UPDATES

സോഷ്യൽ വയർ

ട്രോളടിച്ച് വിടി ബൽറാം; ഫേസ്ബുക്കിൽ നിന്ന് പുറത്തിറങ്ങി സഹജീവികളെ സഹായിക്കൂ എന്ന് അൻവർ

അൻവർ-ബൽറാം അനുകൂലികൾ തമ്മിലുള്ള തല്ല് ഇപ്പോഴും പോസ്റ്റിൽ നടക്കുകയാണ്.

മെയ്ദിനത്തിൽ പിവി അൻവറിനെ ഒന്ന് ട്രോളിയതാണ് വിടി ബൽറാം. വാട്ടർ തീം പാർക്കിനു മുമ്പിൽ നിൽക്കുന്ന അൻവർ എംഎൽഎയുടെ ചിത്രം പോസ്റ്റ് ചെയ്ത് ബൽറാം ഇങ്ങനെ കുറിച്ചു: “തൊഴിലാളി വർഗ്ഗ പാർട്ടിക്കാർക്ക്, പ്രത്യേകിച്ച് സിപിഐക്കാർക്ക്, മെയ് ദിനാശംസകൾ.” സാധാരണ ഫേസ്ബുക്കിൽ കാര്യമാത്രപ്രസക്തമായ ഇടപെടൽ മാത്രം നടത്താറുള്ള അൻവറിന്റെ പേജ് ഇത്തവണ പക്ഷെ വെറുതെയിരുന്നില്ല. എംഎൽഎ എന്ന നിലയിൽ ജനങ്ങൾ ഏൽപ്പിച്ചിട്ടുള്ള ഉത്തരവാദിത്വം ബൽറാം നിർവ്വഹിക്കുന്നുണ്ടോ എന്ന ചോദ്യമായിരുന്നു ബൽറാമിനുള്ള അൻവറിന്റെ മറുപടി.

തന്റെ മണ്ഡലത്തിൽ പ്രളയസമയത്ത് തകർന്ന ഒരു വീടിന്റെയും അതേ സ്ഥാനത്ത് ഉയരുന്ന പുതിയ വീടിന്റെയും ചിത്രങ്ങൾ അൻവർ പോസ്റ്റ് ചെയ്തു. ഇതോടൊപ്പം തൃത്താലയിൽ അടച്ചുറപ്പില്ലാത്ത വീടുകളിൽ 23 കുടുംബങ്ങൾ കഴിയുന്നുവെന്ന വാർത്തയും സ്ക്രീൻ ഷോട്ടും ചേർത്തു. ശേഷം അൻവർ ഇപ്രകാരം പറഞ്ഞു: “ഫേസ്‌ബുക്കിൽ നിന്ന് പുറത്തിറങ്ങി,ചുറ്റുമുള്ള സഹജീവികളുടെ പ്രശ്നങ്ങൾ പഠിക്കാൻ പലർക്കും സമയമില്ല.അയൽവക്കക്കാരുടെ അടുക്കളയിലെ വിശേഷങ്ങൾ തിരക്കി ട്രോളാക്കി,ലൈക്കുകൾ വാരി കൂട്ടുന്നതിനിടയിൽ,സ്വന്തം വീട്ടിലെ അവസ്ഥയും വല്ലപ്പോഴും അന്വേഷിക്കാൻ ഇത്തരക്കാർ കൂട്ടാക്കണം.തൊഴിലാളി ആയാലും മുതലാളി ആയാലും,ഈ നാട്ടിലെ സാധാരണക്കാരായ ജനങ്ങൾക്ക്‌ വേണ്ടി അവരിൽ ഒരാളായി,അവർക്കൊപ്പം നിലയുറപ്പുക്കാൻ എനിക്ക്‌ നന്നായി അറിയാം.” ഇതോടെ അൻവർ അനുകൂലികൾ പോസ്റ്റ് ഏറ്റെടുത്തു.

ഇതിനിടയിൽ വിടി ബൽറാം എത്തി തന്റെ വിശദീകരണം നൽകി. ഇത്തരം കാര്യങ്ങൾ ചെയ്യേണ്ടത് റവന്യൂ ഉദ്യോഗസ്ഥരാണെന്നും എംഎൽഎമാർക്ക് അതിൽ യാതൊരു പങ്കുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തനിക്കെതിരെ പോസ്റ്റിട്ടാൽ‌ സൈബർ സഖാക്കൾ ഏറ്റെടുക്കും എന്ന് പ്രതീക്ഷിച്ചിട്ടാണ് അൻവർ ഇതെല്ലാം ചെയ്യുന്നതെന്ന ആരോപണവും അദ്ദേഹം ഉന്നയിച്ചു.

അൻവർ-ബൽറാം അനുകൂലികൾ തമ്മിലുള്ള തല്ല് ഇപ്പോഴും പോസ്റ്റിൽ നടക്കുകയാണ്. നിലമ്പൂർ എംഎൽഎ സ്ഥാനം അൻവർ എപ്പോൾ രാജി വെക്കുമെന്നാണ് ബൽറാം അനുകൂലികളുടെ പ്രധാന ചോദ്യം. ഇതിന് മറുപടിയായി തൃത്താല മണ്ഡലത്തിലെ വെള്ളിയാംകല്ല് മുതൽ പള്ളിപ്പുറം വരെ പോയാൽ മെഡിക്കൽ കോളജിൽ പോയി കിടക്കാമെന്നും മണൽ-മണ്ണ് മാഫിയക്കാർക്ക് എംഎൽഎ കൂട്ടു നിൽക്കുകയാണെന്നുമുള്ള ആരോപണങ്ങളുമായി അൻവർ എംഎൽഎയുടെ അനുയായികളും രംഗത്തിറങ്ങി. സിപിഐക്കാരുമായുള്ള അൻവറിന്റെ വഴിവെട്ടും ചർച്ചയാകുന്നുണ്ട്.

വിടി ബൽറാമിന്റെ പോസ്റ്റിന് 11000 റിയാക്ഷനുകളും അറുന്നൂറോളം കമന്റുകളും ആയിരത്തോളം ഷെയറുകളുമാണ് ഇതുവരെ ലഭിച്ചിട്ടുള്ളത്. അൻവറിന്റെ പോസ്റ്റിന് 2300 റിയാക്ഷനുകളും അറുന്നൂറോളം കമന്റുകളും ഇരുന്നൂറ്റമ്പതോളം ഷെയറുകളും ലഭിച്ചിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍