UPDATES

സോഷ്യൽ വയർ

ആണുങ്ങളുടെ മാത്രം കളിയരങ്ങിലേക്ക്.. പെണ്ണുകയറാമലയിലേക്ക് നിശ്ശങ്കം നടന്നു കയറിയ ഒരു ‘ആട്ടക്കാരി’

ആ ആട്ടക്കാരുടെ കൂടെ ഒരൊറ്റ സ്ത്രീ ഉണ്ടായിരുന്നു. പുളിയിലക്കരയുള്ള മുണ്ടും നേരിയതും ചുറ്റിപ്പുതച്ച്, തോളിലൊരു വലിയ ബാഗും തൂക്കി ചവറ പാറുക്കുട്ടി തനിയെ നടന്ന് പോകുന്നു. ആണുങ്ങളുടെ മാത്രം കളിയരങ്ങിലേക്ക്.

80 കളുടെ മധ്യത്തിലാണ്. തിരുനക്കര യമ്പലത്തിനടുത്ത് ശ്രീരംഗം ഓഡിറ്റോറിയത്തില്‍ ‘കളിയരങ്ങി’ന്റെ പ്രതിമാസ കഥകളി പരിപാടി വൈകിട്ട് കൃത്യം 6 മണിക്കാണ് തുടങ്ങുക.9 മണിയോടെ അവസാനിക്കും. ഉച്ച കഴിയുമ്പോള്‍ ഞാനെന്റെ വീടിന്റെ മതിലിനരികില്‍ ചെന്നു നില്‍ക്കും. പ്രശസ്തരും അപ്രശസ്തരുമായ കഥകളി കലാകാരന്മാരെല്ലാം ഞങ്ങളുടെ വീടിന്റെ മുന്നിലൂടെ നടന്ന് ശ്രീരംഗത്തിലേക്ക് പോകും. അത് കാണാനാണ്. അവരില്‍ ചെണ്ടയും മദ്ദളവും തോളിലിട്ട് നടക്കുന്ന വാദ്യക്കാര്‍, കുട്ടിവേഷക്കാര്‍, പ്രമുഖ നടന്മാര്‍ ഒക്കെയുണ്ടാകും. ഗോപിയാശാനും, കോട്ടക്കല്‍ ശിവരാമനും നെല്ലിയോടും, മാത്തൂര്‍ ഗോവിന്ദന്‍ കുട്ടിയും കലാകേന്ദ്രം മുരളീകൃഷ്ണനും സദനം കൃഷ്ണന്‍കുട്ടിയും മാര്‍ഗി വിജയകുമാറും കലാമണ്ഡലം കേശവനും തിരുവല്ല ഗോപിക്കുട്ടനും.. എല്ലാ മാസവും കാണുന്നവരെത്തന്നെ വീണ്ടും വീണ്ടും കാണാന്‍ ഞാനവിടെ കാത്തു നിന്നു. അങ്ങനെ ഒരു പെണ്ണ് മതിലിങ്കല്‍ പോയി ആട്ടക്കാരെ കാണാന്‍ നില്‍ക്കുന്നതൊന്നും നല്ല ‘കുല’ ലക്ഷണമല്ലായിരുന്നു. പക്ഷേ, എന്റെ വീട്ടില്‍ അതൊക്കെ സാധ്യമായിരുന്നു. തിരിഞ്ഞു നോക്കുമ്പോള്‍ ഭാഗ്യം ഭാഗ്യം എന്നേ പറയാനുള്ളു.

ആ ആട്ടക്കാരുടെ കൂടെ ഒരൊറ്റ സ്ത്രീ ഉണ്ടായിരുന്നു. പുളിയിലക്കരയുള്ള മുണ്ടും നേരിയതും ചുറ്റിപ്പുതച്ച്, തോളിലൊരു വലിയ ബാഗും തൂക്കി ചവറ പാറുക്കുട്ടി തനിയെ നടന്ന് പോകുന്നു. ആണുങ്ങളുടെ മാത്രം കളിയരങ്ങിലേക്ക്. കനക ദുര്‍ഗ്ഗക്കോ ബിന്ദുവിനോ ഒക്കെ എത്രയോ മുന്‍പ് പെണ്ണുകയറാമലയിലേക്ക് നിശ്ശങ്കം നടന്നു കയറിയ ‘ആട്ടക്കാരി’.

അന്നൊക്കെ അവര്‍ക്ക് അപ്രധാന വേഷങ്ങളായിരുന്നു. നോട്ടീസില്‍ പേര് അവസാനഭാഗത്താകും. പ്രബുദ്ധ ‘പരമ്പരാഗത’ കഥകളിയാസ്വാദകര്‍ പരമപുച്ഛത്തോടെ ‘ചവറ പാറുക്കുട്ടി’ എന്ന് അശ്ലീലച്ചുണ്ടു കോട്ടുന്നത് ഞാനെത്രയോ തവണ കണ്ടിട്ടുണ്ട്. ഉയരക്കുറവിനെ പരിഹസിക്കുന്നത് കേട്ടിട്ടുണ്ട്. അവരുടെ ധൈര്യത്തില്‍ അന്നൊക്കെ അമ്പരന്നിട്ടുണ്ട്.

പക്ഷേ, ആ ആണരങ്ങുകളിലെല്ലാം അവര്‍ പതിവായി വന്നു. തന്റെ വേഷം പരമാവധി സമര്‍പ്പണത്തോടെ ചെയ്ത് നിശ്ശബ്ദയായി തനിയെ തിരികെ പോയി.

മറക്കില്ല ആ പുളിയിലക്കര പുതമുണ്ടും തോളില്‍ തൂങ്ങുന്ന കറുത്ത ബാഗും. കയറ്റം കയറുന്നോള്‍ വലതു കൈ ആയത്തില്‍ പിന്നില്‍ നിന്ന് മുന്നോട്ടെടുത്താണ് അവര്‍ നടന്നിരുന്നത്. ചൂണ്ടുവിരല്‍ നീട്ടി പിടിച്ചിരിക്കും. അവര്‍ എത്ര യുദ്ധങ്ങള്‍ നടത്തിയിരിക്കും. കരഞ്ഞിട്ടുണ്ടാകും… എത്ര കുത്തുവാക്കുകള്‍.. എത്ര പരിഹാസങ്ങള്‍…ഉറപ്പല്ലേ… സംശയിക്കാനില്ല.

പരിഹസിക്കുന്നവരെ അവഗണിക്കുവാന്‍ അവരെങ്ങനെ പരിശീലിച്ചുവെന്ന് പല അഭിമുഖങ്ങളിലും വായിച്ചിട്ടുണ്ട്. കലയോടുള്ള അടങ്ങാത്ത സമര്‍പ്പണത്തെ പ്രതിരോധത്തിനുള്ള ആയുധമാക്കിയ, എല്ലാത്തരം അധീശത്വത്തിനെതിരെയും കുറിയ ഒറ്റയുടല്‍ കൊണ്ടു പൊരുതിയ, കലാകാരികളുടെ സ്വാതന്ത്ര്യബോധവും അന്തസ്സും കാത്തുസൂക്ഷിക്കുവാന്‍ കഷ്ടതകള്‍ സഹിച്ചു മുന്നേറിയ വലിയ കലാകാരിയാണ് അരങ്ങൊഴിഞ്ഞത്.

കലയിലെ, സാംസ്‌കാരിക ബോധ്യങ്ങളിലെ ഫാസിസത്തെ ധിക്കരിച്ചു കൊണ്ട് പില്‍ക്കാലത്തെ കലാകാരികള്‍ക്ക് പ്രതീക്ഷയോടെ മുന്നോട്ട് മുന്നോട്ട് എന്ന് ദിശ കാണിച്ച് ചുണ്ടുവിരല്‍ നീട്ടി നടന്നു പോയ ആദരണീയയായ കലാകാരി ചവറ പാറുക്കുട്ടിയമ്മയുടെ കാല്‍ക്കല്‍ സാഭിമാനം സാഷ്ടാംഗം പ്രണമിക്കുന്നു.

അമ്മേ, നിങ്ങളുടെ ഒരു ശ്രമവും വൃഥാവിലായില്ല. കലാകാരികള്‍ കേരളത്തില്‍ പ്രതിരോധ സമരങ്ങളുടെ മുന്‍ നിരയിലുണ്ട്.. ഞങ്ങളുടെ കാതിനരികിലൂടെ ഭൂതകാലത്തിന്റെ ഒരു തേനീച്ച മൂളിപ്പാഞ്ഞു പോകുന്നുണ്ട്.

(എസ്.ശാരദക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്)

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍