UPDATES

സോഷ്യൽ വയർ

ഒരു പുരോഗമന സമൂഹത്തെ ലജ്ജിപ്പിക്കുന്ന തരം വർഗ്ഗീയ ധ്രുവീകരണം നടക്കുമ്പോൾ ബദൽ പ്രതിരോധം ഇല്ലാത്ത പക്ഷം കടലെടുത്ത് പോകും നമ്മുടെ നവോത്ഥാനം

തുല്യതയെക്കുറിച്ച്‌ ഓർമ്മിപ്പിച്ചുകൊണ്ട്‌ സ്ത്രീകൾ തെരുവിലേക്കിറങ്ങുന്ന ഒരു പരിപാടി ഐക്യകേരള ചരിത്രത്തിൽ ഇതാദ്യമായാണു

രണ്ടരമാസം മുൻപ്‌ നമ്മൾ മലയാളികൾ ഒരു വലിയ സമരം തുടങ്ങിയതാണ്. ഒരു പ്രളയത്തിൽ ഒന്നിച്ചു നിന്ന് പുനർ നിർമ്മാണത്തെക്കുറിച്ച്‌ ചർച്ച ചെയ്തിരുന്ന നാം ശബരിമല വിധി വന്നതോടെ പല ചേരികളായി പിരിഞ്ഞു. ആചാര സംരക്ഷകർ എന്ന പേരിൽ ആയിരങ്ങൾ തെരുവിൽ ഇറങ്ങി. സ്ത്രീകൾ തന്നെ ആർത്തവം അശുദ്ധിയാണെന്നും തങ്ങൾ ആചാരങ്ങളാൽ മാറ്റിനിർത്തപ്പെടേണ്ടവർ ആണെന്നും പറഞ്ഞു തെരുവിലിറങ്ങി.

ഇന്ത്യയിലെ ഏറ്റവും വലിയ വർഗ്ഗീയ സംഘടനയായ സംഘപരിവാർ അവരുടെ മുഴുവൻ മെഷിനറിയും പുറത്തെടുത്ത്‌ ജനങ്ങളെ തെരുവിലിറക്കിയപ്പോൾ മത നിരപേക്ഷ മനുഷ്യർ ആദ്യമൊക്കെ പകച്ചു പോയിരുന്നു. എന്നാൽ പിന്നീട്‌ അവർ ഒന്നിച്ച്‌ പ്രതിരോധത്തിന്റെ ബദൽ ശബ്ദം തീർത്തു. കേരളീയ നവോഥാനത്തിന്റെ ചരിത്രം പറഞ്ഞു. അതോടെ നാമ ജപയാത്രകൾക്ക്‌ പിന്നിലെ സംഘപരിവാർ താൽപര്യങ്ങൾ ജനം മനസിലാക്കി. ആചാര സംരക്ഷണമെന്ന മകുടിയൂതി കേരളത്തെ തങ്ങളുടെ പാളയത്തിലേക്ക്‌ നയിക്കാനുള്ള സംഘപരിവാർ ശ്രമങ്ങളെ മനുഷ്യർ മനസിലാക്കി. സുവർണ്ണാവസരം മുതലാക്കാനെത്തിയ മനുഷ്യരുടെ അജെണ്ടകളിൽ നിന്ന് മാറി നടക്കാൻ അവർ ശ്രമിച്ചു തുടങ്ങി.

ഒന്നു സ്വസ്ഥമായി ആലോചിച്ചു നോക്കൂ. ദൈവത്തെ സംരക്ഷിക്കാൻ രണ്ടര മാസം മുൻപ്‌ തെരുവിലിറങ്ങിയവർക്ക്‌ പോലും ഇപ്പോൾ ആ ചിന്തയിൽ മാറ്റം വന്നിട്ടുണ്ട്‌. സംഘപരിവാറിന്റെ നിരാശയും ആത്മവിശ്വാസക്കുറവും നോക്കുക. ഒരു ആത്മഹത്യപോലും രാഷ്ട്രീയമാക്കി മാറ്റേണ്ട ഗതികേടിൽ അവർ എത്തിയത്‌ അങ്ങനെയാണു.

മനുഷ്യരുടെ ആകുലതകൾ പരിഹരിച്ച്‌ തന്നെയാണു സാമൂഹ്യ മാറ്റങ്ങൾ നടക്കാറുള്ളത്‌. നിയമം മൂലമോ പൊലീസിംഗ്‌ മൂലമോ ഒറ്റ രാത്രികൊണ്ട്‌ സാമൂഹ്യമാറ്റം സാധിക്കുമെന്ന് കരുതുന്നവർ ഒറ്റ ബുദ്ധികളാണു. അത്തരം മനുഷ്യരോടും സംവാദമേ നിവൃത്തിയുള്ളൂ. ഒരു ജനാധിപത്യ സമൂഹത്തിൽ സ്വിച്ചിട്ട ഉടനെ വിപ്ലവം സംഭവിക്കുമെന്ന് സ്വപ്നം കാണുന്നവരെ യാഥാർത്ഥ്യം മനസിലാക്കുക തന്നെ വേണം.

കഴിഞ്ഞ രണ്ടര മാസത്തിലേക്ക്‌ വീണ്ടും തിരിഞ്ഞു നോക്കുക. കേരളീയ നവോഥാനത്തെക്കുറിച്ച്‌ നാം പാഠ പുസ്തകത്തിനു വെളിയിൽ പഠിച്ച ദിവസങ്ങളായിരുന്നു അത്‌. സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി മുതൽ അക്കാദമിക്‌ പണ്ഠിതരും പ്രാസംഗികരും വരെ രണ്ടു നൂറ്റാണ്ടിനിടെ നാം നടന്നു തീർത്ത കനൽ വഴികളെക്കുറിച്ച്‌ എഴുതിയും പ്രസംഗിച്ചും ഓർമ്മിപ്പിച്ചും നമുക്കിടയിലേക്കിറങ്ങി. അരുവിപ്പുറത്ത്‌ പ്രതിഷ്ഠ നടത്തിയ ശ്രീനാരയണ ഗുരുവിനെ, പഞ്ചമിയുടെ കൈ പിടിച്ച്‌ വിദ്യാലയത്തിലെത്തിയ അയ്യങ്കാളിയെ, പന്തി ഭോജനത്തെ, കല്ലുമാല സമരത്തെ, ഗുരുവായൂർ സത്യാഗ്രഹത്തെ, ക്ഷേത്ര പ്രവേശന വിളമ്പരത്തെ, അങ്ങനെ ഒരോന്നായി എണ്ണിപ്പറഞ്ഞപ്പോൾ സംഘപരിവാർ അന്തരീക്ഷത്തിൽ സൃഷ്ടിച്ച പുകമറയിൽ നിന്ന് മനുഷ്യർ സാവധാനം പുറത്തു വന്നു തുടങ്ങി. നവോഥാന സദസ്സുകൾ, പൊതു സമ്മേളനങ്ങൾ, ജാഥകൾ എന്നിവയുമായി സി പി ഐമ്മിന്റെ നേതൃത്വത്തിൽ ഇടതു പക്ഷ ജനാധിപത്യ മുന്നണി പ്രതിരോധം തീർത്തപ്പോൾ ആചാര സംരക്ഷകരായി സംഘപരിവാറും കോൺഗ്രസ്സും നടത്തിയ യാത്രകൾ പരിഹാസ്യമായി.

കേരളീയ ചരിത്രത്തിൽ ആദ്യമായി ആർത്തവം അശുദ്ധിയല്ലെന്നും സ്ത്രീ രണ്ടാം തരം വിഭാഗമല്ലെന്നുമൊക്കെയുള്ള സംവാദങ്ങൾ പൊതു സമൂഹത്തിൽ നടന്നു എന്ന സവിശേഷതയും ഈ കാലത്തിനുണ്ട്‌. ആർത്തവം അശുദ്ധിയാണു എന്നു വിശ്വസിക്കുന്ന (സമൂഹം അങ്ങനെ വിശ്വസിപ്പിച്ച) വലിയ ഒരു വിഭാഗം സ്ത്രീകൾ തന്നെയുള്ള നാട്ടിലാണു ഇത്‌ നടക്കുന്നത്‌. ഇതൊക്കെ ‘ഇന്നു ഉച്ചക്ക്‌ അല്ലെങ്കിൽ നാളെ രാവിലെ’ ഫലം കാണുന്ന ചർച്ചകളാണു എന്നു ആരും കരുതുന്നില്ല. ഇന്നല്ലെങ്കിൽ നാളെ, നാം അല്ലെങ്കിൽ നമ്മുടെ വരുംതലമുറയിലെ സ്ത്രീകൾക്ക്‌ അന്തസോടെ, തുല്യതയോടെ ജീവിക്കാൻ കഴിയുന്ന കാലത്തിനു വേണ്ടിയുള്ള ഒരു നിക്ഷേപമാണു ഈ ചർച്ചകൾ.

ഈ ഒരു സാഹചര്യത്തിലാണു വനിതാ മതിലിനെ നോക്കിക്കാണേണ്ടത്‌. സ്ത്രീകളെ അണിനിരത്തി ഒരു മതിൽ പണിത്‌ പിറ്റേന്ന് തന്നെ കേരളത്തിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ അവസാനിക്കുമെന്ന് ചിന്തിക്കാൻ മാത്രമുള്ള ഒറ്റ ബുദ്ധികൾ നമ്മുടെ സമൂഹത്തിലുണ്ട്‌ എന്നു കരുതുന്നില്ല. അല്ലെങ്കിൽ വനിത മതിലിൽ അണി നിരക്കുന്ന സംഘടനകളും വ്യക്തികളുമൊക്കെ സ്ത്രീക്ക്‌ തുല്യാവകാശം വേണം എന്നു അഭിപ്രായമുള്ളവരുമല്ല. പക്ഷേ ഒന്നോർക്കുക. ഒരു ജനാധിപത്യ സമൂഹത്തിൽ നമുക്ക്‌ സംവാദത്തിന്റേതായ ഭൂമികയിൽ നിന്ന് തുല്യതയെക്കുറിച്ച്‌ കൂടുതൽ പേരോട്‌ സംസാരിക്കേണ്ടതുണ്ട്‌. ഒരു കോടതി വിധിക്കു പിന്നാലെ സ്ത്രീകളടക്കം ആയിരങ്ങളെ തെരുവിലിറക്കാൻ സംഘിനു കഴിഞ്ഞെങ്കിൽ നമ്മുടെ ഇടയിലെ നവോഥാനത്തിന്റെ ഇഴകൾ ദുർബലമായിട്ടുണ്ട്‌. സ്ത്രീകളെ സ്ത്രീകൾക്കെതിരായി ഉപയോഗിക്കാൻ മാത്രം ജീർണ്ണത നമ്മുടെ ഇടയിൽ സംഭവിച്ചിട്ടുണ്ട്‌. അന്നു ഉപയോഗിക്കപ്പെട്ട സ്ത്രീകളും ഇപ്പോഴും ഈ വിഷയങ്ങളിൽ വ്യക്തത ഇല്ലാത്ത സ്ത്രീകൾ അടക്കം അനവധി പേരോട്‌ തുടർന്നും സംവദിക്കേണ്ടതുണ്ട്‌. അതിനുള്ള അനേകം കാമ്പെയിനുകളിൽ ഒന്നു മാത്രമാണു വനിതാ മതിൽ. സംഘപരിവാർ സൃഷ്ടിക്കുന്ന ജീർണ്ണതകൾക്ക്‌ ബദലായി കേരളീയ പൊതുസമൂഹത്തെ അണിനിരത്തി നാം നടത്തുന്ന വലിയൊരു പ്രവർത്തനം എന്ന രീതിയിലാണു അതിനെ കാണേണ്ടത്‌.

ഇനി പറയാനുള്ളത്‌ ഒറ്റ ബുദ്ധി ലോജിക്കുകളെക്കുറിച്ചാണു. “അച്ഛൻ എക്സർഷനു പോകാൻ കാശു തരാത്തതു കൊണ്ട്‌ നേരെ കയറി നക്സലൈറ്റായി” എന്നു പണ്ടൊരു സിനിമയിൽ പറഞ്ഞതു പോലെ ചിന്തിക്കുന്ന ആളുകളോടാണു. ഇടതു പക്ഷമുന്നണിയുടെ നേതൃത്വത്തിൽ നടക്കുന്ന ഒരു മൂവ്‌മെന്റിനെതിരെ സഹകരിക്കാതിരിക്കാൻ നിങ്ങൾക്ക്‌ ആയിരം കാരണങ്ങൾ കാണുമായിരിക്കും. പൊലീസിന്റെ വീഴ്ചകൾ മുതൽ ഇതിനോട്‌ സഹകരിക്കുന്ന വ്യക്തികളുടെ പ്രൊഫെയിൽ വരെ അതിനു തടസ്സമായി ഉന്നയിക്കുന്നവരുണ്ട്‌. ശബരി മലയിൽ സ്ത്രീകളെ കയറ്റിയില്ലല്ലോ എന്ന വാദം മുതൽ നേതൃത്വത്തിൽ സ്ത്രീകൾ ഇല്ലല്ലോ എന്ന വായനകൾ വരെ അവനവനു സൗകര്യത്തിൽ കണ്ടെത്താവുന്ന നിരവധി വാദങ്ങളുണ്ട്‌. വിയോജിക്കാനുള്ള നൂറായിരം കാര്യങ്ങൾ ഉള്ളപ്പോൾ യോജിക്കാനുള്ള നിസ്സാരമല്ലെന്ന് എനിക്ക്‌ തോന്നുന്ന ചില കാര്യങ്ങളുണ്ട്‌. തുല്യതയെക്കുറിച്ച്‌ ഓർമ്മിപ്പിച്ചുകൊണ്ട്‌ സ്ത്രീകൾ തെരുവിലേക്കിറങ്ങുന്ന ഒരു പരിപാടി ഐക്യകേരള ചരിത്രത്തിൽ ഇതാദ്യമായാണു. ഒപ്പം ആത്യന്തികമായി ഇത്‌ അസ്വസ്ഥമാക്കുന്നത്‌ കേരളം പിടിക്കാൻ സുവർണ്ണാവസരം പാർത്തിരിക്കുന്ന സംഘപരിവാറിനെയാണു. ഈ രണ്ട്‌ കാരണങ്ങൾ മറ്റെല്ലാ വിയോജിപ്പുകളേയും താൽക്കാലികമായി മാറ്റിവെക്കാൻ മതനിരപേക്ഷ ജനാധിപത്യ ബോധം പുലർത്തുന്ന ആളുകളെ പ്രേരിപ്പിക്കും എന്നു തന്നെ ഞാൻ വിശ്വസിക്കുന്നുണ്ട്‌. ഒരു പുരോഗമന സമൂഹത്തെ ലജ്ജിപ്പിക്കുന്ന തരം വർഗ്ഗീയ ധ്രുവീകരണം നടക്കുന്ന നാട്ടിൽ, വിശ്വാസ സംരക്ഷണമെന്ന പേരിൽ നാമജപത്തിനും വണ്ടി തടയലിലും പള്ളി മിനാരങ്ങൾക്കു മുകളിൽ ആത്മഹത്യക്കും സമത്വം ആവശ്യമില്ലെന്ന് പറഞ്ഞ്‌ റോഡരികിലും സ്ത്രീകൾ നിൽക്കാൻ തുടങ്ങുന്ന ഈ കാലത്ത്‌ പുരോഗമന ശക്തികൾക്ക്‌ ബദൽ ശബ്ദം കേൾപ്പിക്കേണ്ടതുണ്ട്‌.

“നമുക്ക് നഷ്ട്ടപെടാനുള്ളത് ഓട്ടുവളകൾ മാത്രം കയ്യിലിട്ടും, ഓട്ടു പത്രങ്ങൾ മാത്രം കഴുകിയും നൂറ്റാണ്ടുകളോളം നാം കഴിഞ്ഞു കൂടിയ ഇരുട്ട് മാത്രം കുമിഞ്ഞു കൂടിയ അടുക്കളകളാണ്. കിട്ടാനുള്ളതോ പുതിയൊരു ലോകവും. തുലഞ്ഞു പോകട്ടെ ആര്യേ, ഈ ലോകം തുലഞ്ഞു പോകട്ടെ “എന്നു പറഞ്ഞ്‌ മറക്കുടക്ക്‌ പുറത്ത്‌ കടന്ന നമ്മൾ തിരിച്ച്‌ പാരതന്ത്ര്യത്തിനെ പുൽകുന്ന കാഴ്ച നിസ്സഹായരായി നിൽക്കേണ്ടി വരും നമ്മെ വിഴുങ്ങാൻ നിൽക്കുന്ന ഇരുട്ടിന്റെ ശക്തികൾക്ക്‌ നാം പിടി കൊടുത്താൽ.

ബദൽ പ്രതിരോധം ഇല്ലാത്ത പക്ഷം കടലെടുത്തു പോകും നമ്മുടെ ഈ നവോത്ഥാനം!

വാൽക്കഷണം: നവോഥന മതിലിനോടടുപ്പിച്ചും ശേഷവും വരാൻ പോകുന്ന മാധ്യമ വാർത്തകളെക്കുറിച്ച്‌ ഏകദേശ രൂപമുണ്ട്‌. ‘വനിതാ മതിലിനു നാരങ്ങാ വെള്ളം നൽകിയ എൽ സി സെക്രട്ടറി സഹ പ്രവർത്തകയോട്‌ കയർത്തു’ എന്നൊക്കെയുള്ള നരേറ്റീവുകൾ ഉടൻ വരും. ഒറ്റ ബുദ്ധികളെ തൃപ്തിപ്പെടുത്തുകയാണല്ലോ സത്യാനന്തര കാലത്തെ മാധ്യമ പ്രവർത്തനം.

ഫേസ്ബുക് പോസ്റ്റ്
(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

വനിതാ മതിലിൽ പങ്കെടുക്കില്ല: സാറാ ജോസഫ്

‘മരം കാണുകയും കാട് കാണാതിരിക്കുകയും ചെയ്യരുത്’: വനിതാ മതിലിൽ പങ്കെടുക്കില്ല എന്ന് പ്രഖ്യാപിച്ച സാറ ജോസഫിന് സുജ സൂസൻ ജോർജിന്റെ തുറന്ന കത്ത്

മിനേഷ് രാമനുണ്ണി

മിനേഷ് രാമനുണ്ണി

എഞ്ചിനീയര്‍, ബെഹ്റിനില്‍ താമസം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍