്ടില്‍ ജസ്റ്റിന്റെ വീഡിയോ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ടായിരുന്നു. ആന്‍ലിയയുമായി ബന്ധപ്പെട്ട സോഷ്യല്‍ മീഡിയ എഴുത്തുകളിലും മാധ്യമവാര്‍ത്തകളിലും ഈ വീഡിയോ ലിങ്ക് തുടര്‍ച്ചയായി വന്നുകൊണ്ടിരിക്കുകയാണ്. ഇതിനു പിന്നാലെയാണ് ഫെയ്‌സ്ബുക്ക് പേജും വന്നിരിക്കുന്നത്.

ജസ്റ്റിന്റെ വിശദീകരണ വീഡിയോയില്‍ ആന്‍ലിയയെ മാനസിക പ്രശ്‌നമുള്ള പെണ്‍കുട്ടിയായാണ് സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്. ആന്‍ലിയയുടെ ഡയറിയിലും പൊലീസിന് എഴുതിയ പരാതിയിലും ഉണ്ടായിരുന്ന മുഖ്യ ആരോപണവും ജസ്റ്റിനും കുടുംബവും ചേര്‍ന്ന് തന്നെ ഭ്രാന്തിയാക്കി മുദ്ര കുത്തുന്നുവെന്നായിരുന്നു. പിതാവ് ഹൈജിനസ് ഉയര്‍ത്തുന്ന പരാതിയും മരിച്ച ശേഷവും തന്റെ മകളെ മനോരോഗിയാക്കിയും ആത്മഹത്യപ്രവണതയുള്ളവളും അഹങ്കാരിയുമായി ചിത്രീകരിക്കാന്‍ ശ്രമം നടത്തുന്നുവെന്നായിരുന്നു. ഒരു വൈദികനും ഇതിനു കൂട്ടുനില്‍ക്കുന്നുണ്ടെന്നും ഹൈജിനസ് ആരോപിച്ചിരുന്നു. ഈ ആരോപണങ്ങള്‍ ശരിവയ്ക്കുന്നതാണ് ജസ്റ്റിന്റെ വീഡിയോയും. അതില്‍ പറയുന്ന പ്രധാന ആരോപണങ്ങള്‍ ഇവയായിരുന്നു; ആന്‍ലിയയുടെ സ്വര്‍ണമോ പണമോ എടുത്തിട്ടില്ല. തനിക്ക് സ്ഥിര ജോലി ഇല്ലായിരുന്നുവെന്ന ആരോപണം ശരിയല്ല, ആന്‍ലിയയുടെ സ്വഭാവത്തില്‍ മാറ്റം വന്നതുകൊണ്ട് അത് ചികിത്സിച്ചു ഭേദമാക്കാന്‍ വേണ്ടിയാണ് നല്ല വരുമാനം ഉണ്ടായിരുന്ന ജോലി രാജിവച്ച് ഗള്‍ഫില്‍ നിന്നും പോന്നത്, ആന്‍ലിയ വിഷാദരോഗിയായിരുന്നു, കുട്ടിക്കാലം മുതല്‍ മാതാപിതാക്കളെ പിരിഞ്ഞിരിക്കേണ്ടി വന്നതും ഒറ്റയ്ക്കും ഹോസ്റ്റലുകളിലും താമസിക്കേണ്ടി വന്നതുമാണ് ആന്‍ലിയയെ വിഷാദരോഗിയാക്കിയത്, ആന്‍ലിയ ആത്മഹത്യ കുറിപ്പുകള്‍ എഴുതുമായിരുന്നു, പല സമയങ്ങളിലും വ്യത്യസ്തമായ പെരുമാറ്റമായിരുന്നു, ആന്‍ലിയയുടെ ഈ പ്രശ്‌നങ്ങള്‍ അവളുടെ മാതാപിതാക്കളെ അറിയിച്ചിരുന്നതാണ്. പക്ഷേ അവര്‍ പലതും മറച്ചുവയ്ക്കുകയായിരുന്നു, ആന്‍ലിയയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാതിരുന്നത് അവരുടെ വൈദികന്‍ പറഞ്ഞതുകൊണ്ടാണ്, ആന്‍ലിയയെ തനിക്ക് ഒരുപാട് ഇഷ്ടമായിരുന്നതതുകൊണ്ടാണ് ഈ പ്രശ്‌നങ്ങളൊക്കെ ഉണ്ടായിട്ടും ഡിവോഴ്‌സ് ചെയ്യാതിരുന്നത്, വിഷാദരോഗം ചികിത്സിച്ചു ഭേദമാക്കാനാണ് ശ്രമിച്ചത്, ആന്‍ലിയയുടെ മരണത്തില്‍ പങ്കില്ലെന്നു തെളിയിക്കാന്‍ മതിയായ തെളിവുകള്‍ ഉണ്ട്, തന്റെ കുഞ്ഞിനുവേണ്ടി ധൈര്യത്തോടെ മുന്നോട്ടു പോകും, കുഞ്ഞുങ്ങളെ തനിച്ചാക്കി ജോലി തേടി വിദേശത്തും മറ്റും പോകുന്നവര്‍ക്ക് ആന്‍ലിയയുടെ മാനസികാവസ്ഥയും അവളുടെ ജീവിതവും പാഠമാകണണം.

അവളെ ഡിവോഴ്‌സ് ചെയ്യാതെ ചികിത്സിച്ച് ഭേദമാക്കാനാണ് ശ്രമിച്ചത്; കുഴപ്പങ്ങളും പരാതികളും ആന്‍ലിയയ്ക്കും മാതാപിതാക്കള്‍ക്കുമെതിരേ ഉയര്‍ത്തി ജസ്റ്റിന്റെ വിശദീകരണം

എന്നാല്‍ ജസ്റ്റിന്റെ വാദങ്ങളും വിശദീകരണങ്ങളും ആരോപണങ്ങളുമെല്ലാം നിഷേധിച്ചുകൊണ്ടാണ് ഹൈജിനസ് തന്റെ മകളുടെ നീതിക്കായി മുന്നോട്ടു പോകുന്നത്. ഹൈജിനസ് ഈ വീഡിയോ ഇട്ടശേഷമാണ് കോടതിയില്‍ കീഴടങ്ങുന്നത്. കേസ് ഇപ്പോള്‍ ക്രൈംബ്രാഞ്ച് അന്വേഷിക്കുകയാണ്. ജസ്റ്റിനെ അവര്‍ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുമെന്നും അറിയുന്നു. ജസ്റ്റിന്‍ റിമാന്‍ഡില്‍ ആയിരിക്കുമ്പോഴും അയാള്‍ക്ക് വേണ്ടി പുറത്ത് വലിയ രീതിയില്‍ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്നതിന്റെ മറ്റൊരു തെളിവാണ് ജസ്റ്റീസ് ഫോര്‍ ആന്‍ലിയ എന്ന പുതിയ പേജ് എന്നാണ് വിമര്‍ശനം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍