UPDATES

സോഷ്യൽ വയർ

‘കേരളത്തിന്റെ നവോത്ഥാനമുന്നേറ്റങ്ങളെ ‘ഒടി’ വെക്കാൻ ശ്രമിക്കരുത്’: വനിതാ മതിലിൽ നിന്ന് പിന്മാറിയ മഞ്ജു വാര്യർക്കെതിരെ സിന്ധു ജോയ്

ശബരിമല സ്ത്രീപ്രവേശനത്തിനെതിരായ സമരങ്ങളുടെ പശ്ചാത്തലത്തില്‍ കേരള നവോത്ഥാന സംരക്ഷണത്തിനായി സംസ്ഥാന സര്‍ക്കാര്‍ ജനുവരി ഒന്നിന് സംഘടിപ്പിക്കാനുദ്ദേശിക്കുന്ന വനിത മതില്‍ പരിപാടിയില്‍ നിന്ന് മഞ്ജു വാര്യര്‍ പിന്മാറിയതായി ഇന്നലെ അറിയിച്ചിരുന്നു.

കേരളത്തിന്റെ നവോത്ഥാനമുന്നേറ്റങ്ങളെ ‘ഒടി’വെക്കാൻ ശ്രമിക്കരുതെന്ന് മഞ്ജു വാര്യരോട് മുൻ എസ് എഫ് ഐ നേതാവ് സിന്ധു ജോയ്. “വനിതാമതിലിനുമുണ്ട് രാഷ്ട്രീയം. അത് വെറും ചെങ്കൊടിയുടെ മാത്രം രാഷ്ട്രീയമാണെന്ന് ഞാൻ കരുതുന്നില്ല. അത് പ്രതിരോധത്തിന്റെ രാഷ്ട്രീയമാണ്, നവോത്ഥാനത്തിന്റെ രാഷ്ട്രീയമാണ്; ഒപ്പം ഫാഷിസത്തിനെതിരായ പോരാട്ടമാണ്.
കേരളത്തിന്റെ നവോത്ഥാനമുന്നേറ്റങ്ങളെ ‘ഒടി’വെക്കാൻ ശ്രമിക്കരുത്, അത് ആരായാലും”. സിന്ധു ജോയ് തന്റെ ഫേസ്ബുക് പോസ്റ്റിൽ പറഞ്ഞു.

ശബരിമല സ്ത്രീപ്രവേശനത്തിനെതിരായ സമരങ്ങളുടെ പശ്ചാത്തലത്തില്‍ കേരള നവോത്ഥാന സംരക്ഷണത്തിനായി സംസ്ഥാന സര്‍ക്കാര്‍ ജനുവരി ഒന്നിന് സംഘടിപ്പിക്കാനുദ്ദേശിക്കുന്ന വനിത മതില്‍ പരിപാടിയില്‍ നിന്ന് മഞ്ജു വാര്യര്‍ പിന്മാറിയതായി ഇന്നലെ അറിയിച്ചിരുന്നു. വനിത മതിലിന് രാഷ്ട്രീയ നിറം വന്ന സാഹചര്യത്തിലാണ് പിന്മാറുന്നത് എന്ന് മഞജു വാര്യര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. പാര്‍ട്ടികളുടെ കൊടി നിറത്താല്‍ വ്യാഖ്യാനിക്കപ്പെടുന്ന തരത്തിലുള്ള രാഷ്ട്രീയം എനിക്കില്ല. കലയാണ് എന്റെ രാഷ്ട്രീയം. അതിനപ്പുറമുള്ള രാഷ്ട്രീയനിറമുള്ള പരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കാനാണ് താല്‍പര്യപ്പെടുന്നത് – മഞ്ജു പറയുന്നു. നേരത്തെ മറ്റൊരു ഫേസ്ബുക്ക് പോസ്റ്റില്‍ വനിത മതിലില്‍ പങ്കെടുക്കുമെന്ന് മഞ്ജു വാര്യര്‍ പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് സിന്ധു ജോയ് പ്രതികരണവുമായി രംഗത്ത് വന്നിരിക്കുന്നത്.

സിന്ധു ജോയിയുടെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണ രൂപം :

മലയാളിയുടെ ‘പെണ്ണത്ത’ത്തിന്റെ പ്രതീകമായി കുറേനാളായി വാഴ്‌ത്തപ്പെടുന്നുണ്ട് മഞ്ജു വാര്യർ; പ്രത്യേകിച്ചും അവരുടെ രണ്ടാംവരവിനുശേഷം! ‘വിമൻ ഇൻ സിനിമ കളക്ടീവ്’ എന്ന പെൺകൂട്ടായ്‌മയുടെ പിറവി തന്നെ പടിയിറങ്ങിപ്പോന്ന മഞ്ജുവിനൊരു പ്രതിരോധമതിൽ പണിയാനായിരുന്നു എന്നതാണ് സത്യം. നടി ആക്രമിക്കപ്പെട്ട സംഭവം അതിനൊരു ‘വഴിമരുന്ന്’ ആയെന്നുമാത്രം. നാൽപതാം വയസിലും നിലപാടുകളൊന്നുമില്ലാത്ത മഞ്ജു ആ മതിലും പൊളിച്ചു; പുറത്തുവന്ന് ഭള്ളുപറഞ്ഞത് അതിലേറെ കഷ്ടം.

മഞ്ജുവിനെ പ്രതിരോധിക്കാനിറങ്ങിയ കഴിവുള്ളൊരു നടി ആ ഉദ്യമത്തിൽ ബലിയാടായി; പാർവതി. മഞ്ജുവിനേക്കാൾ ഒരുപാട് ഉയരങ്ങളിൽ എത്തേണ്ടിയിരുന്ന ഒരു പ്രതിഭ. സിനിമയിലെ ആങ്ങളമാരുടെ സംഘടനയുടെ ഒരുകാതം അകലെയാണ് അവൾ ഇപ്പോൾ; അവസരങ്ങളും നന്നേ കുറവ്. ‘വനിതാ മതിൽ’ ആണ് ഈ പെണ്ണൊരുത്തി ഇപ്പോൾ തള്ളിപ്പറയുന്ന സംഭവം.
‘ആദ്യം വാരിപ്പുണരുക, പിന്നെ തള്ളിപ്പറയുക’, അതാണ് മഞ്ജുവിന്റെ സ്വഭാവം. മഞ്ജുവിന്റെ ഒരു വീഡിയോ യൂട്യൂബിൽ കിടന്ന് കറങ്ങുന്നുണ്ട് : “നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കണം. സ്ത്രീ-പുരുഷ സമത്വം അനിവാര്യം. മുന്നോട്ട് പോകട്ടെ കേരളം. ഞാൻ വനിതാ മതിലിനൊപ്പം.” ഇതായിരുന്നു ആഹ്വാനം!

നേരം ഇരുട്ടിവെളുത്തപ്പോൾ ആയമ്മ നിലപാട് മാറ്റി ഫേസ്ബുക്കിൽ കുറിപ്പിറക്കി: “സ്ത്രീകള്‍ക്കുവേണ്ടിയുള്ള ഒരു സര്‍ക്കാര്‍ ദൗത്യം എന്ന ധാരണയിലാണ് വനിതാമതില്‍ എന്ന പരിപാടിക്ക് പിന്തുണ പ്രഖ്യാപിച്ചത്. പക്ഷേ അതിന് ഇതിനകം ഒരു രാഷ്ട്രീയ നിറം വന്നുചേര്‍ന്നത് ഞാന്‍ അറിഞ്ഞിരുന്നില്ല….പാര്‍ട്ടികളുടെ പേരില്‍ രാഷ്ട്രീയനിറമുള്ള പരിപാടികളില്‍നിന്ന് അകന്നുനില്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ആ നിലപാടാണ് വനിതാമതിലിന്റെ കാര്യത്തിലുമുള്ളതെന്ന് വ്യക്തമാക്കട്ടെ.”
അസലൊരു രാഷ്ട്രീയം ഈ നിലപാട് മാറ്റത്തിനു പിന്നിലുണ്ട്, ദേശീയതലത്തിൽ വാഗ്ദാനം ചെയ്യപ്പെടുന്ന ആദരവുകൾ, അംഗീകാരങ്ങൾ, അതിന്റെ ആരവങ്ങൾ. ഇതിനെ വേണമെങ്കിൽ അവസരവാദമെന്നും വിളിക്കാം.

വനിതാമതിലിനുമുണ്ട് രാഷ്ട്രീയം. അത് വെറും ചെങ്കൊടിയുടെ മാത്രം രാഷ്ട്രീയമാണെന്ന് ഞാൻ കരുതുന്നില്ല. അത് പ്രതിരോധത്തിന്റെ രാഷ്ട്രീയമാണ്, നവോത്ഥാനത്തിന്റെ രാഷ്ട്രീയമാണ്; ഒപ്പം ഫാഷിസത്തിനെതിരായ പോരാട്ടമാണ്. കേരളത്തിന്റെ നവോത്ഥാനമുന്നേറ്റങ്ങളെ ‘ഒടി’വെക്കാൻ ശ്രമിക്കരുത്, അത് ആരായാലും..

“വനിത മതിലിന് രാഷ്ട്രീയ നിറം”; പിന്മാറുകയാണെന്ന് മഞ്ജു വാര്യര്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍