UPDATES

സോഷ്യൽ വയർ

തിരുവനന്തപുരം വിമാനത്താവളം: അദാനി നൽകിയ തുക സർക്കാർ നൽകാം; പക്ഷേ, ശശി തരുർ കേരളത്തോട് ഒപ്പം നിൽക്കുമോ?

യുഡിഎഫിന്റെ പ്രതിനിധി, തിരുവനന്തപുരത്തിന്റെ ജനപ്രതിനിധി, മലയാളി എന്നീ മൂന്ന് നിലകളിലും തരുർ തികഞ്ഞ പരാജയമായിരുന്നു

തിരുവനന്തപുരം എയർപോർട്ടിന്റെ നടത്തിപ്പ് അദാനിക്ക് വിട്ട സംഭവത്തിൽ ശശി തരൂർ എംപി ഇടപെട്ടില്ലെന്ന് ആരോപണം കടുപ്പിച്ച് സംസ്ഥാന ധനമന്ത്രി തോമസ് ഐസക്. വിഷയിത്തിൽ നേരത്തെ താൻ ഉർത്തിയ വിമർശനത്തോടുള്ള പ്രതികരണം തീർത്തും ബാലിശമായിപ്പോയി എന്നു പറയേണ്ടി വന്നതിൽ ഖേദമുണ്ട്. ഇരുവരുടെയും നയങ്ങളിലെ വ്യത്യാസമാണ് വിമർശനങ്ങളുടെ അടിസ്ഥാനമെന്നും ഐസക് പറയുന്നു. വിമാനത്താവളം സ്വകാര്യവത്കരിക്കുന്നതിനെതിരാണ് എൽഡിഎഫിന്. താങ്കളും യുഡിഎഫും സ്വകാര്യവത്കരണത്തിന് അനുകൂലവും.

ഇക്കാര്യത്തിൽ മോദിയുടെ നിലപാടു തന്നെയാണ് തരുരിനും. അതുകൊണ്ടാണ് ഇക്കാര്യത്തിൽ മോദിയെ തുറന്നെതിർക്കാൻ തരൂരിന് കഴിയുന്നതെന്നും അദ്ദേഹം പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരുപം

പ്രിയപ്പെട്ട ശശി തരൂർ,

തിരുവനന്തപുരം വിമാനത്താവളം സംബന്ധിച്ചുയർത്തിയ വിമർശനത്തോടുള്ള പ്രതികരണം തീർത്തും ബാലിശമായിപ്പോയി എന്നു പറയേണ്ടി വന്നതിൽ ഖേദമുണ്ട്. നാം പിന്തുടരുന്നത് വെവ്വേറെ നയങ്ങളാണ്, തരൂർ. വിമർശനങ്ങളുടെ അടിസ്ഥാനവും അതാണ്. തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരിക്കുന്നതിനെതിരാണ് എൽഡിഎഫിന്. താങ്കളും യുഡിഎഫും സ്വകാര്യവത്കരണത്തിന് അനുകൂലവും.

ഇക്കാര്യത്തിൽ മോദിയുടെ നിലപാടു തന്നെയാണ് നിങ്ങൾക്കും. അതുകൊണ്ടാണ് ഇക്കാര്യത്തിൽ മോദിയെ തുറന്നെതിർക്കാൻ താങ്കൾക്കു കഴിയാത്തത്.

വളരെ പ്രധാനപ്പെട്ട ചില കാര്യങ്ങൾ എൻ്റെ കുറിപ്പിൽ ഉന്നയിച്ചിരുന്നു. അത് കേരള ജനതയോടു കേന്ദ്രം ചെയ്ത വഞ്ചനയെക്കുറിച്ചാണ്. പുതിയ അന്താരാഷ്ട്ര ടെർമിനൽ നിർമ്മിക്കുന്നതിന് 2005-ൽ‍ 23.57 ഏക്കർ ഭൂമി സൗജന്യമായി കൈമാറിയപ്പോൾ നാം ഒരു നിബന്ധന വെച്ചിരുന്നു. 2005ൽ കേരളവും കേന്ദ്രവും ഭരിച്ചിരുന്നത് കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാരുകളായിരുന്നു എന്ന് തരൂരിനറിയുമല്ലോ. പക്ഷേ, എന്നിട്ടും താങ്കൾക്ക് ആ നിബന്ധനയെ ഡിഫെൻഡു ചെയ്യാൻ കഴിഞ്ഞില്ല. എന്തുകൊണ്ട് എന്ന് തിരുവനന്തപുരത്തെ ജനങ്ങൾ അറിയേണ്ടതല്ലേ?

ഏതെങ്കിലും കാരണവശാൽ‍ വിമാനത്താവള അതോറിട്ടി ഒരു കമ്പനിയായി മാറ്റുകയോ അതിനുവേണ്ടി പ്രത്യേക കമ്പനി രൂപീകരിക്കുകയോ ചെയ്യുകയാണെങ്കിൽ‍ സർക്കാർ‍ സൗജന്യമായി നൽകിയ ഭൂമിയുടെ വില സർക്കാർ ഓഹരിയായി മാറ്റണമെന്നായിരുന്നു നിബന്ധന. ഈ നിബന്ധന പാലിക്കപ്പെട്ടില്ല. അതിനെതിരെ തിരുവനന്തപുരത്തിന്റെ ജനപ്രതിനിധി എന്ന നിലയിൽ എന്താണ് താങ്കൾ ചെയ്തത്?

തിരുവനന്തപുരം വിമാനത്താവളത്തിൽ സ്വകാര്യ പങ്കാളിത്തം ആലോചിക്കുമ്പോൾ സംസ്ഥാന സർക്കാരുമായി ചർച്ച ചെയ്യുമെന്ന് 2003-ൽ‍ സിവിൽ‍ ഏവിയേഷൻ സെക്രട്ടറി രേഖാമൂലം ഉറപ്പു നൽകിയിരുന്നു. കേരളത്തിന് പങ്കാളിത്തമുള്ള പ്രത്യേക ഉദ്ദേശ കമ്പനി (എസ്.പി.വി) രൂപീകരിക്കുന്ന കാര്യവും അന്ന് ഉറപ്പു നൽകിയതായിരുന്നു. ഈ ഉറപ്പു നൽകുമ്പോൾ കേരളം ഭരിച്ചിരുന്നത് യുഡിഎഫ് സർക്കാരാണ് ആ ഉറപ്പു ലംഘിക്കപ്പെടുമ്പോൾ പ്രതികരിക്കാനുള്ള ചുമതല യുഡിഎഫിന്റെ പ്രതിനിധി എന്ന നിലയിലും തിരുവനന്തപുരത്തിന്റെ ജനപ്രതിനിധി എന്ന നിലയിലും മലയാളി എന്ന നിലയിലും തരൂരിനുണ്ട്. ഈ മൂന്നു തലങ്ങളിലും താങ്കൾ തികഞ്ഞ പരാജയമായിരുന്നു എന്നു മാത്രമല്ല, കേരളത്തോടു മോദി കാണിച്ച ഈ വഞ്ചനയ്ക്ക് കൂട്ടുനിൽക്കുകയും ചെയ്തു.

ഇന്ത്യയിൽ ഏറ്റവും നല്ല നിലയിൽ പ്രവർത്തിക്കുന്ന വിമാനത്താവളങ്ങളിൽ മുൻപന്തിയിലാണ് കൊച്ചി. സിയാൽ മാതൃകയിൽ അത്തരം ഒരു സംവിധാനം തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പിനും ഉണ്ടാക്കാവുന്നതേയുള്ളൂ. എന്തുകൊണ്ടാണ് താങ്കൾ അക്കാര്യം ആലോചിക്കാത്തത്? ഉത്തരം ഒന്നേയുള്ളൂ. ഇതൊക്കെ അദാനിയെപ്പോലുള്ള മുതലാളിമാർ കൈകാര്യം ചെയ്യേണ്ടതാണെന്ന സിദ്ധാന്തത്തിന്റെ അടിമകളാണ് നിങ്ങൾ. പൊതു ഉടമസ്ഥതയെ സംബന്ധിച്ചൊക്കെ ഒരുതരം അരിസ്റ്റോക്രാറ്റിക് പുച്ഛം നിങ്ങൾ വെച്ചു പുലർത്തുന്നുണ്ട്.

വിമാനത്താവളം ഉൾപ്പെടെയുള്ള പൊതുമുതലുകൾ അദാനിയെപ്പോലുള്ളവർ കൈയടക്കുന്നതിൽ ഒരു പ്രശ്നവും താങ്കൾ കാണുന്നില്ല. എന്നാൽ ഞങ്ങൾക്ക് ആ നിലപാടല്ല. ഇത്തരത്തിൽ പൊതു ഉടമസ്ഥതയിലുള്ള വിഭവങ്ങൾ സർക്കാരിന്റെ നിയന്ത്രണത്തിലായിരിക്കണമെന്നാണ് ഞങ്ങളുടെ അഭിപ്രായവും നയവും. നിങ്ങൾക്കു മറിച്ചും.
തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പവകാശം അദാനി കൈയടക്കുമ്പോൾ വഞ്ചിക്കപ്പെട്ടത് തിരുവനന്തപുരത്തെ ജനങ്ങളാണ്. 2003ലും 2005ലും കേരളം ഭരിച്ച യുഡിഎഫ് സർക്കാരിന് അന്ന് രാജ്യം ഭരിച്ച കോൺഗ്രസ് നൽകിയ വാഗ്ദാനങ്ങളാണ് മോദി നിഷ്പ്രയാസം ലംഘിച്ചത്. എന്നിട്ടും എതിർപ്പിന്റെ ലാഞ്ചന പോലും ഉയർത്താൻ യുഡിഎഫിന്റെ ജനപ്രതിനിധിയായിരുന്ന ശശി തരൂരിന് കഴിഞ്ഞില്ല. ഈ വഞ്ചനയ്ക്ക് തിരുവനന്തപുരം താങ്കളോടു കണക്കു ചോദിക്കും.

താങ്കളുടെ അഭിപ്രായത്തിൽ വിമാനത്താവളത്തിന്റെ കാര്യത്തിൽ എന്താണ് കേരള സർക്കാർ ചെയ്യേണ്ടിയിരുന്നത്? ഔപചാരികമായി എതിർപ്പറിയിച്ച് ടെണ്ടറിലൊന്നും പങ്കെടുക്കാതെ അദാനി എടുത്തോട്ടെ എന്നു കരുതണമായിരുന്നോ?

വാദം കേട്ടാൽ അങ്ങനെയാണ് തോന്നുക. തിരുവനന്തപുരം വിമാനത്താവളം സ്വകാര്യമേഖലയ്ക്ക് കൈമാറുന്നതിലുളള എതിർപ്പ് കേരള സർക്കാർ ആദ്യമേ കേന്ദ്രത്തെ അറിയിച്ചിരുന്നു. സർക്കാർ അങ്ങനെയൊരു നിലപാട് സ്വീകരിച്ചപ്പോൾ സ്ഥലം എംപിയുടെ നിലപാട് എന്തായിരുന്നു? കേരളീയർക്കോ തിരുവനന്തപുരത്തുകാർക്കോ അനുകൂലമായിരുന്നില്ല.

എന്നാൽ, കേരള സർക്കാർ വെറുതെ ഇരിക്കുകയായിരുന്നില്ല. ടെണ്ടർ നടപടികളിൽ പങ്കെടുത്ത് വിമാനത്താവളം കേരള സർക്കാർ നിയന്ത്രിത സ്ഥാപനങ്ങളുടെ ചുമതലയിലാക്കാൻ ശ്രമിച്ചു. ടെണ്ടറിൽ കേരള സർക്കാരിന് പ്രത്യേക പരിഗണന വേണമെന്ന് ആവശ്യപ്പെട്ടു. ടെണ്ടർ അദാനിക്ക് നല്കിയപ്പോൾ അതിനെതിരെ കോടതിയിൽ പോവുകയും ചെയ്തു. ഇതൊന്നും ചെയ്യരുതായിരുന്നു എന്നാണോ തരൂരിന്റെ വാദം?

ഏറ്റവും ഒടുവിൽ കേൾക്കുന്ന വാർത്ത എന്താണ്? വിമാനത്താവളത്തിന് മൊത്തത്തിൽ വിലയിട്ട് അദാനി സ്വന്തമാക്കാൻ പോവുകയാണ്. ഒരു കാര്യം ചെയ്യാം. തിരുവനന്തപുരം വിമാനത്താവളത്തിന് അദാനി കണ്ടെത്തിയ തുക കേരള സർക്കാർ നൽകാം. അത്തരമൊരു നീക്കം കേരളം നടത്തിയാൽ എന്തായിരിക്കും ശശി തരൂരിന്റെ നിലപാട്? കേരളത്തോട് ഒപ്പം നിൽക്കാൻ താങ്കൾ ഉണ്ടാകുമോ?

മറുപടി പ്രതീക്ഷിച്ചുകൊണ്ട്,
സ്നേഹപൂർവം
തോമസ് ഐസക്

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍