UPDATES

സോഷ്യൽ വയർ

പറശ്ശിനിക്കടവ് മുത്തപ്പനും തെയ്യാട്ടക്കാവുകൾക്കുമറിയാം അവൾ വിശ്വാസിയാണെന്ന്; രേഷ്മയുടെ ഭര്‍ത്താവ്

ഇപ്പോൾ തിരിച്ചിറങ്ങുകയാണ്, പേടിച്ചിട്ടല്ല. ഇറക്കുകയാണ് ഇവിടുത്തെ ആണധികാര വ്യവസ്ഥിതി.

ശബരിമല ദർശനത്തിനെത്തി പ്രതിഷധത്തെ തുടർന്ന് ഇന്ന് മടങ്ങിയ രേഷ്മ നിഷാന്തിനെയും ഷാനില സജേഷിനെയും പിന്തുണച്ച് രേഷ്മയുടെ ഭർത്താവ് നിഷാന്ത് . പേടിച്ചിട്ടല്ല തിരിച്ചിറങ്ങുന്നതെന്നും ഇവിടുത്തെ ആണധികാര വ്യവസ്ഥിതിയാണ് തിരിച്ചിറക്കുന്നതെന്നും നിഷാന്ത് കുറിപ്പിൽ പറയുന്നു. രേഷ്മ വിശ്വാസിയാണെന്ന് കണ്ണൂരിലെ ചെറുകുന്നിലമ്മയ്ക്കും അന്നപൂർണേശ്വരീദേവിക്കും മാടായിക്കാവിലമ്മയ്ക്കും പറശ്ശിനിക്കടവ് മുത്തപ്പനുമറിയാം. വളപട്ടണം പുഴയ്ക്കും പഴയങ്ങാടിപ്പുഴയ്ക്കും ഇടയിലുള്ള തെയ്യാട്ടക്കാവുകൾക്കറിയാമെന്നും നിഷാന്ത് കുറിപ്പിൽ പറയുന്നു.

മാലയിട്ട് വ്രതം നോറ്റിട്ട് 100 ദിവസം പിന്നിട്ടാണ് രേഷ്മ ശബരിമല കയറാനെത്തിയത്. ചെറുകുന്ന് അന്നപൂർണേശ്വരി ക്ഷേത്രത്തിൽ വച്ച് 2018 ഒക്ടോബർ 14നാണു വ്രതം തുടങ്ങിയതെന്നും നിഷാന്ത് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. തളിപ്പറമ്പ് സർ സയ്യിദ് കോളജ് ഐടി വിഭാഗം താൽക്കാലിക അധ്യാപികയായി ജോലി ചെയ്യവേയാണു മാലയിട്ടത്. വ്രതം എടുത്തതു വിവാദമായതോടെ ജോലി ഉപേക്ഷിക്കേണ്ടി വന്നതായും കുറിപ്പ് പറയുന്നു.

അതിനിടെ, ശബരിമല കയറാനെത്തിയ റിപ്പോർട്ടുകൾ പുറത്തുവന്നതോടെ രേഷ്മ നിഷാന്തിന്റെ കണ്ണപുരം അയ്യോത്തുള്ള വീടിനു പൊലീസ് കാവൽ ഏർപ്പെടുത്തി. ഇരിണാവ് സർവീസ് സഹകരണ ബാങ്ക് മാനേജരാണ് രേഷ്മയുടെ ഭർത്താവ് നിഷാന്ത്.

നിഷാന്തിന്റെ ഫെയ്സ്ബുക് പോസ്റ്റ് പൂർണരൂപം:

പ്രായഭേദമില്ലാതെ ലിംഗഭേദമില്ലാതെ വിശ്വാസികളായ എല്ലാവർക്കും മല ചവിട്ടി അയ്യപ്പനെക്കാണാമെന്ന സുപ്രീം കോടതി വിധി വന്നതിനുശേഷം ആദ്യമായി മാലയിട്ടു വ്രതമെടുത്ത ഒരുവൾ അവളെപ്പോലെ മാലയിട്ടു വ്രതമെടുത്തു വരുന്ന കൂട്ടുകാരിക്കൊപ്പം ഭക്തരെന്ന് അവകാശപ്പെടുന്ന അക്രമികളുടെ കൊലവിളികളെ കൂസാതെ നീലിമലയിൽ ഉണ്ടായിരുന്നു കുറച്ചുമുമ്പ്.

ഇപ്പോൾ തിരിച്ചിറങ്ങുകയാണ്, പേടിച്ചിട്ടല്ല.
ഇറക്കുകയാണ് ഇവിടുത്തെ ആണധികാര വ്യവസ്ഥിതി.

ഇന്നേക്കു നൂറുദിനങ്ങൾ പിന്നിടുകയാണു താൻ വിശ്വസിക്കുന്ന ദൈവത്തെ കാണാനുള്ള വ്രതം.

അതെ, അവളുടെ ആ നൂറുദിനങ്ങൾ എന്റേതും ഞങ്ങളുടെ അഞ്ചു വയസ്സുകാരി മകളുടേതും കൂടിയാണ്. ഞങ്ങൾ പിന്നിട്ട ആത്മസംഘർഷങ്ങളുടേതാണ്.

അവൾ മാലയിട്ട ഞങ്ങളുടെ തട്ടകത്തമ്മയായ ചെറുകുന്നിലമ്മയ്ക്ക്, അന്നപൂർണേശ്വരീദേവിക്കറിയാം അവളെ.
മാടായിക്കാവിലമ്മയ്ക്കും പറശ്ശിനിക്കടവ് മുത്തപ്പനുമറിയാം. വളപട്ടണം പുഴയ്ക്കും പഴയങ്ങാടിപ്പുഴയ്ക്കും ഇടയിലുള്ള തെയ്യാട്ടക്കാവുകൾക്കറിയാം
അവൾ വിശ്വാസിയാണെന്ന്.

ഭർത്താവിനും കുഞ്ഞിനും അച്ഛനമ്മമാർക്കും വെച്ചുവിളമ്പിയും അവരുടെ വസ്ത്രങ്ങൾ അലക്കിയും വീടു വൃത്തിയാക്കിയും അധ്യാപക ജോലി ചെയ്തും അവളുടെതായ തുച്ഛമായ ജീവിതം സംതൃപ്തിയോടെ ജീവിച്ചു കൊണ്ടിരുന്ന വിശ്വാസിയായ ഒരു സാധാരണ പെൺകുട്ടി ശബരിമലയ്ക്കു പോവാൻ മാലയിട്ടു വ്രതമെടുക്കുന്നത് ആർക്കാണ് അഹിതമാകുന്നത്,
ആണഹങ്കാരങ്ങൾക്കല്ലാതെ?

വിശ്വാസത്തിന്റെ ബാരോമീറ്റർ കൈകാര്യം ചെയ്യുന്നതിന് സംഘികൾക്കോ സമൂഹത്തിൽ വിഷം ചീറ്റാൻ മാത്രം പിറവിയെടുത്ത ജനം ടിവിക്കോ ഇന്നാട്ടിലെ ഒരു നിയമവും അധികാരം ഏൽപ്പിച്ചു കൊടുത്തിട്ടില്ല.

സ്വന്തമായി നിലപാട് ഉള്ളതാണോ ആക്ടിവിസം? സുപ്രീം കോടതി വിധി അനുസരിച്ചു ശബരിമലയിൽ കയറുന്നതാണോ ആക്ടിവിസം? അതല്ലാതെ ഏത് ആക്ടിവിസ്റ്റ് മൂവ്മെന്റുകളിലാണു നിങ്ങൾ രേഷ്മയെയും ഷനിലയെയും കണ്ടിട്ടുള്ളത്?

എവിടെയുമില്ല.

വ്രതം നീണ്ടുനീണ്ടു പോകെ മകളൊരുത്തി പറയാറുണ്ട്:
‘അച്ഛാ, ഈ പെണ്ണുങ്ങളെ ശബരിമലേക്കേറ്റാത്ത ഗുണ്ടകളെയൊക്കെ എപ്പളാച്ഛാ അടിച്ചോടിക്ക്വാ?”

ബിന്ദുവും കനക ദുർഗയും ശബരിമലയിൽ കയറിയതിനെ തുടർന്ന് ശബരിമല അക്രമസമിതി നടത്തിയ ഹർത്താൽ ദിവസം എടപ്പാളിലെ സഹികെട്ട മനുഷ്യർ അക്രമികളെ അടിച്ചോടിക്കുന്ന വിഡിയോ അവൾ ആവർത്തിച്ചു കണ്ടിരുന്നു.

അവളുടെ ആ ചോദ്യത്തിൽ ആണ് എന്റെ പ്രതീക്ഷ. അവളുടെ തലമുറയ്ക്കും കൂടി വേണ്ടിയുള്ള പോരാട്ടത്തിലാണ് അമ്മയെന്ന് ഒരു നാൾ അവൾ മനസ്സിലാക്കും.

എനിക്കറിയാം,
Reshma Nishanth Shanila Sajesh Thej
അവർക്കു വേണ്ടി അയ്യപ്പനു വേണ്ടി
നിങ്ങൾ പോരാട്ടം തുടരുക തന്നെ ചെയ്യുമെന്ന്.

സ്വാമി ശരണം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍