UPDATES

സോഷ്യൽ വയർ

ദേശസ്നേഹത്തിന് അഴകളവ് പോര; സംഘപരിവാറുകാർ ഗാനമേളാ സംഘത്തെ ആക്രമിച്ചു

“ഒരു പീഡയെറുമ്പിനും വരുത്തരുത് എന്ന് തുടങ്ങുന്ന അനുകമ്പാ ദശകം കൂടെ എഴുതിയ ശ്രീ നാരായണ ഗുരു പ്രതിഷ്ഠ നടത്തിയ അമ്പലമായിരുന്നു അത്.”

തലശ്ശേരി ജഗന്നാഥ ക്ഷേത്രത്തിൽ ഗാനമേള അവതരിപ്പിക്കാനെത്തിയ കലാകാരന് സംഘപരിവാറുകാരുടെ നേതൃത്വത്തിൽ ക്രൂര മർദ്ദനമേറ്റതായി വിവരം. മാധ്യമപ്രവർത്തകനായ സനീഷ് ഇളയിടത്ത് ഫേസ്ബുക്കിലിട്ട കുറിപ്പിലാണ് ശ്രീനാരായണ ഗുരു പ്രതിഷ്ഠ നടത്തിയ ക്ഷേത്രത്തിൽ നടന്ന അക്രമ സംഭവത്തെക്കുറിച്ച് പറയുന്നത്.

ഫെബ്രുവരി 24ന് ക്ഷേത്രത്തിൽ നടന്ന ഗാനമേളയില്‍ രാജ്യത്തിന്റെ അതിർത്തി കാക്കുന്ന പട്ടാളക്കാർക്കു വേണ്ടി പാട്ടു പാടിയതിനു പിന്നാലെയാണ് ആക്രമണമുണ്ടായത്. ’40 പട്ടാളക്കാർക്ക് ജീവൻ നഷ്ടമാകേണ്ടി വന്ന സംഭവം രാജ്യത്തിന് നാണക്കേടായി’ എന്ന് അവതാരകൻ പറഞ്ഞതാണ് സംഘപരിവാറുകാരെ ചൊടിപ്പിച്ചതെന്ന് പോസ്റ്റിൽ പറയുന്നു. ഗാനമേള കേൾക്കാൻ വന്നവർക്ക് ആ പ്രസ്താവന നിർദ്ദോഷകമായേ തോന്നിയുള്ളൂ. എന്നാൽ സ്ഥലത്തെ സംഘപരിവാറുകാർ അവതാരകനെ ആക്രമിക്കുകയായിരുന്നെന്ന് സനീഷ് ഇളയിടത്ത് പറയുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

ക്ഷമിക്കണം, അതിർത്തിയിൽ നിന്നുളള ദൃശ്യങ്ങളല്ല. അകത്ത് നിന്നുള്ളതാണ്. നാട്ടിലത്തെ .തലശ്ശേരി ജഗന്നാഥ ക്ഷേത്രത്തിൽ നിന്നുള്ളത്.

പക്ഷേ ഇതിലും ‘യുദ്ധ’മുണ്ട്.

ജഗന്നാഥ ക്ഷേത്രം ശ്രീനാരായണ ഗുരു പ്രതിഷ്ഠ നടത്തിയുണ്ടാക്കിയത്.ആ പ്രദേശത്ത് ഏറ്റവും പ്രാധാന്യമുള്ളത്. എട്ട് ദിവസമാണ് അവിടെ ഉത്സവം. ഈ 24 ന് ഉത്സവദിവസം രാത്രിയത്തെ ഗാനമേള. പുൽവാമയിൽ രക്തസാക്ഷികളായ പട്ടാളക്കാർക്ക് വേണ്ടി ആ ഗാനമേളക്കാർ ഒരു പാട്ട് ഡെഡിക്കേറ്റ് ചെയ്ത് പാടി.മേജർ രവി സിനിമ കീർത്തിചക്രയിലെ ഖുദാ സേ എന്ന് തുടങ്ങുന്ന പാട്ട്. അങ്ങേയറ്റം വൈകാരികമായി പട്ടാളക്കാരെ ഓർക്കുകയും ആദരിക്കുകയും ചെയ്യുന്ന വിധം അവരത് പാടി.

എന്നിട്ടും പക്ഷേ ആ ട്രൂപ്പിലെ ഒരംഗത്തിന് ക്രൂരമായി മർദ്ദനമേറ്റു.

ഈ ദേശസ്നേഹപാട്ട് അവതരിപ്പിച്ച ശേഷം അടുത്ത പാട്ടിലേക്ക് പോകും മുമ്പ് അവതാരകൻ പറഞ്ഞ രണ്ട് വാചകങ്ങളാണ് കപട ദേശാഭിമാനികളെ ക്രൂരരാക്കിയത്. 40 പട്ടാളക്കാർക്ക് ജീവൻ നഷ്ടമാകേണ്ടി വന്ന സംഭവം രാജ്യത്തിന് നാണക്കേടായി എന്നോ മറ്റോ ആയിരുന്നു ആ അവതാരകൻ പറഞ്ഞത്. സത്യത്തിൽ ഗാനമേള കേൾക്കാനിരുന്ന ആർക്കും അതത്ര വലിയ പ്രശ്നമായി തോന്നിയിരുന്നില്ല. അധികമാരും അത് പ്രത്യേകമായി ഓർക്കുന്നില്ല. പക്ഷേ,

ഒരു കൂട്ടം പരിവാരികൾ സ്റ്റേജിലേക്ക് കയറിച്ചെന്ന് ആ ചെറുപ്പക്കാരനെ അതിക്രൂരമായി മർദിച്ചു.അതിക്രൂരമായി .സംഘൂസിന്റെ വാട്സാപ്പ് ഗ്രൂപ്പുകളിൽ തന്നെ പറയുന്നത് ആംബുലൻസിലാണ് അയാളെ കൊണ്ട് പോയതെന്നാണ്. അത്രയ്ക്ക് നിഷ്ഠുരമായി. ഒരു ദേശാഭിമാന ഗാനം അവതരിപ്പിച്ചതിന് തൊട്ട് പിന്നാലെ. അതൊരു നാണക്കേടാണ് എന്ന സംഘപരിവാര വാദം തന്നെയും ഒന്ന് പറഞ്ഞ് പോയതിന്റെ പേരിൽ. തീർന്നില്ല,

ഗാനമേള നിർത്തി. ആ ട്രൂപ്പാകെ വന്ന് മാപ്പ് പറയേണ്ടി വന്നു. സഹപ്രവർത്തകൻ ആംബുലൻസിൽ പോകുന്ന നേരത്ത് ആ സങ്കടമമർത്തി ഭാരത് മാതാ കീ ജയ് വിളിക്കുകയും ചെയ്തു അവർ. രാജ്യത്തിനകത്ത് കുറേ നേരത്തേക്ക് അപരരായി അവർ.

ഒരു പീഡയെറുമ്പിനും വരുത്തരുത് എന്ന് തുടങ്ങുന്ന അനുകമ്പാ ദശകം കൂടെ എഴുതിയ ശ്രീ നാരായണ ഗുരു പ്രതിഷ്ഠ നടത്തിയ അമ്പലമായിരുന്നു അത്. ഇന്ന് ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ നിശ്ചയമായും യുദ്ധവിരുദ്ധത പ്രഖ്യാപിക്കുമായിരുന്ന ആ സന്യാസി നടന്ന പറമ്പിൽ വെച്ചാണ് അയാൾക്ക് മർദ്ദനമേറ്റത്, ഓർക്കണം. 🙁

യുദ്ധം അതിരിനപ്പുറത്തുള്ള മനുഷ്യർക്ക് മേൽ മാത്രമാകില്ല അകത്തെ മനുഷ്യരുടെ മനസിനകത്ത് കൂടെയായിരിക്കും സുഹൃത്തുക്കളേ എന്ന് ഓർമിപ്പിച്ച് കൊണ്ട് ആ വീഡിയോ ഷെയർ ചെയ്യുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍