UPDATES

സോഷ്യൽ വയർ

സ്‌കൂളിലെത്തിയ രക്ഷിതാക്കളെ കുട്ടികളുടെ മുന്നില്‍ വച്ച് അസഭ്യം പറഞ്ഞ അധ്യാപകര്‍ക്കെതിരെ കേസ്

ദിവസവും രാത്രി പത്തുമണി വരെ കുട്ടികളെ സ്‌കൂളില്‍ ഇരുത്തി പഠിപ്പിക്കുന്നതിനെതിരെ പല രക്ഷിതാക്കളും ഇവര്‍ക്കെതിരെ പരാതിപ്പെട്ടിട്ടുണ്ട്

മക്കള്‍ ബുക്ക് മറന്നു വച്ചതിനെ തുടര്‍ന്ന് രക്ഷിതാക്കളെ സ്‌കൂളിലേക്ക് വിളിച്ചുവരുത്തി കുട്ടികളുടെ മുന്നില്‍ വച്ച് അസഭ്യം പറഞ്ഞ അധ്യാപകര്‍ക്കെതിരെ പോലീസ് കേസെടുത്തു. വാളകം ബ്രൈറ്റ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജോര്‍ജ്ജ് വൈസ്പ്രിന്‍സിപ്പല്‍ ലീലാമ്മ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. അധ്യാപകരില്‍ നിന്നും ദുരനുഭവം നേരിട്ടതിനെ തുടര്‍ന്ന് മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്ന വാളകം പള്ളിത്താഴത്ത് കുടിലില്‍ വീട്ടില്‍ ഡോളി ബെന്നി(43), മകന്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയുമായ വിന്‍സ് ബെന്നി എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പ്രിന്‍സിപ്പലും വൈസ് പ്രിന്‍സിപ്പലും ചേര്‍ന്ന് രൂക്ഷമായ ഭാഷയില്‍ അപമാനിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് ഇവരുടെ പരാതി. അധ്യാപകര്‍ കുട്ടിയുടെ അമ്മയെ അസഭ്യം വിളിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുകയും ഇവര്‍ക്കെതിരെ പലരും രംഗത്തെത്തുകയും ചെയ്തിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രിന്‍സിപ്പല്‍ ജോര്‍ജ്ജിനെ സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തിയെങ്കിലും ഇയാള്‍ അവിടെയും ബഹളം വച്ചതോടെ കേസെടുക്കുകയായിരുന്നു. സ്‌കൂളിലെത്തിയ രക്ഷിതാക്കളായ ഡോളിയുടെയും മോഹന്‍രാജിന്റെയും മൊഴികളും രേഖപ്പെടുത്തി.

ഇംഗ്ലീഷ് പുസ്തകം കൊണ്ടുവരാത്തതിന്റെ പേരിലാണ് ഏഴാം ക്ലാസ് വിദ്യാര്‍ത്ഥികളായ വിന്‍സിനെയും മാധവ മോഹന്‍രാജിനെയും പ്രിന്‍സിപ്പല്‍ ക്ലാസിന് പുറത്തുനിര്‍ത്തിയത്. തുടര്‍ന്ന് രക്ഷിതാക്കളെ വിളിച്ച് ഉടന്‍ സ്‌കൂളിലെത്തണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇതേത്തുടര്‍ന്ന് സ്‌കൂളിലെത്തിയ വിന്‍സ് ബെന്നിയുടെ മാതാവ് ഡോളിയെയും മാധവിന്റെ അച്ഛന്‍ മോഹന്‍രാജിനെയും കുട്ടികളുടെ മുന്നില്‍ വച്ച് രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുകയും അസഭ്യം പറയുകയുമായിരുന്നു.

ഞങ്ങള്‍ സംഭവം ഇന്നാണ് അറിയുന്നതെന്നും എന്താണെന്നു വച്ചാല്‍ ചെയ്യാമെന്നും ഡോളി പ്രിന്‍സിപ്പലിനോടും വൈസ്പ്രിന്‍സിപ്പലിനോടും പറയുന്നതും വീഡിയോയില്‍ കാണാം. വൈസ്പ്രിന്‍സിപ്പല്‍ ദേഷ്യത്തോടെ പെരുമാറിയപ്പോള്‍ തനിസ്വഭാവം കാണിക്കരുതെന്ന് അമ്മ പറയുന്നുണ്ട്. തുടര്‍ന്ന് ജോര്‍ജ്ജും ലീലാമ്മയും പൊട്ടിത്തെറിക്കുന്നതും കാണാം. ഇനി നിന്റെ കൊച്ചിനെ ഇവിടെ പഠിപ്പിക്കണോ വേണ്ടയോ എന്ന് ഞാന്‍ തീരുമാനിക്കുമെന്നും നീ മുഴുവന്‍ മാനേജ്‌മെന്റിനെയും വിളിക്കെടിയെന്നും ഞാന്‍ നമ്പര്‍ തരാം പോലീസിനെ വിളിക്കെടി എന്നൊക്കെയാണ് പ്രിന്‍സിപ്പല്‍ ആക്രോശിക്കുന്നത്. ക്യാബിനില്‍ നിന്നും ഇറങ്ങിപ്പോകാനാണ് വൈസ്പ്രിന്‍സിപ്പല്‍ പറയുന്നത്.

കുട്ടികളോടും രക്ഷിതാക്കളോടും അപമര്യാദയായി പെരുമാറുന്നുവെന്ന് ഇവര്‍ക്കെതിരെ മുമ്പും പരാതി ഉയര്‍ന്നിട്ടുണ്ട്. ദിവസവും രാത്രി പത്തുമണി വരെ കുട്ടികളെ സ്‌കൂളില്‍ ഇരുത്തി പഠിപ്പിക്കുന്നതിനെതിരെ പല രക്ഷിതാക്കളും ഇവര്‍ക്കെതിരെ പരാതിപ്പെട്ടിട്ടുണ്ട്. പോലീസിനും ബാലാവകാശ കമ്മിഷനും സിബിഎസ്ഇയ്ക്കും പരാതി നല്‍കിയതായി കുട്ടികളുടെ മാതാപിതാക്കള്‍ അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥിനും ഇവര്‍ പരാതി നല്‍കിയിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍