UPDATES

സോഷ്യൽ വയർ

ഏഷ്യാനെറ്റിന് വേണ്ടി സര്‍വേ നടത്തിയത് മോദിക്ക് വേണ്ടി തല മൊട്ടയടിച്ച സുജയ് മിശ്ര

സോഷ്യല്‍ മീഡിയ ഈ പോസ്റ്റിനെ ഏറ്റെടുത്തതോടെ ഇന്ന് ഉച്ചയ്ക്ക് ഒരു മണി വരെ സുജയ് മിശ്രയുടെ പേജിലുണ്ടായിരുന്ന ചിത്രം അപ്രത്യക്ഷമായിരിക്കുകയാണ്

ഇന്നലെ പുറത്തുവന്ന ഏഷ്യാനെറ്റിന്റെ ലോക്‌സഭ തെരഞ്ഞെടുപ്പ് സര്‍വേ ഫലം സോഷ്യല്‍ മീഡിയ ആഘോഷിക്കുകയാണ്. ഏഷ്യാനെറ്റും ബംഗളൂരു ആസ്ഥാനമാക്കിയുള്ള എ-ഇസഡ് റിസര്‍ച്ച് പാര്‍ട്‌ണേഴ്‌സും ചേര്‍ന്നാണ് സര്‍വേ നടത്തിയത്. ഏറെ കാലമായി കേരള രാഷ്ട്രീയത്തില്‍ സജീവമല്ലാത്ത ഉമ്മന്‍ ചാണ്ടിയാണ് കേരളത്തിലെ ഏറ്റവും ജനകീയനായ നേതാവെന്ന് ഈ സര്‍വേ പറയുന്നു. കൂടാതെ യുഡിഎഫ് 14-16 സീറ്റുകള്‍ പിടിക്കുമെന്നും 44 ശതമാനം വോട്ട് വിഹിതം നേടുമെന്നും പ്രവചിക്കുന്നുണ്ട് ഈ സര്‍വേയില്‍. മൂന്ന് മുതല്‍ അഞ്ച് വരെ സീറ്റുകള്‍ എല്‍ഡിഎഫിന് കിട്ടിയേക്കുമെന്ന് ഇവരുടെ പ്രവചനം. നിലവില്‍ സാഹചര്യത്തില്‍ ബിജെപി പാര്‍ലമെന്റിലേക്കുള്ള കേരളത്തിലെ അക്കൗണ്ട് ഓപ്പണ്‍ ചെയ്യുമെന്നാണ് മറ്റൊരു പ്രവചനം.

അതേസമയം ഈ സര്‍വേ ഫലങ്ങള്‍ മുന്നോട്ട് വയ്ക്കുന്ന കണക്കുകളെ ട്രോളി സോഷ്യല്‍ മീഡിയ സജീവമാകുകയാണ്. തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന വിഷയങ്ങളായി 64 ശതമാനം പേര്‍ ശബരിമല വിഷയത്തെയും 25 ശതമാനം പേര്‍ ഇന്ധനവിലവര്‍ദ്ധനവിനെയും 15 ശതമാനം പേര്‍ നോട്ട് നിരോധനത്തേയും ആറ് ശതമാനം പേര്‍ മുത്തലാഖിനെയും അഞ്ച് ശതമാനം പേര്‍ മുത്തലാഖിനെയും കണക്കാക്കുന്നുവെന്നാണ് സര്‍വെയിലെ സുപ്രധാനമായ ഒരു കണ്ടെത്തല്‍. എന്നാല്‍ ഇതെല്ലാം കൂടെ കൂട്ടുമ്പോള്‍ 115 ശതമാനമാകും. ഇതിനുമാത്രം ശതമാനം എവിടെ കിടക്കുന്നുവെന്നാണ് ട്രോളര്‍മാര്‍ ചോദിക്കുന്നത്. സര്‍വേ നടത്തിയ എ-ഇസഡ് റിസര്‍ച്ച് പാര്‍ട്‌ണേഴ്‌സിന്റെ ഉടമ സുജയ് മിശ്രയെ വെളിപ്പെടുത്തിയാണ് സോഷ്യല്‍ മീഡിയ ഈ വിഷയത്തെ മറ്റൊരു വിധത്തില്‍ കൈകാര്യം ചെയ്യുന്നത്.

2014ലെ തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദി ജയിക്കുകയാണെങ്കില്‍ തല മുണ്ഡനം ചെയ്യാമെന്ന് വഴിപാട് നേര്‍ന്ന വ്യക്തിയാണ് സുജയ് മിശ്ര എന്നതാണ് ഇതില്‍ പ്രധാനം. 2014 മെയ് 16ന് ഇദ്ദേഹം താന്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ബിജെപി 273 സീറ്റുകള്‍ നേടുന്നതിന്റെ വാര്‍ത്ത സംപ്രേഷണം ചെയ്യുന്ന ടെലിവിഷന്‍ സ്‌ക്രീനിന് മുന്നില്‍ തലമൊട്ടയടിച്ച് നില്‍ക്കുന്നതിന്റെ ചിത്രം പുറത്തുവിട്ടിരുന്നു. ‘ദൈവത്തോട് വാഗ്ദാനം ചെയ്തതുപോലെ ഞാന്‍ എന്റെ തലമുടി മോദിയുടെ വിജയത്തിന് നല്‍കുന്നു. ബിജെപിയെ പിന്തുണച്ച എല്ലാവരും നന്നായി പ്രവര്‍ത്തിച്ചു.’ എന്ന ഫേസ്ബുക്ക് കുറിപ്പിനൊപ്പമായിരുന്നു ഈ ഫോട്ടോ പുറത്തുവിട്ടത്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ പലരും ഈ ചിത്രം പ്രചരിപ്പിക്കുന്നുണ്ട്. സോഷ്യല്‍ മീഡിയ ഈ പോസ്റ്റിനെ ഏറ്റെടുത്തതോടെ ഇന്ന് ഉച്ചയ്ക്ക് ഒരു മണി വരെ സുജയ് മിശ്രയുടെ പേജിലുണ്ടായിരുന്ന ചിത്രം അപ്രത്യക്ഷമായിരിക്കുകയാണ്.

ബിജെപി എംപിയും ഏഷ്യാനെറ്റ് ഉടമയുമായ രാജീവ് ചന്ദ്രശേഖരന്‍ താനെന്തുകൊണ്ട് എന്‍ഡിഎയുടെ നരേന്ദ്ര മോദിയെ അടുത്ത പ്രധാനമന്ത്രിയായി പിന്തുണയ്ക്കുന്നുവെന്ന് കാണിച്ച് 2014 മാര്‍ച്ച് 26ന് പ്രസിദ്ധീകരിച്ച ഫേസ്ബുക്ക് പോസ്റ്റ് ഇദ്ദേഹം ഷെയര്‍ ചെയ്യുകയും ചെയ്തിരുന്നു. കേരളത്തില്‍ സൈനിക സ്‌കൂളില്‍ വിദ്യാഭ്യാസം നേടിയ സുജയ് മിശ്ര ഇന്നലെ ചാനല്‍ ചര്‍ച്ചയില്‍ കണക്കുകളെ ന്യായീകരിക്കാന്‍ വീഡിയോ കോളിംഗിലൂടെ എത്തിയിരുന്നു. സുജയ് മിശ്രയുടെയും രാജീവ് ചന്ദ്രശേഖറിന്റെയും ബിജെപി താല്‍പര്യങ്ങളാണ് ഏഷ്യാനെറ്റ് സര്‍വേയിലൂടെ പുറത്തുവന്നതെന്നാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍