UPDATES

സോഷ്യൽ വയർ

സച്ചിന്‍ തെണ്ടുല്‍ക്കറെ ഷേവ് ചെയ്തത് ഉത്തര്‍പ്രദേശിലെ രണ്ടു സഹോദരിമാര്‍; ‘ബാര്‍ബര്‍ഷോപ്പ് ഗേള്‍സി’ന്റെ കഥ

ഉത്തര്‍പ്രദേശിലെ ബന്‍വാരിടോലയില്‍ സഹോദരിമാരായ ജ്യോതിയും നേഹയുമാണ് അച്ഛന്റെ ബാര്‍ബര്‍ ജോലി ചെയ്യുന്നത്

ഉത്തര്‍പ്രദേശിലെ ബന്‍വാരിടോലയില്‍ നിന്നുള്ള സഹോദരിമാരായ ജ്യോതിയും നേഹയുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരങ്ങള്‍. ഒരു പരസ്യമാണ് ഇരുവരുടെയും ജീവിതം മാറ്റിമറിച്ചത്. ഇന്ത്യന്‍ ജീവിതത്തില്‍ ഇന്നും നിലനില്‍ക്കുന്ന ലിംഗവിവേചനത്തെ വിജയകരമായി മറികടന്ന ഇരുവരെയും ഗില്ലറ്റ് ഇന്ത്യ തങ്ങളുടെ പരസ്യത്തിലൂടെ അവതരിപ്പിച്ചു. ഇതാകട്ടെ, ഒന്നര കോടിയിലധികം പേരാണ് ഇതുവരെ കണ്ടത്. ഇതിനു പിന്നാലെ മറ്റൊരാള്‍ ഇവരെ കാണാനെത്തി; ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍.

പിതാവ് രോഗബാധിതനായതോടെയാണ് ജീവിതം മുന്നോട്ടു കൊണ്ട് പോകാന്‍ സഹോദരിമാര്‍ ഒരു വഴി കണ്ടെത്തിയത്. ആണ്‍കുട്ടികളെ പോലെ വേഷം കെട്ടി, ആണ്‍കുട്ടികളുടെ പേരും സ്വീകരിച്ച് ഇരുവരും പിതാവിന്റെ ബാര്‍ബര്‍ ഷോപ്പില്‍ ജോലി ചെയ്തു തുടങ്ങി. എന്നാല്‍ ഇത് അധികകാലം വേണ്ടി വന്നില്ല. ഇവര്‍ ചെയ്യുന്നത് അറിഞ്ഞ ഗ്രാമം ഇരുവരെയും ഏറ്റെടുത്തു. പൊതുവേ ഗ്രാമങ്ങളില്‍ പുരുഷന്മാര്‍ മാത്രം ഏര്‍പ്പെടുന്ന ബാര്‍ബര്‍ ഷോപ്പിലെ ജോലി ചെയ്യുന്ന സഹോദരിമാര്‍ പിന്നെ ‘ബാര്‍ബര്‍ഷോപ്പ് ഗേള്‍സ്‌’ എന്നറിയപ്പെടാന്‍ തുടങ്ങി. ഇതിനു പിന്നാലെയാണ് പ്രചോദനാത്മകമായ ഇവരുടെ ജീവിതം ചിത്രീകരിച്ചു കൊണ്ടുള്ള ഗില്ലെറ്റിന്റെ പരസ്യം പുറത്തു വരുന്നത്.

കഴിഞ്ഞ ദിവസം തങ്ങളെ കാണാനെത്തിയ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ക്ക് ജ്യോതിയും നേഹയും ചേര്‍ന്ന് താടി ഷേവ് ചെയ്തു കൊടുത്തു. ഈ ചിത്രം പങ്കു വച്ചുകൊണ്ട് സച്ചിന്‍ പറഞ്ഞ മറ്റൊരു കാര്യവും ഇതിനിടെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി. താന്‍ ഇതുവരെ മറ്റെരെക്കൊണ്ടും ഷേവ് ചെയ്യിച്ചിട്ടില്ല എന്നായിരുന്നു ക്രിക്കറ്റ് താരത്തിന്റെ വെളിപ്പെടുത്തല്‍. ആ പെണ്‍കുട്ടികളെ പരിചയപ്പെടാനായതില്‍ അഭിമാനിക്കുന്നു എന്നും താരം പറയുന്നു.

“എന്റെ ജീവിതത്തിലെ ആദ്യത്തെ അനുഭവമാണിത്. നിങ്ങള്‍ക്ക് അറിയില്ലായിരിക്കാം. ഇതിനു മുമ്പ് മറ്റൊരാളെ കൊണ്ട് ഞാന്‍ ഇതുവരെ ഷേവ് ചെയ്യിപ്പിച്ചിട്ടില്ല. എന്നാല്‍ ആ റെക്കോര്‍ഡ് ഇന്ന് തകര്‍ന്നു. ഈ ‘ബാര്‍ബര്‍ഷോപ്പ് ഗേള്‍സി’നെ പരിചയപ്പെടാനായത് തന്നെ വലിയ ബഹുമതിയായി കരുതുന്നു” എന്ന കുറിപ്പോടെയാണ് സച്ചിന്‍ പെണ്‍കുട്ടികള്‍ക്കുമൊപ്പമുള്ള ചിത്രങ്ങള്‍ തന്റെ ട്വിറ്ററിലൂടെ പങ്കുവെച്ചത്.

ഇരുവരുടെയും പഠനച്ചിലവ് വഹിക്കാനുള്ള ഗില്ലറ്റ് ഇന്ത്യയുടെ പ്രത്യേക ഉപഹാരവും സച്ചിന്‍ ഇവര്‍ക്ക് കൈമാറി.

ഇരുവരുടെയും ജീവിതം പറയുന്ന ഗില്ലറ്റിന്റെ പരസ്യം

Read More : എത്ര നന്നാക്കിയാലും നന്നാവില്ലെന്ന് കെഎസ്ആര്‍ടിസി; സൂപ്പര്‍ ഫാസ്റ്റ് ബസുകള്‍ പ്രധാന ഡിപ്പോകളില്‍ നിന്ന് മാത്രമാക്കാന്‍ പുതിയ തീരുമാനം 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍