UPDATES

സ്നാപ് ഡീല്‍ ആമിര്‍ ഖാനെ ഒഴിവാക്കിയതിന് പിന്നില്‍ ബിജെപി ഐടി സെല്‍: വെളിപ്പെടുത്തല്‍

ആമിര്‍ ഖാനെ ബ്രാന്‍ഡ് അംബസഡര്‍ സ്ഥാനത്ത് നീക്കാന്‍ സ്‌നാപ്ഡീലിനോട് ആവശ്യപ്പെടുന്ന ഓണ്‍ലൈന്‍ പെറ്റീഷന്‍ സൈന്‍ ചെയ്യാന്‍ ഒരു വാട്‌സ് ആപ്പ് സന്ദേശത്തില്‍ ബിജെപി ഐടി സെല്‍ തലവന്‍ ആവശ്യപ്പെടുന്നു.

എതിരാളികള്‍ക്കെതിരെ സോഷ്യല്‍മീഡിയ ട്രോളുകള്‍ ഉപയോഗിച്ചുള്ള ആക്രമണത്തിന് നേതൃത്വം നല്‍കുന്നത് ബിജെപിയുടെ ഐടി സെല്‍ തന്നെ. രാഷ്ട്രീയ എതിരാളികള്‍ക്ക് പുറമെ തങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായ നിലപാടുകളുള്ള നടന്മാര്‍ അടക്കമുള്ള കലാകാരന്മാര്‍, മാദ്ധ്യമപ്രവര്‍ത്തകര്‍, സാമൂഹ്യപ്രവര്‍ത്തകര്‍, സ്ഥാപനങ്ങള്‍ തുടങ്ങിയവയ്‌ക്കെല്ലാം എതിരെ ആക്രമണം അഴിച്ചുവിടുന്നത് പാര്‍ട്ടിയുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ സെല്‍ തന്നെയാണ്. ദ ഇന്ത്യന്‍ എക്‌സ്പ്രസാണ് ഇത് സംബന്ധിച്ച് വാര്‍ത്ത പുറത്തുവിട്ടത്.

സ്‌നാപ് ഡീല്‍ ബ്രാന്‍ഡ് അംബാസഡര്‍ സ്ഥാനത്ത് നിന്ന് നടന്‍ ആമിര്‍ ഖാനെ നീക്കുന്നതില്‍ സമ്മര്‍ദ്ദം ചെലുത്തിയത് ബിജെപി ഐടി സെല്‍ തലവന്‌റെ നിര്‍ദ്ദേശപ്രകാരമാണ്. 2015 നവംബറില്‍ രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന അസഹിഷ്ണുത സംബന്ധിച്ചുള്ള പരാമര്‍ശത്തെ തുടര്‍ന്നായിരുന്നു ഇത്. ബിജെപി സോഷ്യല്‍ മീഡിയ ടീമിലെ മുന്‍ അംഗം സാധ്വി ഖോസ്ലയും മാദ്ധ്യമപ്രവര്‍ത്തക സ്വാതി ചതുര്‍വേദിയും ബിജെപി ഐടി സെല്‍ തലവന്‍ അരവിന്ദ് ഗുപ്ത തങ്ങള്‍ക്കയച്ച വാട്‌സ് ആപ്പ് സന്ദേശങ്ങള്‍ പുറത്തുവിട്ടു. ഐ ആം എ ട്രോള്‍ എന്ന സ്വാതി ചതുര്‍വേദിയുടെ പുസ്തകം പുറത്തിറങ്ങാനിരിക്കുകയാണ്. ആമിര്‍ ഖാനെ നീക്കുന്നതിനായി വലിയ തോതിലുള്ള സോഷ്യല്‍ മീഡിയ പ്രചാരണം തന്നെ ബിജെപി നടത്തിയിരുന്നു. ആമിര്‍ ഖാനെ ബ്രാന്‍ഡ് അംബാസഡര്‍ സ്ഥാനത്ത് നീക്കാന്‍ സ്‌നാപ്ഡീലിനോട് ആവശ്യപ്പെടുന്ന ഓണ്‍ലൈന്‍ പെറ്റീഷന്‍ സൈന്‍ ചെയ്യാന്‍ ഒരു വാട്‌സ് ആപ്പ് സന്ദേശത്തില്‍ അരവിന്ദ് ഗുപ്ത ആവശ്യപ്പെടുന്നു. 2016 ജനുവരിയില്‍ ആമിര്‍ ഖാനുമായുള്ള കരാര്‍ പുതുക്കേണ്ടതില്ലെന്ന് സ്‌നാപ് ഡീല്‍ തീരുമാനിച്ചു.

പ്രമുഖ മാദ്ധ്യമപ്രവര്‍ത്തകരായ ബര്‍ഖ ദത്തും രാജ്ദീപ് സര്‍ദേശായിയും അടക്കമുള്ളവര്‍ ബിജെപി സോഷ്യല്‍ മീഡിയ സെല്ലിന്‌റെ ഹിറ്റ്‌ലിസ്റ്റിലുണ്ട്. എന്ത് ട്വീറ്റ് ചെയ്യണം, എന്ത് ഹാഷ് ടാഗ് ഉപയോഗിക്കണം എന്നതിനടക്കം കൃത്യമായ നിര്‍ദ്ദേശം സോഷ്യല്‍ മീഡിയ ടീമിന് ഐടി സെല്‍ നേതൃത്വത്തില്‍ നിന്ന് ലഭിക്കുന്നു. അതേസമയം സാധ്വി ഖോസ്ല നിലവില്‍ കോണ്‍ഗ്രസിന് വേണ്ടി പ്രവര്‍ത്തിക്കുകയാണെന്നും സ്വാതി ചതുര്‍വേദി സ്ഥാപിത താല്‍പര്യങ്ങള്‍ വച്ച് കഥകള്‍ പടച്ചുവിടുകയാണെന്നുമാണ് ഇത് സംബന്ധിച്ച് അരവിന്ദ് ഗുപ്തയുടെ പ്രതികരണം. ബിജെപി ട്രോളുകളെ പ്രോത്സാഹിപ്പിക്കാറില്ലെന്നും സോഷ്യല്‍ മീഡിയ ചട്ടങ്ങള്‍ പാര്‍ട്ടിയുടെ വെബ്‌സൈറ്റില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും ഗുപ്ത പറയുന്നു. സോഷ്യല്‍ മീഡിയ സെല്ലിന്‌റെ പ്രവര്‍ത്തനങ്ങള്‍ 2015 ജൂലായ് മുതല്‍ ഐടി സെല്ലിന്‌റെ നേരിട്ടുള്ള നിയന്ത്രണത്തിലല്ലെന്നും സോഷ്യല്‍ മീഡിയയ്ക്ക് വേറെ നേതൃത്വമുണ്ടെന്നും അരവിന്ദ് ഗുപ്ത വാദിക്കുന്നു.

2015 നവംബര്‍ 24ന്‌റെ വാട്‌സ് ആപ്പ് സന്ദേശത്തില്‍ ഹിന്ദു ഡിഫന്‍സ് ലീഗ് (എച്ച് ഡി എല്‍) ഇങ്ങനെ പറയുന്നു. സ്‌നാപ് ഡീലിനെ നേരിടാനുള്ള സമായമായിരിക്കുന്നു. അപകീര്‍ത്തികരമായ പരസ്യത്തിന്‌റെ പേരില്‍ ഗ്രീന്‍പ്ലൈ പ്ലൈവുഡിനെ നമ്മള്‍ പാഠം പഠിപ്പിച്ച പോലെ. പരമാവധി അവരെ മോശമാക്കി ചിത്രീകരിക്കണം. ആമിര്‍ ഖാനെ നീക്കിയില്ലെങ്കില്‍ അവരുടെ ബിസിനസ് നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തണം. ഹിന്ദു ഐക്യത്തിന്‌റെ കരുത്ത് അവരെ അറിയിക്കണം.
രണ്ട് വയസുള്ള ജാന്‍ ആമിര്‍ ഖാന്‍ ഉപേക്ഷിച്ച കുട്ടി എന്ന് പറഞ്ഞ് ഒരു പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ഹിന്ദു ഡിഫന്‍സ് ലീഗ് വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. എച്ച്ഡിഎല്‍ ഇന്ത്യ ഒആര്‍ജി എന്ന ട്വിറ്റര്‍ ഹാന്‍ഡില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവര്‍ ഫോളോ ചെയ്യുന്നതാണ്. ഈ അക്കൗണ്ട് ഇപ്പോള്‍ ആക്ടവ് അല്ല.

ഒരു ഓണ്‍ലൈന്‍ കമ്പനിയുടെ പരസ്യത്തിലൊക്കെ അഭിനയിക്കുന്ന നടന്‍ എന്ന് പറഞ്ഞ് ആമിര്‍ ഖാന്‌റെ പേര് പറയാതെ പ്രതിരോധ മന്ത്രി മനോഹര്‍ പരീഖര്‍ പ്രസംഗിച്ചിരുന്നു. 2015 ജൂലായ് 30ന് പൂനെയില്‍ ഒരു പുസ്തക പ്രകാശന ചടങ്ങിനിടെയായിരുന്നു ഇത്. ഇത്തരത്തില്‍ സംസാരിക്കുന്നവരെയൊക്കെ ഒരു പാഠം പഠിപ്പിക്കണമെന്ന് ആമിറിന്‌റെ അസഹിഷ്ണുതാ പരാമര്‍ശം ഉദ്ദേശിച്ച് പരീഖര്‍ പറഞ്ഞിരുന്നു. ഇത്തരക്കാരെ വച്ച് പരസ്യം ചെയ്യുന്ന കമ്പനിയേയും പാഠം പഠിപ്പിക്കണം. പരസ്യം കമ്പനിയെ കൊണ്ട് പിന്‍വലിപ്പിക്കണമെന്നും പരീഖര്‍ പറഞ്ഞു.

ന്യൂഡല്‍ഹി 11 അശോക റോഡിലെ ബിജെപി ദേശീയ ആസ്ഥാനത്താണ് സോഷ്യല്‍മീഡിയ സെല്‍ അടക്കമുള്ള ഐടി സെല്ലിന്‌റെ പ്രവര്‍ത്തനം നിയന്ത്രിക്കപ്പെടുന്നത്. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപിയുടെ പ്രചാരണ പരിപാടികള്‍ക്കിടയില്‍ സോഷ്യല്‍ മീഡിയ പ്രചാരണ തന്ത്രങ്ങള്‍ ഒരുക്കിയത് അരവിന്ദ് ഗുപ്തയുടെ നേതൃത്വത്തിലാണ്. മോദിയെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ എപ്പോള്‍ എന്ത് പരാമര്‍ശമുണ്ടായാലും ഗുപ്തയും ഐടി സെല്ലും അപ്പോള്‍ തന്നെ ആവശ്യമായ ട്രോളുകള്‍ക്ക് നിര്‍ദ്ദേശം നല്‍കുമെന്ന് സാധ്വി ഖോസ്ലയെ ഉദ്ധരിച്ച് സ്വാതി ചതുര്‍വേദി പറയുന്നു. ഗുപ്തയുടെ ടീമിന്‌റെ നിന്ത്രണത്തില്‍ 21 വാട്‌സ് ആപ്പ് ഗ്രൂപ്പുകളുണ്ട്. തൊഴില്‍, ലിംഗം എന്നിവയേയും മറ്റ് ഘടകങ്ങളേയും അടിസ്ഥാനപ്പെടുത്തിയാണ് ഗ്രൂപ്പുകള്‍ വിഭജിച്ചിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍