UPDATES

സോഷ്യൽ വയർ

കുഞ്ഞുങ്ങളെ കൊന്നുകളയുന്നവരേ.. ഇങ്ങനെയും അമ്മമാരുണ്ട്.. അച്ഛൻമാരുണ്ട്

ആ കുഞ്ഞുങ്ങൾ കിടക്കുന്ന ഇത്തിരി വട്ടത്തിൽ ജീവിതം ഹോമിക്കുന്നവർ

സ്വന്തം മക്കളെ കൊല്ലുന്ന മാതാപിതാക്കളുടെ കാലമാണിത്‌. തൊടുപുഴയില്‍ അമ്മയുടെ സുഹൃത്തിന്റെ മര്‍ദ്ദനത്തിനിരയായ ഏഴു വയസ്സുകാരന്റെ മരണവാര്‍ത്തയുടെ നടുക്കം മാറുന്നതിനു മുമ്പേ അടുത്ത വാര്‍ത്തയെത്തിയിരിക്കുകയാണ്. ചേര്‍ത്തലയില്‍ അമ്മ ഒന്നേകാല്‍ വയസ്സുകാരിയെ കൊലപ്പെടുത്തിയിരിക്കുന്നു. സ്വന്തം ആവശ്യങ്ങള്‍ക്കായി മക്കളെ കൊല്ലുന്ന നാട്ടില്‍ ഇങ്ങനെയും ചില അമ്മമാരുണ്ടെന്നും ഓര്‍മ്മിപ്പിക്കുകയാണ് മാധ്യമപ്രവര്‍ത്തക ഷൈനി ജോണ്‍.

തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് എന്‍ഡേസള്‍ഫാന്‍ മൂലം ദുരിതത്തില്‍ കഴിയുന്ന കുഞ്ഞുങ്ങളെയും അവരുടെ അമ്മമാരുടെയും കഥ ഷൈനി പറയുന്നത്. അര നിമിഷം പോലും ഈ കുഞ്ഞുങ്ങളുടെ അടുത്തു നിന്നു അവര്‍ക്ക് മാറാന്‍ സാധിക്കില്ല. എന്നിട്ടും കാസറഗോഡെ എത്രയോ അമ്മമാര്‍, അച്ഛന്‍മാര്‍ ഈ കുഞ്ഞുങ്ങളെ പൊന്നുപോലെ പരിപാലിക്കുകയാണെന്ന് ഷൈനി തന്റെ കുറിപ്പിലൂടെ പറയുന്നു.

പോസ്റ്റ് പൂര്‍ണ്ണ രൂപത്തില്‍,

‘** കുഞ്ഞുങ്ങളെ കൊന്നുകളയുന്നവരേ..
ഇങ്ങനെയും അമ്മമാരുണ്ട് .. അച്ഛൻമാരുണ്ട് ***

ഇന്നലെ ചേർത്തലയിൽ ഒരു കുഞ്ഞ് കൂടി അമ്മയുടെ കൈ കൊണ്ട് കൊല്ലപ്പെട്ട വാർത്ത ഓൺലൈനിൽ വായിക്കുമ്പോൾ കാസർഗോഡ് കാറഡുക്കയിലെ എൻഡോസൾഫാൻ ബാധിത മേഖലയിലായിരുന്നു.
ഞങ്ങളുടെ മുന്നിൽ ജീവനുള്ള മാംസപിണ്ഡംപോലെ വളഞ്ഞു തിരിഞ്ഞ കൈകാലുകളുള്ള ബുദ്ധിമാന്ദ്യം സംഭവിച്ച കുഞ്ഞുങ്ങളുമായി ഒരമ്മ ഞങ്ങൾക്കു മുന്നിൽ കണ്ണീർ തുടയ്ക്കുകയായിരുന്നു.
ദേവ്നയുടെ അമ്മ.
മാനസിക, ശാരീരിക വെല്ലുവിളി നേരിടുന്ന വിഭിന്ന ശേഷിയുള്ള അഞ്ചു വയസുകാരിയാണ് ദേവ്ന.
രണ്ടു വയസുള്ള അവളുടെ ഇളയ കുട്ടിയ്ക്ക് ജീവൻ ഉണ്ടെന്നേയുള്ളു.
95% മാനസിക, ശാരീരിക വൈകല്യം.
ആ കുഞ്ഞുങ്ങളെ മാറോട് ചേർത്തി ആ അമ്മയും അച്ഛനും ചോദിക്കുന്നു
“ഈ കുഞ്ഞുങ്ങളെയും കൊണ്ട് ഞങ്ങൾ എന്ത് ചെയ്യാനാണ്. “
അര നിമിഷം പോലും കുഞ്ഞുങ്ങളുടെ അടുത്തു നിന്ന് മാറാൻ സാധിക്കില്ല അവർക്ക്.
മാമ്പൂ കണ്ട് കൊതിച്ചാലും മക്കളെ കണ്ട് പ്രതീക്ഷിക്കാൻ അവർക്കൊന്നുമില്ല.
എന്നിട്ടും കാസർഗോഡിലെ എത്രയോ അമ്മമാർ ,അച്ഛൻമാർ ഈ കുഞ്ഞുങ്ങളെ പൊന്നുപോലെ പരിപാലിക്കുകയാണ്…. എൻഡോസൾഫാൻ ബാധിതരുടെ ലിസ്റ്റിൽ നിന്ന് പല കുട്ടികളും വെട്ടിമാറ്റപ്പെട്ടിരിക്കുന്നു.
പ്ലാന്റേഷൻ കോർപറേഷൻ എന്ന നരാധമ കമ്പനിക്ക് വേണ്ടി മാറി മാറി വരുന്ന സർക്കാരുകൾ നിശബ്ദരാകുകയാണ്.
വൻ കോർപറേറ്റ് ശക്തിയ്ക്ക് വേണ്ടി വാദിക്കുന്ന വക്കീലൻമാർ ഇവരുടെ കണ്ണീരിൽ ചവുട്ടി നിന്ന് വിധികൾ അനുകൂലമാക്കുന്നു. 
ഓരോ കുഞ്ഞിന്റെയും അവകാശങ്ങൾ ലിസ്റ്റിൽ നിന്നും അയോഗ്യമാക്കുമ്പോൾ മൗനരായി പ്രേതക്കോലങ്ങളെ പോലെ നിൽക്കാനേ അവർക്ക് കഴിയുന്നുള്ളു.
പത്തു വയസിന് മീതെയുള്ള വയ്യാത്ത കുഞ്ഞുങ്ങളെ എൻഡോസൾഫാൻ പരിധിയിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നു.
ഇത്രയും വർഷം കൊണ്ട് എൻഡോസൾഫാന്റെ ദൂഷ്യം മേഖലയിൽ നിന്നില്ലതായെന്ന് കമ്പനി വക്കീലൻമാർ സർക്കാരിനെ ബോധ്യപ്പെടുത്തിക്കഴിഞ്ഞു.
ആരോഗ്യമേഖല അധികൃതർ അത് അംഗീകരിച്ചു കൊണ്ടിരിക്കുന്നു ..
മുളിയൂർ ,കാറഡുക്ക പഞ്ചായത്തിലെ പ്രദേശങ്ങളിൽ ഇന്നലെ ചെറിയ സഹായവുമായി സുഹൃത്തുക്കൾക്കൊപ്പം ചെല്ലുമ്പോൾ അവരോട് സർക്കാർ സംവിധാനങ്ങൾ ചെയ്യുന്ന ക്രൂരമായ അവഗണനകൾ നേരിൽ കണ്ടു.
ഒരു കുട്ടി എൻഡോസൾഫാൻ ലിസ്റ്റിൽ ഉൾപ്പെട്ടാൽ ആ കുട്ടിയുടെ ചികിത്സ, ചികിത്സാ പെൻഷൻ, മറ്റ് കാര്യങ്ങൾ മുതലായവ സർക്കാരിന്റെ മേൽനോട്ടത്തിൻ കീഴിൽ വരും..
അതു കൊണ്ട് പരമാവധി കുട്ടികളെ 
” സെറിബ്രൽ പാൾസി ” എന്ന് രേഖപ്പെടുത്തി തലയൂരുകയാണ് അധികൃതർ.
അതെ.. കടലാസുകളിൽ കാസർഗോഡ് ഇപ്പോൾ ജനിക്കുന്നത് സെറിബ്രൽ പാൾസി ബാധിച്ച കുഞ്ഞുങ്ങൾ മാത്രം.. 
എൻഡോസൾഫാൻ കീടനാശിനിയുടെ കറ സെറിബ്രൽ പാൾസി യിൽ മുക്കി ഇല്ലാതാക്കുകയാണ്.
കുഞ്ഞുങ്ങളെ കൊല്ലുന്ന സ്ത്രീകളേ.. കുഞ്ഞുങ്ങളെ ജീവനോട് ചേർത്തു പിടിക്കുന്നവരേ..
നിങ്ങൾ ഇവിടുത്തെ അമ്മമാരെ ഒന്ന് കാണണം..
ആ കുഞ്ഞുങ്ങൾക്ക് വേണ്ടി ജീവിതം ഉഴിഞ്ഞ് വെച്ചവർ.
ആ കുഞ്ഞുങ്ങൾ കിടക്കുന്ന ഇത്തിരി വട്ടത്തിൽ ജീവിതം ഹോമിക്കുന്നവർ..
ആ കുഞ്ഞുങ്ങളെയും കൈയ്യിലേന്തി ആനുകൂല്യങ്ങൾക്ക് വേണ്ടി സർക്കാർ ഓഫീസുകളുടെ തിണ്ണ നിരങ്ങുന്നവർ..
വില്ലേജ് ഓഫീസർമാരുടെയും ആശുപത്രി അധികൃതരുടെയും ” നടക്കില്ല” എന്ന ക്രൂരമായ വാക്കുകൾക്ക് മുന്നിൽ നിരാശയോടെ തിരിച്ചു വരുന്നവർ.
പലർക്കും വീടില്ല .. ചിലർ ഇടിഞ്ഞു വീഴാറായ വാടക വീടുകളിൽ ജീവിതം തള്ളിനീക്കുന്നു.
ദേവ്നയുടെ വീടിന്റെ ചിത്രം ദയനീയമാണ്. ഇടിഞ്ഞു വീഴാറായ മേൽക്കൂര .
കമ്പി കൊണ്ടും പട്ടിക കൊണ്ടും കമ്പു നാട്ടിയും പൊളിഞ്ഞ് വീഴാതെ താങ്ങി വെച്ചിരിക്കുന്നു..
ആ മേൽക്കൂരയ്ക്ക് താഴെ ഈ വയ്യാത്ത കുട്ടികൾക്ക് പുറമെ ആരാധ്യമോളും ഒരു കൈക്കുഞ്ഞും ഉൾപ്പെടെ നാലുകുട്ടികൾ അവരുടെ മാതാപിതാക്കൾ ..
അവിടെ ഒരു എൽ.ഡി.എഫ് വന്നിട്ടും ഒന്നും ശരിയായിട്ടില്ല
വഴി തെറ്റിയ സമൂഹത്തിന് വഴി കാട്ടാൻ ബി.ജെ.പിയില്ല ..
കോൺഗ്രസും ഇല്ല .. കോർപറേറ്റുകൾക്ക് മുകളിൽ റാകി പറക്കാൻ ഈ പാർട്ടികൾക്ക് കഴിയുമോ എന്നും അറിയില്ല.
തണൽ പദ്ധതിയിൽ ഉൾപ്പെടുത്തി ചിലർക്ക് വീട് നൽകിയിട്ടുണ്ടെങ്കിലും ഇവർക്ക് അത് നിഷേധിക്കപ്പെട്ടിരിക്കുന്നു ..
അടിയന്തിരമായി വീടിന്റെ മേൽക്കൂര പൊളിച്ച് പണിതില്ലെങ്കിൽ ഈ മഴക്കാലത്ത് മറ്റൊരു ദുരന്ത വാർത്ത കേരളം കേൾക്കും.
അതുറപ്പ്..
പഞ്ചായത്തോ ജനപ്രതിനിധികളോ അത് കണ്ട മട്ടില്ല.
ഈ വീടിനേക്കാൾ കഷ്ടമായ അവസ്ഥയാണ് വാടക വീടുകളിൽ കഴിയുന്നവരുടേത്.
ഈ പോസ്റ്റിന്റെ കൂടെ ചില ചിത്രങ്ങൾ കൊടുത്തിട്ടുണ്ട്. 
നിങ്ങൾ ആ അമ്മമാരുടെ … അച്ഛൻമാരുടെ മുഖത്തേക്ക് ഒന്നു നോക്കണം.
ഹൃദയമുള്ളവർക്ക് ശൂന്യത കണ്ടു നിൽക്കാൻ കഴിയില്ല.
ഈ ഇലക്ഷന് വോട്ട് ചെയ്യാൻ പോയോ എന്ന് ചോദിച്ചപ്പോൾ എല്ലാം പരിഗണിച്ച് നേരെയാക്കാം എന്ന വാഗ്ദാനം നൽകി ഏതൊക്കെയോ പാർട്ടിക്കാർ കൊണ്ടുപോയത്രേ..
അവർക്ക് പോകാതിരിക്കാൻ കഴിയില്ലല്ലോ. പ്രതീക്ഷയുടെ ഓരോ കച്ചിത്തുരുമ്പും അവർ പരീക്ഷിക്കും.
അവരുടെ കുഞ്ഞുങ്ങൾക്ക് വേണ്ടി.. 
അവർ ഒരിക്കലും സാധാരണ ജീവിതത്തിലേക്ക് ആരോഗ്യമുള്ള കുഞ്ഞുങ്ങളായി മടങ്ങി വരില്ലെന്ന് അവർക്കറിയാം.
എങ്കിലും ആ കുഞ്ഞുങ്ങൾക്ക് ആവശ്യമായ മരുന്നിന് വേണ്ടി.
നല്ല ആഹാരത്തിന് വേണ്ടി..
ഫിസിയോ തെറാപ്പിക്ക് വേണ്ടി അവർ പ്രതീക്ഷ കൈവിടാതെ ഉറ്റുനോക്കും..
വില്ലനാകുന്ന MRl സ്കാനിംഗ് റിപ്പോർട്ടുകൾ കാട്ടി സെറിബ്രൽ പാൾസി എന്ന അവസ്ഥയിലേക്ക് അവരെ കുരുക്കിയിടുമ്പോഴും അവർ ശൂന്യമായി ചിരിക്കും.
എറിഞ്ഞു കിട്ടുന്ന അപ്പക്കഷ്ണങ്ങൾക്ക് നന്ദി പറയും..
അവരൊന്നും ഒരു കുഞ്ഞിനെയും കൊന്നുകളയുന്നില്ല
തലയോട്ടി തകർന്നും അമ്മയുടെ കാമുകൻമാരുടെ കൈ കൊണ്ടും കൊല്ലപ്പെന്നില്ല ..
ആ കുഞ്ഞുങ്ങൾക്ക് വേണ്ടി ജീവിക്കാനായി പൊരുതുകയാണവർ..
അവരുടെ സമരങ്ങൾ അധികൃതരുടെ കപടവാഗ്ദാനങ്ങളിൽ ഒതുങ്ങുന്നു മിക്കപ്പോഴും
അവർക്ക് നേരെ കാരുണ്യ ഹസ്തം നീട്ടാൻ സർക്കാർ മാത്രമല്ല.. നമ്മളോരോരുത്തരും ബാധ്യസ്ഥരാണ്.. കനിവിന്റെ കരങ്ങൾ അവർക്ക് നേരെ നീളട്ടേ എന്ന പ്രാർഥനയോടെ..
(ആവശ്യമുള്ളവർക്ക് വിവരങ്ങൾ നൽകാം)
ഇനി ഒരു കുഞ്ഞും ക്രൂരതകൾക്കിരയാകരുതേ എന്ന പ്രാർഥനയോടെ..’

Read More : ബ്രിട്ടീഷ് പൗരനെന്ന ആരോപണം: വിശദീകരണം നല്‍കാന്‍ ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധിക്ക് ആഭ്യന്തര മന്ത്രാലയത്തിന്റെ നോട്ടീസ്‌

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍