UPDATES

സോഷ്യൽ വയർ

വനിത മതിൽ പോലെയുള്ള മുന്നേറ്റങ്ങളുടെ ഗുണഭോക്താക്കൾ ഇപ്പോൾ പിന്തിരിഞ്ഞു നിൽക്കുന്ന സ്ത്രീകൾ തന്നെ ആയിരിക്കും: എസ് ശാരദക്കുട്ടി

നവോത്ഥാനത്തിന്റെ ഗുണഭോക്താക്കളാണ് അതിനെ എതിർക്കുന്നവർ പോലും എന്നാണ് എസ് ശാരദക്കുട്ടി പറയുന്നത്

നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കുക , സ്ത്രീ-പുരുഷ സമത്വത്തിന്റെ ആശയങ്ങളെ ഉയര്‍ത്തിപ്പിടിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തി സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന വനിതാ മതിലിന് പിന്തുണയുമായി എഴുത്തുകാരി എസ് ശാരദക്കുട്ടി. വനിതാ മതിലിന്റെ ഫേസ്ബുക് പേജിന്റെ ലൈവ് വീഡിയോയിൽ ആണ് ശാരദക്കുട്ടി പിന്തുണ അറിയിച്ചത്.

“എല്ലാ കാലത്തും കീഴാള സ്ത്രീകൾ ഉൾപ്പെടുന്നവർ നടത്തിയ സമരം കൊണ്ടാണ് സവർണ സ്ത്രീകൾക്ക് തെരുവിൽ ഇറങ്ങാനുള്ള അവകാശം നേടിയത്. വനിതാ മതിൽ പോലെയുള്ള മുന്നേറ്റങ്ങളുടെ ഗുണഭോക്താക്കൾ ഇപ്പോൾ പിന്തിരിഞ്ഞു നിൽക്കുന്ന സ്ത്രീകൾ തന്നെ ആയിരിക്കും. സതി മുതൽ മാറ് മറയ്ക്കൽ സമരം വരെ ഒരുപാട് ചരിത്ര ഉദാഹരണങ്ങൾ നമ്മുടെ മുന്നിലുണ്ട്, അന്നെല്ലാം എതിർത്തവർ തന്നെ ആണ് പിന്നീട് ഗുണഭോക്താക്കളായി മാറിയിട്ടുള്ളത്.

കേരളത്തിലെ സ്ത്രീകൾ ഇന്ന് മാറ് മറച്ചു കൊണ്ട് തന്നെ പുറത്തു ഇറങ്ങി നടക്കുന്നു, സമരങ്ങളിൽ പങ്കെടുക്കുന്നു, പുരുഷനോടൊപ്പം തന്നെ ജോലി ചെയ്യുകയും, അതെ ശമ്പളം കൈപ്പറ്റുകയും ചെയ്യുന്നു, ഇതിനെല്ലാ പിന്നിൽ ഒരുപാട് സമര ചരിത്രങ്ങൾ ഉണ്ടായിരുന്നു. അത് കൊണ്ട് തന്നെ വനിതാ മതിൽ സ്ത്രീകളുടെ ദൃശ്യത വർധിപ്പിക്കും, അതിനു മുഖ്യമന്ത്രിയും, സംസ്ഥാന സർക്കാരും എടുക്കുന്ന എല്ലാ നടപടികളുടെ ഒപ്പം ഞാൻ ഉണ്ടാകും.

ഒരു കാര്യം മാത്രം കൂട്ടിച്ചേർക്കാനുണ്ട്. വനിതാ മതിലിൽ ഒരു കാരണവശാലും സ്ത്രീ വിരുദ്ധമോ, ജാതീയമായ ഒരാശയമോ വരാൻ അനുവദിക്കാതിരിക്കാനുള്ള ജാഗ്രത സർക്കാരിന്റെയും മറ്റുള്ളവരുടെയും ഭാഗത്ത് നിന്നുണ്ടാകണം.” ശാരദക്കുട്ടി പറഞ്ഞു.

നേരത്തെ വനിതാ മതിലിന് പിന്തുണയുമായി നാടക നടിയും സാമൂഹ്യ പ്രവർത്തകയുമായ നിലമ്പൂർ ആയിഷയും രംഗത്തെത്തിയിരുന്നു.

“പുതുവർഷത്തിൽ കേരളം കണികാണുക വൻമതിലായി ഉയരുന്ന സ്ത്രീശക്തിയായിരിക്കും. സ്ത്രീകൾ അബലകളല്ല, പ്രബലകളാണെന്നും ഭരിക്കപ്പെടേണ്ടവരല്ല, ഭരിക്കേണ്ടവരാണെന്നും തെളിയിക്കുന്നതിനുള്ള ഉത്തമ അവസരമാണ‌് ഇത‌്.ജാതീയമായ സ്പർധയുണ്ടാക്കി ഒരുവിഭാഗം വനിതാ മതിലിനെ പൊളിക്കാൻ ശ്രമിക്കുന്നുണ്ട‌്. കാസർകോടുമുതൽ തിരുവനന്തപുരംവരെ വനിതാ മതിൽ സൃഷ്ടിക്കുകയെന്നത‌് സ്വപ്നംകാണാൻപോലും കഴിയാത്തവരാണ‌് നവോത്ഥാന മതിലിന‌് തുരങ്കംവയ്ക്കുന്നത‌്. നവോത്ഥാന സംരക്ഷണത്തിനും സമത്വത്തിനുമായി എൽഡിഎഫ‌് സർക്കാർ ഏറ്റെടുത്ത മഹാദൗത്യം വിജയിപ്പിക്കാൻ എല്ലാ വിഭാഗം സ‌്ത്രീകളും രംഗത്തിറങ്ങുമെന്നുറപ്പാണ‌്.”നിലമ്പൂർ ആയിഷ ദേശാഭിമാനിയോട് പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍