ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ ഫെയ്‌സബുക്ക് പോസ്റ്റിനു താഴെ തന്റെ മണ്ഡലത്തിലെ ആശുപത്രി വികസനവുമായി ബന്ധപ്പെട്ട് ഒരു കമന്റ് ഇട്ടതിനാണ് സൈബര്‍ സഖാക്കളുടെ ആക്രമണത്തിന് പ്രതിഭ ഇരയായത്
ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ ഫെയ്‌സബുക്കിന് താഴെ വിമര്‍ശനാത്മകമായ കമന്റ് ഇട്ടു എന്ന പേരില്‍ സിപിഎമ്മിന്റെ കായകുളം എംഎല്‍എ യു പ്രതിഭയ്‌ക്കെതിരേ സോഷ്യല്‍ മീഡിയയില്‍ വലിയ പ്രതിഷേധമായിരുന്നു. സിപിഎം അനുഭാവികള്‍ തന്നെയായിരുന്നു പ്രതിഭയ്‌ക്കെതിരേ സോഷ്യല്‍ മീഡിയ ആക്രമണത്തിന് നേതൃത്വം കൊടുത്തതും. എന്നാല്‍ ഇത്തരക്കാര്‍ വെറും വ്യാജ സഖാക്കള്‍ ആണെന്നാണ് എംഎല്‍എ തിരിച്ചടിച്ചിരിക്കുന്നത്. തന്റെ കമന്റിന്റെ പേരില്‍ നടന്നു വരുന്ന വാദപ്രതിവാദങ്ങള്‍ ഇവിടെ അവസാനിപ്പിക്കുകയാണെന്നു വ്യക്തിമാക്കി എഴുതിയിരിക്കുന്ന പുതിയ ഫെയ്‌സബുക്ക് പോസ്റ്റിലാണ് പ്രതിഭ വികാരമപരമായി പ്രതികരിച്ചിരിക്കുന്നത്. മണ്ഡലത്തിലെ വികസന കാര്യത്തെക്കുറിച്ച് സ്‌പോര്‍ട്‌സ്മാന്‍ മാന്‍ സ്പിരിറ്റില്‍ പറഞ്ഞ കാര്യങ്ങള്‍ എതിര്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങളിലെ കുറച്ച് പേര്‍ ആഘോഷമാക്കിയപ്പോള്‍ കുറച്ച് വ്യാജസഖാക്കള്‍ നന്നായി അതിനെ കൊഴുപ്പിച്ചുവെന്നാണ് എംഎല്‍എ വിമര്‍ശിക്കുന്നത്. ഇത്തരക്കാര്‍ തന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് പൂട്ടിക്കുമെന്നു ഭീഷണിപ്പെടുത്തിയെന്നും അവരെ പേടിച്ച് പനി പിടിച്ച് കിടപ്പിലായിരുന്നുവെന്നും പരിഹസിക്കാനും എംഎല്‍എ തയ്യാറാകുന്നു. തന്നോട് വ്യക്തിപരമായി വിരോധമുള്ളവരും ആ കൂട്ടത്തിലുണ്ടെന്നും തന്റെ കുടുംബജീവിതം ഉള്‍പ്പെടെ കമന്റുകളില്‍ പരാമര്‍ശിച്ചവരും അവരുടെ കൂടെയുണ്ടെന്നും പ്രതിഭ പറയുന്നു. ഇത്തരക്കാരെ സഖാവ് എന്ന് സംബോധന ചെയ്യാന്‍ അറയ്ക്കുമെന്നും അവരൊന്നും സഖാവ് എന്ന വാക്കിന് അര്‍ഹരല്ലെന്നും പ്രതിഭ ആഞ്ഞടിക്കുന്നു.
പ്രതിഭ എംഎല്‍എയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ചുവടെ
കായംകുളം താലൂക്ക് ആശുപത്രിയുടെ പേരില്‍ നിര്‍ദ്ദോഷപരമായ ഒരു കമന്റ് ഇട്ടതിനു് എന്തൊരു ആക്രമണം ആയിരുന്നു. മണ്ഡലത്തിലെ വികസനത്തെ പാര്‍ട്ടി സംഘടനകാര്യം എന്ന രീതിയില്‍ ദുര്‍വ്യാഖ്യാനത്തോടെ നടത്തിയ gang attack ഒക്കെ മനസ്സിലാക്കാന്‍ കഴിയും. മണ്ഡലത്തിലെ വികസന കാര്യത്തെക്കുറിച്ച് Sportsman Spirit ല്‍ പറഞ്ഞ കാര്യങ്ങള്‍ എതിര്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങളിലെ കുറച്ച് പേര്‍ ആഘോഷമാക്കിയപ്പോ കുറച്ച് വ്യാജസഖാക്കള്‍ നന്നായി അതിനെ കൊഴുപ്പിച്ചു. അയ്യോ എന്റെ അക്കൗണ്ട് വരെ പൂട്ടിക്കും എന്ന് പറഞ്ഞവരുണ്ട്. (പേടിച്ച് പനിയായി കിടപ്പിലാരുന്നു ).. വ്യക്തിപരമായി ചിലര്‍ക്കൊക്കെ ചില്ലറ വിരോധമൊക്കെ ഉണ്ട് എന്ന് ചില കമന്റിലൂടെ മനസ്സിലായി. എന്റെ കുടുംബ ജീവിതം വരെ ചില കമന്റില്‍ പരാമര്‍ശിച്ചത് കണ്ടു. അവരെയൊക്കെ സഖാവ് എന്ന് സംബോധന ചെയ്യാന്‍ ഞാന്‍ അറയ്ക്കും. സഖാവ് എന്ന വാക്കിന് അവര്‍ അര്‍ഹരും അല്ല. സൈബര്‍ ഗുണ്ടായിസം എന്നല്ലാതെ എന്താണ് ഇതിനൊക്കെ പറയേണ്ടത്… കൂടുതല്‍ പറയുന്നില്ല. ഇവിടെ നിര്‍ത്തുന്നു.
എട്ട് ജില്ലാ ആശുപത്രികള്‍ക്കും രണ്ട് മെഡിക്കല്‍ കോളേജുകള്‍ക്കും കാത്ത് ലാബ് അനുവദിച്ചത് സംബന്ധിച്ചുള്ള ആരോഗ്യ മന്ത്രിയുടെ പോസ്റ്റിലാണ് സിപിഎം എംഎല്‍എയായ പ്രതിഭ കമന്റ് ഇട്ടത്. കായംകുളം താലൂക്ക് ആശുപത്രിയെയും കേരള ഹൗസിംഗ് ബോര്‍ഡിനെയും എസ്പിവി ആക്കാന്‍ താന്‍ സമര്‍പ്പിച്ച വിശദമായ പ്രൊജക്ട് റിപ്പോര്‍ട്ട് തള്ളിയതിനെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ടായിരുന്നു ആ കമന്റ്. രണ്ടായിരത്തിനടുത്ത് രോഗികള്‍ വരുന്ന കായംകുളം താലൂക്ക് ആശുപത്രിയ്ക്കും പരിഗണന നല്‍കണമെന്നും താന്‍ അങ്ങേയറ്റം ആക്ഷേപം കേള്‍ക്കുന്നുണ്ടെന്നും തങ്ങളെ പോലുള്ള എംഎല്‍എമാര്‍ ഒന്നും ചെയ്യാഞ്ഞിട്ടാണ് ആശുപത്രി വികസനം നടക്കാത്തത് എന്ന രീതിയിലെ പ്രചരണം വേദനയുണ്ടാക്കിയെന്നും പ്രതിഭ തന്റെ കമന്റില്‍ ചൂണ്ടിക്കാട്ടിയിരുന്നു. തങ്ങള്‍ക്കും ആരോഗ്യമന്ത്രി ശൈലജ ടീച്ചറില്‍ നിന്നും അഭിനന്ദനം കിട്ടാന്‍ ആഗ്രഹമുണ്ടെന്നു കൂടി പ്രതിഭ തന്റെ കമന്റില്‍ വ്യക്തമാക്കിയിരുന്നു. ഈ കമന്റാണ് പാര്‍ട്ടിക്കാര്‍ തന്നെ വിവാദമാക്കിയത്. ആരോഗ്യമന്ത്രിയും പ്രതിഭ ഹരിയെ വിമര്‍ശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സോഷ്യല്‍ മീഡിയയില്‍ കായംകുളം എംഎല്‍എയ്‌ക്കെതിരേ ആക്രമണം ശക്തമായത്. ഒരു തവണ തന്നെ ആക്രമിക്കുന്നവര്‍ക്ക് മറുപടിയുമായി പ്രതിഭ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു.
ആ പോസ്റ്റ് ഇപ്രകാരമായിരുന്നു;
‘പ്രിയമുള്ളവരെ, കായംകുളം താലൂക്ക് ആശുപത്രിയെ കുറിച്ച് ഷൈലജ ടീച്ചറിന്റെ കാത്ത് ലാബുകളെ സംബന്ധിച്ച പോസ്റ്റില്‍ ഇട്ട കമന്റ് ആരും ആഘോഷിക്കേണ്ടതില്ല. ഷൈലജ ടീച്ചര്‍ എന്ന ആരോഗ്യ വകുപ്പ് മന്ത്രി ചെയ്യുന്ന കാര്യങ്ങളെ അങ്ങേയറ്റം ആദരവോടെ കാണുന്ന സഖാവാണ് ഞാന്‍. എന്നാല്‍ ഞാന്‍ പ്രതിനിധീകരിക്കുന്ന കായംകുളം മണ്ഡലത്തിലെ താലൂക്ക് ആശുപത്രി ധനമന്ത്രി ബജറ്റ് മറുപടി പ്രസംഗത്തില്‍ കിഫ് ബി യില്‍ ഉള്‍പ്പെടുത്തിയതാണ്. നാളിതുവരെ അതിന് പണം അനുവദിക്കപ്പെട്ടില്ല എന്നത് സത്യം തന്നെയാണ്. വികസനവും ജനങ്ങളുടെ ക്ഷേമവും മാത്രമാണ് എന്റെ ലക്ഷ്യം… 2001 മുതല്‍ പാര്‍ട്ടി മെമ്പര്‍ഷിപ്പില്‍ ഉള്ള വ്യക്തിയാണ് ഞാന്‍. സ്തുതിപാഠകരുടെ ലാളനയോ മാധ്യമലാളനയോ കിട്ടി പൊതുപ്രവര്‍ത്തനത്തില്‍ നില്‍ക്കുന്ന ആളല്ല. നിരവധി സഖാക്കള്‍ നല്‍കുന്ന കറ കളഞ്ഞ സ്നേഹം മനുഷ്യ സ്നേഹികളായ പ്രത്യേകിച്ച് രാഷ്ട്രീയമൊന്നുമില്ലാതെ കൂടെ നില്‍ക്കുന്ന നല്ല മനുഷ്യര്‍ അവരൊക്കെയാണ് എന്റെ കരുത്ത്… MLA ആയി ഞാന്‍ വരുമ്പോള്‍ കായംകുളത്തെ ഏറ്റവും വലിയ പ്രശ്നം അപകടമരണങ്ങള്‍ ആയിരുന്നു. ഇന്ന് തുടര്‍ച്ചയായ Campaign ലൂടെ അപകട നിവാരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിലൂടെ വലിയ അളവില്‍ അപകടങ്ങള്‍ കുറക്കാന്‍ കഴിഞ്ഞിട്ടുണ്ട്. പൂര്‍ണ്ണമായിട്ടില്ല. കായംകുളം ആശുപത്രിയിലേക്ക് ആണ് കരുനാഗപള്ളി കഴിഞ്ഞ് നടക്കുന്ന അപകടങ്ങളില്‍ പെടുന്നവരെ കൊണ്ടുവരുന്നത്. കൂടാതെ കെപി റോഡ് ഉള്‍പ്പെടെ നടക്കുന്ന അപകടങ്ങളില്‍ പെടുന്നവരും വരുന്നത് ഇവിടെയാണ്. പ്രതിദിനം 1500ല്‍ അധികം OPഉണ്ട്. നിരവധി തവണ ഇതൊക്കെ സബ്മിഷനിലൂടെ അല്ലാതെ ഒക്കെ പറഞ്ഞിട്ടുണ്ട്.. നിയമസഭയിലെ എല്ലാ പ്രവര്‍ത്തനത്തിലും കൃത്യമായി ഇടപെടുന്ന MLA ആണ് ഞാന്‍. പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍ സാറിന്റെ ഇടപെടലിലൂടെ എനിക്ക് നിരവധി റോഡ് കിട്ടിയിട്ടുണ്ട്. അത് സ്നേഹപൂര്‍വം ഓര്‍ക്കുന്നു. എകെ ബാലന്‍ മിനിസ്റ്ററുടെ വകപ്പില്‍ നിന്ന് തിയേറ്റര്‍ നിര്‍മ്മിക്കാന്‍ 15 കോടി അനുവദിച്ചിട്ടുണ്ട്. ഫിഷറീസ് മന്ത്രിയും റോഡുകള്‍ തന്ന് നന്നായി സഹായിക്കാറുണ്ട്. തൊഴില്‍ വകുപ്പ് മന്ത്രി കേരളത്തിലെ അഞ്ചാമത്തെ കരിയര്‍ ഡവലപ്പ്മെന്റ് സെന്റര്‍ കായംകുളത്തിനാണ് നല്‍കിയത്. എന്നാല്‍ ആരോഗ്യ വകുപ്പിലെ ഒരു ഉദ്യോഗസ്ഥന് കായംകുളത്തിനോടുള്ള പ്രത്യേക സമീപനം മൂലമാണ് നിരവധി പാവങ്ങളുടെ ആശാ കേന്ദ്രമായ താലൂക്ക് ആശുപത്രി Dpr കിഫ് ബി യിലേക്ക് നല്‍കാതിരുന്നത്. ഞാന്‍ അതിനു വേണ്ടി ഇപ്പോഴും എപ്പോഴും ശ്രമിച്ചിട്ടുണ്ട്. ആദ്യം ഹാബിറ്റാറ്റ് Dpr തയ്യാറാക്കി. പിന്നീട് ഹൗസിങ് ബോര്‍ഡ് കോര്‍പ്പറേഷനും. രണ്ടും കിഫ് ബി യിലേക്ക് അയച്ചിട്ടില്ല. ഇത് നേരിട്ട് മന്ത്രിയെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. ഒരു ഉദ്യോഗസ്ഥന്റെ ധിക്കാരമാണ് ഇതിന് പിന്നില്‍. അതിന് മന്ത്രിയെ കുറ്റപ്പെടുത്തിയിട്ടില്ല. മറ്റുള്ള സ്ഥലങ്ങളിലെ പോലെ വികസനം ചെയ്യാന്‍ ഞങ്ങള്‍ക്കും ആഗ്രഹമുണ്ട് എന്നും മന്ത്രിയുടെ അഭിനന്ദന Post എന്നെ പോലുള്ള MLA മാര്‍ക്കും Valuable ആണ് എന്നു പറഞ്ഞതിന് പ്രതികൂലമായി മറുപടി പറഞ്ഞവര്‍ക്കായി ഇത് ഇവിടെ എഴുതുന്നു…. ആരും ആഘോഷിക്കേണ്ടില്ല… ഷൈലജ ടീച്ചര്‍ ഇന്ത്യയിലെ ഏറ്റവും മികച്ച ആരോഗ്യ മന്ത്രി തന്നെ. അതില്‍ രാഷ്ട്രീയ എതിരാളികള്‍ക്ക് പോലും വ്യത്യസ്ത അഭിപ്രായമില്ല…