UPDATES

സോഷ്യൽ വയർ

അമേഠിയിലെ തോൽവി ആഘോഷിക്കുന്നവരോട്, ഇടതുപക്ഷത്തിന്റെ അഞ്ചിൽ നാലു സീറ്റുകളിലും രാഹുൽ ഗാന്ധിയുടെ വിയർപ്പുണ്ടായിരുന്നു: വിടി ബൽറാം

മോദി സർക്കാരിനെതിരെ എന്നത് പോലെ പിണറായി വിജയൻ സർക്കാരിനെതിരെയും ശക്തമായ എതിർപ്പാണ് യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രചരണത്തിലുടനീളം ഉയർത്തിയത്.

അമേഠിയിൽ കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി നേരിട്ട പരാജയത്തെ പരിഹസിച്ചവർ‌ക്ക് മറുപടിയുമായി വിടി ബൽറാം. ഇന്ത്യയില്‍ ഇടതുപക്ഷത്തിന് ആകെ കിട്ടിയ അഞ്ച് സീറ്റുകളില്‍ നാലിലും രാഹുല്‍ ഗാന്ധിയുടെ കൂടി വിയര്‍പ്പുണ്ടായിരുന്നുവെന്ന കാര്യം മറക്കരുതെന്നായിരുന്നു വി.ടി ബല്‍റാമിന്റെ പരാമർഷം. അത് മറന്നുകൊണ്ടാണ് സൈബര്‍ സഖാക്കള്‍ മറ്റ് സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് തോല്‍വിയില്‍ ആഘോഷിക്കുന്നതെന്നും ബൽറാം തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ ആരോപിക്കുന്നു.

പലരുടേയും വിടുവായത്തങ്ങള്‍ക്ക് 23ന് ശേഷം മറുപടി നല്‍കാമെന്ന് കരുതി മാറ്റിവച്ചിരുന്നു. പക്ഷേ കേരളത്തിലേറ്റ തോൽവിയിൽ എനിക്ക് പോലും അതിനൊരു മൂഡ് തോന്നുന്നില്ല, കാരണം അത്രത്തോളം ദയനീയമാണ് ഇവിടത്തെ അവസ്ഥയെന്നു തോല്‍വിയെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നു.

പോസ്റ്റിന്റെ പൂർണരൂപം

കേരളത്തിലെ സിപിഎമ്മിന്റെ പരാജയത്തിൽ യുഡിഎഫുകാർ സന്തോഷിക്കുന്നത് സ്വാഭാവികമാണ്. കാരണം, ബിജെപി കാര്യമായ ശക്തിയല്ലാത്ത കേരളത്തിൽ സിപിഎമ്മിനെ തോൽപ്പിക്കാൻ വേണ്ടിത്തന്നെയാണ് യുഡിഎഫിന്റെ 20 സ്ഥാനാർത്ഥികളും മത്സരിച്ചത്. മോദി സർക്കാരിനെതിരെ എന്നത് പോലെ പിണറായി വിജയൻ സർക്കാരിനെതിരെയും ശക്തമായ എതിർപ്പാണ് യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രചരണത്തിലുടനീളം ഉയർത്തിയത്. സ്വന്തം അധ്വാനത്തിന് റിസൾട്ടുണ്ടാവുമ്പോൾ ഏവർക്കും സംതൃപ്തിയും സന്തോഷവും ഉണ്ടാകും. എന്നിട്ട് പോലും സിപിഎമ്മിന്റെ സമ്പൂർണ്ണ തകർച്ചയെ അതിരുവിട്ട് ആഘോഷിക്കാൻ യുഡിഎഫുകാരായ പലരും കടന്നുവരുന്നില്ല എന്നതാണ് ഇത്തവണ പൊതുവിൽ കാണുന്നത്. തോറ്റിട്ടും നിർത്താത്ത ന്യായീകരണരോദനങ്ങൾക്കും മതന്യൂനപക്ഷങ്ങളോടുള്ള ആക്ഷേപങ്ങൾക്കുമൊക്കെയുള്ള മറുപടി നേരിട്ടും ട്രോളായും ചിലരൊക്കെ പറയുന്നു എന്നേയുള്ളൂ. പലരുടേയും വിടുവായത്തങ്ങൾക്ക് 23ന് ശേഷം മറുപടി നൽകാമെന്ന് കരുതി മാറ്റിവച്ചിരുന്ന എനിക്ക് പോലും ഇപ്പോൾ അതിനൊരു മൂഡ് തോന്നുന്നില്ല, കാരണം അത്രത്തോളം ദയനീയമാണ് അവരുടെ തോൽവി.

എന്നാൽ പകരമായി സിപിഎം ആഹ്ലാദിക്കുന്നത് മറ്റ് സംസ്ഥാനങ്ങളിലെ കോൺഗ്രസിന്റെ തോൽവിയിലാണ്, അതായത് അവിടങ്ങളിലെ ബിജെപിയുടെ വിജയത്തിലാണ്. രാഹുൽ ഗാന്ധിയുടെ അമേഠിയിലെ തോൽവിയാണ് ഇവർ ഏറെ ആഘോഷമാക്കുന്നത്. പോരാളി ഷാജി നിലവാരത്തിലുള്ള സൈബർ സഖാക്കൾ മാത്രമല്ല, എംഎം മണിയും കെടി ജലീലുമടക്കമുള്ള സിപിഎമ്മിന്റെ മന്ത്രിമാർ വരെ ഈ ആഘോഷക്കമ്മിറ്റിക്ക് നേതൃത്വം നൽകുകയാണെന്ന് കാണുമ്പോൾ സഹതാപമാണ് തോന്നുന്നത്. ഇന്ത്യയിൽ ഇടതുപക്ഷത്തിന് ആകെക്കിട്ടിയ അഞ്ച് സീറ്റുകളിൽ നാലിലും ഇതേ രാഹുൽ ഗാന്ധിയുടെ കൂടി വിയർപ്പുണ്ടായിരുന്നു എന്നത് മറന്നുകൊണ്ടാണ് ഇവരൊക്കെ അർമ്മാദിക്കുന്നത്.

ആയിക്കോളൂ, ഇനിയും എത്രയാന്ന് വച്ചാൽ ആയിക്കോളൂ. കേരളത്തിലെ ജനങ്ങൾക്ക് നിങ്ങളെയൊക്കെ കൂടുതൽ തിരിച്ചറിയാൻ അത് ഉപകരിക്കും. ആൾ ദ ബെസ്റ്റ്.’

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍