UPDATES

സോഷ്യൽ വയർ

ഗാന്ധി കുടുംബം വീണ്ടും ചർച്ചകളിൽ നിറയുമ്പോൾ ചരിത്ര രേഖകളിൽ അധികം രേഖപ്പെടുത്താതെ പോയ ഫിറോസ് ഗാന്ധിയെ കുറിച്ച്

ഇന്ദിരായും രാജീവും പിൽക്കാലത്ത് സോണിയയും ഇന്നിപ്പോൾ രാഹുൽ വരെയും തങ്ങളുടെ സർനെയിം ആയ ഗാന്ധി കടംകൊണ്ടത് ഫിറോസിൽ നിന്നായിട്ട് കൂടെ ആ ഓർമ്മകളെ തമസ്കരിച്ചു കളയാൻ അവരെയുൾപ്പെടെ പ്രേരിപ്പിച്ചത് എന്തെന്നത് സമസ്യയായി അവശേഷിക്കുന്നു. അദ്ദേഹത്തിൻ്റെ ജീവചരിത്രരചനക്ക്, സ്വീഡിഷ് പത്രപ്രവർത്തകൻ ബെർട്ടിൽ ഫാൾക് കൊടുത്ത പേര് അന്വർത്ഥമാകുന്നത് അവിടെയാണ്: ‘FEROZE the forgotten GANDHI’

ബച്ചു മാഹി

ബച്ചു മാഹി

യാദൃച്ഛികമായ ഒരു നാക്കുപിഴ, രാഹുലിൻ്റെ മുത്തച്ഛനെയും മുതുമുത്തച്ഛനെയുമൊക്കെ ചർച്ചകളിൽ നിറച്ച സ്ഥിതിക്ക്, ഏടുകളിൽ അധികം രേഖപ്പെടുത്താതെ പോയ ഒരു വ്യക്തിത്വത്തെ പരിശോധിക്കുകയാണ് ഇവിടെ: ഫിറോസ് ഗാന്ധി എന്ന രാഹുലിൻ്റെ മുത്തച്ഛൻ, രാജീവിൻ്റെ അച്ഛൻ, നെഹ്‌റുവിൻ്റെ ജാമാതാവ് അഥവാ ഇന്ദിരയുടെ ജീവിതപങ്കാളി. തീർച്ചയായും ഇതൊരു മോശം പരിചയപ്പെടുത്തലാണ്. എന്നാൽ, ചരിത്രം ഉന്നതശീർഷനായ ഒരു വ്യക്തിത്വത്തോട് ചെയ്ത പാതകം അതാണ്.

കൗമാരക്കാലത്ത് പഠനം പാതിവഴിയിൽ ഇട്ടെറിഞ്ഞ് സ്വാതന്ത്ര്യസമര തീച്ചൂളയിലേക്ക് എടുത്തുചാടിയ വിപ്ലവകാരി, രാഷ്ട്രത്തെ അഴിമതിമുക്തമായ ഒരു മാതൃകാ സ്റ്റേറ്റ് ആയി നിറുത്താൻ കണ്ണിലെണ്ണയൊഴിച്ച് കാവൽനിന്ന മികവുറ്റ പാർലമെൻ്റെറിയൻ, കൃതഹസ്‌തനായ പത്രപ്രവർത്തകൻ, മാധ്യമസ്വാതന്ത്ര്യത്തിൻ്റെ മുൻനിരപ്പോരാളി… ആ പ്രൊഫൈൽ ഇതൊക്കെ ആയിരുന്നിട്ടും നാം ഭൂരിപക്ഷത്തിനും ഇന്ദിരയുടെ ഭർത്താവ് മാത്രമാണദ്ദേഹം.

അത്തരം ഒരു നിഴലിലേക്ക് ചരിത്രം ആ മനുഷ്യനെ ചുരുട്ടി എറിഞ്ഞുകളഞ്ഞു! ആ “ഭർത്താവുദ്യോഗം” സ്വാഭാവികമായും അർഹിച്ചിരുന്ന ഔന്നത്യങ്ങൾ പ്രാപിക്കുന്നതിൽ നിന്ന് അദ്ദേഹത്തിൻറെ വളർച്ചയെ പരിമിതപ്പെടുത്തുക മാത്രമേ ചെയ്തിട്ടുള്ളൂ.

1912 സെപ്തംബർ 12-ന് പാഴ്സി ദമ്പതികളായ ഫറേദൂൻ ജഹാംഗീർ ഗാന്ധിയുടെയും രതിമായിയുടെയും മകനായി ബോംബെയിൽ ജനിച്ച ഫിറോസിന് ഏഴുവയസ്സുള്ളപ്പോഴാണ് പിതാവ് മരണമടയുന്നത്. തുടർന്ന് മാതാവിനൊപ്പം അലഹബാദിൽ സർജനായി സേവനം അനുഷ്ഠിച്ചുവന്നിരുന്ന മാതൃസഹോദരിയുടെ അടുത്തേക്ക് പോകുകയായിരുന്നു.

1930-ൽ പഠനം ഉപേക്ഷിച്ച് ഫിറോസ് മുഴുസമയ സ്വാതന്ത്ര്യസമരഭടനായി മാറി. മഹാത്മാ ഗാന്ധിയോടുള്ള തീവ്രമായ ആരാധന കാരണം അദ്ദേഹം തൻ്റെ സർനെയിമായ Ghandi-യുടെ സ്പെല്ലിംഗിൽ ചെറിയ മാറ്റം വരുത്തി Gandhi എന്നാക്കി. (നെഹ്റു കുടുംബത്തെ എങ്ങനെയും ഇകഴ്ത്തിക്കാട്ടുക എന്ന പരിമിത രാഷ്ട്രീയ അജണ്ടയുടെ ഭാഗമായി, സംഘപരിവാർ ഹാൻഡിലുകൾ ഇതിന് പല വ്യാഖ്യാനഭേദങ്ങളും നുണപ്രചരണങ്ങളും നല്കിക്കാണാം).

സ്‌ക്കൂൾ വിദ്യാർത്ഥി ആയിരിക്കെത്തന്നെ സ്വാതന്ത്ര്യപോരാട്ടങ്ങളിൽ പങ്കുകൊള്ളുകയും പോലീസ് പിടിയിലാകുകയും സർക്കാറിൻറെ കീഴിൽ ഡോക്ടർ ആയി സേവനം അനുഷ്ടിച്ചിരുന്ന മാതൃസഹോദരി മാപ്പ് എഴുതിക്കൊടുത്ത് വിടുവിക്കുകയും പതിവായിരുന്നു; സഹികെട്ട ഫിറോസിൻറെ മാതാവ് ഒരിക്കൽ മഹാത്മാ ഗാന്ധിയെ സമീപിച്ച് പരാതിപ്പെട്ട സംഭവം അദ്ദേഹത്തിൻ്റെ മറ്റൊരു ജീവചരിത്രകാരൻ ശശി ഭൂഷൺ തൻ്റെ ‘Feroze Gandhi – a Political Biography’ എന്ന കൃതിയിൽ വിവരിക്കുന്നുണ്ട്:

തൻ്റെ മകനോട് പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ഉപദേശിക്കാൻ അവർ ഗാന്ധിയോട് അഭ്യർത്ഥിച്ചു. പരാതിയൊക്കെ ക്ഷമാപൂർവ്വം കേട്ട ഗാന്ധിജി ഇങ്ങനെ പ്രതിവചിച്ചു: “താങ്കളുടെ മകൻ ഒരു വിപ്ലവകാരിയാണ്. ഇമ്മാതിരി ഏഴു വിപ്ലവകാരികളെ എനിക്ക് കിട്ടുകയാണെകിൽ ഇൻഡ്യയെ ഏഴുദിവസം കൊണ്ട് സ്വതന്ത്രമാക്കാം.”

ഫിറോസിന് കഷ്ടി പതിനെട്ട് വയസ്സ് പ്രായമുള്ളപ്പോൾ ബ്രിട്ടിഷുകാർ തടവിലാക്കുകയും തുടർന്ന് 19 മാസം ജയിലിലടക്കുകയും ചെയ്തു. പ്രക്ഷോഭസമരങ്ങളിൽ പങ്കെടുത്തതിനെ തുടർന്ന് 1932-ലും 1933-ലും വീണ്ടും ജയിൽവാസം. 1942-ൽ ക്വിറ്റ് ഇൻഡ്യ സമരത്തിൽ ഭാഗഭാക്കായി അറസ്റ്റ് ചെയ്യപ്പെട്ട് ഒരുവർഷത്തെ ജയിൽശിക്ഷ.

സ്വാതന്ത്യ്രസമര പ്രവർത്തങ്ങളിലെ പങ്കാളികൾ എന്ന നിലയിൽ നെഹ്റു കുടുംബവുമായി സവിശേഷമായ ഒരടുപ്പം ഉണ്ടായിരുന്നു. 1933-ൽ തൻ്റെ ഇരുപത്തി ഒന്നാം വയസ്സിൽ അന്ന് പതിനാറ് വയസ്സ് മാത്രം പ്രായമുള്ള ഇന്ദിരയിൽ അനുരക്തനാകുന്നതും അക്കാര്യം ഇന്ദിരയോടും അമ്മ കമലയോടും പ്രൊപ്പോസ് ചെയ്യുന്നതും അങ്ങനെയാണ്. ഇന്ദിര തീരെ ചെറുപ്പമാണെന്ന കാരണത്താൽ അന്നത് നിരസിക്കപ്പെട്ടു. പിൽക്കാലത്ത് രണ്ടുപേരും പഠനത്തിനായി ലണ്ടനിലേക്ക് പോകുകയും അവിടെവെച്ച് (1935-40) കൂടുതൽ അടുക്കുകയുമായിരുന്നു.

1942-ൽ ഇൻഡ്യയിൽ വെച്ച് വൈദികാചാരപ്രകാരം വിവാഹം നടത്തി. നെഹ്‌റുവിന് ഈ വിവാഹം ഒട്ടും ഇഷ്ടമായിരുന്നില്ലെന്നും ഗാന്ധിജിയോട് അവരെ പറഞ്ഞു പിന്തിരിപ്പിക്കാൻ ആവശ്യപ്പെട്ടു എന്നും പറയപ്പെടുന്നു. ഇന്ദിര ഉറച്ചുനിന്നതോടെ മറ്റുമാർഗ്ഗമില്ലാതെ സമ്മതം മൂളുക ആയിരുന്നുവത്രെ.

വിവാഹവർഷം തന്നെ, ക്വിറ്റ് ഇന്ത്യ സമരപരിപാടികളിൽ ഭാഗഭാക്കായതിനെ തുടർന്ന് ഫിറോസ്-ഇന്ദിര ദമ്പതികൾ അറസ്റ്റ് ചെയ്യപ്പെടുകയും ഫിറോസ് ഒരുവർഷം ജയിലിൽ അടക്കപ്പെടുകയുമുണ്ടായി. അതിൽപിന്നെയാണ് അവർക്ക് സ്വസ്ഥമായ ദാമ്പത്യജീവിതത്തിനവസരം ലഭിച്ചത്. 1944-ൽ രാജീവും 1946-ൽ സഞ്ജയിയും പിറന്നു.

സ്വാതന്ത്യാനന്തരം ഫിറോസ്, നെഹ്‌റു സ്ഥാപിച്ച നാഷണൽ ഹെറാൾഡ് പത്രത്തിൻറെ എം.ഡി. ആയി സേവനം അനുഷ്ഠിച്ചിരുന്നു. 1950 മുതൽ ’52 വരെ പ്രൊവിൻഷ്യൽ പാർലമെൻറ് അംഗമായി. 1952-ൽ സ്വതന്ത്ര ഇൻഡ്യയിലെ ആദ്യ തെരഞ്ഞെടുപ്പിൽ യു.പി.യിലെ റായ്ബറേലി മണ്ഡലത്തിൽ നിന്ന് വിജയിച്ചു. 1957-ൽ വീണ്ടും തെരഞ്ഞെടുക്കപ്പെടുകയും മരണം വരെ എം.പി. ആയി തുടരുകയും ചെയ്തു.

പാർട്ടിയുടെയോ നെഹ്റുവിൻ്റെയോ നിഴലിൽ ഒതുങ്ങില്ലെന്ന് ബോധ്യപ്പെടുത്തുന്ന ഇടപെടലുകൾ ആയിരുന്നു പാർലമെൻറ് അംഗം എന്ന രീതിയിൽ ഫിറോസ് ഗാന്ധി കാഴ്ച വെച്ചത്. നെഹ്റുവിൻ്റെ കാബിനറ്റിനെ പലപ്പോഴും അദ്ദേഹം മുൾമുനയിൽ നിർത്തി. 1955 ഡിസംബറിൽ ഭരണകക്ഷിയിലെ ചില ഉന്നതരുമായുള്ള ബന്ധം മുതലെടുത്ത് റാം കിഷൻ ഡാൽമിയ എന്ന വ്യവസായി പൊതുമേഖല കമ്പനിയിൽ നിന്നുള്ള പണം തൻ്റെ സ്വകാര്യ കമ്പനിയിലേക്ക് വഴിതിരിച്ചു വിട്ടത് അദ്ദേഹം വെളിച്ചത്ത് കൊണ്ടുവന്നത് പാർലമെന്റിൽ വലിയ കോളിളക്കമുണ്ടാക്കി. ഒടുക്കം ഡാൽമിയയെ ജയിലിൽ അടക്കാൻ അത് വഴിവെച്ചു.

1958-ൽ എൽഐസി അഴിമതി വെളിച്ചത്ത് കൊണ്ടുവന്നതിനെ തുടർന്ന് ധനമന്ത്രി ആയിരുന്ന ടി.ടി. കൃഷ്ണമാചാരിക്ക് രാജി വെക്കേണ്ടി വന്നു. അന്നത്തെ ധനകാര്യ സെക്രട്ടറിയെ പുറത്താക്കുകയും അഴിമതി നടത്തിയ ആളെ ജയിലിൽ അടക്കുകയും ചെയ്തു. ഭരണ-പ്രതിപക്ഷ ബെഞ്ചുകളിൽ ഒരുപോലെ ആദരം ആർജ്ജിച്ച പാർലമെന്റെറിയൻ ആയിരുന്നു ഫിറോസ് ഗാന്ധി.

എൽഐസി നാഷണലൈസ് ചെയ്യാനുള്ള പ്രേരകം അദ്ദേഹം ആയിരുന്നു. ടാറ്റ കമ്പനിയായ ടെൽകോയെയും ദേശസാൽക്കരിക്കാനുള്ള നീക്കം നടത്തിയെങ്കിലും ടാറ്റയുടെ പ്രതാപത്തിന് മുന്നിൽ അത് വിജയം കണ്ടില്ല. 1956-ൽ അദ്ദേഹം അവതരിപ്പിച്ച സ്വകാര്യ ബിൽ ആണ് Parliamentary Proceedings (Protection of Publication) Act, 1956 എന്ന പേരിൽ നിയമാക്കപ്പെട്ടത്. ഇൻഡ്യൻ പത്രസ്വാതന്ത്ര്യ ചരിത്രത്തിൽ നിർണ്ണായകമായ ഒന്നാണത്. പാർലമെൻറിലെ ഡിബേറ്റുകൾ റിപ്പോർട്ട് ചെയ്താൽ ആ പത്രപ്രവർത്തകനെ ജയിലിൽ അടക്കാമെന്നതായിരുന്നു ആ ബില്ലിന് മുൻപുള്ള വ്യവസ്ഥ.

1960 സെപ്റ്റംബർ 8-ന് 48 വയസ്സ് തികയുന്നതിന് ഏതാനും ദിവസങ്ങൾക്ക് മുൻപ് അദ്ദേഹം അകാലത്തിൽ നമ്മോട് വിടവാങ്ങി. മരണത്തിന് ഏറെനാൾ മുൻപ് തന്നെ അവരുടെ ദാമ്പത്യത്തിൽ അസ്വാരസ്യങ്ങൾ വീണിരുന്നു. ഇന്ദിരയുടെ അധികാരഭ്രമം കൊണ്ടാണെന്നും ഫിറോസിൻ്റെ ‘വഴിവിട്ട’ ചില ബന്ധങ്ങൾ കൊണ്ടാണെന്നും അതേക്കുറിച്ച് വ്യത്യസ്‌തമായ ആഖ്യാനങ്ങൾ ആണുള്ളത്. ഫിറോസ് ഗാന്ധിക്ക് അന്ത്യയാത്രാമൊഴി നല്കാൻ തടിച്ചുകൂടിയ വൻ ജനാവലിയെക്കണ്ട് നെഹ്റു ഇപ്രകാരം മൊഴിഞ്ഞത്രേ: “ഫിറോസ് ഇത്രയേറെ ജനപ്രിയനായിരുന്നു എന്ന് എനിക്കറിയില്ലായിരുന്നു!”

ഇന്ദിരായും രാജീവും പിൽക്കാലത്ത് സോണിയയും ഇന്നിപ്പോൾ രാഹുൽ വരെയും തങ്ങളുടെ സർനെയിം ആയ ഗാന്ധി കടംകൊണ്ടത് ഫിറോസിൽ നിന്നായിട്ട് കൂടെ ആ ഓർമ്മകളെ തമസ്കരിച്ചു കളയാൻ അവരെയുൾപ്പെടെ പ്രേരിപ്പിച്ചത് എന്തെന്നത് സമസ്യയായി അവശേഷിക്കുന്നു. അദ്ദേഹത്തിൻ്റെ ജീവചരിത്രരചനക്ക്, സ്വീഡിഷ് പത്രപ്രവർത്തകൻ ബെർട്ടിൽ ഫാൾക് കൊടുത്ത പേര് അന്വർത്ഥമാകുന്നത് അവിടെയാണ്: ‘FEROZE the forgotten GANDHI’.

കോൺഗ്രസ് എന്നല്ല ഏതൊരു രാഷ്ട്രീയപാർട്ടിയും മുന്നോട്ട് വയ്‌ക്കേണ്ട ജനാധിപത്യസ്വഭാവം എന്തെന്നതിലായിരുന്നു സ്വന്തം കക്ഷിയുടെ സർക്കാറിൻറെ വീഴ്ചകളെ നിർഭയം ഉയർത്തിക്കാട്ടാൻ ധൈര്യം കാട്ടിയ ഫിറോസും അതിനെ സ്വാഗതം ചെയ്ത നെഹ്റുവും അന്ന് മാതൃക തീർത്തത്. ഫിറോസിനൊപ്പം ആ യുഗത്തിനും വിരാമമായി.

ജനാധിപത്യവും മാധ്യമസ്വാതന്ത്ര്യവും അതിൻ്റെ പാരമ്യതയിൽ ഉയർത്തിപ്പിടിച്ച അദ്ദേഹത്തോട് കാട്ടിയ ക്രൂരഫലിതമെന്നോണം തൻ്റെ ജീവിതപങ്കാളിയും മകനും അടിയന്തിരാവസ്ഥക്കാലത്ത് അവ രണ്ടിൻ്റെയും ഏറ്റവും വലിയ ധ്വംസകരായതിനും ചരിത്രം സാക്ഷ്യം വഹിച്ചു.

ഫേസ്ബുക് പോസ്റ്റ്
(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

‘ചരിത്രബോധമില്ലാതെ എന്തു വിളിച്ചു പറഞ്ഞാലും കയ്യടിക്കുന്ന അണികൾ ഉള്ളിടത്തോളം നിങ്ങളൊന്നും പഠിക്കുന്നുമില്ല, പഠിപ്പിക്കുന്നുമില്ല’: പി കെ ഫിറോസിനെതിരെ പട്ടാമ്പി എംഎൽഎ മുഹ്‌സിൻ

‘രാഹുൽ ഗാന്ധിയുടെ മുതുമുത്തച്ഛനാണ് മഹാത്മാഗാന്ധി, രാജീവ് ഗാന്ധി കൊല്ലപ്പെട്ടത് കോയമ്പത്തൂരിൽ’: നവമാധ്യമങ്ങളിൽ ചിരി പടർത്തി പികെ ഫിറോസിന്റെ പ്രസംഗം

‘ട്രോളുകൾ ഒക്കെ ഇഷ്ട്ടപ്പെട്ടു തെറ്റ് സമ്മതിക്കുന്നു’: പ്രസംഗത്തില്‍ സംഭവിച്ച പിഴവ് ഏറ്റുപറഞ്ഞ് മുസ്‌ലീം ലീഗ് നേതാവ് പി.കെ ഫിറോസ്

ബച്ചു മാഹി

ബച്ചു മാഹി

മാഹി സ്വദേശിയായ ബച്ചു വിദേശത്തു ജോലി ചെയ്യുന്നു; ആനുകാലിക സംഭവങ്ങളുമായി ബന്ധപ്പെട്ട് ഓണ്‍ലൈനിലും മറ്റു പ്രസിദ്ധീകരണങ്ങളിലും എഴുതാറുണ്ട്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍