UPDATES

സോഷ്യൽ വയർ

‘സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം സിന്ദാബാദ്’ എന്ന മുദ്രാവാക്യത്തിന്റെ പൊരുൾ തിരിച്ചറിഞ്ഞതോടെ എസ്എഫ്ഐ ബന്ധവും പാർട്ടി അനുഭാവവും അവസാനിച്ചു; ഒരു മഹാരാജാസ് രാഷ്ട്രീയ അനുഭവം

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ എസ് എഫ് ഐക്ക് എതിരെ ആരോപണങ്ങള്‍ ഉയരുമ്പോൾ ഉയരുന്ന തന്റെ സംഘടനാ അനുഭവങ്ങൾ പങ്കുവയ്ക്കുകയാണ് മാധ്യമ പ്രവർത്തകനായ കെ സുനില്‍ കുമാർ. മഹാരാജാസ് കോളേജിലെ പഠനകാലത്ത് അനുഭവിച്ചറഞ്ഞ ചിവ സംഭവങ്ങളാണ് അദ്ദേഹം പുതിയ സാഹചര്യത്തിൽ പങ്കുവയ്ക്കന്നത്. അടുത്ത കാലത്തായി വഴിതെറ്റിയ ചില എസ്എഫ്ഐക്കാരാണ് അക്രമങ്ങൾ നടത്തുന്നതെന്നാണ് ചിലരുടെ സങ്കടം. എന്നാൽ അത് പുതിയ കാര്യമല്ലെന്നും പുതിയ കാര്യമല്ലെന്നും നേരത്തെ തുടങ്ങി വെച്ച ‘ജനാധിപത്യ’ പ്രവർത്തനങ്ങളുടെ തുടർച്ച മാത്രമാണെന്നും പറയുന്നവർക്ക് ബോധ്യമുണ്ടെന്നും അദ്ദേഹം കുറിപ്പിൽ പറയുന്നു.

എന്റെ വിദ്യാർത്ഥി ജീവിതകാലത്ത് പ്രീഡിഗ്രി ആദ്യവർഷം (1982- 83) മാത്രമാണ് SFI പ്രവർത്തകനായത്. അക്കാലത്ത് നക്ഷത്രാങ്കിത ശുഭ്ര പതാക തണലിൽ നടന്ന് സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം സിന്ദാബാദ് വിളിച്ചു. എന്നാൽ മുദ്രാവാക്യത്തിന്റെ പൊരുൾ തിരിച്ചറിഞ്ഞതോടെ എസ്എഫ്ഐ ബന്ധവും പാർട്ടി അനുഭാവവും അവസാനിച്ചെന്നും അദ്ദേഹം കുറിപ്പിൽ പറയുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം… 

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ അടുത്ത കാലത്തായി വഴിതെറ്റിയ ചില എസ്എഫ്ഐക്കാരാണ് അക്രമങ്ങൾ നടത്തുന്നതെന്നാണ് ചിലരുടെ സങ്കടം. SFIക്കാർക്ക് ഇപ്പോൾ എന്ത് പറ്റിയെന്നാണ് ചിലർ ആശങ്കപ്പെടുന്നത്. എന്നാൽ ഇപ്പോൾ നടക്കുന്നത് പുതിയ കാര്യമല്ലെന്നും നേരത്തെ തുടങ്ങി വെച്ച ‘ജനാധിപത്യ’ പ്രവർത്തനങ്ങളുടെ തുടർച്ച മാത്രമാണെന്നന്നും പറയുന്നവർക്ക് ബോധ്യമുണ്ട് എന്നാണ് എന്റെ വിശ്വാസം. കാരണം ആശങ്കപ്പെടുന്ന പലരും സമാനമായ പ്രവർത്തനങ്ങളിൽ പങ്കാളികളായിരുന്നു. എന്റെ വിദ്യാർത്ഥി ജീവിതകാലത്ത് പ്രീഡിഗ്രി ആദ്യവർഷം (1982- 83) മാത്രമാണ് SFI പ്രവർത്തകനായത്. അക്കാലത്ത് നക്ഷത്രാങ്കിത ശുഭ്ര പതാക തണലിൽ നടന്ന് സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം സിന്ദാബാദ് വിളിച്ചു.

രണ്ടാം വർഷം വൈപ്പിനിൽ വിഷമദ്യ കൂട്ടക്കൊലക്കെതിരായ സമരം എറണാകുളം ജില്ലയിലുടനീളം വ്യാപിച്ചു. മഹാരാജാസ് കോളേജിൽ ഒരു വിഭാഗം വിദ്യാർത്ഥികൾ ഈ സമരത്തെ പിന്തുണക്കുന്നതിനെക്കുറിച്ച് ആലോചിക്കാൻ ഫിലോസഫി ഡിപ്പാർട്ട്മെന്റിൽ യോഗം ചേരുന്നു. യോഗത്തിന് നേതൃത്വം നൽകിയവരിൽ എനിക്ക് ഓർമ്മയുള്ള ഒരാൾ എഴുത്തുകാരനായ കെ കെ ബാബുരാജാണ് K K Babu Raj. ഹാൾ നിറയെ വിദ്യാർത്ഥികളുണ്ടായിരുന്നു. സമരത്തിൽ പങ്കാളിയാകാൻ താൽപര്യമുണ്ടായിരുന്ന ഞാനും യോഗത്തിലുണ്ടായിരുന്നു. ചർച്ചകൾ പുരോഗമിക്കുന്നതിനിടയിൽ കോളേജിലെ SFI നേതാക്കളുടെ ഒരു സംഘം അവിടെയെത്തി യോഗം തടസപ്പെടുത്തി. മീറ്റിംഗ് അലങ്കോലപ്പെടുത്തി. കോളേജിൽ സമാന്തര സംഘടനകളും സമരങ്ങളും ആവശ്യമില്ലെന്ന ഭീഷണിക്ക് മുന്നിൽ സംഘാടകർ പിരിഞ്ഞു.

അങ്ങനെയാണ് ഞാൻ ഒരു വർഷം ഏറ്റു വിളിച്ച ‘സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം സിന്ദാബാദ്’ എന്ന മുദ്രാവാക്യത്തിന്റെ പൊരുൾ തിരിച്ചറിഞ്ഞത്. അതോടെ എന്റെ SFI ബന്ധവും പാർട്ടി അനുഭാവവും അവസാനിച്ചു. അതോടെ ബാബുരാജുമായുള്ള സൗഹൃദവും ആരംഭിച്ചു.
പിന്നീട് ഡിഗ്രി പഠനകാലത്ത് മാവൂർ റയോൺസ് അടച്ചു പൂട്ടുന്നതിനെതിരായ തൊഴിലാളി സമരം എ വാസുവേട്ടന്റെയും Vasu Grow മോയിൻ ബാപ്പുവിന്റെയും നേതൃത്വത്തിൽ ശക്തമായപ്പോൾ മഹാരാജാസിലെ വിദ്യാർത്ഥികളും പിന്തുണ നൽകാൻ തീരുമാനിച്ചു. അന്ന് എം എ ക്ക് പഠിച്ചിരുന്ന ഇപ്പോൾ പ്രമുഖ ചിന്തക്കായ സണ്ണി എം കപിക്കാട് Sunny Kapicadu സുധീരൻ Sudheeran Raman, ഉണ്ണി Unni Govind സാബു ദിനേശ് Sabu Dinesh, പരേതനായ അഭിമന്യു തുടങ്ങിയവർ നേതൃത്വത്തിലുണ്ടായിരുന്നുവെന്ന് ഓർക്കുന്നു. മഹാരാജാസ് ഹോസ്റ്റലിലെ എസ്എഫ്ഐക്കാരടക്കം നിരവധി വിദ്യാർത്ഥികൾ സ്റ്റുഡന്റ്സ് ഫോറം എന്ന പേരിൽ രൂപീകരിച്ച സംഘടനയുടെ നേതൃത്വത്തിൽ നടന്ന സമരങ്ങളിൽ പങ്കെടുത്തു. സണ്ണി കപിക്കാടും സുധീരനും കോളേജ് ഗേറ്റിൽ കെട്ടിയ പന്തലിൽ നിരാഹാര സമരം നടത്തി. ഇതിൽ പ്രകോപിതരായ എസ്എഫ്ഐക്കാർ ഞങ്ങളെ തല്ലാൻ തീരുമാനിച്ച വിവരം രഹസ്യമായി എന്നെ അറിയിച്ചത് അന്നത്തെ എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറിയും സുഹൃത്തുമായ വർഗീസ് തന്നെയായിരുന്നു. അന്ന് എസ്എഫ്ഐയുടെ പ്രധാന പ്രവർത്തകരുമായുള്ള സൗഹൃദവും സമരം അവസനിച്ചതും മൂലം എസ്എഫ്ഐക്കാരുടെ ‘ഡീലിംഗി’ൽ നിന്ന് രക്ഷപ്പെട്ടു. ഹോസ്റ്റലിൽ താമസിച്ചിരുന്ന സണ്ണിയും ഉണ്ണിയും എല്ലാം അന്ന് ഭീഷണി നേരിട്ടിരുന്നു.

അക്കാലത്തെ രസകരമായ ഒരു അനുഭവം കൂടിയുണ്ട്. നക്സലൈറ്റ് പ്രസിദ്ധീകരണങ്ങളായ കോമ്രേഡും ചുവന്ന പാതയും കാംപസിലിരുന്ന് ഞാൻ വായിക്കുന്നതായി ഒരു എസ്എഫ്ഐ സഖാവ് നേതാക്കളോട് ആശങ്ക അറിയിച്ചതാണ്.
പിന്നീടാണ് എ കെ വാസു Vasu Ak, സുധീർ Sudheer Un, മനോജ് Mb Manoj Mb രാധാകൃഷ്ണൻ ചെങ്ങാട് തുടങ്ങിയവരുടെ നേതൃത്വത്തിൽ ദലിത് വിദ്യാർത്ഥി ഏകോപന സമിതി രൂപീകരിച്ച് മഹാരാജാസിൽ പ്രവർത്തനം തുടങ്ങിയത്. ഹോസ്റ്റൽ യൂണിയൻ തെരഞ്ഞെടുപ്പിൽ അവരുടെ പാനൽ വിജയിച്ചതോടെ എസ്എഫ്ഐ ക്കാർ അവരെ കായികമായി ആക്രമിച്ചാണ് ‘ജനാധിപത്യ’വും ‘സ്വാതന്ത്ര്യ’വും പഠിപ്പിച്ചത്. തുടർന്ന് കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ വലിയ തോതിൽ വോട്ട് നേടിയ ദലിത് വിദ്യാർത്ഥികൾ വോട്ടെണ്ണി കഴിഞ്ഞാൽ ആക്രമിക്കപ്പെടുമെന്ന സ്ഥിതിയുണ്ടായി. പിജെ സഭാരാജിന്റെ നേതൃത്വത്തിൽ കറുപ്പും ചുവപ്പും ധരിച്ച ഒരു സംഘം DCUF പ്രവർത്തകർ കോളേജിന് മുന്നിൽ എത്തിയതോടെയാണ് SFl ക്കാർ തല്ല് ഒഴിവാക്കിയത്. എം ബി മനോജിന്റെ ജാഗ എന്ന നോവലിൽ ഇക്കാലം രേഖപ്പെടുത്തിയിട്ടുണ്ട്. അന്ന് ദലിത് വിദ്യാർത്ഥികൾക്ക് പിന്തുണയുമായി പുറത്തു നിന്ന കെ കെ കൊച്ചിന്റെയും K K Kochu Kabani ജോൺ ജോസഫിന്റെയും നേതൃത്വത്തിലുള്ള സംഘത്തിൽ ഞാനുമുണ്ടായിരുന്നു.

മഹാരാജാസിൽ എഐഎസ്എഫ്, കെ എച്ച്എസ്എഫ്, എഐഡിഎസ് ഒ തുടങ്ങിയ സംഘടനകൾക്ക് സ്വതന്ത്രമായി പ്രവർത്തിക്കാൻ കഴിയാത്ത സാഹചര്യം അക്കാലത്തുണ്ടായിരുന്നു. പലർക്കും മർദ്ദനമേറ്റു. പoനം തുടരാൻ കഴിയാത്ത തരത്തിൽ ഭീഷണികൾ നേരിട്ടു. മഹാരാജാസിൽ ഞങ്ങളുടെ കാലത്തിന് മുൻപ് തന്നെ എസ്എഫ്ഐ യും കെഎസ് യുവും നടത്തിയ സംഘർഷങ്ങളുടെയും അക്രമത്തിന്റെയും വീരചരിതങ്ങൾ കേട്ടിട്ടുണ്ട്. ഇപ്പോൾ എംഎൽഎ ആയ പി ടി തോമസിനെ ജാവലിന് കുത്തി മുകളിലത്തെ നിലയിൽ നിന്ന് താഴേക്ക് വീഴ്ത്തിയതാണ് ഇത്തരത്തിൽ ഒന്ന്. എന്നാൽ അക്രമങ്ങളുടെ കുത്തക മുഴുവൻ SFlക്കാണെന്നും പറയാൻ കഴിയില്ല. മഹാരാജാസിലെ കെ എസ് യു ക്കാർ എസ് എഫ് പ്രവർത്തകർക്കെതിരെ നടത്തിയ അക്രമങ്ങളെക്കുറിച്ച് ദലിത് വിദ്യാർത്ഥികൾക്ക് നേരെ നടത്തിയ ജാതീയ അധിക്ഷേപങ്ങളെയും അതിനെതിരായ ചെറുത്തുനിൽപ്പുകളെക്കുറിച്ചും കെ കെ കൊച്ചിനെ പോലുള്ളവർ പറഞ്ഞു കേട്ടിട്ടുണ്ട്.

കെ എസ് യു വിന്റെ സമാധാന പ്രവർത്തനങ്ങൾ നേരിട്ട് ബോധ്യപ്പെട്ടിട്ടുമുണ്ട്. സൈമൺ ബ്രിട്ടോക്കെതിരെ നടത്തിയ കൊലപാതകശ്രമം അതിലൊന്നാണ്. ഇന്ദിര ഗാന്ധിയുടെ കൊലപാതക വാർഷിക ദിനത്തിൽ, ദില്ലിയിൽ കൂട്ടക്കൊല ചെയ്യപ്പെട്ട സിഖുകാർക്ക് ആദരാഞ്ജലി അർപ്പിച്ച് നോട്ടീസ് വിതരണം ചെയ്ത എനിക്കും കെ കെ ബാബുരാജിനും നേരെ കെ എസ് യു ക്കാരായ ക്രിമിനൽ സംഘം നടത്തിയ കയ്യേറ്റ ശ്രമം. ഇപ്പോൾ ചലച്ചിത്ര നടനായ ബാബുരാജ്, നൗഷാദ്‌ തുടങ്ങിയവരാണ് ഞങ്ങളെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചത്. കത്തി കേറ്റും എന്നായിരുന്നു കഴുത്തിന് പിടിച്ച് ആക്രോശിച്ചത്. ഡെൽഹി യൂണിവേഴ്സിറ്റി അധ്യാപകനായ അന്നത്തെ കെ എസ് യു യൂണിറ്റ് പ്രസിഡന്റ് ടി ജി സുരേഷ് ചാടി വീണതു കൊണ്ടാണ് ഞങ്ങൾ രക്ഷപ്പെട്ടത്. എസ്എഫ്ഐ ക്കാരെ ആക്രമിച്ച് കീഴ്പ്പെടുത്തുകയും ചെയ്ത അവർ പറഞ്ഞത് ചെയ്യുമെന്നതിൽ സംശയമില്ലായിരുന്നു.

ആസിഡ് ബൾബും കഠാരയും ഇരുമ്പുവടിയും സൈക്കിൾ ചെയിനും കൊണ്ടായിരുന്നു എസ് എഫ് ഐ യിലും കെഎസ് യുവിലുമുള്ള സുഹൃത്തുക്കളിൽ പലരും അന്ന് കാംപസിൽ എത്തിയിരുന്നത്. കോളേജിലും ഹോസ്റ്റലിലും ആയുധങ്ങൾ സംഭരിച്ചു വെച്ചിരുന്നു.
ഇതൊന്നും മഹാരാജാസ് കോളേജിൽ മാത്രമുള്ള കാര്യങ്ങളല്ല. കേരളത്തിലെ നിരവധി കോളേജുകൾ വിദ്യാർത്ഥികളുടെ ചോര വീണതാണ്. ഓരോ സംഘടനയും അവതരിപ്പിക്കുന്ന രക്തസാക്ഷികളുടെ പട്ടിക കാംപസുകളിൽ വർഷങ്ങളായി തുടരുന്ന ക്രിമിനൽ രാഷ്ട്രീയത്തിന്റെ സാക്ഷ്യപത്രങ്ങളാണ്. ഓരോ കോളേജിനും വിദ്യാർത്ഥിക്കും അവരനുഭവിച്ച, നേരിട്ട അക്രമങ്ങളുടെയും സ്വാതന്ത്ര്യ ധ്വംസനങ്ങളുടെയും കഥകൾ പറയാനുണ്ടാകും. എന്നാൽ രാഷ്ട്രീയ എതിരാളികളെയും വ്യത്യസ്ത അഭിപ്രായക്കാരെയും പ്രവർത്തിക്കാൻ അനുവദിക്കാത്ത യൂണിവേഴ്സിറ്റി കോളേജിലെ ഏക സംഘടന വാഴ്ച്ചക്കെതിരെ ഇപ്പോൾ നടക്കുന്ന പ്രതിഷേധം ജനാധിപത്യത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള യുവത്വത്തിന്റെ ഉറച്ച ശബ്ദമാണ്. യൂണിവേഴ്സിറ്റി കോളേജിൽ മാത്രമല്ല എബിവിപി ആധിപത്യം പുലർത്തുന്ന എം ജി കോളേജിലും മറ്റിടങ്ങളിലേക്കും ഈ കാറ്റ് ആഞ്ഞടിക്കണം.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍