UPDATES

സോഷ്യൽ വയർ

“കാണിച്ച രാഷ്ട്രീയ നെറികേട് എന്നെങ്കിലും നിങ്ങൾക്ക് മനസിലാവട്ടെ എന്ന് ആഗ്രഹിക്കുന്നു” -‘കേരള നവോത്ഥാനം ശബരിമലയിലേക്ക്’ കൂട്ടായ്മയോട് സോഷ്യൽ മീഡിയ

“എനിക്കിപ്പോൾ ഓർമ്മ വരുന്നത് ഉല്ലാസ തേൻമഴയിലെ റോബർട്ട് പ്രിൻസിയോട് പറയുന്ന ഡയലോഗാ “നന്ദി പ്രിൻസി. . . ഒരായിരം നന്ദി.”

ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സിന്റെ വിജയത്തിനായി വോട്ട് സമാഹരിച്ചെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയ ‘കേരള നവോത്ഥാനം ശബരിമലയിലേക്ക്’ കൂട്ടായ്മയ്ക്കെതിരെ സോഷ്യൽ മീഡിയയിൽ രൂക്ഷ പ്രതികരണം. ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കാന്‍ പരിശ്രമിച്ചെന്ന് അവകാശപ്പെടുന്ന കൂട്ടായ്മയാണ് ‘കേരള നവോത്ഥാനം ശബരിമലയിലേക്ക്’. രാഷ്ട്രീയ സംഘടന എന്ന ലേബലിൽ ഒരു ഫേസ്ബുക്ക് പേജും ഈ കൂട്ടായ്മയ്ക്കുണ്ടെങ്കിലും ഇതിനു പിന്നിൽ പ്രവർത്തിക്കുന്നവർ പരസ്യമായി രംഗത്തില്ല. സുരക്ഷാ കാരണങ്ങളാൽ കൂട്ടായ്മയിലെ അംഗങ്ങളെക്കുറിച്ച് പറയാൻ സാധിക്കില്ലെന്നായിരുന്നു ശബരിമല വിവാദം നടക്കുന്ന സന്ദർഭത്തിലെ ഇവരുടെ നിലപാട്. ശബരിമല പ്രശ്നം ഏതാണ്ട് കെട്ടടങ്ങിയിട്ടും പേജ് നിയന്ത്രിക്കുന്നവരെക്കുറിച്ചും കൂട്ടായ്മയിലുള്ളവരെക്കുറിച്ചും വ്യക്തതയില്ല.

ആറായിരം വോട്ടുകൾ ശശി തരൂരിനു വേണ്ടി മാത്രം സമാഹരിച്ചെന്നാണ് ഈ ഫേസ്ബുക്ക് കൂട്ടായ്മ അവകാശപ്പെടുന്നത്. ഏഴായിരത്തിലധികം ലൈക്കുകൾ ഈ പേജിനുണ്ട്.

ശബരിമല പ്രശ്നം കത്തിനിന്ന ഘട്ടത്തിൽ ഇടതുപക്ഷ പുരോഗമന നിലപാടുള്ളവരുടെ പിന്തുണയോടെ പ്രവർത്തിച്ച കൂട്ടായ്മ ഇപ്പോൾ കാണിച്ചത് നെറികേടാണെന്ന് അഭിപ്രായപ്പെടുന്നവരുണ്ട്. ‘ആചാരസംരക്ഷണത്തിന് കൈത്താങ്ങ്’ എന്ന മുദ്രാവാക്യത്തോടെ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയ കോൺഗ്രസ്സിനു വേണ്ടി വോട്ട് പിടിക്കാനിറങ്ങിയതിന്റെ ന്യായവും ചിലര്‍ ചോദിക്കുന്നുണ്ട്.

രാകേഷ് ബാലകൃഷ്ണൻ എന്ന പ്രൊഫൈലിൽ നിന്നുള്ള കമന്റ് ഇങ്ങനെയാണ്: “ഒരു മണ്ഡലത്തിൽ ആറായിരം പോയിട്ട് ആറ് വോട്ട് തികച്ച് നിങ്ങൾക്ക് ഉണ്ടാകില്ലെന്ന് അറിയാം. അത് പോട്ടെ. ഇലക്ഷൻ കഴിഞ്ഞ് ശബരിമലയിലേക്ക് പോകും എന്നൊക്കെ എഴുതിയത് കണ്ടു. പോകുമ്പോൾ വോട്ട് പിടിച്ചു കൊടുത്ത കോൺഗ്രസിന്റെ വർക്കിംഗ് പ്രസിഡന്റിനെ കൂടി കൊണ്ട് പോകണം. മൂപ്പരൊക്കെ കിടു നവോത്ഥാനാണത്രെ…”

ശശികല റഹീം കമന്റ് ചെയ്യുന്നത് ഇങ്ങനെ: “നല്ല എട്ടുകാലി മമ്മൂഞ്ഞ് കൂട്ടായ്മ…. ഇനി കോൺഗ്രസ്സ്കാര് പാറാവ് നിന്ന് ശബരിമലേൽക്ക് കെട്ടിയെടുത്തോണ്ടു പൊക്കോളും.”

“ഈ പേജിന്റെ കൂട്ടായ്മയുടെ പിന്നിലുള്ളവരുടെ പേരുകൾ വെളിപ്പെടുത്തിയാൽ കൊള്ളാമായിരുന്നു… വേറെ ഒന്നിനുമല്ല ഇത്തരം കാപട്യക്കാരെ രാഷ്ട്രീയ നയവഞ്ചകരെ തിരിച്ചറിഞ്ഞിരിക്കാൻ വേണ്ടിയാണ്” എന്നാണ് സൂരജ് എകെ എന്നയാളുടെ കമന്റ്. അനി എസ് പിള്ളൈ പറയുന്നത് ഇങ്ങനെ: “നവോത്ഥാനകവാടത്തിലൂടെ നടുക്കടലിലേക്ക്. ആർത്തവ നായികമാരെ സന്നിധാനത്ത് എത്തിച്ച സിപിഎമ്മിനെ അറബികടലിൽ എത്തിച്ച് ശബരിമല ശാസ്താവിന്റെ ശുദ്ധികലശം. അയ്യപ്പാ, നിന്‍ പ്രഭാവം മഹത്തരം.”

“സി പി എമ്മിന്റെ അക്കൗണ്ടിൽ ശബരിമലയിലേക്ക് പോയ അമാനവ ആക്രി ഊക്കിട്ടിവിസ്റ്റുകളുടെ കൊണവതിയാരം കേട്ടില്ലേ,” എന്നാണ് മറ്റൊരു കമന്റ്. ശ്രീഹരി ശ്രീധരൻ കമന്റ് ചെയ്യുന്നത് ഇങ്ങനെ: “എനിക്കിപ്പോൾ ഓർമ്മ വരുന്നത് ഉല്ലാസ തേൻമഴയിലെ റോബർട്ട് പ്രിൻസിയോട് പറയുന്ന ഡയലോഗാ “നന്ദി പ്രിൻസി. . . ഒരായിരം നന്ദി.”

ക്ലിന്റ് എ ജോയ് എന്ന പ്രൊഫൈലിൽ നിന്നുള്ള കമന്റും കൂട്ടായ്മയ്ക്കെതിരെ വിമർശനമുന്നയിക്കുന്നതാണ്. “നന്നായിട്ടുണ്ട്.
ഇടതു പക്ഷത്തിന്റെ പുരോഗമന രാഷ്ട്രീയത്തിന്റെ തണലിൽ നിങ്ങൾ ശബരിമല കയറി. സ്വാഭാവികമായും അത് ഇഷ്ടപ്പെടാത്ത സാധാരണക്കാർ ഇടതു പക്ഷത്തിനെതിരായി വോട്ടു ചെയ്ത് അവരെ തോൽപിച്ചു. ശബരിമലയിൽ രാഷ്ട്രീയ മുതലെടുപ്പ് നടത്തിയവർക്ക് വോട്ടു ചെയ്തും ചെയ്യിപ്പിച്ചും നിങ്ങളും ഇടതുപക്ഷത്തെ തോൽപ്പിച്ചു. ഞാൻ ആദ്യമായാണ് ഇടതുപക്ഷത്തിന് വോട്ട് ചെയ്യുന്നത്. ശബരിമലയിലെ പിണറായിയുടെ നിലപാടിനായിരുന്നു ആ വോട്ട്. മല കയറികഴിഞ്ഞാൽ ഉടനെ പുരോഗമനവും നവോത്ഥാനവും എല്ലാം പൂർത്തിയായി എന്ന് കരുതരുത്. കാണിച്ച രാഷ്ട്രീയ നെറികേട് എന്നെങ്കിലും നിങ്ങൾക്ക് മനസിലാവട്ടെ എന്ന് ആഗ്രഹിക്കുന്നു”

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍