UPDATES

സോഷ്യൽ വയർ

‘വിമർശിച്ചോളൂ, പക്ഷെ പൂണൂൽ മുറിച്ച വയലാറിനെ സവർണവാദിയെന്ന് വിളിക്കരുത്’: സണ്ണി എം കപിക്കാടിനോട് ശരത് ചന്ദ്രവർമ്മ

സവർണ്ണ സുഖമനുഭവിച്ചിരുന്നവരുടെ ഉള്ളിലെ കരടായി വയലാർ പൂണൂൽ മുറിച്ചു. പൂണൂലിനർഹതയില്ലാത്തവരെ, ഏറ്റവും സ്നേഹമുളള അമ്മയെ കൂട്ടാക്കാതെ വീട്ടിൽ പ്രവേശിപ്പിച്ചു.

വിമർശിച്ചോളൂ, പക്ഷെ പൂണൂൽ മുറിച്ച വയലാറിനെ സവർണവാദിയെന്ന് വിളിക്കരുത് എന്ന് വയലാർ ശരത് ചന്ദ്രവർമ. പ്രദീപൻ പാമ്പിരിക്കുന്നിന്റെ അനുസ്‌മരണ പ്രഭാഷണത്തിൽ സണ്ണി എം കപിക്കാട് നടത്തിയ ചില പരാമർശങ്ങളോട് ഫേസ്ബുക് പോസ്റ്റിലൂടെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പ്രദീപിനേയും സണ്ണിയേയും കേട്ടു് വയലാറിനോടും, ഞങ്ങളോടുമുള്ള ഇന്നുവരെയുള്ള സമീപനത്തിൽ ഒരിക്കലും, ആരും മാറ്റം വരുത്തരുതെന്നു് കുടുംബത്തിനു് വേണ്ടി ഈ മകന്റെ അപേക്ഷ. വിമർശിച്ചോളൂ, പക്ഷേ വയലാറൊരു സവർണ്ണവാദിയെന്നതു് തെറ്റായ ചിന്തയെന്നു് കേട്ടു മാത്രമറിഞ്ഞ ശ്രീ: പ്രദീപനേയും, ശ്രീ: സണ്ണിയേയും വയലാറിനെ കൊണ്ടറിഞ്ഞ ഞാൻ അഭ്യർത്ഥിക്കുന്നു. അദ്ദേഹം പറഞ്ഞു.

വയലാറിന്റെ പാട്ടുകളിലും ഓ വി വിജയൻറെ എഴുത്തിലുമെല്ലാം സവർണതയും, വരേണ്യതയും ഉണ്ടെന്നു നിരീക്ഷിച്ച സണ്ണി എം കപിക്കാടിന്റെ പ്രസംഗം സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചകൾക്ക് വഴി തെളിയിച്ചിരുന്നു. ഈ അവസരത്തിലാണ് പ്രതികരണവുമായി വയലാറിന്റെ മകൻ ശരത് ചന്ദ്ര വർമ്മ തന്നെ നേരിട്ട് എത്തിയിരിക്കുന്നത്.

“വിഗ്രഹഭഞ്ജകരേ.. അരുതേ.. അരുതേ..
വിലപ്പെട്ട മനുഷ്യനെ കൊല്ലരുതേ .” വയലാറിന്റെ തന്നെ ഈ രണ്ടു വരികളോട് കൂടിയാണ് ശരത് തന്റെ കുറിപ്പിന് വിരാമമിട്ടത്.

ശരത് ചന്ദ്ര വർമയുടെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണ രൂപം:

ശ്രീ: പ്രദീപന്റെ നിരീക്ഷണളെ അടിസ്ഥാനമാക്കി ശ്രീ.സണ്ണിയുടെ പ്രസംഗം യു ട്യൂബിലൂടെ പലരുമെനിക്കയച്ചു. സവർണ്ണ വാക്കുകൾ, ബിംബങ്ങൾ, കഥകൾ, കവിതകൾ, മന്ത്രങ്ങൾ ഇവയൊക്കെ അവർണ്ണൻ കേൾക്കാതിരിക്കുവാൻ അവരുടെ കാതുകളിൽ ഈയം ഉരുക്കിയൊഴിക്കണമെന്നു് കേട്ടാണു് വയലാറിന്റെ കട്ടിക്കാലം കടന്നു പോയതു്. അങ്ങനെ ശീലിക്കാൻ പറഞ്ഞ അമ്മാവനുൾപ്പടെയുള്ളവരെ അനുസരിച്ചില്ല. അന്നു് ആ കല്പനകളെ അവഗണിച്ച ധിക്കാരികളുടെ കൂടെ ചേർന്നു.

സവർണ്ണ സുഖമനുഭവിച്ചിരുന്നവരുടെ ഉള്ളിലെ കരടായി വയലാർ പൂണൂൽ മുറിച്ചു. പൂണൂലിനർഹതയില്ലാത്തവരെ, ഏറ്റവും സ്നേഹമുളള അമ്മയെ കൂട്ടാക്കാതെ വീട്ടിൽ പ്രവേശിപ്പിച്ചു.നിർദ്ധനനായി പോയ വയലാറിനെ വിശ്വസിച്ചവർ ഞങ്ങളെ കൂടപ്പിറപ്പുകളെ പോലെ ചിറകിൻ കീഴിൽ സംരക്ഷിച്ചു , സംരക്ഷിക്കുന്നു. ഇതു് അനുഭവമാണു്. തിരികെ മധുരിക്കുന്ന കണ്ണീരിൽ നന്ദി പറഞ്ഞകലാൻ കഴിയില്ല.

പ്രദീപിനേയും സണ്ണിയേയും കേട്ടു് വയലാറിനോടും, ഞങ്ങളോടുമുള്ള ഇന്നുവരെയുള്ള സമീപനത്തിൽ ഒരിക്കലും, ആരും മാറ്റം വരുത്തരുതെന്നു് കുടുംബത്തിനു് വേണ്ടി ഈ മകന്റെ അപേക്ഷ. വിമർശിച്ചോളൂ, പക്ഷേ വയലാറൊരു സവർണ്ണവാദിയെന്നതു് തെറ്റായ ചിന്തയെന്നു് കേട്ടു മാത്രമറിഞ്ഞ ശ്രീ: പ്രദീപനേയും, ശ്രീ: സണ്ണിയേയും വയലാറിനെ കൊണ്ടറിഞ്ഞ ഞാൻ അഭ്യർത്ഥിക്കുന്നു. എന്തായാലും അക്കാലത്തു് ഇവരുടെ മുൻഗാമികൾ ഇതുപോലെ നിവർന്നു നിന്നു് പറഞ്ഞിരുന്നെങ്കിൽ ഈയം ഉരുക്കിയൊഴിക്കാൻ കൂടുമായിന്നോ?, അറിയില്ല.. എഴുത്തിൽ വീറുണ്ടായിരുന്നെങ്കിലും, സ്നേഹിക്കുന്നവർ എതിർത്താൽ വയലാർ തളരുമായിരുന്നു. എല്ലാം കൂടി വയലാറിന്റെ രണ്ടുവരിയിലൊതുക്കി ചുരുക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍