UPDATES

സോഷ്യൽ വയർ

‘നിരാശ നിറഞ്ഞ ഈ കാലത്ത് പ്രതീക്ഷയുടെ പൊന്‍വെളിച്ചമാണ് നിങ്ങള്‍’; രാഹുല്‍ ഗാന്ധിയെ പുകഴ്ത്തി പന്ന്യന്‍ രവീന്ദ്രന്റെ മകന്‍

താളുകൾ മറിയ്ക്കുന്തോറും തിളക്കം കൂടി കൂടി വരുന്നൊരു പാഠം പുസ്തകമായി മാറി കൊണ്ടിരിക്കുകയാണ് രാഹുൽ നിങ്ങൾ

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വയനാട്ടില്‍ മത്സരിച്ച കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പുകഴ്ത്തി മുന്‍ സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്റെ മകന്‍ രൂപേഷ് പന്ന്യന്‍. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് രാഹുല്‍ ഗാന്ധിയെ പുകഴ്ത്തിക്കൊണ്ട് രംഗത്തെത്തിയത്.

പാഠം ഒന്ന് രാഹുല്‍ എന്ന തലക്കെട്ടോടെയാണ് രൂപേഷ് പന്ന്യന്റെ കുറിപ്പ് തുടങ്ങുന്നത്. സമ്പന്നതയുടെ മടി തട്ടില്‍ പിറന്നു വീണിട്ടും സമ്പന്നരോടകലം പാലിക്കുന്ന നിങ്ങളെ, ദരിദ്രരായി പിറന്നു വീണ് സമ്പന്നരെ മാത്രം അടുപ്പക്കാരാക്കാന്‍ തിടുക്കം കൂട്ടുന്ന ഈ കാലത്തെ നേതാക്കളുമായി ഞങ്ങളെങ്ങനെ കൂട്ടിക്കെട്ടുമെന്നും എല്‍.ഡി.എഫ് കുടുംബയോഗത്തില്‍ സംസാരിച്ചപ്പോഴും ,ഇടതു പക്ഷം ജയിക്കണം രാഹുലിനു കരുതലായി എന്ന സന്ദേശത്തിലൂടെയാണ് താന്‍ സംസാരിച്ചതെന്നും രൂപേഷ് പന്ന്യന്‍ കുറിപ്പില്‍ പറഞ്ഞു.

പോസ്റ്റ് പൂര്‍ണ്ണരൂപത്തില്‍,

പാഠം ഒന്ന് രാഹുൽ …

താളുകൾ മറിയ്ക്കുന്തോറും തിളക്കം കൂടി കൂടി വരുന്നൊരു പാഠം പുസ്തകമായി മാറി കൊണ്ടിരിക്കുകയാണ് രാഹുൽ നിങ്ങൾ…

നിരാശ നിറഞ്ഞ ഈ കാലത്ത് പ്രതീക്ഷയുടെ പൊൻവെളിച്ചമായി നിങ്ങളല്ലാതെ മറ്റൊരു മുഖം ഞങ്ങൾക്ക് മുന്നിലില്ല രാഹുൽ ….

അംബാനിമാരുടെയും അദാനി മാരുടെതുമല്ല ഈ നാട് എന്നുറക്കെ… ചങ്കൂറ്റത്തോടെ വിളിച്ചു പറയാൻ നിങ്ങൾക്കല്ലാതെ മറ്റാർക്കുമാവുന്നില്ലല്ലോ രാഹുൽ..

സമ്പന്നതയുടെ മടിതട്ടിൽ പിറന്നു വിണിട്ടും സമ്പന്നരോടകലം പാലിക്കുന്ന നിങ്ങളെ.. 
ദരിദ്രരായി പിറന്നു വീണ്…
സമ്പന്നരെ മാത്രം അടുപ്പക്കാരാക്കാൻ തിടുക്കം കൂട്ടുന്ന ഈ കാലത്തെ നേതാക്കളുമായി ഞങ്ങളെങ്ങിനെ കൂട്ടിക്കെട്ടും രാഹുൽ ..

ബാരാ കോട്ടിൽ രാജ്യത്തോടൊപ്പം നിന്ന്..ശത്രുവിന് മുന്നിൽ നമ്മളൊന്നാണെന്ന ശരാശരി ഇന്ത്യക്കാരന്റെ മനസ്സ് പങ്കുവെച്ചപ്പോൾ .. നിങ്ങൾ ഇടിച്ചു കയറിയത് ഓരോ ഭാരതീയന്റെയും ഇടനെഞ്ചിലേക്കായിരുന്നു രാഹുൽ …

വയനാട്ടിൽ പറന്നിറങ്ങിയ നിങ്ങളെ വാക്കുകൾ കൊണ്ടാവോളം നോവിച്ചവരെ ഹൃദയപക്ഷമായി ചേർത്തു പിടിച്ചപ്പോൾ നിങ്ങൾ കൈമാറിയ സന്ദേശം പക്വതയുടെയും പാകതയുടെയും മാത്രമായിരുന്നില്ല ഇടതുപക്ഷമെന്ന നന്മപക്ഷവുമായി ഇടഞ്ഞു നില്ക്കാനുള്ളതല്ല കാലം നിങ്ങളെ ഏൽപ്പിച്ച നിയോഗം എന്ന തിരിച്ചറിവു തന്നെയായിരുന്നു രാഹുൽ …

നെഞ്ചകം നോവും നിരാശ മാത്രം ബാക്കിയാക്കിയ അഞ്ചു വർഷങ്ങൾക്ക് ശേഷം പ്രത്യാശയുടെ ഇളം കാറ്റ് തേടിയലയുന്ന ഞങ്ങളുടെ കാഴ്ചയിൽ മമതയും മായാവതിയും നായിഡുവും ഒരിക്കലുമുണ്ടായിട്ടില്ല രാഹുൽ …

ചിരി തൂകും ആ മുഖത്തിന് പിന്നിൽ.. സ്നേഹവും നന്മയും ലാളിത്യവും ചങ്കൂറ്റവും മാത്രമാണെന്ന് ഞങ്ങളറിയാതെ ഞങ്ങളുടെ മനസ്സിനെ കൊണ്ടു പറയിച്ചത്…
വിനയവും ലാളിത്യവും രാജ്യ സ്നേഹവും സാധാരണക്കാരോടുള്ള അസാധാരണ അടുപ്പവും നിങ്ങളുടെ മുഖത്തും പ്രവൃത്തിയിലും കലർപ്പില്ലാതെ എഴുതി ചേർത്തത് ആർക്കും എളുപ്പത്തിൽ വായിക്കാൻ പറ്റുന്നത്രയും തെളിമയോടെ തെളിഞ്ഞു നില്ക്കുന്നതു കൊണ്ടു മാത്രമാണ് രാഹുൽ…

രാജ്യനന്മയ്ക്കായി.. നല്ലൊരിന്ത്യക്കായി നിങ്ങളോട് ചേർന്നു നില്ക്കാതെ ഞങ്ങളെങ്ങിനെ ഹൃദയപക്ഷമാകും രാഹുൽ …

(LDF കുടുംബയോഗത്തിൽ സംസാരിച്ചപ്പോഴും.. ഇടതുപക്ഷം ജയിക്കണം രാഹുലിന് കരുതലായി.. എന്ന സന്ദേശത്തിലൂന്നി തന്നെയായിരുന്നു ഞാൻ സംസാരിച്ചതും… മനസ്സ് ആഗ്രഹിച്ചതും) ( അഭിപ്രായങ്ങൾ തികച്ചും വ്യക്തിപരം)’

 

Read More : വാട്‌സ് ആപ്പ് നഷ്ടത്തില്‍ തന്നെ; ഇന്ത്യയില്‍ ഫേസ്ബുക്കിന് വലിയ ഭീഷണിയാകുന്നുവെന്ന് സുക്കര്‍ബര്‍ഗ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍