UPDATES

സോഷ്യൽ വയർ

ഒരു മോദി അറസ്റ്റില്‍; അടുത്തത്?: ശ്രദ്ധേയമായി വീക്ഷണം തലക്കെട്ട്

അടുത്തത് നരേന്ദ്ര മോദിയും ലളിത് മോദിയുമെന്നും വീക്ഷണം പത്രത്തിന്റെ പ്രധാനവാര്‍ത്ത

നീരവ് മോദി ലണ്ടനില്‍ അറസ്റ്റിലായ വാര്‍ത്തയാണ് ഇന്ന് ദേശീയ ദിനപ്പത്രങ്ങളുടെയും പ്രാദേശിക ദിനപ്പത്രങ്ങളുടെയും തലക്കെട്ട്. ഇക്കൂട്ടത്തില്‍ ഏറ്റവും ശ്രദ്ധേയമായിരിക്കുന്നത് വീക്ഷണം ദിനപ്പത്രത്തിന്റെ തലക്കെട്ട് ആണ്. ‘ഒരു മോദി അറസ്റ്റില്‍’ എന്നാണ് ഇന്ന് കോണ്‍ഗ്രസ് മുഖപത്രം തലക്കെട്ട് നല്‍കിയിരിക്കുന്നത്.

അതേസമയം പത്രത്തിന്റെ ഒന്നാം പേജിന്റെ ചിത്രം സഹിതം ഈ തലക്കെട്ടിനെ സോഷ്യല്‍ മീഡിയ ഇപ്പോള്‍ ഏറ്റെടുത്തിരിക്കുകയാണ്. ഇലക്ഷന്‍ കാലത്ത് ഒരു പാര്‍ട്ടി മുഖപത്രം എതിര്‍ രാഷ്ട്രീയ കക്ഷിക്ക് നല്‍കുന്ന മൂര്‍ച്ചയേറിയ ആക്രമണം എന്നാണ് സോഷ്യല്‍ മീഡിയയില്‍ പലരും ഇതിനെ വിശേഷിപ്പിക്കുന്നത്. അതേസമയം ഈ തലക്കെട്ടിനെ പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായാണ് വീക്ഷണം ഇത്തരമൊരു തലക്കെട്ട് നല്‍കിയതെന്നാണ് ആരോപണം. അതേസമയം ഭൂരിഭാഗം പേരും ഇതിനെ വ്യത്യസ്തമായ തലക്കെട്ട് എന്ന നിലയിലാണ് കാണുന്നത്. ദേശീയ മാധ്യമങ്ങള്‍ ഇത്തരം തലക്കെട്ടുകള്‍ നേരത്തെയും നല്‍കിയിട്ടുണ്ടെന്നതും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

പ്രമുഖ വജ്രവ്യാപാരിയായ നീരവ് മോദി പഞ്ചാബ് നാഷണല്‍ ബാങ്കിലെ തട്ടിപ്പ് കേസിലാണ് കഴിഞ്ഞദിവസം ലണ്ടനില്‍ അറസ്റ്റിലായത്. തട്ടിപ്പ് നടത്തിയ ശേഷം രാജ്യം വിട്ട മോദി പതിനേഴ് മാസത്തിന് ശേഷമാണ് അറസ്റ്റിലായത്. ഇയാളെ വിട്ടുകിട്ടണമെന്ന ഇന്ത്യയുടെ അഭ്യര്‍ത്ഥന ലണ്ടന്‍ സ്വീകരിക്കുകയായിരുന്നു. ഇതനുസരിച്ച് ലണ്ടന്‍ കോടതി ഇയാള്‍ക്കെതിരെ അറസ്റ്റ് വാറന്‍ഡ് പുറപ്പെടുവിക്കുകയും ചെയ്തു.

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും 11,346 കോടി രൂപ തട്ടിയെടുത്താണ് നീരവ് മോദി രാജ്യം വിട്ടത്. വ്യാജ ബാങ്ക് ഗാരണ്ടി വച്ചാണ് മോദിയും ബന്ധുക്കളും തട്ടിപ്പ് നടത്തിയത്. കേസില്‍ സിബിഐയും എന്‍ഫോഴ്‌സ്‌മെന്റും രണ്ട് എഫ്‌ഐആറുകളാണ് മോദിക്കും ബന്ധു മെഹുല്‍ ചൊക്‌സിക്കുമെതിരെ രജിസ്റ്റര്‍ ചെയ്തത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബിജെപിയുടെയും പിന്തുണയോടെയാണ് നീരവ് മോദി തട്ടിപ്പ് നടത്തിയതെന്ന് ആരോപണം ഉണ്ട്. വീക്ഷണത്തിന്റെ ഒന്നാം പേജില്‍ തന്നെ ഇനി അടുത്തത് എന്ന ചോദ്യത്തോടെ നരേന്ദ്ര മോദിയുടെയും ലളിത് മോദിയുടെയും ചിത്രങ്ങളും നല്‍കിയിട്ടുണ്ട്. റഫേല്‍ ഇടപാടിലാണ് നരേന്ദ്ര മോദിയുടെ പേര് ഉന്നയിച്ചിരിക്കുന്നത്. സാമ്പത്തിക തട്ടിപ്പിന്റെ പേരിലാണ് ലളിത് മോദി രാജ്യം വിട്ടത്.

റഫേല്‍ ഇടപാടില്‍ രാജ്യത്തെ ഞെട്ടിച്ച കോടിക്കണക്കിന് രൂപയുടെ കുംഭകോണമാണ് നരേന്ദ്ര മോദിക്കെതിരെ ആരോപിക്കപ്പെടുന്നത്. പ്രതിരോധ മന്ത്രാലയത്തെ മറികടന്ന് കരാറില്‍ നേരിട്ട് ഇടപെട്ട് സുഹൃത്ത് അനില്‍ അംബാനിക്ക് 30,000 കോടി ലാഭമുണ്ടാക്കാന്‍ കൂട്ടുനിന്നുവെന്നതാണ് മോദിക്കെതിരെ ആരോപിക്കപ്പെടുന്നത്. ‘കള്ളനെന്ന് രാജ്യം വിളിപ്പേര് നല്‍കിയ ചൗക്കിദാര്‍. സാമ്പത്തിക കുറ്റവാളികളായ നീരവ് മോദി, ലളിത് മോദി, വിജയ് മല്യ എന്നിവരെ രാജ്യം വിടാന്‍ സഹായിച്ചു. നോട്ട് നിരോധനം അശാസ്ത്രീയമായ ജിഎസ്ടി നടപ്പാക്കല്‍ തുടങ്ങിയവയിലൂടെ ജനത്തെ ദുരിതത്തിലാക്കി’ എന്നാണ് മോദിയെക്കുറിച്ചുള്ള വിശദീകരണത്തില്‍ പറയുന്നത്.

‘ഐപിഎല്‍ കമ്മിഷണറായിരുന്ന ലളിത് മോദി വന്‍ ലാമ്പത്തിക തട്ടിപ്പിന്റെ പേരില്‍ രാജ്യം വിട്ടു. വിദേശനാണ്യ വിനിമയ ചട്ടം ലംഘിച്ചതിന് ലളിത് മോദിക്കെതിരെ ഇന്റര്‍പോളിന്റെ ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചെങ്കിലും ബിജെപി സര്‍ക്കാരിന്റെ അനുവാദത്തോടെ രാജ്യം വിട്ടു. ലളിത് മോദിക്ക് വിസ ലഭിക്കാന്‍ സഹായിച്ചത് ബിജെപി രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യയാണ്. അന്താരാഷ്ട്ര തലത്തില്‍ സഹായം ലഭ്യമാക്കിയതിന് സുഷമ സ്വരാജും ആരോപണം നേരിട്ടു’ എന്നാണ് ലളിത് മോദിയെക്കുറിച്ച് വീക്ഷണത്തിന്റെ പ്രധാനവാര്‍ത്തയില്‍ കൊടുത്തിരിക്കുന്ന വിശദീകരണം.

നരേന്ദ്ര മോദി സര്‍ക്കാരിന്റെ ആശിര്‍വാദത്തോടെ നീരവ് ഇന്ത്യയില്‍ നിന്നും രക്ഷപ്പെട്ടത് രാജ്യത്ത് വന്‍പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഇത് തെരഞ്ഞെടുപ്പില്‍ വന്‍ തിരിച്ചടിക്കിടയാക്കുമെന്നതിനാല്‍ മോദി സര്‍ക്കാരിന്റെ കാര്‍മ്മികത്വത്തില്‍ നടത്തുന്ന നാടകത്തിന്റെ തുടര്‍ച്ചയാണ് അറസ്‌റ്റെന്ന ആരോപണവും വീക്ഷണം ഉന്നയിക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍