UPDATES

സോഷ്യൽ വയർ

ശ്രീധരൻ പിള്ളയുടെ ‘സുവർണാവസരം’ കേരളത്തിലെ സംഘപരിവാറിന്റെ വാട്ടർലൂ ആയി മാറുമോ?

അൻപത് ലക്ഷം സ്ത്രീകൾ തെരുവിൽ ഒന്നിച്ചണി നിരന്നതോടെ തന്നെ പൊളിറ്റിക്കൽ ഹിന്ദുത്വയുടെ മെതഡോളജി കേരളത്തിൽ ഏകദേശം പരാജയപ്പെട്ടതാണ്.

കടുത്ത ശുഭാപ്തി വിശ്വാസ പോസ്റ്റാണ്. എത്ര വലിയ ദുരന്ത ബോധമുള്ളവരെപ്പോലും ശുഭാപ്തി വിശ്വാസിയാക്കുന്ന ഹർത്താലാണല്ലോ കഴിഞ്ഞത്.ശ്രീധരൻ പിള്ളയുടെ ഗോൾഡൻ ഓപ്പർച്യൂനിറ്റി സംഘപരിവാറിന്റെ കേരളത്തിലെ വാട്ടർലൂ ആയി മാറാനുള്ള എല്ലാ സാധ്യതയും കാണുന്നുണ്ട്.

അവർ കേരളത്തെ ഒരു നവോത്ഥാനാനന്തര സമൂഹമായി താത്വികമായോ പ്രായോഗികമായോ മനസിലാക്കുന്നില്ല.വെറുപ്പിന്റെ രാഷ്ട്രീയം വിളവെടുക്കാൻ നോർത്ത് ഇന്ത്യൻ സമൂഹങ്ങളിൽ സ്വീകരിക്കുന്ന അതേ രീതിശാസ്ത്രം പ്രയോഗിച്ചു നോക്കുന്നു എന്നിടത്താണവർ പരാജയപ്പെടാൻ പോകുന്നത്. ഇത്ര കാലമാ പരാജയം ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ രാഷ്ട്രീയ പ്രതിരോധം മൂലമായിരുന്നെങ്കിൽ ഇനിയങ്ങോട്ട് പൊതുബോധം തന്നെ ആ രീതിപദ്ധതിയ്ക്ക് മരണമൊഴി ചൊല്ലി അവസാനിപ്പിക്കാനാണ് എല്ലാ വഴിയും.

നവോത്ഥാനാനന്തര സമൂഹമെന്ന നിലയിൽ രാഷ്ട്രീയ വിജയത്തിന് ജനങ്ങളെ അഭിമുഖീകരിക്കുകയല്ലാതെ മറ്റ് വഴികളൊന്നുമില്ല. പൂർവ്വാധുനികമായ വൈകാരികാഭിമുഖ്യങ്ങളെ മുൻനിർത്തി കടുത്ത അക്രമവും ഭീതിയും വിതച്ച് വീരാരാധനയിലൂടെ അധികാരം പിടിക്കുക കേരളത്തിൽ അത്രയെളുപ്പം സാധ്യമല്ല. ഇതര സമൂഹങ്ങളിൽ നിന്ന് കേരളത്തെ വ്യതിരക്തമാക്കുന്നതും നവോത്ഥാനം സൃഷ്ടിച്ച ലിബറൽ പൊതുമണ്ഡലത്തിന്റെ ബലമാണ്. രാഷ്ട്രീയ സംവാദത്തിന്റെ അലകടൽ സൃഷ്ടിച്ച് തോണി തുഴഞ്ഞ് കേറലേ ഇവിടെ സാധ്യമാവൂ. നാഗ്പൂർ ഗവേഷണം ചെയ്തു കണ്ടെത്തിയ ഫ്രിഞ്ച് ഗ്രൂപ്പുകളെ വെച്ചുള്ള എക്സിക്യൂഷൻ, എടപ്പാളിലോടിയ ഓട്ടം കേരളം മുഴുവനോടേണ്ടി വരും.

ശബരിമല കർമ്മ സമിതി പ്രഖ്യാപിച്ച ബി.ജെ.പി പിന്തുണച്ച ഇന്നത്തെ ഹർത്താലായിരിക്കണം സംസ്ഥാന സർക്കാർ ശബരിമല വിഷയത്തിൽ നേരിട്ട സുപ്രധാന ചലഞ്ച്.താഴെയിറക്കുമെന്ന സംഘ് പരിവാർ നേതാക്കളുടെ നിരന്തര പ്രസ്താവനകളും ആക്രമ സംഭവങ്ങളെക്കുറിച്ച് മുഖ്യമന്ത്രിയോടുള്ള ഗവർണറുടെ ഇന്നത്തെ വിശദീകരണം തേടലും യാദൃശ്ചികമല്ല. ആക്രമസംഭവങ്ങൾക്ക് ഏകീകൃത സ്വഭാവമുണ്ടായിരുന്നതും ഒരേ രീതിയിൽ മുഖം മറച്ച് തല്ലിത്തകർക്കലുകൾ നടന്നതും ഒട്ടും യാദൃശ്ചികമല്ല. കടുത്ത ഒരു പോലീസ്‌ നടപടിയും അതിനനുയോജ്യമായ കാഷ്വാലിറ്റീസും അവർ ഉറപ്പായും പ്രതീക്ഷിച്ചിരിക്കണം.അഭ്യന്തര പരാജയമെന്ന രീതിയിൽ ദേശീയ ശ്രദ്ധ ക്ഷണിക്കലും ഇടയ്ക്ക് മങ്ങിയ കേരള ഹേറ്റ് കാമ്പയിനിന്റെ തുടരലും ലക്ഷ്യമായിരുന്നിരിക്കണം.

ഈ പ്രതീക്ഷകളെ, സിവിൽ സൊസൈറ്റിയെ വെച്ച് രാഷ്ട്രീയമായി പൊളിക്കാൻ പറ്റി എന്നതാണ് സർക്കാരിന്റെ സർവ്വോപരി ഇടതുപക്ഷത്തിന്റെ വിജയമായത്. നിരന്തരം പരിഹസിക്കപ്പെട്ട പുത്തരിക്കണ്ടം മോഡൽ നവോത്ഥാന പ്രസംഗങ്ങളുടെ, വീട് വീടാന്തരമുള്ള കയറിയിറങ്ങലുകളുടെ രാഷ്ട്രീയ ശേഷി വാസ്തവത്തിലിതായിരുന്നു.നേരിട്ടൊരു പോലീസ് നടപടിയില്ലാതെ,നാം നവോത്ഥാനാനന്തര സമൂഹമാണെന്ന് ഒന്നൊന്നര മാസക്കാലം കവലകളിൽ മൈക്ക് കെട്ടി പ്രസംഗിച്ച പരിപാടിയുടെ ഗുണഫലമാണ് സംഘികൾ ഇന്ന് ഓടിയ ഓട്ടം.

അതൊരു പൊളിറ്റിക്കൽ വിഷനാണ്. നവോത്ഥാനത്തിൽ ഏതെങ്കിലും നിലയിൽ പങ്കു കൊണ്ട ഏത് പ്രസ്ഥാനവും സ്വീകരിക്കുന്ന രാഷ്ട്രീയ തന്ത്രം.നവോത്ഥാന ചരിത്രത്തിൽ റോളില്ലാത്ത, കഴിയുന്ന നിലയിലതിനെ പിന്നോട്ടടിക്കാൻ പണിയെടുക്കുന്ന കൂട്ടർക്കത് മനസിലാവില്ല.അവർ മസിൽ പവർ കൊണ്ട് ആക്രോശിക്കുമ്പോൾ മറുപക്ഷം വീട് കയറുകയായിരുന്നു.

ഇടതുപക്ഷത്തിന്റെ, സി പി എമ്മിന്റെ, പിണറായി വിജയന്റെ, കവലയിൽ തൊണ്ട കീറിയവർ തൊട്ട് വീട് കയറിയിറങ്ങിയ സാധാരണ സഖാക്കൾ വരെയുള്ളവരുടെ രാഷ്ട്രീയ വിജയമാണ് ഇന്നത്തെ ഹർത്താലിനെ ജനം നേരിട്ട വിധം. ഒരു പത്ത് രണ്ടായിരമെണ്ണത്തിനെതിരെ കേസും കൂടി വന്നാൽ സംഭവം ഏകദേശം നടുവെട്ടി കുറച്ച് കാലം കിടന്നോളും.

അല്ലെങ്കിൽ തന്നെ അൻപത് ലക്ഷം സ്ത്രീകൾ തെരുവിൽ ഒന്നിച്ചണി നിരന്നതോടെ തന്നെ പൊളിറ്റിക്കൽ ഹിന്ദുത്വയുടെ മെതഡോളജി കേരളത്തിൽ ഏകദേശം പരാജയപ്പെട്ടതാണ്. ഇന്നു നടന്നവയാവട്ടെ അതിന്റെ പ്രായോഗിക ആവിഷ്കാരങ്ങളിലൊന്നും.

ശ്രദ്ധിക്കേണ്ടത് മാറാൻ സാധ്യതയുള്ള അടവുകളെയാണ്.പെട്ടെന്ന് തോറ്റു പിൻമാറാൻ വെറുപ്പിന്റെ രാഷ്ട്രീയത്തിന് കഴിയില്ലല്ലോ.

ഫേസ്ബുക് പോസ്റ്റ്
(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

റഫീഖ് ഇബ്രാഹിം

റഫീഖ് ഇബ്രാഹിം

അധ്യാപകൻ, എഴുത്തുകാരൻ

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍