UPDATES

സോഷ്യൽ വയർ

കേരളത്തിൽ പിടിമുറുക്കുന്ന ‘അൽഖ്വയ്ദ’: ജനം ടി വിയുടെ വ്യാജവാർത്തയെ ട്രോളിൽ മുക്കി സോഷ്യൽ മീഡിയ

സലീം കുമാറിന്റെ തന്നെ കഥാപാത്രങ്ങളെ വെച്ചാണ് ട്രോളന്‍മാര്‍ തിരിച്ചടിച്ചത്..

കഴിഞ്ഞ 24 മണിക്കൂറുകളായി ട്രോളർമാരുടെ ഫേവറിറ്റ് ടോപ്പിക്ക് ജനം ടി വി ആണ്. കേരളത്തിൽ അൽഖ്വയ്ദ പിടിമുറുക്കുന്നുവെന്ന ‘ജനം’ ടി.വിയുടെ വ്യാജ വാര്‍ത്തയെ ട്രോളി നിലം പരിശാക്കി സോഷ്യല്‍ മീഡിയ. ചാവർകോട് സി.എച്ച്.എം.എം കോളജിൽ തീവ്രവാദ പ്രവർത്തനമുണ്ടെന്ന വാസ്തവ വിരുദ്ധ പ്രചാരണം നടത്തിയ ജനം ടി.വിക്കെതിരെയാണ് ട്രോളന്‍മാര്‍ പരിഹാസവുമായി രംഗത്ത് വന്നത്. ആന്വല്‍ ഡേക്ക് മുഖ്യാതിഥിയായി പങ്കെടുത്ത സലീം കുമാറിന്റെ തന്നെ സി.ഐ.ഡി മൂസ എന്ന സിനിമയുടെ തീമില്‍ അണിയിച്ചൊരുക്കിയ ഡ്രസ് കോഡിനെയാണ് ജനം ടി.വി വ്യാജ വാര്‍ത്ത പടച്ചു വിട്ടത്. ഇതിനെതിരെ സലീം കുമാറിന്റെ തന്നെ കഥാപാത്രങ്ങളെ വെച്ചാണ് ട്രോളന്‍മാര്‍ തിരിച്ചടിച്ചത്.

തിരുവനന്തപുരം വര്‍ക്കല സി എച്ച് മുഹമ്മദ് കോയ മെമ്മോറിയല്‍ കോളെജില്‍ താന്‍ കൂടി പങ്കെടുത്ത പരിപാടി ഐഎസ് ഭീകരവാദികളുടെ പ്രകടനമാക്കിയ ജനം ടിവി വാര്‍ത്തയ്‌ക്കെതിരെ നടന്‍ സലിം കുമാറും രംഗത്തെത്തിയിരുന്നു. മാര്‍ച്ച് മാസത്തില്‍ താന്‍ പങ്കെടുത്ത പരിപാടിയില്‍ കറുപ്പ് വേഷമിട്ട് വിദ്യാര്‍ത്ഥികള്‍ ആഘോഷിച്ചത് ഒരു തീമിന്റെ പുറത്ത് മാത്രമാണെന്ന് സലിം കുമാര്‍ ന്യൂസ്‌റപ്റ്റിനോട് പറഞ്ഞു. സാധാരണ കോളെജ് വിദ്യാര്‍ത്ഥികളുടെ ഒരു ആഹ്ലാദപ്രകടനം മാത്രമായിരുന്നു അത്. അവര്‍ നിരപരാധികളാണ്. ജനം ടിവി എന്തുകൊണ്ടാണ് ഇങ്ങനെയൊക്കെ വാര്‍ത്തകള്‍ കൊടുക്കുന്നതെന്നും മുസ്ലീങ്ങള്‍ക്ക് ഈ നാട്ടില്‍ ജീവിക്കണ്ടേയെന്നും അദ്ദേഹം ചോദിച്ചു.

നേരത്തെ വര്‍ക്കല സി.എച്ച് മുഹമ്മദ് കോയ മെമ്മോറിയല്‍ കോളേജില്‍ അല്‍ ഖാഇദ ഭീകരബന്ധമുണ്ടെന്ന് കാണിച്ച് ജനം ടി.വി നല്‍കിയ വാര്‍ത്ത വ്യാജമാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. കോളേജ് അധികൃതരും ജനം ടി.വി വാര്‍ത്ത നിഷേധിക്കുകയും നിയമനടപടി സ്വീകരിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

‘കേരളത്തില്‍ ഐഎസ്-അല്‍ ഖ്വായ്ദ സംഘടനകള്‍ വേരുറപ്പിക്കുന്നു; തലസ്ഥാനത്ത് ഭീകര സംഘടനകളുടെ പതാക ഉയര്‍ത്തി വിദ്യാര്‍ത്ഥികളുടെ പ്രകടനം’ എന്ന തലക്കെട്ടോടെയാണ് കോളെജിനെതിരെ ജനം ടിവി ഇന്നലെ ‘ബിഗ് ബ്രേക്കിങ്’ പുറത്തു വിട്ടത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍