UPDATES

സോഷ്യൽ വയർ

‘എന്റെ പ്രിയപ്പെട്ടവനെ നിങ്ങൾ എന്തു ചെയ്തു’; കെ കെ രമയെ പോലെ ഈച്ചര വാര്യർ ചോദിക്കുന്നതും ഇതേ ചോദ്യമാണ്: ശാരദക്കുട്ടി

കൊലപാതകത്തെയോ കൊലപാതകികളെയോ എതിർക്കുന്നത് നിരുപാധികമായാണ്. ജയരാജനെന്നോ കരുണാകരനെന്നോ നരേന്ദ്രമോദിയെന്നോ ഭേദമില്ല.

ആർഎംപിയുടെ ഉൾപ്പെടെ സമ്മർദത്തിന്റെ ഫലമായി വടകരയിൽ കെ മുരളീധരൻ സ്ഥാനാർഥിയായതിന് പിറകെ കൊലപാതക രാഷ്ട്രീയം ഉയർത്തിക്കാട്ടി നടത്തുന്ന പ്രചാരണങ്ങൾകളെ വിമർശിച്ച് എഴുത്തുകാരി ശാരദക്കുട്ടി. കെ മുരളീധരനെയും, കെ കെ രമയെയും പരോക്ഷമായി വിമർശിക്കുന്നതാണ് പോസ്റ്റ്. പി ജയരാജനെതിരെ വടകരയില്‍ കെ. മുരളീധരൻ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിന് പിറകെയാണ് പോസ്റ്റ്.

കെ.കെ.രമയുടെ വേദനയോടൊപ്പം മലയാളി എക്കാലവും ഓർത്തിരിക്കുന്ന ഒന്നാണ് മകനെ നഷ്ടപ്പെട്ട ഈച്ചരവാര്യരുടെയും ഭാര്യയുടെയും തോരാത്ത കണ്ണുനീർ എന്ന് ഓർമിപ്പിക്കുന്നതാണ് കുറിപ്പ്. ഇത്തരം ഒരു ചരിത്രം നിലനിൽക്കെ കെ കരുണാകരന്റെ അതേ രാഷ്ട്രീയം പിന്തുരുന്ന മകൻ മുരളീധരന് വേണ്ടിയാണ് സഖാവ് കെ.കെ. രമ വോട്ടു ചോദിക്കുന്നതെന്നും ശാരദക്കുട്ടി വിമർശിക്കുന്നു. കൊലപാതകത്തെയോ കൊലപാതകികളെയോ എതിർക്കുന്നത് നിരുപാധികമായാണ്. ജയരാജനെന്നോ കരുണാകരനെന്നോ നരേന്ദ്ര മോദിയെന്നോ ഭേദമില്ലെന്നും പോസ്റ്റിലെ കമന്റിന് മറുപടിയായും ശാരദക്കുട്ടി പറയുന്നുണ്ട്.

പോസ്റ്റിന്റെ പൂർണരൂപം-

സഖാവ് കെ.കെ.രമ കെ.കരുണാകരന്റെ മകനു വേണ്ടി വോട്ടു ചോദിക്കും ഈ തിരഞ്ഞെടുപ്പിൽ. അഛൻ പ്രതിനിധാനം ചെയ്ത രാഷ്ട്രീയ പ്രസ്ഥാനമാണ് മകന്റേതും.

കെ.കെ.രമയുടെ വേദനയോടൊപ്പം തന്നെ മലയാളി എക്കാലവും ഓർത്തിരിക്കുന്ന ഒന്നാണ് ഈച്ചരവാര്യരുടെയും ഭാര്യയുടെയും തോരാത്ത കണ്ണുനീരും. എന്റെ പ്രിയപ്പെട്ടവനെ നിങ്ങൾ എന്തു ചെയ്തു എന്നാണ് രണ്ടു പേരും ചോദിക്കുന്നത്. മങ്ങിയ മിഴികൾ പടിക്കലേക്ക് ചായ്ച്ച് വരാന്തയിൽ ചടഞ്ഞിരിക്കുന്നുണ്ട് ഈച്ചരവാര്യരിപ്പോഴും. ഒരു സ്മാരകശില പോലെ. ചോദ്യങ്ങൾ ചോദിച്ചതിന്റെ പേരിൽ ഇല്ലാതാക്കപ്പെട്ട ആ മകനെക്കുറിച്ചോർമ്മിപ്പിച്ചു കൊണ്ട്.

ജീവിക്കുന്ന ജനതയോടും ജനിക്കാനിരിക്കുന്ന ജനതയോടും അവർ ചോദ്യങ്ങൾ ചോദിച്ചു കൊണ്ടേയിരിക്കും. ആർക്കുമവർ സ്വസ്ഥത തരില്ല.

എസ്.ശാരദക്കുട്ടി
20.3.2019

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍