UPDATES

സോഷ്യൽ വയർ

വിമാനത്താവളം അദാനിക്ക് തീറെഴുതി കേന്ദ്രം കേരള ജനതയെ ചതിച്ചു; യുഡിഎഫും ശശി തരൂരും പിന്തുണച്ചു: തോമസ്‌ ഐസക്ക്‌

തുച്ഛമായ തുക എയർപോർട്ട് അതോറിറ്റിയ്ക്കു നൽകി കൊള്ളലാഭം കരസ്ഥമാക്കാൻ അദാനിയ്ക്ക് ഒരു പൊതുസ്ഥാപനം കൂടി മോദി കൈമാറി.

തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് നൽകി കേരളജനതയെ കേന്ദ്ര സര്‍ക്കാർ ചതിക്കുകയായിരുന്നെന്ന് മന്ത്രി തോമസ് ഐസക്. തുച്ഛമായ തുക എയർപോർട്ട് അതോറിറ്റിയ്ക്കു നൽകി അദാനിക്ക് കൊള്ളലാഭം കരസ്ഥമാക്കാൻ വേണ്ടിയാണ് ഇത്തരമൊരു കൈമാറ്റം നടന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു. വിഷയം ഉയർന്നപ്പോൾ ഇടപെടാതിരുന്ന ശശി തരൂർ എംപിയെയും ഐസക് വിമര്‍ശിക്കുന്നുണ്ട്. 30,000 കോടി ആസ്തിയുള്ള മലയാളികളുടെ സ്വന്തം വിമാനത്താവളം അദാനിയെ ഏൽപ്പിക്കാൻ മോദി തീരുമാനിച്ചപ്പോൾ തിരുവനന്തപുരത്തിന്റെ എംപി അദ്ദേഹത്തിന്റെ പാർടിയും എന്തു ചെയ്യുകയായിരുന്നു എന്ന് തിരഞ്ഞെടുപ്പ് കാലത്ത് യുഡിഎഫിനെ ബാധിക്കുമെന്നും അദ്ദേഹം കുറിപ്പിൽ പറയുന്നു.

നിലവവിലെ ഇടപാടിന്റെ ഭാഗമായി തിരുവനന്തപുരത്തെ കണ്ണായ നൂറു കണക്കിന് ഏക്കർ ഭൂമി യഥേഷ്ടം ഉപയോഗിക്കാൻ അദാനിക്ക് ആവസരം ലഭിക്കുകയാണ് ചെയ്തത്. ഡ്യൂട്ടി ഫ്രീ ഷോപ്പ്, ബിവറേജ്, വാഹനപാർക്കിംഗ് എന്നിവയ്ക്ക പുറമെ ഷോപ്പിംഗ് മാളുകളും, നക്ഷത്ര ഹോട്ടലുകളും നിർമ്മിച്ച് ആയിരക്കണക്കിന് കോടി ഉണ്ടാക്കാന്‍ അദാനിക്ക് അവസരം ഒരുങ്ങിയത് മാത്രമാണ് ഇതിലുടെ ഉണ്ടായതെന്നും ധനമന്ത്രി കുറ്റപ്പെടുത്തുന്നു.

തോമസ് ഐസകിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം

തെരഞ്ഞെടുപ്പിൽ ചർച്ച ചെയ്യുന്നത് രാഷ്ട്രീയമാണ്. മുന്നണികളുടെയും പാർടികളുടെയും നയവും നിലപാടുമാണ്. അതുകൊണ്ടുതന്നെ തിരുവനന്തപുരത്തിൻ്റെ പരമ്പരാഗത പ്രതാപമായ അന്താരാഷ്ട്ര വിമാനത്താവളം അദാനിയ്ക്ക് തീറെഴുതിയത് തിരുവനന്തപുരത്തു മാത്രമല്ല, കേരളത്തിലാകെ ചർച്ചയാകണം. 30,000 കോടി ആസ്തിയുള്ള മലയാളികളുടെ സ്വന്തം വിമാനത്താവളം അദാനിയെ ഏൽപ്പിക്കാൻ മോദി തീരുമാനിച്ചപ്പോൾ തിരുവനന്തപുരത്തിൻ്റെ എംപിയും അദ്ദേഹത്തിൻ്റെ പാർടിയും എന്തു ചെയ്യുകയായിരുന്നു എന്ന ചോദ്യം ഈ തിരഞ്ഞെടുപ്പിൽ യുഡിഎഫിനെ പൊള്ളിക്കുക തന്നെ ചെയ്യും.

പൊതുസമ്പത്ത് ഉപയോഗപ്പെടുത്തിയാണ് ഇതുപോലുള്ള അനേകം അടിസ്ഥാന സൗകര്യസംവിധാനങ്ങൾ വികസനിപ്പിച്ചത്. സൗജന്യമായി 635 ഏക്കര്‍ ഭൂമിയിലാണ് തിരുവനന്തപുരം വിമാനത്താവളം പടുത്തുയർത്തിയിരിക്കുന്നത്. പുതിയ അന്താരാഷ്ട്ര ടെർമിനൽ നിർമ്മിക്കുന്നതിന് 2005-ൽ‍ 23.57 ഏക്കർ ഭൂമി സൗജന്യമായി കൈമാറിയപ്പോൾ നാം ഒരു നിബന്ധന വെച്ചിരുന്നു. ഏതെങ്കിലും കാരണവശാൽ‍ വിമാനത്താവള അതോറിട്ടി ഒരു കമ്പനിയായി മാറ്റുകയോ അതിനുവേണ്ടി പ്രത്യേക കമ്പനി രൂപീകരിക്കുകയോ ചെയ്യുകയാണെങ്കിൽ‍ സർക്കാർ‍ സൗജന്യമായി നൽകിയ ഭൂമിയുടെ വില സർക്കാർ ഓഹരിയായി മാറ്റണമെന്നായിരുന്നു നിബന്ധന.

തിരുവനന്തപുരം വിമാനത്താവളത്തിൽ സ്വകാര്യ പങ്കാളിത്തം ആലോചിക്കുമ്പോൾ സംസ്ഥാന സർക്കാരുമായി ചർച്ച ചെയ്യുമെന്ന് 2003-ൽ‍ സിവിൽ‍ ഏവിയേഷൻ സെക്രട്ടറി രേഖാമൂലം ഉറപ്പു നല്കികയിരുന്നു. കേരളത്തിന് പങ്കാളിത്തമുള്ള പ്രത്യേക ഉദ്ദേശ കമ്പനി (എസ്.പി.വി) രൂപീകരിക്കുന്ന കാര്യവും അന്ന് സർക്കാരിനു ഉറപ്പു നൽകിയതായിരുന്നു. എന്നാൽ‍ ഈ ഉറപ്പുകളെല്ലാം ലംഘിക്കപ്പെട്ടു.

ഇതൊരു പകൽക്കൊള്ളയാണ്. കേരളജനതയെ പൊതുവെയും തിരുവനന്തപുരത്തുകാരെ പ്രത്യേകിച്ചും ചതിക്കുകയായിരുന്നു കേന്ദ്രം. തുച്ഛമായ തുക എയർപോർട്ട് അതോറിറ്റിയ്ക്കു നൽകി കൊള്ളലാഭം കരസ്ഥമാക്കാൻ അദാനിയ്ക്ക് ഒരു പൊതുസ്ഥാപനം കൂടി മോദി കൈമാറി. തിരുവനന്തപുരത്തെ കണ്ണായ നൂറു കണക്കിന് ഏക്കർ ഭൂമി യഥേഷ്ടം ഉപയോഗിക്കാൻ അദാനിക്ക് കിട്ടി. ഡ്യൂട്ടി ഫ്രീ ഷോപ്പ്, ബിവറേജ്, വാഹനപാർക്കിംഗ് തുടങ്ങിയ ഇനങ്ങളിൽ വർഷാവർഷം കോടികൾ ചുളുവിൽ കിട്ടും. ഷോപ്പിംഗ് മാളുകളും, നക്ഷത്ര ഹോട്ടലുകളും നിർമ്മിച്ച് ആയിരക്കണക്കിന് കോടി ഉണ്ടാക്കാന്‍ അദാനിക്ക് വേറെയും അവസരം.

മറ്റു വിമാനത്താവളങ്ങൾ സ്വകാര്യവത്കരിച്ചപ്പോൾ പാലിച്ചിരുന്ന മാനദണ്ഡങ്ങളെല്ലാം ഇവിടെ അട്ടിമറിക്കപ്പെട്ടു. ഡൽഹി – മുംബൈ വിമാനത്താവളങ്ങൾ സ്വകാര്യവൽക്കരിച്ചപ്പോൾ റവന്യു ഷെയർ ആയിരുന്നു മാനദണ്ഡം. എയർപോർട്ടിൻ്റെ മൊത്തം വരുമാനത്തിൻ്റെ നിശ്ചിത ശതമാനം എയർപോർട്ട് അതോറിട്ടി ഓഫ് ഇന്ത്യയ്ക്ക് നൽകണമെന്നാണ് ആ മാതൃക. വിമാനത്തവളത്തിൽ‍ ഒരു കോഫിഷോപ്പു തുടങ്ങണമെങ്കിൽപ്പോലും രണ്ടു വർഷത്തെ പരിചയം വേണം എന്നാൽ വിമാനത്താവള നടത്തിപ്പിനു മുൻപരിചയം വേണ്ട എന്ന വിചിത്ര നിലപാട് ലേലത്തിൽ സ്വീകരിച്ചത് അദാനിക്ക് വിമാനത്താവളം ഏൽപ്പിക്കാൻ മുൻകൂട്ടി തീരുമാനിച്ചതിൻ്റെ ഭാഗമായിരുന്നു.

ഇത്തരത്തിൽ സംസ്ഥാന സർക്കാരിൻ്റെ അവകാശവാദങ്ങളെല്ലാം ഏകപക്ഷീയമായി ലംഘിച്ച് മോദിയുടെ കോർപറേറ്റ് സുഹൃത്തിന് കേരളത്തിൻ്റെ അഭിമാനമായ സ്ഥാപനം ചുളുവിലയ്ക്ക് കൈമാറ്റം ചെയ്തിരിക്കുന്നു. ഈ നയത്തോടും, അതു നടപ്പിലാക്കാൻ കേന്ദ്രസർക്കാർ സ്വീകരിച്ച ധാർഷ്ട്യത്തോടെയുള്ള സമീപനത്തോടും എന്താണ് യുഡിഎഫിൻ്റെയും തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാർത്ഥിയുടെയും സമീപനം?

ഈ ചോദ്യത്തിൽ നിന്ന് അവർക്ക് ഒളിച്ചോടാനാവില്ല. തിരുവനന്തപുരത്തെ ജനങ്ങൾ ഉത്തരം പറയിപ്പിക്കുക തന്നെ ചെയ്യും.

എന്‍ പി അനൂപ്

എന്‍ പി അനൂപ്

സബ് എഡിറ്റര്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍