ചാച്ചനുണ്ട്. ചാച്ചനുണ്ടായിരുന്നു അത്രയേറെ ജീവിതാനുഭവങ്ങള്‍. അത് ചാച്ചന്റെ മാത്രമല്ല, ഒരു നാടിന്റെ നാട്ടുകാരുടെ, വീട്ടുകാരുടെ, രാഷ്ടീയത്തിന്റെ, നാടകത്തിന്റെ, പുസ്തകങ്ങളുടെ.
ഷൈന്‍ രാവിലെ എത്തിയാലും വഴിക്കാണണ കാക്കയോടും പൂച്ചയോടുമൊക്കെ പുരാണോം പറഞ്ഞ് വീട്ടിലെത്തുമ്പോള്‍. വൈകിട്ടാവും. അവനുവേണ്ടി ഒണ്ടാക്കിവച്ചതെല്ലാം ഇവിടത്തന്നെയിരിക്കും – അമ്മച്ചീടെ പരാതിയാണ്. ഇതിപ്പം ഷൈന്‍ (മകന്‍ ലാസര്‍ ഷൈന്‍) വന്നപോല തന്നാ ഞങ്ങക്ക്.
വയറു നിറച്ചൂട്ടിയ, കണ്ണുനിറച്ച ജീവിതം പറഞ്ഞു തന്ന പ്രിയപ്പെട്ട ചാച്ചന്‍, ഒപ്പം അമ്മച്ചിയും. മാധ്യമപ്രവര്‍ത്തന ജീവിതത്തില്‍ ഇതുപോലൊരുടെയും അഭിമുഖം എടുത്തിട്ടില്ല. വയലാറില്‍ നിന്നും ഒളവയ്പ്പിലേക്ക് ദൂരം അധികമില്ല. എന്നിട്ടും രാവിലെ മുതല്‍ ചാച്ചന്‍ വിളിച്ചുകൊണ്ടിരുന്നു. എവിടെത്തി എന്നന്വേഷണവുമായി. പറഞ്ഞതിലും കുറച്ച് വൈകിയാണ് എത്താനായത്. ഏതാണ്ട് അരമണിക്കൂറിലേറെയായി ബസ് സ്റ്റോപ്പില്‍ എന്നെയും കാത്തിരിപ്പുണ്ടായിരുന്നു ചാച്ചന്‍. മക്കള് വരാന്‍ വൈകുമ്പോള്‍ അച്ഛന്മാര്‍ കാത്തിരിക്കില്ലേ അതുപോലെ. താമസച്ചതിനു ക്ഷമ ചോദിച്ചപ്പോള്‍ മറുപടി, എന്റെ മക്കളെല്ലാം ഇങ്ങനെ തന്നാണല്ലോ എന്നൊരു ചിരിയായിരുന്നു. ഷൈന്‍ ചേട്ടനെ കുറിച്ചുള്ളതാണത്. പക്ഷേ, ആ ഒറ്റ വാചകത്തില്‍ ചാച്ചന്റെ സ്‌നേഹം മനസിലായി. എന്റെ മക്കള്‍. ചാച്ചന് എല്ലാവരും മക്കളായിരുന്നു. അമ്മച്ചിക്കും. അഭിമുഖമൊക്കെ പിന്നെയാകം, ആദ്യം എന്തേലും തിന്ന് (“ഞങ്ങള്‍ ചേര്‍ത്തലക്കാര്‍ ഭക്ഷണം കഴിക്കൂ, എന്നതിന് പറയുന്നതങ്ങനെയാണ്”) എന്നു പറഞ്ഞ് നിരത്ത് വച്ചത് എന്തൊക്കെയായിരുന്നു. ഷൈന്‍ വരണന്ന് പറയുമ്പോഴും ഞാന്‍ കുറെ ഉണ്ടാക്കി വയ്ക്കും.
രണ്ടു പേരും അപ്പുറവും ഇപ്പുറവും നിന്ന് കൊണ്ടവച്ചതെല്ലാം കഴിപ്പിക്കുകയായിരുന്നു, ചാച്ചനും ഒപ്പമിരുന്ന് കഴിച്ചു. പിന്നെയാണ് അഭിമുഖം. ചാച്ചന്റെ കഥ. ഞാനത് മുഴുവന്‍ കേട്ടത് കട്ടിലില്‍ കിടന്നാണ്. ചാച്ചന്‍ എന്റെ കാല്‍ ചോട്ടിലിരുന്നാണ് സംസാരിക്കുന്നത്. ഇടയ്ക്കിടയ്ക്ക് അമ്മച്ചി വന്നു ചോദിക്കും, എന്നേലും വേണോ. ചായയോ എന്നേലും. ഉച്ചയായപ്പോള്‍ ചാച്ചന്‍ തന്നെ സംസാരം നിര്‍ത്തി. ഇനി കഴിച്ചിട്ട്. വയറ് നിറഞ്ഞാണിരുന്നതെങ്കിലും ഊണും രണ്ട് വട്ടം ചോറു വാങ്ങിപ്പിച്ച് കഴിപ്പിച്ചിട്ടാണ് ചാച്ചന്‍ എഴുന്നേല്‍ക്കാന്‍ അനുവദിച്ചത്. അതിനുശേഷം വീണ്ടും ചാച്ചന്റെ ജീവിത കഥ. ഇത്രയും പറയാന്‍ ഒരാള്‍ക്ക് അത്രമേല്‍ അനുഭവമുണ്ടോ എന്നു ചോദിച്ചാല്‍, ചാച്ചനുണ്ട്. ചാച്ചനുണ്ടായിരുന്നു അത്രയേറെ ജീവിതാനുഭവങ്ങള്‍. അത് ചാച്ചന്റെ മാത്രമല്ല, ഒരു നാടിന്റെ നാട്ടുകാരുടെ, വീട്ടുകാരുടെ, രാഷ്ടീയത്തിന്റെ, നാടകത്തിന്റെ, പുസ്തകങ്ങളുടെ.
വൈകിട്ടായപ്പോള്‍ വീണ്ടും ചായയും പലഹാരവും. മനുഷ്യര് ഇങ്ങനെയും മറ്റുള്ളവരെ സ്‌നേഹിക്കുമോ? ഏതാണ്ട് രാവിലെ 10 മണിക്ക് എത്തിയതാണ് ആ വീട്ടില്‍ ഇറങ്ങുമ്പോള്‍ വൈകിട്ട് ആറ് കഴിഞ്ഞു. ആ സമയമത്രയും ഞാന്‍ ഒരു മാധ്യമ പ്രവര്‍ത്തകനായിരുന്നില്ല. ആ വീട്ടിലെ ഒരാള്‍. ചാച്ചന്റെയും അമ്മച്ചിയുടെയും മകന്‍. പോകാന്‍ നേരം പറഞ്ഞത്, ചാച്ചാ. എത്രയും വേഗം തന്നെ ഞാനിത് എഴുതി പ്രസിദ്ധീകരിക്കാമെന്നായിരുന്നു. അപ്പോഴുള്ള മറുപടി എന്തായിരുന്നെന്നോ- എന്നെ കുറിച്ച് എഴുതിയില്ലേല്ലും കുഴപ്പമില്ല. കഴിഞ്ഞ കാലമൊക്കെ വീണ്ടുമൊന്നോര്‍ക്കാന്‍ കഴിഞ്ഞല്ലോ എന്നായിരുന്നു. പിന്നെയൊരു സങ്കടവും; ലിവറ് കറി വച്ച് തരാണോന്ന് കരുതിയതാ. നടന്നില്ല. ഇനി വരുമ്പം തീര്‍ച്ചയായും വച്ച് തരാം.
പോകാന്‍ നേരവും കൂടെ വന്നു. വേണ്ടായെന്നു നിര്‍ബന്ധിച്ചിട്ടും ചാച്ചന്‍ മുന്നേ നടന്നു. ഞാന്‍ പിറകെയും. ഒരു ഓട്ടോ ഡ്രൈവരെ വീട്ടില്‍ ചെന്നു വിളിച്ചു. പൂച്ചാക്കല്‍ ബസ് സ്റ്റോപ്പില്‍ കൊണ്ടു വിടണം, കാശ് വാങ്ങരുത്, ഞാന്‍ തരും. ചാച്ചന്‍ നിര്‍ബന്ധം പറഞ്ഞു. ഞാന്‍ വണ്ടിയില്‍ കയറുമ്പോള്‍ അടുത്ത് വന്നൊരു ചോദ്യം; കാശ് കൈയില്‍ ഉണ്ടോ? ഉണ്ട്, ആവശ്യത്തിന് ഉണ്ട്; ഞാന്‍ പറഞ്ഞു. എന്നാലും ഇത് വച്ചോ എന്ന് പറഞ്ഞ് പോക്കറ്റില്‍ നിന്നും അമ്പത് രൂപയെടുത്ത് നീട്ടി. അവന് വന്നു പോകുമ്പോഴും ഞാന്‍ കൊടുക്കാറുണ്ട്. വച്ചോ. ഞാന്‍ വീണ്ടും നിര്‍ബന്ധിക്കുകയാണ്. എനിക്കത് വാങ്ങാതിരിക്കാന്‍ കഴിഞ്ഞില്ല. അത്രമേല്‍ സന്തോഷത്തോടെ, നനഞ്ഞ കണ്ണുകളോടെ ഞാനത് വാങ്ങി. അത് വെറും പണം അല്ലായിരുന്നു, ആ മനസ് ആയിരുന്നു, അത് സ്വീകരിക്കാതെ പോവുകതെങ്ങനെ. ചാച്ചന്റെ മകനല്ലേ ഞാനും. അല്ലേ ചാച്ചാ.
ചാച്ചന്‍ പറഞ്ഞ ചാച്ചന്റെ ജീവിതം മുഴുവന്‍ എഴുതിയിട്ടില്ല. എന്നാലും ഇത് വായിക്കണമെന്നു തോന്നുന്നവര്‍ക്ക് വായിക്കാം; ആരായിരുന്നു കെഎല്‍ ആന്റണിയെന്ന് കുറച്ചെങ്കിലും മനസിലാകും…
കെഎല്‍ ആന്റണിയുമായി ലേഖകന്‍ നടത്തിയ അഭിമുഖം വായിക്കാം:
ചാച്ചന്‍ യാത്ര പറയുമ്പോള്‍; കെ എല്‍ ആന്റണിയുടെ നാടകീയ ജീവിതം