UPDATES

സോഷ്യൽ വയർ

ആലപ്പാടും അവിടുത്തെ ജനങ്ങളും ഈ യാത്രയില്‍ തനിച്ചല്ല; ഉണ്ണി മുകുന്ദന്‍

കരിമണല്‍ ഖനനം ഒരു നാടിനെ ഇല്ലാതാക്കുന്നതിനെതിരേ ഒരു ജനത നടത്തുന്ന പോരാട്ടമെന്ന നിലയില്‍ ശ്രദ്ധേയമായിരിക്കുന്ന ആലപ്പാട് പഞ്ചായത്തിലെ കരിമണല്‍ ഖനനത്തിനെതിരേയുള്ള സമരത്തിന് നടന്‍ ഉണ്ണി മുകുന്ദന്റെ പിന്തുണയും. പൃഥ്വിരാജ്, ടൊവിനോ തോമസ്, അനു സിത്താര, സണ്ണി വെയ്ന്‍ തുടങ്ങി സിനിമ മേഖലയില്‍ നിന്നും നിരവധി പേര്‍ സേവ് ആലപ്പാട് കാമ്പയിനു പിന്തുണയുമായി എത്തിയതിനൊപ്പമാണ് ഉണ്ണി മുകുന്ദനും തന്റെ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരിക്കുന്നത്. മനുഷ്യരും മനുഷ്യത്വവും മറ്റെന്തിനേക്കാളും വിലപ്പെട്ടതാണെന്ന വിശ്വാസം നമുക്ക് നഷ്ടമാവാത്ത കാലത്തോളം, ആലപ്പാടും അവിടത്തെ ജനങ്ങളും, ഈ യാത്രയില്‍ തനിച്ചല്ല എന്നാണ് ഉണ്ണി മുകുന്ദന്‍ തന്റെ ഫെയ്‌സബുക്ക് പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്. നമ്മുടെ നാട് ഒരു പ്രകൃതി ദുരന്തത്തെ അതിജീവിച്ചു പതുക്കെ പൂര്‍വ്വസ്ഥിതിയിലേക്ക് തിരിച്ചു വരുന്ന ഈ ഒരു സമയത്തു, മനുഷ്യ നിര്‍മിതമായ ഇത്തരം ദൗര്‍ഭാഗ്യകരമായ സംഭവങ്ങള്‍ ഉണ്ടാകുന്നത് ഒരുപാട് അലട്ടുന്നുണ്ടെന്നും ഉണ്ണി പങ്കുവയ്ക്കുന്നു. ഉണ്ണി മുകുന്ദന്റെ ഫെയ്‌സബുക്ക് പോസ്റ്റ് പൂര്‍ണ രൂപത്തില്‍ താഴെ;

ആലപ്പാട് നേരിടുന്ന പ്രതിസന്ധിയെക്കുറിച് കുറെ നാളുകളായി എല്ലാ മാധ്യമങ്ങളിലും വരുന്ന വാര്‍ത്തകളും അപ്‌ഡേറ്റുകളും ശ്രദ്ധയില്‍പ്പെട്ടിരുന്നു. പ്രദേശത്തെ അശാസ്ത്രീയമായ രീതിയില്‍ ഉള്ള കരിമണല്‍ ഖനനത്തിനെതിരെയുള്ള നാട്ടുകാരുടെ പ്രതിഷേധം നിരാഹാര സത്യാഗ്രഹം വരെ എത്തി നില്‍ക്കുന്നത് വളരെ നിരാശാജനകം ആണ്. നമ്മുടെ നാട് ഒരു പ്രകൃതി ദുരന്തത്തെ അതിജീവിച്ചു പതുക്കെ പൂര്‍വ്വസ്ഥിതിയിലേക്ക് തിരിച്ചു വരുന്ന ഈ ഒരു സമയത്തു, മനുഷ്യ
നിര്‍മിതമായ ഇത്തരം ദൗര്‍ഭാഗ്യകരമായ സംഭവങ്ങള്‍ ഉണ്ടാകുന്നത് ഒരുപാട് അലട്ടുന്നുണ്ട്. അവരുടെ ആവശ്യങ്ങളും പരാതികളും ഉത്തരവാദിത്തപ്പെട്ടവരുടെ ശ്രദ്ധയില്‍ വരുമെന്ന് പ്രതീക്ഷിക്കുന്നു. ദേശവാസികളുടെ താല്പര്യങ്ങളും സുരക്ഷയും അവരുടെ നിലനില്‍പ്പ് തന്നെയും സംരക്ഷിക്കേണ്ടത് തികച്ചും സുപ്രധാനമായ ഒരു ആവശ്യമാണ്. മനുഷ്യരും മനുഷ്യത്വവും മറ്റെന്തിനേക്കാളും വിലപ്പെട്ടതാണെന്ന വിശ്വാസം നമുക്ക് നഷ്ടമാവാത്ത കാലത്തോളം, ആലപ്പാടും അവിടത്തെ ജനങ്ങളും, ഈ യാത്രയില്‍ തനിച്ചല്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍