UPDATES

സോഷ്യൽ വയർ

മുംബൈയില്‍ അടിവസ്ത്രങ്ങള്‍ ധരിപ്പിച്ച ബൊമ്മകള്‍ പ്രദര്‍ശിപ്പിക്കുന്നതിനെതിരെ ശിവസേന

2013 മുതല്‍ തന്നെ ബിഎംസിക്കു മുന്നില്‍ ശിവസേന ഈ ആവശ്യം ഉന്നയിച്ചിരുന്നു.

മുംബൈയിലെ തുണിക്കടകളില്‍ അടിവസ്ത്രങ്ങള്‍ ധരിപ്പിച്ച് ബൊമ്മകള്‍ പ്രദര്‍ശിപ്പിക്കുന്നതിനെതിരെ ശിവസേന. മരക്കൊമ്പുകളിലും റോഡ്‌ വാക്കിലും ഇത്തരം ബൊമ്മകള്‍ സ്ത്രീകളുടെ അടിവസ്ത്രങ്ങളും മറ്റും ധരിപ്പിച്ച് തൂക്കുന്നത് ശരിയല്ലെന്നാണ് ശിവസേനയുടെ നിലപാട്. ഈ വസ്ത്രങ്ങള്‍ എവിടെ നിന്ന് വാങ്ങണമെന്നു സ്ത്രീകള്‍ക്ക് അറിയാമെന്നും പ്രഖ്യാപിച്ചിരിക്കുകയാണ് കോര്‍പ്പറേറ്ററും, ബി എം സി (ബ്രിഹന്‍മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍) ലോ കമ്മിറ്റി ചെയര്‍മാനുമായ ശീതള്‍ മഹത്രേ.

തിങ്കളാഴ്ച നടന്ന ലോ കമ്മിറ്റി മീറ്റിങ്ങില്‍ ഈ തീരുമാനം അംഗീകരിക്കുകയും, ഈ തീരുമാനത്തിനെതിരെ പ്രവര്‍ത്തിക്കുന്ന തുണിക്കടകളുടെ ലൈസന്‍സ് റദ്ദാക്കാനും തീരുമാനമെടുത്തു. ഇപ്പോള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നവയെല്ലാം ഉടന്‍ തന്നെ മാറ്റണമെന്ന് അവര്‍ ബി എം സി അഡ്മിനിസ്‌ട്രേഷനോട് ആവശ്യപ്പെട്ടു. 2013 മുതല്‍ തന്നെ ബി എം സി ക്കു മുന്നില്‍ ശിവസേന ഈ ആവശ്യം ഉന്നയിച്ചിരുന്നു. എന്നാല്‍ അതില്‍ തീരുമാനം ഉണ്ടാകുന്നത് ഇപ്പോഴാണ് എന്നും അവര്‍ പറയുന്നു.

തീരുമാനം അംഗീകരിക്കാത്തവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാനും, അവരുടെ ലൈസന്‍സ് റദ്ദാക്കാനും ഞാന്‍ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്‘. എഎന്‍ഐയോട് സംസാരിക്കവെ ശീതള്‍ മഹത്രേ പറഞ്ഞു.

അടിവസ്ത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിന് ചില മാനദണ്ഡങ്ങള്‍ ഉണ്ട്. അതനുസരിക്കാത്ത എല്ലാവര്‍ക്കുമെതിരെ കേസെടുക്കാനാണ് തീരുമാനമെന്നും ശീതള്‍ പറയുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ബിഎംസിക്ക് ഇടപെടാന്‍ യാതൊരു അധികാരവും ഇല്ലെന്ന വാദവും ഉയരുന്നുണ്ട്. എന്താണ് ബിഎംസിക്ക് മുംബൈയെ സംബന്ധിച്ചുള്ള മുന്‍ഗണന എന്ന് വ്യക്തമാക്കണമെന്നും നഗരത്തിലെ റോഡുകള്‍ മുഴുവന്‍ കുണ്ടും കുഴിയുമായി കിടന്നിട്ടും ഇതൊന്നും പരിഗണിക്കാതെയാണ് ബൊമ്മകള്‍ക്ക് പുറകെ പോകുന്നതെന്ന വിമര്‍ശനവും സോഷ്യല്‍ മീഡിയയില്‍ ഉയരുന്നുണ്ട്.

Read More : ‘അഭിനന്ദനം പ്രതീക്ഷിക്കുന്നില്ല ഏഷ്യാനെറ്റ്, നല്ല പ്രവൃത്തികളെ അവഹേളിക്കാതിരിക്കുകയെങ്കിലും ചെയ്യുക’; 1173 വീടുകളുടെ കണക്ക് പ്രസിദ്ധീകരിച്ച് കടകംപള്ളി സുരേന്ദ്രന്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍