അണികള്‍ക്ക് നിര്‍ദ്ദേശം നല്‍കി അവര്‍ക്ക് ഹെലികോപ്ടറില്‍ പോകാമായിരുന്നു. അങ്ങനെ ചെയ്തില്ല. അതിനെയാണ് കരുണ, കരുതല്‍, മനുഷ്യത്വം, നേത്യ ഗുണം എന്നൊക്കെ പറയുന്നത്
വയനാട്ടിലെ പത്രിക സമര്‍പ്പണത്തിനു ശേഷം രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോയ്ക്കിടെ പരിക്കേറ്റ മാധ്യമപ്രവര്‍ത്തകനെതിരേ വളരെ രൂക്ഷമായ സൈബര്‍ ആക്രമണമാണ് നടക്കുന്നത്. റോഡ് ഷോയ്ക്കിടയില്‍ ബാരിക്കേഡ് തകര്‍ന്നു ഉണ്ടായ അപകടം അവിടെ നടന്ന നാടകമാണ് എന്ന രീതിയിലാണ് സമൂഹ മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നത്. ഇത്തരം വാര്‍ത്തകള്‍ക്കെതിരെ അഴുമുഖത്തോട് തന്റെ പ്രതികരണം അറിയിക്കുകയാണ് റിക്‌സണ്‍ എടത്തില്‍ എന്ന മാധ്യമ പ്രവര്‍ത്തകന്‍.
വ്യാഴാഴ്ച്ചയാണ് രാഹുല്‍ ഗാന്ധി വയനാട്ടില്‍ പത്രിക സമര്‍പ്പിക്കുന്നതിനായി എത്തിയത്. തിരക്കുള്ള ദിവസമായിരുന്നിട്ടും ആദ്യ ബുള്ളറ്റിന്‍ മുതല്‍ കളക്ട്രേറ്റിനു മുന്നില്‍ നിന്നു ലൈവ് നല്‍കുകയായിരുന്നു. പതിനൊന്നു മണിയോടെയാണ് മാധ്യമപ്രവര്‍ത്തകര്‍ക്കായി ഒരുക്കിയ മിനി ടെമ്പോ വാനില്‍ കയറുന്നത്. വണ്ടിയിലും നല്ല തിരക്കായിരുന്നു. എങ്കിലും നല്ലൊരു വിഷ്വലും പി ടു സിയും കിട്ടുമെന്ന് തോന്നി. ദൂരക്കൂടുതല്‍ ഉള്ളതിനാല്‍ വണ്ടിയുടെ ഇരുവശങ്ങളിലുമായി തൂങ്ങിക്കിടന്നാണ് മുന്നോട്ടു പോയത്.
പിന്നീട് ഇരു വശങ്ങളിലും ഇരുമ്പ് കമ്പികള്‍ കൊണ്ടുള്ള ബാരിക്കേഡില്‍ ഇരുന്നു. അപ്പോഴും മനസ്സലില്‍ നല്ല കുറച്ചു വിഷ്വല്‍സ് ലഭിക്കണമെന്നായിരുന്നു. എന്നാല്‍ ജാമര്‍ വെച്ചതിനാല്‍ അവിടെയിരുന്ന് ലൈവ് കൊടുക്കാന്‍ സാധിച്ചില്ല. റോഡ് ഷോ കഴിഞ്ഞതിനു ശേഷം ഹെലിപ്പാടുള്ള സ്ഥലത്തേക്ക് ആദ്യം എത്തിയത് ഞങ്ങള്‍ സഞ്ചരിച്ച വാഹനമായിരുന്നു. എന്നാല്‍ വണ്ടി തിരിഞ്ഞതും കുറച്ച് ആളുകള്‍ ആ വശത്തേക്ക് തിരിയുകയും തൂങ്ങി കിടന്നവര്‍ ബാരിക്കേഡില്‍ ശക്തിയായി പിടിച്ചതിനാല്‍ ബാരിക്കേഡ് തകര്‍ന്ന മുകളില്‍ ഇരുന്ന ഞാന്‍ താഴേക്ക് വീഴുകയുമായിരുന്നു.
അപ്പോഴും വണ്ടി ഓടിക്കൊണ്ടിരിക്കുകയായിരുന്നു. വീഴ്ച്ചയില്‍ ശരീരകമാകെ മരവിച്ചപോലെയായി. ആരൊക്കെയാണ് രക്ഷാപ്രവര്‍ത്തനത്തിനെത്തിയതെന്നും മനസ്സിലായിരുന്നില്ല. പിന്നീട് രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും രക്ഷാപ്രവര്‍നത്തിന് എത്തിയതിനാലാണ് വേഗം തന്നെ ആളുകള്‍ ആശുപത്രിയില്‍ എത്തിച്ചത്. ഇല്ലായിരുന്നെങ്കില്‍ പിറകില്‍ നിന്നും വരുന്ന അണികളുടെയും ജനങ്ങളുടെയുമെല്ലാം ചവിട്ടു കൊണ്ട് അവിടെ കിടന്നേനെ. അപകടത്തില്‍ കൈപ്പത്തിക്ക് പൊട്ടലും തോളെല്ലിനു പരിക്കുമുണ്ട്. ചികിത്സയിലാണ് ഇപ്പോള്‍.
ഇതുമായി ഉണ്ടാകുന്ന സൈബര്‍ ആക്രമണങ്ങള്‍ തികച്ചും അനാവശ്യമാണ്. എനിക്ക് വ്യക്തമായ രാഷ്ട്രീയ ബോധം ഉണ്ട്. എന്നാല്‍ അത് ജോലിയില്‍ കലര്‍ത്തിയിട്ടല്ല. എന്റെ ഷൂ ഊരിയതും ഷര്‍ട്ടിന്റെ ബട്ടണ്‍ ഊരിയതുമെല്ലാം പ്രിയങ്ക ഗാന്ധിയാണ്. അത് നെഹ്‌റു കുടുംബത്തിന്റെ സംസ്‌കാരമാണ്.
എനിക്ക് ശുദ്ധവായു ലഭിക്കാനാണ് അവര്‍ ശ്രമിച്ചത്. അവരുടെ മനുഷ്യത്വംകൊണ്ടാണ് അങ്ങനെ ചെയ്തത്. രാഹുലിനും പ്രയങ്കയ്ക്കും ആ ഗുണമുണ്ടെന്നാണ് എനിക്കെന്റെ അനുഭവത്തിലൂടെ മനസ്സിലായത്. അല്ലെങ്കില്‍ അണികള്‍ക്ക് നിര്‍ദ്ദേശം നല്‍കി അവര്‍ക്ക് ഹെലികോപ്ടറില്‍ പോകാമായിരുന്നു. അങ്ങനെ ചെയ്തില്ല. അതിനെയാണ് കരുണ, കരുതല്‍, മനുഷ്യത്വം, നേത്യഗുണം എന്നൊക്കെ പറയുന്നത്.
പോയതിനു ശേഷവും അവര്‍ ട്വീറ്റ് ചെയ്തിരുന്നു. ഉമ്മന്‍ചാണ്ടി, രമേശ് ചെന്നത്തല, മുല്ലപ്പള്ളി, കൊടിക്കുന്നില്‍ സുരേഷ് തുടങ്ങിയ നേതാക്കള്‍ വിളിച്ച് അന്വേഷിച്ചിരുന്നു. ഇപ്പോള്‍ നടക്കുന്ന വ്യജ പ്രചരണങ്ങളെ കാര്യമാക്കുന്നില്ല. എന്റെ രാഷ്ട്രീയനിലപാടുകളില്‍ കൂടി തന്നെയാണ് ഞാന്‍ സഞ്ചരിക്കുന്നത്.