UPDATES

സോഷ്യൽ വയർ

പ്രതിസ്ഥാനത്ത് സംഘപരിവാർ വരുമ്പോൾ പിൻവാങ്ങുന്ന മാധ്യമങ്ങൾ: സുനിത ദേവദാസിന്റെ അനുഭവക്കുറിപ്പ്

തന്റെ തല ആരുടെയോ നഗ്ന ഉടലിൽ വെച്ചൊട്ടിച്ച് സംഘപരിവാറുകാർ പ്രചരിപ്പിച്ചപ്പോൾ മാധ്യമങ്ങൾ വാർത്ത നൽകാതെ വലിഞ്ഞു നിന്നതിനെപ്പറ്റി പറയുകയാണ് മാധ്യമപ്രവർത്തകയായ സുനിത ദേവദാസ്. തന്റേതടക്കം അപ്രധാനമായ പല ഫേസ്ബുക്ക് പോസ്റ്റുകളും എടുത്ത് വാർത്തയാക്കാറുള്ള മാധ്യമങ്ങളെല്ലാം ഇത്രയും ഗൗരവപ്പെട്ട ഒരു വിഷയം വന്നപ്പോൾ മാറിനിന്നത് എന്തുകൊണ്ടാകും എന്ന ചോദ്യമുയർത്തുകയാണ് സുനിത ഒരു ഫേസ്ബുക്ക് പോസ്റ്റിലൂടെ. 500 ലൈക്കുള്ള പോസ്റ്റുകൾ പോലും എടുത്ത് വൈറലാകുന്നു എന്ന് വാർത്ത നൽകി വൈറലാക്കുന്ന മാധ്യമങ്ങൾ തനിക്കെതിരായ ഈ ഹീനനീക്കം കാണുകയുണ്ടായില്ല.

ഇതിന്റെ കാരണമെന്തെന്ന് തനിക്ക് ബോധ്യപ്പെട്ടത് ഇങ്ങനെയാണെന്ന് സുനിത വിശദീകരിക്കുന്നു: “എന്റെ കാര്യത്തിൽ ആരാണ് പടം മോർഫ് ചെയ്തത് എന്നതിൽ അവ്യക്തതയൊന്നുമില്ല. സംഘപരിവാറാണ് അത് ചെയ്തത്. അതു തന്നെയാണ് കാരണം!”

എങ്കിലും തനിക്ക് താങ്ങായി നിന്ന ചില മാധ്യമങ്ങളോടും മനുഷ്യരുമുണ്ടെന്നും സുനിത പറയുന്നു. മാധ്യമങ്ങളുടെ സംഘപരിവാറും ചവുട്ടിയിട്ട് വഴിയരികിൽ ഈച്ചയാർത്തു കിടക്കുമായിരുന്നു താനെന്നും അതിൽ നിന്ന് രക്ഷിച്ചത് ചുരുക്കം ചില മാധ്യമങ്ങളും മനുഷ്യരുമാണെന്നും സുനിത ഫേസ്ബുക്കിലിട്ട കുറിപ്പിൽ പറഞ്ഞു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

എന്റെ തല ആരുടെയോ നഗ്ന ഉടലിൽ വച്ച് സംഘപരിവാർ ഒട്ടിച്ചു പ്രചരിപ്പിച്ചപ്പോ മാധ്യമങ്ങൾ അതെങ്ങനെ കണ്ടു എന്നാലോചിക്കുകയായിരുന്നു.

എന്റെ പ്രിയപ്പെട്ട എല്ലാവരും അല്ലെങ്കിൽ അടുപ്പമുള്ള എല്ലാവരും മാധ്യമപ്രവർത്തകരാണ്. എന്നിട്ടും ആരും ഇതൊന്നും കണ്ടില്ല.

എന്റേതടക്കം നിരവധി ഫേസ്‌ബുക്ക് പോസ്റ്റുകൾ ( ഒരു കാമ്പുമില്ലാത്തവ പോലും) വാർത്തയാക്കുന്ന മാധ്യമങ്ങൾ ഇക്കാര്യം അറിഞ്ഞതായി പോലും ഭാവിച്ചില്ല.
500 ലൈക്കുള്ള പോസ്റ്റുകൾ പോലും സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നു എന്ന് പറഞ്ഞു നൽകി വൈറലാക്കുന്ന മാധ്യമങ്ങൾ ഇക്കാര്യം കണ്ടതേയില്ല .

എന്നോട് രണ്ടു മാധ്യമ പ്രവർത്തകർ മാത്രമാണ് വാർത്ത എന്ത് എന്ന് ചോദിച്ചത് .
ഒന്ന് അഴിമുഖം . അവർ വാർത്ത നൽകി . ഒപ്പം നിന്നു .
രണ്ടു വിനിത വേണു. അവൾ തന്ന ചോദ്യങ്ങൾക്ക് ഞാൻ ഇപ്പോഴും മറുപടി നൽകിയിട്ടില്ല. (ഇന്ന് നൽകും )

ട്രൂ ലൈൻ ന്യൂസും വാർത്ത നൽകി . ഐ വിറ്റ്നസ്‌ നൽകി. Malayal.am പ്രതികരണം നൽകി.
ബിനീഷ് കോടിയേരിയുടെ പ്രതികരണം വേറൊരു ഓണ് ലൈൻ ന്യൂസും ( സോറി പേര് മറന്നു) നൽകി

ഇതിനപ്പുറം ഒരു മാധ്യമപ്രവർത്തകനും മാധ്യമസ്ഥാപനവും ഈ വാർത്ത അറിഞ്ഞതേയില്ല .
കാരണം നിങ്ങൾക്ക് അറിയാമോ ?
എന്റെ കാര്യത്തിൽ ആരു പടം മോർഫ് ചെയ്തു എന്നതിൽ അവ്യക്തതയൊന്നുമില്ല . സംഘപരിവാർ ആണത് ചെയ്തത് .
അത് തന്നെ കാരണം .

പക്ഷെ മനുഷ്യർ എന്നെ അത്ഭുതപ്പെടുത്തിക്കളഞ്ഞു.
താഴെ വീണു പോകാതെ നെഞ്ചോട് ചേർത്ത് താങ്ങി നിർത്തിയത് ഇവിടത്തെ സാധാരണ മനുഷ്യരായിരുന്നു .

അല്ലെങ്കിൽ ഞാൻ താഴെ വീണേനെ.. ഈ മാധ്യമങ്ങളും സംഘപരിവാറും എന്നെ ചവിട്ടി മെതിച്ചു കടന്നു പോയേനെ … അവരുടെ ചവിട്ടു കൊണ്ട് ചത്ത ഞാൻ വഴിയരുകിൽ ഈച്ചയാർത്തു കിടന്നേനെ ..

നന്ദി മനുഷ്യരെ …
നിങ്ങളെ ഓർത്തു എന്റെ ഉള്ളം നിറയുകയാണ്.
അറിയുന്ന എല്ലാ ഭാഷയിലും നന്ദി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍