UPDATES

സോഷ്യൽ വയർ

‘എന്നിട്ടും അവരെ സദസിൽ കൊണ്ടു പോയി ഇരുത്തുവാനാണ് അദ്ദേഹം നിർദേശിച്ചത്’, സ്ത്രീയോട് മോശമായി പെരുമാറിയെന്ന വിവാദത്തിൽ മുഖ്യമന്ത്രിയെ പിന്തുണച്ച് കലക്ടർ

പ്രളയ രക്ഷാ പ്രവര്‍ത്തനത്തില്‍ മികച്ച സേവനം ചെയ്തവരെ ആദരിക്കാന്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് സംഘടിപ്പിച്ച ചടങ്ങിനിടെയായരുന്നു സംഭവം

കണ്ണൂർ കലക്ടറേറ്റിൽ മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങിനിടയിലെ ഒരു ദൃശ്യം തെറ്റായ രീതിയിൽ പ്രചരിപ്പിക്കുന്നത് അപലപനീയമെന്ന് കണ്ണുർ കളക്ടർ. മുഖ്യമന്ത്രിയോട് സങ്കടം പറയാൻ വേദിയിലെത്തിയ സ്ത്രീയോട് അദ്ദേഹം ക്ഷുഭിതനായെന്ന തരത്തിലുള്ള പ്രചാണങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സ്ത്രീക്ക് മാനസിക അസ്വാസ്ഥ്യമുള്ളതായാണു ലഭിച്ച വിവരമെന്ന് പങ്കുവയ്ക്കുന്ന കളക്ടർ, വേദിയിലെത്തിയ സ്ത്രീ മുഖ്യമന്ത്രിയോട് കൈ പിടിച്ച് സംസാരിക്കുകയായിരുന്നെന്നും, അകാരണമായി അവർ പ്രകോപിതയാവുകയായിരുന്നെന്നും കയർത്തു സംസാരിക്കാൻ തുടങ്ങിയെന്നും അദ്ദേഹം കുറിപ്പിൽ വ്യക്തമാക്കുന്നു.

സ്ത്രീ നിലവിട്ട് പെരുമാറിയപ്പോഴും അവരെ സദസിൽ കൊണ്ടു പോയി ഇരുത്തുവാനാണ് അദ്ദേഹം നിർദേശിച്ചത്. പരിപാടി അവസാനിക്കുന്നതു വരെ അവർ സദസിന്റെ മുൻനിരയിൽ ഇരിക്കുകയും ചെയ്തു. നേരത്തേയും ഇവർ പല പ്രമുഖരും പങ്കെടുക്കുന്ന പരിപാടികളിൽ ഇങ്ങനെ പെരുമാറിയതായും അറിയാൻ കഴിഞ്ഞെന്നും മറിച്ചുള്ള പ്രചാരണങ്ങൾ ഖേദകരമാണെന്നും അദ്ദേഹം പറയുന്നു.

മന്ത്രിമാരായ ഇ.പി ജയരാജന്‍, കെ.കെ ശൈലജ, കടന്നപ്പളളി രാമചന്ദ്രന്‍ തുടങ്ങി പ്രമുഖരുടെ നീണ്ട നിര പങ്കെടുത്ത പ്രളയ രക്ഷാ പ്രവര്‍ത്തനത്തില്‍ മികച്ച സേവനം ചെയ്തവരെ ആദരിക്കാന്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് സംഘടിപ്പിച്ച ചടങ്ങിനിടെയായരുന്നു സംഭവം. മന്ത്രി ഇ.പി ജയരാജനുമായി സംസാരിച്ചിരുന്ന മുഖ്യമന്ത്രിക്ക് അടുക്കലേക്കായിരുന്നു അമ്പത് പിന്നിട്ടെന്ന് തോന്നിക്കുന്ന സ്ത്രീയെത്തിയത്.

അവർ ആദ്യം ഇ.പി ജയരാജനോട് സംസാരിച്ചു. പിന്നാലെ മുഖ്യമന്ത്രിക്ക് നേരെ അവര്‍ കൈ നീട്ടി. നിറഞ്ഞ ചിരിയോടെ അവരുടെ കൈപിടിച്ച് മുഖ്യമന്ത്രി അല്‍പ്പനേരം അവരോട് സംസാരിച്ചു. പൊടുന്നനെ അവർ ഉച്ചത്തിൽ പറഞ്ഞു “നിങ്ങള്‍ ഒന്നും ചെയ്ത് തന്നില്ല’ എന്ന്. അപ്പോഴും നിറഞ്ഞ ചിരി മായാതെ തന്നെ സഭയിലേക്ക് ചൂണ്ടി ‘അവിടെ പോയി ഇരിക്കൂ’ എന്ന് നിർദേശിക്കുകയായിരുന്നു സമീപത്തുണ്ടായിരുന്ന മാധ്യമപ്രവർത്തകർ പറയുന്നു.

അതേസമയം, മുഖ്യമന്ത്രിക്കെതിരെ ഉയർന്ന രാഷ്ട്രീയ ആരോപണങ്ങളെ പ്രതിരോധിച്ച് കളക്ടർ രംഗത്തെത്തിയതിലെ സാഹചര്യത്തെ കുറിച്ചും വിമര്‍ശനം ഉയരുന്നുണ്ട്.

കളക്ടറുടെ കുറിപ്പിന്റെ പൂർണരൂപം

കണ്ണൂർ കളക്ടറേറ്റിൽ മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങിനിടയിലെ ഒരു ദൃശ്യം തെറ്റായ രീതിയിൽ പ്രചരിപ്പിക്കുന്നത് അപലപനീയമാണ്. ആറ്റടപ്പ സ്വദേശിയായ ഒരു സ്ത്രീയാണ് വേദിയിൽ കയറി മുഖ്യമന്ത്രിയുമായി സംസാരിച്ചത്. ഇവർക്കു മാനസിക അസ്വാസ്ഥ്യമുള്ളതായാണു ലഭിച്ച വിവരം. മുഖ്യമന്ത്രിയോട് കൈ പിടിച്ച് സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. പെട്ടെന്ന് അകാരണമായി പ്രകോപിതയായി കയർത്തു സംസാരിക്കാൻ തുടങ്ങി. അപ്പോൾ മുഖ്യമന്ത്രി കൈ പിടി വിടുവിക്കാൻ ശ്രമിക്കുകയും സദസ്സിൽ പോയിരിക്കാൻ പറയുകയും ചെയ്തെങ്കിലും അവർ കൂട്ടാക്കാതെ എന്തൊക്കെയോ പറയുകയും മുഖ്യമന്ത്രിയുടെ കൈ തെറിപ്പിക്കുകയുമാണുണ്ടായത്.

എന്നിട്ടും അവരെ സദസിൽ കൊണ്ടു പോയി ഇരുത്തുവാനാണ് അദ്ദേഹം നിർദേശിച്ചത്. പരിപാടി അവസാനിക്കുന്നതു വരെ ഈ സ്ത്രീ സദസിന്റെ മുൻനിരയിൽ തന്നെ ഇരിക്കുകയും ചെയ്തു. നേരത്തേയും ഇവർ പല പ്രമുഖരും പങ്കെടുക്കുന്ന പരിപാടികളിൽ ഇങ്ങനെ പെരുമാറിയതായും അറിയാൻ കഴിഞ്ഞു. ആയിരത്തിലേറെ പേർ പങ്കെടുത്ത ചടങ്ങിൽ ഉണ്ടായിരുന്ന മുഴുവനാളുകളും ദൃശ്യമാധ്യമ പ്രവർത്തകർ അടക്കമുള്ളവരും സത്യം നേരിൽ കണ്ടതാണ്. ഈ സംഭവത്തെ തികച്ചും തെറ്റായ രീതിയിൽ ചിത്രീകരിക്കുന്നത് അങ്ങേയറ്റം അപലപനീയമാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍