ക്രിക്കറ്റിൽ ആക്രമിച്ച് കളിക്കുന്ന ബാറ്റ്സ്മാന് നോൺ സ്ട്രൈക്കറെപ്പോലെ ആയിരുരുന്നു ഇരുവരുടെയും പ്രകടനമെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.
ലോക്സഭാ പ്രചരണം കേരളത്തിൽ അവസാന ഘട്ടത്തിലാണ്. ഇത്തവണത്തെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഏറെ ശ്രദ്ധ പിടിച്ച് പറ്റിയത് തീർച്ചയായും പരിഭാഷകർ തന്ന ആയിരുന്നു. നിരവധി ദേശീയ നേതാക്കൾ കൂട്ടമായി പ്രചാരണ പ്രവർത്തനങ്ങൾക്ക് എത്തിയതോടെയാണ് പരിഭാഷകർ കളം നിറഞ്ഞത്. ഇതിൽ പലർക്കും അമളി പിണഞ്ഞപ്പോൾ ചില പുത്തൽ താരങ്ങളും ഉയർന്നു വന്നു.
ഇതിനിടെ തംരഗമാവുകയാണ് പാലക്കാട് എംഎൽഎ ഷാഫി പറമ്പിലിന്റെ പരിഭാഷ. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും പഞ്ചാബ് മന്ത്രിയുമായ നവ്ജ്യോത് സിങ് സിദ്ദുവിനു വേണ്ടിയായിരുന്നു ഷാഫി പരിഭാഷനായത്. ക്രിക്കറ്റിൽ ആക്രമിച്ച് കളിക്കുന്ന ബാറ്റ്സ്മാന് നോൺ സ്ട്രൈക്കറെപ്പോലെ ആയിരുരുന്നു ഇരുവരുടെയും പ്രകടനമെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. ഷാഫിയുടെ പരിഭാഷയുടെ ആവേശം കണ്ട് പ്രാസംഗികനായ സിദ്ദു തന്നെ കയ്യടിക്കുന്നിടം വരെയെത്തിയിരുന്നു കാര്യങ്ങൾ.
സിദ്ദുവിന്റെ പ്രസംഗങ്ങൾ നിറയെ ക്രിക്കറ്റ് നിറഞ്ഞു നിൽക്കും. ഇത് കൃത്യമായി അറിയുന്നയാൾ പ്രസംഗം പരിഭാഷപ്പെടുത്തിയില്ലെങ്കിൽ അതിന്റെ ഭംഗി നഷ്ടപ്പെടും. എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക് അതിനുള്ള ആളെ തേടിയപ്പോഴായിരുന്നു പാലക്കാട്ടെ പഴയൊരു ക്രിക്കറ്റ് താരം കൂടിയായ ഷാഫി പറമ്പിൽ എംഎൽഎക്ക് നറുക്ക് വീണതെന്നാണ് വിവരം. കെ.സി. വേണുഗോപാലാണ് ഷാഫിയെ നിർദേശിക്കുന്നത്. വയനാട് മണ്ഡലത്തിൽ ഉൾപ്പെടുന്ന മലപ്പുറത്തെ മൂന്നു കേന്ദ്രങ്ങളിലായിരുന്നു സിദ്ദുവിന്റെ പ്രസംഗങ്ങൾ.
ഏതായാലും രാഹുൽ ഗാന്ധിക്ക് വേണ്ടി പ്രചാരണത്തിന് എത്തിയ സിദ്ധുവിന്റെ പ്രസംഗം കേൾക്കാനെത്തിയവർക്ക് ഒരു ട്വന്റി 20 മൽസരം കണ്ട ഫീൽ ഉണ്ടായെന്നാണ് സംസാരം.