UPDATES

സോഷ്യൽ വയർ

വിവരം വെച്ചത് കൊണ്ടാണ് ആര്‍.എസ്.എസിന്റെ കൂടെ പോയതെന്ന് സെന്‍കുമാര്‍; ഒരു വിവരവും ഇല്ലാതിരുന്ന കാലത്തായിപോയല്ലോ താങ്കളെ ഞങ്ങള്‍ ഡി.ജി.പിയാക്കി വെച്ചതെന്ന് എ.എ റഹീം

നേരത്തെ ശബരിമലയിലെ യുവതീ പ്രവേശന വിഷയത്തില്‍ സംസ്ഥാന പൊലീസിന് വീഴ്ച സംഭവിച്ചതായി ടി പി സെന്‍കുമാര്‍ അഭിപ്രായപ്പെട്ടിരുന്നു.

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് ശേഷം ചാനൽ ചർച്ചകളും ഏറെ പ്രക്ഷുബ്ധമാകാറുണ്ട്. ഇന്നലെ ഏഷ്യാനെറ്റ് ന്യൂസിന്‍റെ ന്യൂസ് അവര്‍ ചര്‍ച്ചയില്‍ മുന്‍ ഡിജിപി ടിപി സെന്‍കുമാറും ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി എ എ റഹീമും തമ്മിലായിരുന്നു വാക്‌പോര്.

കഴിഞ്ഞ ദിവസങ്ങളിൽ ശബരിമലയിൽ നടന്ന പ്രതിഷേധങ്ങളും, ആക്രമങ്ങളും വിഷയമാക്കി കൊണ്ട് നടന്ന ചർച്ചയിൽ വിവരം വച്ച എല്ലാവരും ആര്‍എസ്എസും സേവാഭാരതിയുമൊക്കെയാകുമെന്ന് ടിപി സെന്‍കുമാര്‍ പ്രതികരിച്ചു. ആര്‍എസിഎസിന്‍റെ പ്രതിനിധിയായാണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നത് എന്ന് ചർച്ചയിൽ സിപിഎമ്മിനെ പ്രതിനിധീകരിച്ചു പങ്കെടുത്ത എഎ റഹീമിന്‍റെ ആരോപണത്തോടെ പ്രതികരിക്കുകയായിരുന്നു ടിപി സെന്‍കുമാര്‍.

എന്നാല്‍ ഇതിന് മറുപടി നല്‍കിയ എഎ റഹീം, അപ്പോള്‍ നിങ്ങള്‍ക്ക് ഇപ്പോഴാണ് വിവരം വച്ചത്. അപ്പോള്‍ നിങ്ങള്‍ക്ക് വിവരം ഇല്ലാത്ത കാലത്താണ് കേരളത്തിന്‍റെ ഡിജിപിയായി സേവനം അനുഷ്ഠിച്ചത്. കേരളം ഒരു വിവരവും ഇല്ലാത്ത കാലത്താണല്ലോ ഇത്തരം പദവികള്‍ എല്ലാം ഏല്‍പ്പിച്ച് സുരക്ഷിതരെന്ന് തെറ്റിദ്ധരിച്ച് നടന്നത് എന്ന് പറഞ്ഞു അതെ നാണയത്തിൽ തിരിച്ചടിച്ചു.

നേരത്തെ ശബരിമലയിലെ യുവതീ പ്രവേശന വിഷയത്തില്‍ സംസ്ഥാന പൊലീസിന് വീഴ്ച സംഭവിച്ചതായി ടി പി സെന്‍കുമാര്‍ അഭിപ്രായപ്പെട്ടിരുന്നു. സുപ്രീം കോടതി വിധി പ്രകാരം ഹിന്ദു യുവതികള്‍ക്ക് മാത്രമാണ് ശബരിമലയില്‍ പ്രവേശനം അനുവദിക്കപ്പെട്ടതെന്നും രഹന ഫാത്തിമ അടക്കമുള്ള ആളുകളെ പ്രവേശിപ്പിക്കാന്‍ ശ്രമിച്ചത് മുതല്‍ പൊലീസിന് വീഴ്ച പറ്റിയെന്നും സെന്‍കുമാര്‍ കൂട്ടിച്ചേർത്തു. സെൻകുമാർ ബി ജെ പിയുമായി അടുക്കാൻ ശ്രമിക്കുകയാണെന്ന് ചില റിപ്പോട്ടുകളും കഴിഞ്ഞ ദിവസങ്ങളിൽ പുറത്തു വന്നിരുന്നു.

ഏഷ്യാനെറ്റ് ചർച്ചയിൽ പങ്കെടുത്ത അഡ്വക്കേറ്റ് ആശ ഉണ്ണിത്താനുമായും സെൻകുമാർ തർക്കത്തിലേർപ്പെട്ടു. “ശബരിമല വിധി മാത്രം നടപ്പാക്കുന്നതിലാണ് പ്രശ്നം. 1986-ലെ മേരിറോയ് കേസിൽ ക്രിസ്ത്യൻ സ്ത്രീകൾക്കു തുല്യ സ്വത്തവകാശം നൽകിയിരുന്നു. ആ വിധി എന്താണ് നടപ്പാക്കാത്തതെന്ന” സെൻകുമാറിന്റെ ചോദ്യത്തിന് ആശാ ഇങ്ങനെ പ്രതികരിച്ചു “സുപ്രീം കോടതി വിധി നാട്ടിലെ നിയമമാണ് സാർ. ഏതു സ്ത്രീയ്ക്കും കിട്ടും. ആരെങ്കിലും കോടതിയിൽ പോയാൽ വിധി അവർക്കനുകൂലമാകും. എന്റെ കക്ഷികൾക്ക് ഞാൻ വാങ്ങിക്കൊടുത്തിട്ടുണ്ട്.”
കോടതിയിൽ പോയാലല്ലേ കിട്ടു എന്ന് സെൻകുമാർ വീണ്ടും ചോദിച്ചപ്പോൾ കൊല്ലരുത് എന്ന് നാട്ടിൽ നിയമമുണ്ട് സാർ. ആരെങ്കിലും കൊന്നാൽ കേസു വരും എന്ന് അഡ്വക്കേറ്റ് ആശാ തിരിച്ചടിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍